തൃശ്ശൂർ കഥകളിക്ലബ്ബിന്റെ നാൽപ്പത്തിയേഴാമത് വാർഷികം
ഫെബ്രുവരി 11 ശനിയാഴ്ച്ച തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽവെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. വൈകിട്ട് 6:30മുതൽ നടന്ന ആഘോഷസമ്മേളനത്തിന്റെ ഭാഗമായി ടി.കൃഷ്ണൻകുട്ടി അനുസ്മരണം, വാഴേങ്കിട വിജയാശാന് സുവർണ്ണമുദ്രാസമർപ്പണം, എം.സി.നമ്പൂതിരിപ്പാട്, പി.ചിത്രൻ നമ്പൂതിരിപ്പാട്, കോട്ടക്കൽ നാരായണൻ എന്നിവരെ ആദരിക്കൽ, സ്മരണികാപ്രകാശനം എന്നിവയും നടന്നു. തുടർന്ന് പുറപ്പാട്, മേളപ്പദം എന്നിവയോടുകൂടി കഥകളിയും അവതരിപ്പിക്കപ്പെട്ടു.മേളപ്പദം |
തുടർന്ന് മന്ത്രേടത്ത് നമ്പൂതിരിപ്പാടിനാൽ വിരചിതമായ
സുഭദ്രാഹരണം ആട്ടക്കഥയിലെ 18,19,20രംഗങ്ങളാണ് ആദ്യമായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്.'യാദവശിഖാമണേ' |
ബലഭദ്രനായി കലാമണ്ഡലം ഗോപിയും,
ശ്രീകൃഷ്ണനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനുമാണ് അരങ്ങിലെത്തിയത്. ചൊല്ലിയാട്ടവും അഷ്ടകലാശം ഉൾപ്പെടെയുള്ള കലാശങ്ങളും ഭംഗിയായികൈകാര്യം ചെയ്തിരുന്നു ഇരുവരും. എന്നാൽ ഇതിലുപരിയായി കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായരീതിയിലുള്ള സ്തോഭങ്ങളും ആട്ടങ്ങളും നടിക്കുന്നതിലൂടെയാണ് ഈ കഥാഭാഗം പൊലിക്കുന്നത്. അത്യാവശ്യം വേണ്ട ആട്ടങ്ങളല്ലാതെ കൂടുതലായൊന്നും ബലഭദ്രർ ഇവിടെ ആടിക്കണ്ടില്ല. ക്രോധഭാവവും ആശാനിൽനിന്നും പ്രതീക്ഷിച്ചിരുന്നതരത്തിലേയ്ക്ക് എത്തിയിരുന്നില്ല. കൃഷ്ണന്റെ നയപരമായ മറുപടികളിലൂടെ ക്രമേണ ക്രമേണ ബലഭദ്രരുടെ ക്രോധം കുറഞ്ഞുവരുന്നരീതിയിലാണ് സാധാരണ അവതരിപ്പിച്ചുകണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ, 'വൈധവ്യദീക്ഷ വരുമല്ലോ സുദതിയുടെ' എന്നുകേൾക്കുന്നതോടെ പെട്ടന്ന് ക്രോധഭാവം മാറി വൈവശ്യഭാവത്തിലേയ്ക്ക് എത്തുന്നതായാണ് കണ്ടത്. ബലഭദ്രനെ വല്ലാതെ ഭയക്കുകയും, മുന്നിൽ ചെല്ലുവാൻ തന്നെ പേടിക്കുകയും ചെയ്യുന്ന രീതിയിലാണ്(ആദ്യ ഭാഗത്ത്) ഇവിടെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചു കണ്ടത്. ജേഷ്ഠന്റെ ക്ഷിപ്രകോപം ശമിപ്പിക്കുവാൻ സാധിക്കുമെന്ന് ഉത്തമബോദ്ധ്യമുള്ള ശ്രീകൃഷ്ണൻ ഇത്ര ഭയപ്പാട് കാട്ടേണ്ടതില്ല എന്നു തോന്നുന്നു.'ത്വല്‍പക്ഷപാതിയേ ശിക്ഷചെയ്‌വൻ' |
ഈ രംഗങ്ങളിൽ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും,
കോട്ടക്കൽ നാരായണനും ചേർന്നായിരുന്നു പാടിയത്. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയിലും, കലാമണ്ഡലം രാജുനാരായണൻ മദ്ദളത്തിലും മേളവുമൊരുക്കി.'അത്രയുമതല്ലെടോ' |
ഇതിനെ തുടർന്ന് കൊട്ടാരക്കര തമ്പുരാന്റെ പ്രസിദ്ധമായ
തോരണയുദ്ധം കഥയിലെ സാധാരണയായി പതിവുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.സമുദ്രലംഘനം |
സദനം ബാലകൃഷ്ണനായിരുന്നു ഹനുമാനായി വേഷമിട്ടിരുന്നത്.
കീഴ്പ്പടം ശൈലിയിലുള്ള ആട്ടങ്ങളോടും, കലാശങ്ങളോടും കൂടിത്തന്നെ ഇദ്ദേഹം തന്റെ വേഷം ഭംഗിയായി ചെയ്തു.'പുരമിതുകാണാൻ ഗതനഹമൊരു' |
സാധാരണ തിരനോട്ടശേഷം സമുദ്രലംഘനത്തിനുതെയ്യാറായി
മഹേന്ദ്രഗിരിയുടെ മുകളിൽ കയറിയനിലയിലാണ് ഹനുമാൻ ആട്ടം ആരംഭിക്കുക. എന്നാൽ ഇവിടെ തിരനോട്ടശേഷം ഉത്തരീയം വീശി പീഠത്തിലിരുന്നശേഷം 'ഞാൻ ഏറ്റവും സുകൃതിയായി ഭവിച്ചിരിക്കുന്നു. കാരണമെന്ത്?' എന്നാണ് ഹനുമാൻ ആട്ടം ആരംഭിച്ചത്. 'ശ്രീരാമചന്ദ്രസ്വാമി സീതാന്വേഷണത്തിനായി തന്നേത്തന്നെ നിയോഗിച്ചതുകാരണം ഞാൻ ഏറ്റവും സുകൃതിയായി ഭവിച്ചു' എന്ന് തുടർന്ന ആട്ടത്തിൽ അനന്തരം സീതാന്വേഷണാർദ്ധം സുഗ്രീവൻ കപികളെ ഓരോരോ ദിക്കുകകളിലേയ്ക്ക് അയയ്ക്കുന്നതും, ദക്ഷിണദിക്കിലേയ്ക്ക് പുറപ്പെട്ട തന്നെ വിളിച്ച് ശ്രീരാമചന്ദ്രസ്വാമി ദിവ്യാഗുലീയവും അടയാളവാക്യവും നൽകി അനുഗ്രഹിച്ചയയ്ക്കുന്നതും, വളരെ സഞ്ചരിച്ച് സമുദ്രതീരത്തെത്തിയ വാനരസംഘം സീതയെ കണ്ടെത്താതെ മടങ്ങുവാനാകാതെ ദുഃഖിച്ച് കിടന്നതും, അപ്പോൾ കപികളെ ഭക്ഷണമാക്കാനെത്തിയ സമ്പാതിയെന്ന പക്ഷിശ്രേഷ്ഠന് കപികളുടെ രാമനാമജപശ്രവണത്താൽ നഷ്ടപ്പെട്ട ചിറക് വീണ്ടും മുളച്ചുവന്നതും, ആകാശത്തിലേയ്ക്ക് പറന്ന് സഞ്ചരിച്ച് മടങ്ങിയെത്തിയ സമ്പാദി സീതാദേവി കടലിനുനടുവിലുള്ള ലങ്കയിൽ വസിക്കുന്നുണ്ട് എന്ന് അറിയിച്ചതും, സാഗരം ചാടിക്കടക്കുവാനാകാതെ കപികൾ വിഷമിച്ചു നിന്നപ്പോൾ വൃദ്ധനായ കപിശ്രേഷ്ഠൻ ജാംബവാൻ തന്നെ വിളിച്ച് പൂർവ്വകഥകൾ പറഞ്ഞുതന്നതും, ശിവപാർവ്വതിമാർ വാനരവേഷത്തിൽ ക്രീഡിക്കവെ ജനിച്ച പുത്രനായ തന്നെ വായുദേവൻ മുഖാന്തരം അഞ്ജനാദേവിക്കുനൽകിയതും, കുട്ടിക്കാലത്ത് സൂര്യബിംബത്തെക്കണ്ട് എന്തോ പഴമെന്നുകരുതി ഭക്ഷിക്കുവാനായി ആകാശത്തിലേയ്ക്ക് ചാടിയതുമായ തന്റെ പൂർവ്വകഥകൾ കേട്ട് ഉത്തേജിതനായി സമുദ്രലംഘിക്കുവാനായി ഒരുങ്ങുന്നതുമായും ആടുകയുണ്ടായി. തുടർന്ന് മഹേന്ദ്രഗിരിയിൽ കയറിയിട്ട് സമുദ്രലംഘനം ചെയ്യുന്നതായും മറ്റുമുള്ള പതിവുള്ള ആട്ടങ്ങൾ ആടി. സമുദ്രം ലംഘിക്കവെ ആദ്യം സുരസയേയും പിന്നീട് മൈനാകത്തേയും കാണുന്നതായാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്. ലങ്കയിലെത്തിയ ഹനുമാൻ അസ്തമനസൂര്യന്റെ പൊൻകിരണങ്ങളേറ്റ് തിളങ്ങുന്ന ലങ്കയിലെ മണ്ണുകണ്ടതായി നടിച്ചിട്ട് 'ലങ്കോൽപ്പത്തി'യും ആടുകയുണ്ടായി.'പോകുന്നേനഹം ലങ്കാലക്ഷ്മി' |
കലാനിലയം മധുമോഹനാണ് ലങ്കാലക്ഷ്മി,
പ്രഹസ്തൻ എന്നീവേഷങ്ങളിൽ എത്തിയിരുന്നത്.അഴകുരാവണന്റെ പുറപ്പാട് |
ലങ്കാലക്ഷ്മി പോയശേഷം ലങ്കയിൽ സീതയെ അന്യൂഷിച്ച്
സഞ്ചരിക്കവെ രാവണന്റെ അന്തപ്പുരത്തിൽ ശയിക്കുന്ന മണ്ഡോദരിയേയും, വിഷ്ണുഭക്തനായ വിഭീഷണനേയും കാണുന്നതായ പതിവ് ആട്ടങ്ങൾ കൂടാതെ രാക്ഷസന്മാർ ദേവസ്ത്രീകളെ ഉപദ്രവിക്കുന്നതും, നിർബന്ധിച്ച് നൃത്തമാടിക്കുന്നതും മറ്റും കാണുന്നതായ ഒരു ആട്ടം കൂടി ഇവിടെ ചെയ്തിരുന്നു.'ചേർന്നുവാഴ്ക വൈദേഹീ നീ' |
അഴകുരാവണനായഭിനയിച്ച വാഴേങ്കിട വിജയനും മികച്ച
പ്രകടനം കാഴ്ച്ചവെച്ചു. അഴകുരാവണന്റെ പുറപ്പാട്, 'ഹിമകരം'ആട്ടം, സീതയോടുള്ള ആട്ടം, സീതയ്ക്ക് വസ്ത്രാഭരണാദികൾ നൽകി സന്തോഷിപ്പിക്കാൻ ശ്രമിക്കൽ, തുടർന്നുള്ള പാടിപ്പദം, സീതയുടെ മറുപടികേട്ട് വെട്ടാനോങ്ങുകയും, മണ്ഡോദരിവന്ന് തടയവെ ലജ്ജിച്ചുകൊണ്ടുള്ള പിൻവാങ്ങലും എന്നിങ്ങിനെ വളരെ ചിട്ടപ്രധാനമായ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന തന്റെ വേഷം ഇദ്ദേഹം ചിട്ടയായും വൃത്തിയായും അവതരിപ്പിച്ചു. കാലപ്രമാണം അനുസരിച്ചുകൊണ്ട് ആട്ടഭാഗങ്ങൾ അവതരിപ്പിച്ചിരുന്ന ഇവിടെ പാടിപ്പദം പല്ലവി മുതൽത്തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. 'കൂരിരുൾ ഇടയുന്ന' എന്നുതുടങ്ങുന്ന ഈ പല്ലവി ഇപ്പോൾ സാധാരണയായി അവതരിപ്പിക്കപ്പെടാറില്ലാത്തതാണ്.'എന്നോടേവം' |
സീതയോടുള്ളപദത്തിലെ 'ഒരുമാസത്തിനക്കുവരുവൻ' എന്ന്
ചൊല്ലിവട്ടംതട്ടിയപ്പോൾ ഹനുമാൻ ഒരുഭാഗത്തേയ്ക്ക് നോക്കി രാവണനെ വിചാരിച്ചുള്ള കോപവും, മറുഭാഗത്തേയ്ക്ക് സീതയേ നോക്കി കരുണവും മാറിമാറിനടിച്ച് ഏറ്റിച്ചുരുക്കി എടുത്തകലാശവും മനോഹരമായിരുന്നു. ഹനുമാന്റെ 'ഉദ്യാനഭഞ്ജനം', 'ലങ്കാദഹനം' എന്നിങ്ങിനെ തുടന്നുള്ള ഭാഗങ്ങളും ഇവിടെ വളരെ രസമായിത്തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു.'കുത്ര മമ ചന്ദ്രഹാസം' |
കലാമണ്ഡലം ശ്രീകുമാറും കോട്ടക്കൽ വെങ്ങേരി നാരായണൻ നമ്പൂതിരിയും
ചേർന്നായിരുന്നു ഈ കഥയിലെ പദങ്ങൾ പാടിയിരുന്നത്.
കലാമണ്ഡലം ഉണ്ണികൃഷൻ, സദനം രാമകൃഷ്ണൻ എന്നിവർ ചെണ്ടയിലും
സദനം ദേവദാസ്, കലാ:രാജുനാരായണൻ, കലാമണ്ഡലം വേണൂ എന്നിവർ മദ്ദളത്തിലും മികച്ചമേളവും ഒരുക്കി.'സീതേ നിൻ പദാബുജം' |
കലാമണ്ഡലം ശിവരാമൻ, കലാമണ്ഡലം ശിവദാസ്,
കലാമണ്ഡലം രവികുമാർ എന്നിവരായിരുന്നു ചുട്ടികലാകാരന്മാർ'മൽക്കരതാഡനത്തിങ്കൽ' |
തൃശ്ശൂർ കഥകളിക്ലബ്ബിന്റെതന്നെ ആയിരുന്നു അണിലയം
ലങ്കാദഹനം |
5 അഭിപ്രായങ്ങൾ:
മണി, ത്രിശൂര്‍ കഥകളി ക്ലബ്ബിന്റെ വാര്‍ഷിക കളിയുടെ വിവരണം വായിച്ചു. താങ്കള്‍ എഴുതിയിരിക്കുന്നതു പോലെ സുഭദ്രാഹരണത്തില്‍ ബലരാമന്‍ കൃഷ്ണന്‍ രംഗത്തില്‍ കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായരീതിയിലുള്ള സ്തോഭങ്ങളും ആട്ടങ്ങളും നടിക്കുന്നതിലൂടെയാണ് ഈ കഥാഭാഗം പൊലിക്കുന്നത്. അത്യാവശ്യം വേണ്ട ആട്ടങ്ങളല്ലാതെ കൂടുതലായൊന്നും ബലഭദ്രർ ഇവിടെ ആടിക്കണ്ടില്ല.
ഒന്നര മണിക്കൂറില്‍ കൂടുതല്‍ ഈ രംഗം നീണ്ടു പോകരുത് എന്ന രീതിയിലാണ് ഗോപി ആശാന്റെ ബലരാമന്‍ അവതരണം. അപ്പോള്‍ ആട്ടങ്ങള്‍ക്ക് അവിടെ ഒരു പ്രാധാന്യവും ഉണ്ടാകില്ല. വേഗം കളി അവസാനിപ്പിക്കുവാന്‍ ശ്രമിക്കുന്നതിനാലും രംഗാവസാനത്തില്‍ ഇളകിയാട്ടത്തില്‍ കൃഷ്ണനു ഒരു സ്വാതന്ത്ര്യവും നല്‍കുന്നില്ല എന്ന് ഉറപ്പിച്ചു പറയുവാന്‍ കഴിയും.
മണി, ത്രിശൂര്‍ കഥകളി ക്ലബ്ബിന്റെ വാര്‍ഷിക കളിയുടെ വിവരണം വായിച്ചു.വളരെ നന്നായിരിക്കുന്നു.ശ്രീ അംബുജാക്ഷന്‍ നായര്‍ പറഞ്ഞപോലെ സമയം വെട്ടിച്ചുരുക്കല്‍ ആയിരിക്കാം ഒരു കാരണം,മറ്റൊന്ന് ശ്രീ ഗോപിആശാന്‍ സ്വന്തമായി ചെയ്യുന്ന ചില പൊടിക്കൈകള്‍ ആണ് ,അതായതു സഹോദരിയുടെ വൈധവ്യത്തെക്കുറിച്ച് പറയുമ്പോള്‍ പെട്ടെന്ന് ഭാവം മാറുന്ന രീതി ,സുഖകരമായി തോന്നുന്നില്ല ,കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പെരുമ്പാവൂര്‍ ഒരു കളി കണ്ടത് ഓര്‍ക്കുന്നു ,ഷാരടി ആശാന്റെ ബലഭദ്രന്‍" കുത്രവത" മുതല്‍ കത്തി ക്കയറി ക്രമേണ സൌമ്യനാകുന്ന ബാലഭാദ്രനും ,തന്റെ എല്ലാ കപടതകളും കൊണ്ട് ,തന്റെ വരുതിയില്‍ ആക്കുന്ന കൃഷ്ണനും ,മറക്കാന്‍ കഴിഞ്ഞിട്ടില്ല ,അന്നും ശ്രീ ബാലസുബ്രമന്ന്യന്‍ തന്നെ ആയിരുന്നു കൃഷ്ണന്‍ എന്നാണ് ഓര്‍മ,അടുത്ത കാലത്ത് അദ്ദേഹത്തിനും ചില കുഴപ്പങ്ങള്‍ ഉണ്ട്,അതായത് കുറച്ചു കഴിയുമ്പോള്‍ ബാലസുബ്രമന്ന്യന്‍ ആകും ,കഥാപാത്രത്തെ മറക്കും .ഇത്രയൊക്കെ തന്നെ ഇപ്പോള്‍ പ്രതീക്ഷിക്കാന്‍ കഴിയു .മഹാരഥന്മാര്‍ ഒന്നടങ്കം കാലയവനികയില്‍ മറഞ്ഞു .കുറെ കഴിയുമ്പോള്‍ ഇതാണ് കഥകളി എന്ന് വിചാരിച്ചു കാണാം അത്രതന്നെ.
വിലയിരുത്തലുകള്‍ വളരെ ശരിയണ് .കൂടാതെ വളരെ കാലങള്‍ക്ക് ശേഷം കലാ.ശ്രീകുമാരിന്റെ പാട്ട് കേട്ടതും നല്ലൊരു അനുഭവമായി.
വിലയിരുത്തലുകള്‍ വളരെ ശരിയണ് .കൂടാതെ വളരെ കാലങള്‍ക്ക് ശേഷം കലാ.ശ്രീകുമാരിന്റെ പാട്ട് കേട്ടതും നല്ലൊരു അനുഭവമായി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ