നാട്യധർമ്മി ആസ്വാദന പരിശീലന കളരി


നാട്യധർമ്മി, പാറക്കടവിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8മുതൽ 12വരെ 
മൂഴിക്കുളംശാല ജൈവ ക്യാമ്പസിൽ വെച്ച് ആസ്വാദന പരിശീലന കളരി സംഘടിപ്പിക്കപ്പെട്ടു. എറ്റുമാനൂർ പി. കണ്ണന്റെ നേതൃത്വത്തിൽ നടത്തപ്പെട്ട കളരിയിൽ ഡോ:കെ.ജി.പൗലോസ്, കെ.ബി.രാജാനന്ദ്, നരിപ്പറ്റ നാരായണൻ നമ്പൂതിരി, ശ്രീചിത്രൻ തുടങ്ങിയവരും വിവിധവിഷയങ്ങൾ അവതരിപ്പിച്ചു. സദനം രാമകൃഷ്ണൻ, കലാനിലയം പ്രകാശൻ, കലാമണ്ഡലം സുധീഷ്, കലാമണ്ഡലം ശ്രീജിത്ത്, കലാമണ്ഡലം രവിശങ്കർ, കലാമണ്ഡലം വിപിൻ തുടങ്ങിയകലാകാരന്മാരും കളരിയിൽ പങ്കെടുത്തു. കളരിയുടെ സമാപനദിനമായ 12ന് വൈകിട്ട് 6മുതൽ കഥകളിയും അവതരിപ്പിക്കപ്പെട്ടു. 
"ലോകോത്തര ഗുണശാലിനി"
കോട്ടയത്തുതമ്പുരാൻ രചിച്ച കിർമ്മീരവധം ആട്ടക്കഥയിലെ 
ആദ്യഭാഗമാണ്(ആദ്യാവസാന ധർമ്മപുത്രന്റെ ഭാഗം) ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
"ശന്തനുകുലദീപ"
ചിട്ടക്കും ഭാവത്തിനും അതീവപ്രാധാന്യം നൽകി അവതരിപ്പിക്കേണ്ടതായ 
ധർമ്മപുത്രവേഷത്തിൽ അരങ്ങിലെത്തിയത് ഏറ്റുമാനൂർ കണ്ണനായിരുന്നു. മനോഹരമായ ചൊല്ലിയാട്ടത്താലും ആട്ടങ്ങളാലും ഇദ്ദേഹം തന്റെ വേഷം നന്നായി ചെയ്തിരുന്നു. ധർമ്മപുത്രരുടെ അവതരണത്തിലെതന്നെ പരമപ്രധാനമായ ഭാഗം ആദ്യരംഗത്തിലെ 'ബാലെ കേൾ' എന്ന പതിഞ്ഞപദമാണ്. സൂക്ഷവീക്ഷണത്തിൽ ഇതിന്റെ അവതരണത്തിൽ തൈര്യത്രികമായ യോജിപ്പിൽ കുറവ് ചിലഭാഗങ്ങളിൽ തോന്നിച്ചിരുന്നു.
"താമസമെന്നിയെ ഞാന്‍ തൊഴുന്നേന്‍”
കലാമണ്ഡലം മുകുന്ദൻ പാഞ്ചാലിവേഷവും 
കലാമണ്ഡലം അരുൺ വാര്യർ ധൗമ്യവേഷവും നന്നായി അവതരിപ്പിച്ചു.
“മൂര്‍ദ്ധ്നിവിലിഖിതം"
സൂര്യനായി കലാ:വിപിൻ(മാർഗ്ഗി) വേഷമിട്ടു.
"സുജനനമനരത"
അതേ വരെ ദുഃഖിതനായിരുന്ന ധർമ്മപുത്രൻ സൂര്യനിൽ നിന്നും 
പാത്രം ലഭിക്കുന്നതോടെ ഏറ്റവും സന്തോഷവാനാകുന്ന നിലയിലാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. പാത്രവുമായി പാഞ്ചാലിയേയും ധൗമ്യനേയും സമീപിക്കുന്നവേളയിൽ വെച്ച അല്പം ചടുലമായ ചുവടുകൾ ധർമ്മപുത്രനിൽ ഒരു കുട്ടിത്തം ജനിപ്പിച്ചു. ധർമ്മപുത്രരുടെ നിലയിൽ മാറ്റംവരുത്തികൊണ്ടുള്ള ഈ അവതരണം ഉചിതമായി തോന്നിയില്ല.
 
ശ്രീകൃഷ്ണനായി കലാമണ്ഡലം മനോജ് രംഗത്തെത്തി.
“നാഗകേതനന്‍ തന്റെ നികൃതിയാല്‍"
 സുദർശ്ശനവേഷമിട്ട കലാമണ്ഡലം നീരജ്ജ് വത്യസ്ഥമായ 
മുഖത്തെഴുത്തിനാലും ഭംഗിയാർന്ന ചുവടുകളാലും ആസ്വാദകശ്രദ്ധ പിടിച്ചുപറ്റി. അധികമായി പ്രവർത്തിക്കാനില്ലാത്ത ഒരു വേഷം എന്ന നിലയ്ക്ക് ചുട്ടി ഒഴിവാക്കിയത് പ്രായോഗികമായി ചിന്തിക്കുമ്പോൾ നന്നെന്നുതോന്നി. എന്നാൽ മുഖത്തെഴുത്തും ചുട്ടിപ്പൂവുകളും ഒന്നുകൂടി മെച്ചപ്പെടുത്തണമെന്നുംതോന്നി.
"ഞങ്ങളെകണ്ടോരു നാണമില്ലയോ തവ"
അന്ത്യത്തിൽ, 'അല്ലയോ ലോകൈകനാഥനായ സ്വാമിന്‍, 
അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ രൂപം ധരിച്ച്, ദുഷ്ടരെ നിഗ്രഹിക്കുകയും ഭക്തരെ രക്ഷിക്കുകയും ചെയ്യുന്നു' എന്നു തുടങ്ങിയ പതിവ് ആട്ടത്തെതുടർന്ന് ധർമ്മപുത്രൻ, ദശാവതാരങ്ങളും അല്പം വിസ്ഥരിച്ച് ഭംഗിയായി അവതരിപ്പിക്കുകയുണ്ടായി. 'ഇത്രയുമൊക്കെ അറിവും, സത്യധർമ്മനിഷ്ഠയുമുള്ള നീ എന്തിനാണ് കേവലമാനുഷ്യന്മാരെപ്പോലെ ദുഃഖം വരുമ്പോൾ അമിതമായി സങ്കടപ്പെടുകയും സുഖം വരുമ്പോൾ അമിതമായി സന്തോഷിക്കുകയും ചെയ്യുന്നതെന്ത്?' എന്ന് അവസരോചിതമായി ചോദിച്ചശേഷം ശ്രീകൃഷ്ണൻ, 'ദു:ഖമെല്ലാം തീര്‍ന്ന് നിങ്ങള്‍ക്ക് മേലില്‍ സുഖം വരും. ബന്ധുവായി ഞാനുണ്ടെന്ന് വിശ്വസിച്ച് വസിച്ചാലും.‘ എന്ന് അനിഗ്രഹിക്കുകയും ചെയ്തു.
'ചക്രാഖ്യം ധാമ ചക്രായുധസവിധമുപേത്യാ'
കലാനിലയം രാജീവൻ, കലാ:സുധീഷ് എന്നിവർ ചേർന്ന് നല്ല അരങ്ങുപാട്ട് 
ഒരുക്കിയപ്പോൾ കലണ്മണ്ഡലം ബാലസുന്ദരനും(ചെണ്ട) കലനി: പ്രകാശനും(മദ്ദളം) ഒരുക്കിയ മേളം കളിക്ക് അപര്യാപ്തമായതായിരുന്നു. ആദ്യരംഗത്തിൽ കലാശങ്ങൾക്കുൾപ്പെടെ മേളം വല്ലാതെ ഒതുക്കികൊട്ടിയിരുന്നത് അരങ്ങിനെ മങ്ങലേൽപ്പിച്ചു. വലന്തലമേളം ഉൾപ്പെടെ തുടർന്നുള്ള ഭാഗങ്ങളിലും പൂർണ്ണമായും അനുയോജ്യമായ മേളം ഒരുക്കുവാൻ ഇവർക്ക് സാധിച്ചിരുന്നില്ല.
"കുന്തീനന്ദനന്‍ തന്നെ അതിനൊരന്തരായമായ്‌വന്നു"
 ഏരൂർ മനോജ് ചുട്ടികുത്തിയ ഈ കളിക്ക് 
ശ്രീ ഭവാനീശ്വരി കഥകളിയോഗം, ഏരൂരിന്റേതായിരുന്നു ചമയങ്ങൾ.

തൃശ്ശൂർ കഥകളിക്ലബ്ബ് വാർഷികം

തൃശ്ശൂർ കഥകളിക്ലബ്ബിന്റെ നാൽപ്പത്തിയേഴാമത് വാർഷികം 
ഫെബ്രുവരി 11 ശനിയാഴ്ച്ച തൃശ്ശൂർ പാറമേക്കാവ് അഗ്രശാലയിൽവെച്ച് സമുചിതമായി ആഘോഷിക്കപ്പെട്ടു. വൈകിട്ട് 6:30മുതൽ നടന്ന ആഘോഷസമ്മേളനത്തിന്റെ ഭാഗമായി ടി.കൃഷ്ണൻകുട്ടി അനുസ്മരണം, വാഴേങ്കിട വിജയാശാന് സുവർണ്ണമുദ്രാസമർപ്പണം, എം.സി.നമ്പൂതിരിപ്പാട്, പി.ചിത്രൻ നമ്പൂതിരിപ്പാട്, കോട്ടക്കൽ നാരായണൻ എന്നിവരെ ആദരിക്കൽ, സ്മരണികാപ്രകാശനം എന്നിവയും നടന്നു. തുടർന്ന് പുറപ്പാട്, മേളപ്പദം എന്നിവയോടുകൂടി കഥകളിയും അവതരിപ്പിക്കപ്പെട്ടു.
മേളപ്പദം
തുടർന്ന് മന്ത്രേടത്ത് നമ്പൂതിരിപ്പാടിനാൽ വിരചിതമായ 
സുഭദ്രാഹരണം ആട്ടക്കഥയിലെ 18,19,20രംഗങ്ങളാണ് ആദ്യമായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
'യാദവശിഖാമണേ'
ബലഭദ്രനായി കലാമണ്ഡലം ഗോപിയും, 
ശ്രീകൃഷ്ണനായി കലാമണ്ഡലം ബാലസുബ്രഹ്മണ്യനുമാണ് അരങ്ങിലെത്തിയത്. ചൊല്ലിയാട്ടവും അഷ്ടകലാശം ഉൾപ്പെടെയുള്ള കലാശങ്ങളും ഭംഗിയായികൈകാര്യം ചെയ്തിരുന്നു ഇരുവരും. എന്നാൽ ഇതിലുപരിയായി കഥാപാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായരീതിയിലുള്ള സ്തോഭങ്ങളും ആട്ടങ്ങളും നടിക്കുന്നതിലൂടെയാണ് ഈ കഥാഭാഗം പൊലിക്കുന്നത്. അത്യാവശ്യം വേണ്ട ആട്ടങ്ങളല്ലാതെ കൂടുതലായൊന്നും ബലഭദ്രർ ഇവിടെ ആടിക്കണ്ടില്ല. ക്രോധഭാവവും ആശാനിൽനിന്നും പ്രതീക്ഷിച്ചിരുന്നതരത്തിലേയ്ക്ക് എത്തിയിരുന്നില്ല. കൃഷ്ണന്റെ നയപരമായ മറുപടികളിലൂടെ ക്രമേണ ക്രമേണ ബലഭദ്രരുടെ ക്രോധം കുറഞ്ഞുവരുന്നരീതിയിലാണ് സാധാരണ അവതരിപ്പിച്ചുകണ്ടിട്ടുള്ളത്. എന്നാൽ ഇവിടെ, 'വൈധവ്യദീക്ഷ വരുമല്ലോ സുദതിയുടെ' എന്നുകേൾക്കുന്നതോടെ പെട്ടന്ന് ക്രോധഭാവം മാറി വൈവശ്യഭാവത്തിലേയ്ക്ക് എത്തുന്നതായാണ് കണ്ടത്. ബലഭദ്രനെ വല്ലാതെ ഭയക്കുകയും, മുന്നിൽ ചെല്ലുവാൻ തന്നെ പേടിക്കുകയും ചെയ്യുന്ന രീതിയിലാണ്(ആദ്യ ഭാഗത്ത്) ഇവിടെ ശ്രീകൃഷ്ണനെ അവതരിപ്പിച്ചു കണ്ടത്. ജേഷ്ഠന്റെ ക്ഷിപ്രകോപം ശമിപ്പിക്കുവാൻ സാധിക്കുമെന്ന് ഉത്തമബോദ്ധ്യമുള്ള ശ്രീകൃഷ്ണൻ ഇത്ര ഭയപ്പാട് കാട്ടേണ്ടതില്ല എന്നു തോന്നുന്നു.
'ത്വല്‍പക്ഷപാതിയേ ശിക്ഷചെയ്‌വൻ'
ഈ രംഗങ്ങളിൽ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരിയും, 
കോട്ടക്കൽ നാരായണനും ചേർന്നായിരുന്നു പാടിയത്. കലാമണ്ഡലം ഉണ്ണികൃഷ്ണൻ ചെണ്ടയിലും, കലാമണ്ഡലം രാജുനാരായണൻ മദ്ദളത്തിലും മേളവുമൊരുക്കി.
'അത്രയുമതല്ലെടോ'
ഇതിനെ തുടർന്ന് കൊട്ടാരക്കര തമ്പുരാന്റെ പ്രസിദ്ധമായ 
തോരണയുദ്ധം കഥയിലെ സാധാരണയായി പതിവുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.
സമുദ്രലംഘനം
സദനം ബാലകൃഷ്ണനായിരുന്നു ഹനുമാനായി വേഷമിട്ടിരുന്നത്. 
കീഴ്പ്പടം ശൈലിയിലുള്ള ആട്ടങ്ങളോടും, കലാശങ്ങളോടും കൂടിത്തന്നെ ഇദ്ദേഹം തന്റെ വേഷം ഭംഗിയായി ചെയ്തു.
'പുരമിതുകാണാൻ ഗതനഹമൊരു'
സാധാരണ തിരനോട്ടശേഷം സമുദ്രലംഘനത്തിനുതെയ്യാറായി 
മഹേന്ദ്രഗിരിയുടെ മുകളിൽ കയറിയനിലയിലാണ് ഹനുമാൻ ആട്ടം ആരംഭിക്കുക. എന്നാൽ ഇവിടെ തിരനോട്ടശേഷം ഉത്തരീയം വീശി പീഠത്തിലിരുന്നശേഷം 'ഞാൻ ഏറ്റവും സുകൃതിയായി ഭവിച്ചിരിക്കുന്നു. കാരണമെന്ത്?' എന്നാണ് ഹനുമാൻ ആട്ടം ആരംഭിച്ചത്. 'ശ്രീരാമചന്ദ്രസ്വാമി സീതാന്വേഷണത്തിനായി തന്നേത്തന്നെ നിയോഗിച്ചതുകാരണം ഞാൻ ഏറ്റവും സുകൃതിയായി ഭവിച്ചു' എന്ന് തുടർന്ന ആട്ടത്തിൽ അനന്തരം സീതാന്വേഷണാർദ്ധം സുഗ്രീവൻ കപികളെ ഓരോരോ ദിക്കുകകളിലേയ്ക്ക് അയയ്ക്കുന്നതും, ദക്ഷിണദിക്കിലേയ്ക്ക് പുറപ്പെട്ട തന്നെ വിളിച്ച് ശ്രീരാമചന്ദ്രസ്വാമി ദിവ്യാഗുലീയവും അടയാളവാക്യവും നൽകി അനുഗ്രഹിച്ചയയ്ക്കുന്നതും, വളരെ സഞ്ചരിച്ച് സമുദ്രതീരത്തെത്തിയ വാനരസംഘം സീതയെ കണ്ടെത്താതെ മടങ്ങുവാനാകാതെ ദുഃഖിച്ച് കിടന്നതും, അപ്പോൾ കപികളെ ഭക്ഷണമാക്കാനെത്തിയ സമ്പാതിയെന്ന പക്ഷിശ്രേഷ്ഠന് കപികളുടെ രാമനാമജപശ്രവണത്താൽ നഷ്ടപ്പെട്ട ചിറക് വീണ്ടും മുളച്ചുവന്നതും, ആകാശത്തിലേയ്ക്ക് പറന്ന് സഞ്ചരിച്ച് മടങ്ങിയെത്തിയ സമ്പാദി സീതാദേവി കടലിനുനടുവിലുള്ള ലങ്കയിൽ വസിക്കുന്നുണ്ട് എന്ന് അറിയിച്ചതും, സാഗരം ചാടിക്കടക്കുവാനാകാതെ കപികൾ വിഷമിച്ചു നിന്നപ്പോൾ വൃദ്ധനായ കപിശ്രേഷ്ഠൻ ജാംബവാൻ തന്നെ വിളിച്ച് പൂർവ്വകഥകൾ പറഞ്ഞുതന്നതും, ശിവപാർവ്വതിമാർ വാനരവേഷത്തിൽ ക്രീഡിക്കവെ ജനിച്ച പുത്രനായ തന്നെ വായുദേവൻ മുഖാന്തരം അഞ്ജനാദേവിക്കുനൽകിയതും, കുട്ടിക്കാലത്ത് സൂര്യബിംബത്തെക്കണ്ട് എന്തോ പഴമെന്നുകരുതി ഭക്ഷിക്കുവാനായി ആകാശത്തിലേയ്ക്ക് ചാടിയതുമായ തന്റെ പൂർവ്വകഥകൾ കേട്ട് ഉത്തേജിതനായി സമുദ്രലംഘിക്കുവാനായി ഒരുങ്ങുന്നതുമായും ആടുകയുണ്ടായി. തുടർന്ന് മഹേന്ദ്രഗിരിയിൽ കയറിയിട്ട് സമുദ്രലംഘനം ചെയ്യുന്നതായും മറ്റുമുള്ള പതിവുള്ള ആട്ടങ്ങൾ ആടി. സമുദ്രം ലംഘിക്കവെ ആദ്യം സുരസയേയും പിന്നീട് മൈനാകത്തേയും കാണുന്നതായാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്. ലങ്കയിലെത്തിയ ഹനുമാൻ അസ്തമനസൂര്യന്റെ പൊൻകിരണങ്ങളേറ്റ് തിളങ്ങുന്ന ലങ്കയിലെ മണ്ണുകണ്ടതായി നടിച്ചിട്ട് 'ലങ്കോൽപ്പത്തി'യും ആടുകയുണ്ടായി.
'പോകുന്നേനഹം ലങ്കാലക്ഷ്മി'
കലാനിലയം മധുമോഹനാണ് ലങ്കാലക്ഷ്മി, 
പ്രഹസ്തൻ എന്നീവേഷങ്ങളിൽ എത്തിയിരുന്നത്.
അഴകുരാവണന്റെ പുറപ്പാട്
ലങ്കാലക്ഷ്മി പോയശേഷം ലങ്കയിൽ സീതയെ അന്യൂഷിച്ച് 
സഞ്ചരിക്കവെ രാവണന്റെ അന്തപ്പുരത്തിൽ ശയിക്കുന്ന മണ്ഡോദരിയേയും, വിഷ്ണുഭക്തനായ വിഭീഷണനേയും കാണുന്നതായ പതിവ് ആട്ടങ്ങൾ കൂടാതെ രാക്ഷസന്മാർ ദേവസ്ത്രീകളെ ഉപദ്രവിക്കുന്നതും, നിർബന്ധിച്ച് നൃത്തമാടിക്കുന്നതും മറ്റും കാണുന്നതായ ഒരു ആട്ടം കൂടി ഇവിടെ ചെയ്തിരുന്നു.
'ചേർന്നുവാഴ്ക വൈദേഹീ നീ'
അഴകുരാവണനായഭിനയിച്ച വാഴേങ്കിട വിജയനും മികച്ച 
പ്രകടനം കാഴ്ച്ചവെച്ചു. അഴകുരാവണന്റെ പുറപ്പാട്, 'ഹിമകരം'ആട്ടം, സീതയോടുള്ള ആട്ടം, സീതയ്ക്ക് വസ്ത്രാഭരണാദികൾ നൽകി സന്തോഷിപ്പിക്കാൻ ശ്രമിക്കൽ, തുടർന്നുള്ള പാടിപ്പദം, സീതയുടെ മറുപടികേട്ട് വെട്ടാനോങ്ങുകയും, മണ്ഡോദരിവന്ന് തടയവെ ലജ്ജിച്ചുകൊണ്ടുള്ള പിൻവാങ്ങലും എന്നിങ്ങിനെ വളരെ ചിട്ടപ്രധാനമായ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന തന്റെ വേഷം ഇദ്ദേഹം ചിട്ടയായും വൃത്തിയായും അവതരിപ്പിച്ചു. കാലപ്രമാണം അനുസരിച്ചുകൊണ്ട് ആട്ടഭാഗങ്ങൾ അവതരിപ്പിച്ചിരുന്ന ഇവിടെ പാടിപ്പദം പല്ലവി മുതൽത്തന്നെ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. 'കൂരിരുൾ ഇടയുന്ന' എന്നുതുടങ്ങുന്ന ഈ പല്ലവി ഇപ്പോൾ സാധാരണയായി അവതരിപ്പിക്കപ്പെടാറില്ലാത്തതാണ്.
'എന്നോടേവം'
സീതയോടുള്ളപദത്തിലെ 'ഒരുമാസത്തിനക്കുവരുവൻ' എന്ന് 
ചൊല്ലിവട്ടംതട്ടിയപ്പോൾ ഹനുമാൻ ഒരുഭാഗത്തേയ്ക്ക് നോക്കി രാവണനെ വിചാരിച്ചുള്ള കോപവും, മറുഭാഗത്തേയ്ക്ക് സീതയേ നോക്കി കരുണവും മാറിമാറിനടിച്ച് ഏറ്റിച്ചുരുക്കി എടുത്തകലാശവും മനോഹരമായിരുന്നു. ഹനുമാന്റെ 'ഉദ്യാനഭഞ്ജനം', 'ലങ്കാദഹനം' എന്നിങ്ങിനെ തുടന്നുള്ള ഭാഗങ്ങളും ഇവിടെ വളരെ രസമായിത്തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു.
'കുത്ര മമ ചന്ദ്രഹാസം'
കലാമണ്ഡലം ശ്രീകുമാറും കോട്ടക്കൽ വെങ്ങേരി നാരായണൻ നമ്പൂതിരിയും 
ചേർന്നായിരുന്നു ഈ കഥയിലെ പദങ്ങൾ പാടിയിരുന്നത്.
കലാമണ്ഡലം ഉണ്ണികൃഷൻ, സദനം രാമകൃഷ്ണൻ എന്നിവർ ചെണ്ടയിലും 
സദനം ദേവദാസ്, കലാ:രാജുനാരായണൻ, കലാമണ്ഡലം വേണൂ എന്നിവർ മദ്ദളത്തിലും മികച്ചമേളവും ഒരുക്കി.
'സീതേ നിൻ പദാബുജം'
കലാമണ്ഡലം ശിവരാമൻ, കലാമണ്ഡലം ശിവദാസ്, 
കലാമണ്ഡലം രവികുമാർ എന്നിവരായിരുന്നു ചുട്ടികലാകാരന്മാർ
'മൽക്കരതാഡനത്തിങ്കൽ'
തൃശ്ശൂർ കഥകളിക്ലബ്ബിന്റെതന്നെ ആയിരുന്നു അണിലയം
ലങ്കാദഹനം
 മുരളി, നാരായണൻ, രമേഷ്, കുഞ്ചൻ മുതൽപ്പേരായിരുന്നു ഈ കളിക്ക് അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്.

എറണാകുളം കഥകളിക്ലബ്ബ് വാർഷികം

എറണാകുളം കഥകളിക്ലബ്ബിന്റെ അൻപത്തിമൂന്നാമത് വാർഷികം 
2012 ഫെബ്രുവരി 10,11 തീയതികളിലായി എറണാകുളം ടി.ഡി.എം.ഹാളിൽവെച്ച് ആഘോഷിക്കപ്പെട്ടു.
11നു വൈകിട്ട് 7മുതൽ ഉത്തരാസ്വയംവരം കഥകളി അവതരിപ്പിക്കപ്പെട്ടു. 
ഉത്തരന്റെ സൃഗാരപ്പദം മുതൽ ബൃഹന്ദളയുടെ പോരുനുവിളി വരെയുള്ളഭാഗങ്ങളാണ്(ഹനുമാന്റെ രംഗം ഒഴിച്ച്) ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
'കൊങ്കത്തടത്താണ പൊളിയല്ലെ'
ഉത്തരനായി അഭിനയിച്ചത് കലാമണ്ഡലം ശ്രീകുമാറായിരുന്നു. 
വേഷത്തിലും പ്രവർത്തിയിലും മനോഹാരിതയുള്ള ഇദ്ദേഹം കഥാപാത്രത്തെ ഉൾക്കൊണ്ടുള്ള അഭിനയം കൊണ്ട് തന്റെ വേഷം ഭംഗിയാക്കി.
'വീരവീരാടകുമാരവിഭോ'
കലാമണ്ഡലം വൈശാഖ്, കലാമണ്ഡലം ജിഷ്ണു രവി എന്നിവർ 
ഉത്തരപത്നിമാരായി രംഗത്തെത്തി.
'സൈന്യമാശു ജയിച്ചുടൻ'
ഉത്തരന്റെ 'അരവിന്ദമിഴിമാരെ' എന്ന സൃഗാരപ്പദം 
രണ്ടാംകാലത്തിലാണ് ഇവിടെ അവതരിപ്പിച്ചിരുന്നത്. ഉത്തരപത്നിമാരുടെ 'വീരവീരാട'എന്ന പദം നേരെ കുമ്മിനൃത്തത്തിലേയ്ക്ക് കടക്കുകയുമായിരുന്നു. കളി തുടങ്ങുവാനായി ഒരു മണിക്കൂറോളം താമസിച്ചതുമൂലമാണന്നുതോന്നുന്നു ആദ്യംരംഗം ഇപ്രകാരം ചുരുക്കിയത്.
'വല്ലഭാ ശൃണു'
സൈരന്ധ്രിയായി അരങ്ങിലെത്തിയ കലാമണ്ഡലം അരുൺ വാര്യർ 
തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തു.
'താരിൽ തേൻമൊഴിമാർമണേ'
ഈ കഥാഭാഗത്തിലെ പ്രധാനവേഷമായ ബൃഹന്ദളയായെത്തിയത് 
കലാമണ്ഡലം ഗോപിയും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
'പാഹിമാം വീരാ പാഹിമാം'
ഉത്തരനോടായുള്ള ആട്ടങ്ങൾ സമഗ്രവും വത്യസ്ഥവുമായ രീതിയിൽ 
മനോഹമായി ഗോപിയാശാൻ അവതരിപ്പിച്ചു. താൻ അർജ്ജുനനാണ് എന്ന് വെളിപ്പെടുത്തുന്ന ബൃഹന്ദളയുടെ കൈയ്യിലെ തഴമ്പുകൾ, നീണ്ടതലമുടി തുടങ്ങിയവ കണ്ടിട്ടും ഉത്തരന് പൂർണ്ണമായി ബോദ്ധ്യമാവുന്നില്ല. അപ്പോൾ തന്റെ ശരീരത്തിന് മാറ്റം സംഭവിക്കുവാനുള്ള കാരണത്തെ ബൃഹന്ദള അറിയിച്ചു. വനവാസകാലത്ത് ദിവ്യാസ്ത്രങ്ങൾ സമ്പാദിക്കുവാനായി ഹിമാലയത്തിൽപ്പോയി ശിവനെ തപസ്സുചെയ്തതു മുതൽ തന്നെ തന്റെ പൂർവ്വകഥ ബൃഹന്ദള പറയുന്നു. തുടർന്ന് ശിവൻ കിരാതവേഷത്തിലെത്തി യുദ്ധം ചെയ്തതും, ഒടുവിൽ ശിവപാർവ്വതിമാർ സ്വരൂപത്തിൽ പ്രത്യക്ഷരായി പാശുപതാസ്ത്രം നല്കിയതും, അങ്ങിനെ കൈലാസപാർശ്വത്തിലിരിക്കവെ മാതലിവന്ന് കൂട്ടിക്കൊണ്ടുപോകുന്നതും, സ്വർഗ്ഗത്തിലെത്തി ഇന്ദ്രനേയും ഇന്ദ്രാണിയേയും വണങ്ങുന്നതും, തന്നിൽ ആകർഷിതയായ ഉർവ്വശി ഒപ്പം രമിക്കുവാനുള്ള ആഗ്രഹവുമായി തന്നെ സമീപിച്ചതും, ഉർവ്വശിയുടെ ആഗ്രഹത്തെ നിരസിച്ച തന്നെ ഉർവ്വശി ശപിച്ചതും, തുടർന്ന് ഉർവ്വശീശാപം മൂലം വന്ന ഷണ്ഡത നിനക്ക് അജ്ഞാതവാസക്കാലത്ത് അനുഭവിക്കുമാറാകട്ടെ എന്ന് പിതാവായ ഇന്ദ്രൻ അനുഗ്രഹിക്കുന്നതുമായ കഥകൾ ബൃഹന്ദള ഉത്തരന് പറഞ്ഞുകൊടുത്തു. പാശുപതം വാങ്ങി കൈലാസപാർശ്വത്തിൽ വസിക്കവെ മാതലിവരുന്നത് കാണുന്നതും, ഉർവ്വശി കാമാഭ്യർത്ഥനയുമായി വരുന്നനേരത്തുമുള്ള പകർന്നാട്ടവും, കാമപരവശയായി എത്തുകയും, കാമാഭ്യർത്ഥനനടത്തുകയും, അത് സ്വീകരിക്കപ്പെടാതിരിക്കുകയാൽ സങ്കടവും ദേഷ്യവും വർദ്ധിച്ച് അർജ്ജുനന് ശാപം നകുൽകുകയും ചെയ്യുന്ന ഉർവ്വശിയായുള്ള പകർന്നാട്ടവും ഏറ്റവും മനോഹരമായ അനുഭവമായിരുന്നു. സ്വർഗ്ഗത്തിലേയ്ക്ക് പോയി എന്ന് ബൃഹന്ദള പറയവേ അത്ഭുതത്തോടെ 'ശരീത്തോടുകൂടിയോ?' എന്നുള്ള ചോദ്യം,  ഉർവ്വശി കാമാഭ്യർത്ഥ്യനയുമായി സമീപിച്ചു എന്ന് പറയവേ അത്ഭുതസന്തോഷങ്ങളോടെ 'മഹാഭാഗ്യം തന്നെ!' എന്ന മറുമൊഴി, 'താനാണേങ്കിൽ സന്തോഷത്തോടുകൂടി ഉർവ്വശിയുടെ ആഗ്രഹത്തെ നിർവർത്തിച്ചുകൊടുക്കും എന്നുള്ള മറുപടി ഇങ്ങിനെ പാത്രത്തിനും സന്ദർഭത്തിനും അനുയോജ്യമായരീതിയിലുള്ള പ്രതികരണങ്ങളോടെ ഉത്തരനും ഈ ഭാഗങ്ങൾ ഭംഗിയാക്കി. എന്നാൽ ആട്ടത്തിനിടയ്ക്ക് ഇതിനുമുൻപും ചെയ്തുകണ്ടിട്ടുള്ളതായ ഒരു തെറ്റ് ആശാൻ ഇവിടെയും ആവർത്തിച്ചിരുന്നു. പാണ്ഡവന്മാരെ ഓരോരുത്തരെയായി ഉത്തരന് പരിചയപ്പെടുത്തുന്നവേളയിൽ, കൗരവർ ഗോക്കളെ മോഷ്ടിച്ചുകൊണ്ടുപോയി എന്ന് കരഞ്ഞുകൊണ്ടുവന്ന് പറഞ്ഞ രണ്ടു പശുപാലകരാണ് നകുലസഹദേവന്മാർ എന്നാണ് ബൃഹന്ദള പറയുന്നത്. പുരാണത്തിലൊ ആട്ടക്കഥയിലൊ ഇങ്ങിനെ പ്രസ്ഥാവിക്കുന്നില്ല എന്നുമാത്രമല്ല, ക്ഷത്രിയവീരന്മാരായ നകുലസഹദേവന്മാർ പരിക്കുപറ്റി ഉത്തരസമീപം വന്ന് വിലപിക്കുക എന്നത് ആലോചിച്ചാൽ ഔചിത്യരഹിതമായ കാര്യവുമാണ്.

പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം വിനോദും ചേർന്നൊരുക്കിയ
 സംഗീതവും, കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട), കലാനിലയം മനോജും(മദ്ദളം) ചേർന്നൊരുക്കിയ മേളവും കളിക്കിണങ്ങുന്നതായിരുന്നു.
മാതലിയുടെ വരവ് കാണുന്ന അർജ്ജുജൻ
കലാമണ്ഡലം സജി ചുട്ടികുത്തിയ ഈ കളിക്ക് എറണാകുളം 
കഥകളിക്ലബ്ബിന്റെതന്നെ ചമയങ്ങളാണ് ഉപയോഗിച്ചിരുന്നത്.
'ചോരന്മാരാരഹോ'
കടവിൽ കുമാരൻ, എരൂർ ശശി തുടങ്ങിയവരായിരുന്നു 
അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്.