കഥകളി ആസ്വാദക സദസ്സ് വാർഷികം

ഇടപ്പള്ളി കഥകളി ആസ്വാദക സദസ്സിന്റെ 
ഒൻപതാം വാർഷികം 2012 ജനുവരി 21, 22, 23 തീയതികളിലായി ഇടപ്പള്ളി ചെങ്ങമ്പുഴപാർക്കിൽ വെച്ച് ആഘോഷിക്കപ്പെട്ടു. ഇതിനോടനുബന്ധിച്ച് മൂന്നു ദിവസങ്ങളിലും വൈകുന്നേരം കഥകളി അരങ്ങേറി. അവസാന ദിനമായിരുന്ന 23ന് വൈകിട്ട് ഗോദവർമ്മ അനുസ്മരണത്തിനുശേഷം 6:30 മുതൽ നരകാസുരവധം കഥകളിയാണ് അവതരിപ്പിക്കപ്പെട്ടത്. 
 കാർത്തികതിരുനാൾ മഹാരാജാവിനാൽ രചിക്കപ്പെട്ട നരകാസുരവധം
ആട്ടക്കഥയിലെ നക്രതുണ്ഡിയുടെഭാഗം മുതൽ ചെറിയ നരകാസുരന്റെ സ്വർഗ്ഗവിജയം വരേയുള്ള ഭാഗങ്ങളാണ്(പതിവുള്ള രംഗങ്ങൾ) ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.
നിഷ്ക്രമണത്തിനുമുൻപായി നക്രതുണ്ഡി ലളിതയായി വേഷം മാറിയതായി നടിച്ച് സൃഗാരഭാവത്തിൽ സാരിയുടെ ആദ്യചുവടുകവെയ്ക്കുന്നു.
നക്രതുണ്ഡിയായി അരങ്ങിലെത്തിയ നെല്ലിയോട് വാസുദേവൻ നമ്പൂതിരി 
നല്ല പ്രകടനം കാഴ്ച്ചവെച്ചു. പാത്രോചിതമായ ആട്ടങ്ങളോടും സന്ദർഭോചിങ്ങളായ അഭിനയത്തോടെയും കരിവട്ടം മുതൽ ജയന്തനാൽ കുചനാസികകൾ ഛേദിക്കപ്പെടുന്നതുവരേയുമുള്ള ഭാഗങ്ങൾ മനോഹരമായിത്തന്നെ ഇദ്ദേഹം അവതരിപ്പിച്ചു. സ്വർഗ്ഗത്തിലേയ്ക്ക് ഗമിക്കുന്നതിനുമുൻപ് സിംഹങ്ങളെ പിടിച്ച് കാതിലണിയുകയും ജീവികളെ പിടിച്ചുകൊന്ന് ചോരകുടിക്കുന്നതുമായ ഭാഗം ഏറ്റവും ഭംഗിയായി അനുഭവപ്പെട്ടു. എന്നാൽ സ്വർഗ്ഗത്തിലെത്തി കാഴ്ച്ചകൾ കാണുന്നതായഭാഗത്ത്, സ്വർഗ്ഗസ്ത്രീകൾ കല്പവൃക്ഷങ്ങളിൽ നിന്നും ആഗ്രഹിച്ചതൊക്കെ വാങ്ങി മടങ്ങുന്നതും, സ്വർഗ്ഗസ്ത്രീകളുടെ വീണമൃദംഗാദി വായനകളും നൃത്തവും വിസ്തരിച്ച് പകർന്നാടിയത് അല്പം വിരസതയുണത്തി. ലളിതക്കുശേഷമുള്ളഭാഗത്ത് പദഭാഗം മുഴുവനായും അവതരിപ്പിക്കുവാൻ ഗായകർക്ക് നിർദ്ദേശം നൽകികൊണ്ട് ആ ഭാഗം ഭംഗിയായി അവതരിപ്പിക്കുവാൻ ഇദ്ദേഹം ശ്രദ്ധവെച്ചിരുന്നു.
'ആനന്ദം മേ വളരുന്നു'
കലാമണ്ഡലം ചെമ്പക്കര വിജയന്റെ ലളിത 
വേഷത്തിലും പ്രവർത്തിയിലുമുള്ള ഭംഗിയാൽ ആസ്വാദകരിൽ നല്ല അനുഭവമാണ് നൽകിയത്. രാഗാലപനത്തോടെ പൂർണ്ണമായും അവതരിപ്പിച്ച സാരിനൃത്തവും, ഒന്നാംകാലത്തിൽത്തന്നെ അവതരിപ്പിച്ച പദത്തിന്റെ ആദ്യഘണ്ഡവും മനോഹരമായിരുന്നു. ലേശം ആയാസത ഈ ഭാഗത്ത് ചെമ്പക്കരയുടെ പ്രവർത്തിയിൽ തോന്നിയിരുന്നുവെങ്കിലും ഇത് കെട്ടിപ്പഴക്കത്തിലൂടെ മാറാവുന്നതേയുള്ളു. 'ദാനവിയും അല്ലഹോ' എന്നാടുന്നതിനുമുൻപായി തെല്ലൊരു ശങ്കാഭാവം വരുത്തി സ്വശരീരം ഒന്ന് വീക്ഷിച്ചിട്ട്, വേഷം മാറിയിരിക്കുന്നതിനാൽ തന്റെ യാഥാർഥ്യം തിരിച്ചറിയപ്പെടുകയില്ല എന്ന് ഉറപ്പിക്കുന്നതായും നടിക്കുകയുണ്ടായി ലളിത. ഇതുപോലെ കഥാപാത്രത്തിനെ ഉൾക്കൊണ്ടുള്ളതും, സന്ദർഭോചിതങ്ങളുമായ അഭിനയമുഹൂർത്തങ്ങൾ നിറഞ്ഞതായിരുന്നു ലളിതയുടെ അവതരണം.
'ആരയീ ബാലികേ നീ'
 ജയന്തവേഷമിട്ട കലാമണ്ഡലം ഷണ്മുഖനും 
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു.
'സൂനബാണശരമേറ്റു പാരം കേണുഴന്നീടിനോരെങ്കൽ'
ചെറിയ നരകാസുരവേഷത്തിലെത്തിയ സദനം കൃഷ്ണൻകുട്ടിയും 
തന്റെ വേഷം ഭംഗിയായി കൈകാര്യം ചെയ്തിരുന്നു. 'കേകിയാട്ട'ത്തിന്റെ അന്ത്യഭാഗം കൂടുതൽ ചടുലമായാണ് ഇദ്ദേഹം അവതരിപ്പിച്ചത്. പതിഞ്ഞപദത്തിനിടയിലുള്ള ഭാഗം അമിതമായി കാലമുയർത്തിചെയ്യുന്നത് ഭംഗി കുറയ്ക്കാനിടയാക്കും എന്ന് തോന്നി. പടപ്പുറപ്പാട് തുടങ്ങിയ ഭാഗങ്ങൾ ലേശം വേഗതയിൽ അവതരിപ്പിച്ചുപോയിരുന്നു എങ്കിലും ഇന്ദ്രനോടുള്ള ഗൗതമമുനിയുടെ ശാപകഥയുടേയും, ഐരാവതത്തിനെ വിജയിക്കുന്നതുമായ ആട്ടങ്ങൾ വിസ്തരിച്ചുതന്നെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നു.
'വിരഹമെന്നാൽ നൂനം സഹിക്കാവതല്ല'

'വിരഹമെന്നാൽ നൂനം സഹിക്കാവതല്ല'
ഫാക്റ്റ് ബിജു ഭാസ്ക്കർ നരകാസുരപത്നിയായും 
കലാമണ്ഡലം ശുചീന്ദ്രൻ ഇന്ദ്രനായും അരങ്ങിലെത്തി.
'നിന്നെപ്പിരിഞ്ഞുടൻ പോകയില്ല കാൺക'
പാലനാട് ദിവാകരൻ നമ്പൂതിരി, കലാമണ്ഡലം രാജേഷ് ബാബു 
എന്നിവരായിരുന്നു ഈ ദിവസത്തെ ഗായകർ. ആസ്വാദ്യവും കളിക്കിണങ്ങുന്നതുമായ നല്ല അരങ്ങുപാട്ടായിരുന്നു ഇവരുടേത്.
കലാമണ്ഡലം രാമൻ നമ്പൂതിരി, കലാമണ്ഡലം രവിശങ്കർ 
എന്നിവർ ചെണ്ടയിലും കലാമണ്ഡലം ശങ്കരവാര്യർ, കലാമണ്ഡലം പ്രകാശൻ എന്നിവർ മദ്ദളത്തിലും മികച്ചമേളമാണ് ഈ കളിക്ക് ഒരുക്കിയിരുന്നത്. കലാ: ശങ്കരവാര്യരുടെ മദ്ദളവാദനം ലളിതയുടെ ഭാഗത്തെ ഏറെ ആസ്വാദ്യമാക്കി.
കലാനിലയം പരമേശ്വരൻ, കലാനിലയം വിഷ്ണു 
എന്നിവരായിരുന്നു ചുട്ടികുത്തിയത്.
ഐരാവതത്തിന്റെ പരാജയം നരകാസുരൻ പകർന്നാടുന്നു.
എരൂർ ഭവാനീശ്വരം കളിയോഗത്തിന്റെ മനോഹരമായ 
ചമയങ്ങളുപയോഗിച്ച് അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് കുമാരനും സംഘവുമായിരുന്നു.

8 അഭിപ്രായങ്ങൾ:

Dr Ganesh Iyer പറഞ്ഞു...

Excellent review. Thanks Mani chettan.

RamanNambisanKesavath പറഞ്ഞു...

കേണുഴന്നീടിനോരെങ്കല്‍

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

Ganesh , RamanNambisanKesavath ,
നന്ദി...

Girish N Iyer പറഞ്ഞു...

Super review mani chettan

GIRISH പറഞ്ഞു...

Super review mani chettan

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

Girish N Iyer ,
നന്ദി...

AMBUJAKSHAN NAIR പറഞ്ഞു...

Very Good

Sethunath UN പറഞ്ഞു...

സമഗ്രമായ , അനുഭവം പകരുന്ന വിവരണം മണി .