ആശ്രാമം ക്ഷേത്രത്തിലെ അഷ്ടമിരോഹിണി മഹോത്സവം

കൊല്ലം ആശ്രാമം ശ്രീകൃഷ്ണസ്വാമി മഹാക്ഷേത്രത്തിലെ 
അഷ്ടമിരോഹിണി മഹോത്സവം 2011 ആഗസ്റ്റ് 21ന് വിവിധ കലാപരിപാടികളോടുകൂടി ആഘോഷിക്കപ്പെട്ടു. കൃഷ്ണാഷ്ടമിരാത്രിയിൽ നടന്ന മേജർസെറ്റ് കഥകളിയായിരുന്നു പ്രധാന കലാപരിപാടി. അമ്പലപ്പുഴ സന്ദർശൻ കഥകളിവിദ്യാലയം അവതരിപ്പിച്ച ഈ കഥകളി ജയൻ, കൃഷ്ണ, മങ്ങാട്, കൊല്ലമാണ് വഴിപാടായി സമർപ്പിച്ചിരുന്നത്.
'ദാനവാരി മുകുന്ദനേ...'
രാത്രി 9മണിയോടുകൂടി ആരംഭിച്ച കളിയിൽ 
കലാമണ്ഡലം ഗൗതം പുറപ്പാട് അവതരിപ്പിച്ചു. തുടർന്ന് കുചേലവൃത്തം കഥ അവതരിപ്പിക്കപ്പെട്ടു. കുചേലന്റെ ദ്വാരകായാത്ര('ദാനവാരി') മുതൽ കുചേലൻ കൃഷ്ണനോട് യാത്രപറഞ്ഞ് മടങ്ങുന്നതുവരേയുള്ള ഭാഗാമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതിൽ കുചേലനായി നെല്ലിയോട് വാസുദേവൻ നമ്പൂതിരിയും ശ്രീകൃഷ്ണനായി കലാമണ്ഡലം ഗോപിയുമാണ് അഭിനയിച്ചിരുന്നത്. തങ്ങളുടെ കഥാപാത്രങ്ങളെ ഉൾക്കൊണ്ടുകൊണ്ട് അവസരരോചിതമായ മനോധർമ്മങ്ങളോടുകൂടി ഇരുവരും ചേർന്ന് ഈ കഥാഭാഗം മനോഹരമായി അവതരിപ്പിച്ചു.
'കലയാമി സുമതേ'
കലാമണ്ഡലം ശുചീന്ദ്രനാണ് രുഗ്മിണിയായി വേഷമിട്ടത്.
'മതിമുഖീ മമ നാഥേ'
കലാമണ്ഡലം ബാബു നമ്പൂതിരിയും കലാമണ്ഡലം വിനോദും 
ചേർന്നായിരുന്നു ഈ കഥ പാടിയത്. അരങ്ങിനെ ദോഷകരമായി ബാധിക്കാത്തതരത്തിൽ നല്ല സംഗീതപ്രയോഗങ്ങളോടുകൂടിത്തന്നെ കുചേലവൃത്തത്തിലെ മനോഹരമായ പദങ്ങൾ ഇവർ ആലപിച്ചു.
'മുദിതം മാനസം മമ'
കലാമണ്ഡലം കൃഷ്ണദാസ്, കലാമണ്ഡലം വേണുഗോപാൽ 
എന്നിവർ ചെണ്ടയിലും, മാർഗ്ഗി രവീന്ദ്രൻ മദ്ദളത്തിലും ഒരുക്കിയ മേളവും ഈ രംഗങ്ങൾക്ക് മാറ്റുകൂട്ടി.
'പുഷ്ക്കരവിലോചന'
കിളിമാനൂർ രവിവർമ്മകോയിത്തമ്പുരാൻ രചിച്ച കംസവധം 
ആട്ടക്കഥയാണ് തുടർന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. കംസസമീപം നാരദൻ എത്തുന്നതുമുതൽ കംസവധം വരെയുള്ള(സാധാരണ പതിവുള്ള രംഗങ്ങൾമാത്രം) ഭാഗമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.

കംസന്റെ തിരനോട്ടത്തോടുകൂടി ആരംഭിക്കുന്ന ഈ ഭാഗത്ത് 
തുടർന്ന് കംസന്റെ പൂർവ്വകഥാകഥനമായുള്ള ആട്ടമാണ്. കുട്ടിയായിരിക്കുമ്പോൾ താൻ അച്ഛനാൽ ഉപേക്ഷിക്കപ്പെട്ടതും, പിന്നീട് ജരാസന്ധനുമായുണ്ടായ മിത്രതയുടെ ഭലമായി ഉഗ്രസേനരാജാവിനെ ബന്ധിച്ച് മഥുരാരാജാവായിതീർന്നതും, സഹോദരിയോടുള്ള സ്നേഹാധിക്യം നിമിത്തം അവളുടെ വിവാഹദിനത്തിൽ വധൂവരന്മാരുടെ തേർ താൻ തന്നെ തെളിച്ചതും, അപ്പോൾ ഉണ്ടായ അശരീരി വാക്കുകേട്ട് ദേവകിയെ വധിക്കാനൊരുങ്ങിയതും, വസുദേവരുടെ അപേക്ഷ മാനിച്ച് വധിക്കാതെ അവരെ ഇരുവരേയും തുറുങ്കിൽ അടച്ചതും, ദേവകിയുടെ ആറുപുത്രന്മാരേയും വധിച്ചതും, പിന്നീട് ജനിച്ചതായ പെൺശിശുവിനെ വധിക്കുവാൻ ശ്രമിക്കവെ അവൾ ആകാശത്തിലേയ്ക്ക് പറന്നുന്നിന്ന് 'നിന്റെ അന്തകൻ ഭൂജാതനായിക്കഴിഞ്ഞിരിക്കുന്നു' എന്ന് പറഞ്ഞതും, കുട്ടികളുടെ വധത്തിനായി നിയോഗിക്കപ്പെട്ട പൂതന,ശകടാസുരാദികളായ അനവധി അസുരന്മാരുടെ അത്ഭുതകരമായ മരണങ്ങളെ അറിഞ്ഞതുമായ കാര്യങ്ങളാണ് ഈ ആട്ടത്തിലൂടെ അവതരിപ്പിക്കപ്പെടുക.

വീരരസപ്രധാനമായ തിരനോട്ടത്തിനു പകരം ഇവിടെ
സൃഗാരരസപ്രധാനമായ തിരനോട്ടമാണ് കംസൻ ചെയ്തത്. ഇതിനായി 'പൂതനാമോക്ഷം' ആട്ടകഥയിലെ സൃഗാരപദത്തിന്റെ ശ്ലോകമാണ് ആലപിക്കുകയുണ്ടായത്. കംസവധത്തിലെ കംസന് സൃഗാരരസത്തിന് സ്ഥാനമേയില്ല.

'എനിക്കു സുഖം ഭവിച്ചു' എന്ന പതിവ് തന്റേടാട്ടരീതിയിൽ തന്നെയാണ് 
ഇവിടെ കംസന്റെ ആട്ടം ആരംഭിച്ചത്. ഇത് ഇവിടെ ഉചിതമല്ല. തുടർന്നു പറഞ്ഞുവന്ന് ആട്ടം അവസാനിക്കുന്നത് കംസനെ സംബന്ധിച്ച് തീരെ സുഖമുള്ള അവസ്ഥയിൽ അല്ലല്ലോ.

കംസനായെത്തിയ കലാമണ്ഡലം മനോജ് ആദ്യത്തെ ആട്ടം 
അമിതമായി വിസ്തരിച്ച് വിരസമാക്കാതെയും ഒന്നും വിട്ടുപോകാതെയും ഭഗിയായി അവതരിപ്പിച്ചു. ചൊല്ലിയാട്ടം ഉൾപ്പെടെ തുടർന്നുള്ള ഭാഗങ്ങൾ ഇദ്ദേഹം തരക്കേടില്ലാത്ത അവതരിപ്പിച്ചിരുന്നു എങ്കിലും പരിചയക്കുറവ് നല്ലവണ്ണം അനുഭവപ്പെട്ടിരുന്നു.
'വന്ദേ തപോനിലയ'
നാരന്റെ വരവ് കാണുന്ന ആട്ടത്തോടേയാണ് കംസന്റെ 
ആദ്യത്തെ ആട്ടം അവസാനിക്കുന്നത്. തുടന്ന് നാരദൻ കംസന്റെ സമീപമെത്തി ഗോകുലത്തിൽ വളരുന്നതായ രാമകൃഷ്ണന്മാരുടെ നിജസ്ഥിതി കംസനെ ബോധിപ്പിക്കുന്നു.
''വീരശിഖാമണേ കംസാ'
നാരദനെ തന്മയത്വത്തോടെ രംഗത്തവതരിപ്പിച്ചത് 
നെല്ലിയോട് വാസുദേവൻ നമ്പൂതിരിയാണ്.
'മൂർഖരാമമുകിൽവർണ്ണന്മാരെ'
നാരദന്റെ വാക്കുകേട്ട് രാമകൃഷ്ണന്മാരെ മധുരയിലേയ്ക്ക് വരുത്തുവാനും 
വധിക്കുവാനും കംസൻ തീരുമാനിക്കുന്നു. വരുത്തുവാനുള്ള ഉപായമായി ഒരു ധനുർയാഗം നടത്തുവാൻ കംസൻ തീരുമാനിക്കുന്നു. ഇതുകാണുവാനായി ക്ഷണിച്ചുവരുത്തപ്പെടുന്ന രാമകൃഷ്ണന്മാരെ വധിക്കുവാനായി കുവലയാപീഠം എന്ന ആനയേയും ചാണൂരാദി മല്ലന്മാരേയും കംസൻ ചട്ടംകെട്ടുന്നു.
'ഗോപബാലന്മാരുടെ മസ്തകം'
മല്ലന്മാരെയും ഹസ്തിപനേയും നിയോഗിക്കുന്നതിനുമുൻപായി 
യാഗം നടത്തുവാൻ നിശ്ചയിക്കുന്നതായുള്ള ആട്ടം കംസൻ ചെയ്യുന്നതായി കണ്ടില്ല.
'നീതമായി ഖേദവും'

'ഭൂപതേ തവ വചസാ'
'ഗാന്ദിനീനന്ദനൻ പരമാനന്ദമൂർത്തിയെ മുദാ ചിന്തചെയ്തു'
 തുടർന്ന് രാമകൃഷ്ണന്മാരെ കൂട്ടികൊണ്ടുവരുവാനായി കംസൻ 
യാദവശ്രേഷ്ഠനായ അക്രൂരനെ നിയോഗിക്കുന്നു. ഭക്തശിരോമണിയായ അക്രൂരൻ ശ്രീകൃഷ്ണപരമാത്മാവിനെ കാണുവാനുള്ള അപൂർവ്വ അവസരം കൈവന്നത് തന്റെ ഭാഗ്യമായി കരുതി ഗോകുലത്തിലേയ്ക്ക് പോകുന്നു. തനിക്കു കൈവന്ന ഭാഗ്യത്തേയോർത്തും, അതിനു കാരണക്കാരൻ ആയത് ക്രൂരനായ കംസനാണല്ലോ എന്നോർത്തും അത്ഭുതപ്പെട്ടുകൊണ്ടും, സാക്ഷാൽ പരമാത്മാവായ ഭഗവാനെ ചെന്നുകാണുന്നതിനെ ഓർത്ത് സന്തോഷിച്ചുകൊണ്ടും വ്രജത്തിലെത്തുന്ന അക്രൂരൻ ഗംഗയേക്കാൾ പുണ്യവതിയായ കാളിന്ദീനദിയേയും, പർവ്വതരാജനായ ഗോവർദ്ധനത്തേയും, പശുക്കൂട്ടങ്ങളേയും കണ്ടുകൊണ്ട് വൃന്ദാവനത്തിലൂടെ സഞ്ചരിക്കുന്നു. ഗോരസങ്ങളുടെ പരിമളവും ഗോപികമാരുടെ കൃഷ്ണനാമജപവും കേട്ട് മുന്നോട്ടുനീങ്ങവെ ശ്രീകൃഷ്ണന്റെ കാപ്പാടുകൾ പതിഞ്ഞ മണ്ണുകണ്ട്, അതെടുത്ത് ശരീരമാകെ പുരട്ടി ആനന്ദതുന്തിലനാകുന്നു. തുടർന്ന് രാമകൃഷ്ണന്മാരെ കണ്ട് അഥിതിസൽക്കാരവും സ്വീകരിച്ച് അക്രൂരൻ ആഗമനോദ്ദേശവും, കംസന്റെ ഉള്ളിലുള്ള ദുരുദ്ദേശവും അവരെ ധരിപ്പിക്കുന്നു. വേഗംതന്നെ നന്ദഗോപാദികളെ വിവരം ധരിപ്പിച്ച്, രാജാവിനുള്ള കഴ്ച്ചവസ്തുക്കളായി വളരെ ഗോരസങ്ങളും സംഭരിച്ച് രാമകൃഷ്ണന്മാർ അക്രൂരൻ തെളിച്ച തേരിലേറി മഥുരയിലേയ്ക്ക് പുറപ്പെടുന്നു. മാർഗ്ഗമദ്ധ്യേ അക്രൂരൻ യമുനാനദിയിലിറങ്ങി സ്നാനവും മദ്ധ്യാഹ്നസന്ധ്യാവന്ദനവും കഴിക്കുന്ന അവസരത്തിൽ വേണുഗോപാലനായ ശ്രീകൃഷ്ണനെ ജലാശയത്തിനുള്ളിൽ കാണുന്നു. പെട്ടന്ന് ഉയർന്ന് നോക്കിയപ്പോൾ കൃഷ്ണൻ തേരിൽ തന്നെ ഇരിക്കുന്നതായി കാണുന്നു. വീണ്ടും മുങ്ങുമ്പോൾ അക്രൂരൻ അനന്തനാഗത്തേയും അനന്തശായിയായഭഗവാൻ വസിക്കുന്നതായ 'വൈകുണ്ഡ'ലോകത്തേയും ദർശിക്കുന്നു. ഭക്തിയുടെ പാരമ്യത്തിലെത്തിചേർന്ന അക്രൂരൻ ഓടിവന്ന് ഭഗവത്പാദങ്ങളിൽ വീണുനമസ്ക്കരിക്കുന്നു.
അക്രൂരൻ ഗോകുലത്തിലെത്തി രാമകൃഷ്ണന്മാരെ ദർശ്ശിക്കുന്ന

'സുമതേ ഗാന്ദിനീനന്ദന'
'കൃഷ്ണാ ജഗല്പതേ'
ഇപ്രകാരമുള്ള ഭക്തിരസപ്രധാനമായ ആട്ടങ്ങളാണ് 
അക്രൂരൻ എന്ന കഥാപാത്രത്തിന് പ്രധാനമായി ചെയ്യുവാനുള്ളത്. ആ കഥാപാത്രത്തിനെ നന്നായി ഉൾക്കൊണ്ട് പ്രവർത്തിച്ചിരുന്ന ഏറ്റുമാനൂർ കണ്ണന്റെ പ്രകടനം ഏറ്റവും ആസ്വാദ്യകരമായിരുന്നു. കംസനോടുള്ള പദത്തിൽ ശ്രീകൃഷ്ണനെ പരാമർശിക്കുന്നിടത്ത് ഭക്തനായ അക്രൂരൻ വന്ദിക്കുവാൻ ആരംഭിക്കുന്നതും കംസന്റെ മുന്നിലാണല്ലോ താൻ നിൽക്കുന്നതെന്നോർത്ത് പെട്ടന്ന് അത് വേണ്ടായെന്നുവെയ്ക്കന്നതും, വ്രജത്തിലെത്തുമ്പോൾ ഭീതിയോടെ തന്റെ രഥത്തിനുനേരെ നോക്കുന്ന പശുക്കുട്ടിയോട് 'ശകടാസുരദാദികളെപ്പോലെ ദ്രോഹിക്കുവാൻ വന്നവനല്ല. ശ്രീകൃഷ്ണപാങ്ങളെ കണ്ടുവന്ദിക്കുവാൻ വന്ന ഒരു ഭക്തനാണ് ഞാൻ. അതിനാൽ ഒട്ടും ഭയപ്പെടേണ്ട' എന്നു പറയുന്നതും, 'ഓരോരോ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്ന ഗോപസ്ത്രീകളുടെ കണ്ഠങ്ങളിൽ നിന്നും പുറപ്പെടുന്ന കൃഷ്ണനാമങ്ങൾ കാതിൽ പെട്ടതിനാൽത്തന്നെ കംസാദികളായ ദുഷ്ടരുടെ സംസർഗ്ഗത്താൽ വന്നുപോയ പാപങ്ങളെല്ലാം നീങ്ങി. ഇനി ഭഗവാന്റെ ദർശ്ശനം കൂടി ലഭിച്ചാലത്തെസ്ഥിതി പറയാനുണ്ടോ!' എന്നുപറയുന്നതുമായ ആട്ടങ്ങളും കൃഷനോടുള്ള പദത്തിലെ 'കൃഷ്ണാ ജഗല്പതേ' എന്നഭാഗത്തെ പ്രത്യേകമായ നൃത്തവും ഏറ്റവും ഔചിത്യപരവും മനോഹരവുമായിരുന്നു. യമുനയിൽ മുങ്ങുമ്പോൾ ജലത്തിൽ വിഷ്ണുവിന്റെ ഒൻപത് വതാരങ്ങളേയും തനിക്കുചുറ്റുമായി കാണുന്നതായ ആട്ടവും ഏറ്റവും അനുഭവവത്തായിരുന്നു.
'ശിഷ്ടജനപ്രിയ'

'വൈകുണ്ഡദർശ്ശനം'



മഥുരാപുരിയിൽ എത്തിയാൽ തങ്ങളുടെ വരവ് മുൻപേ ചെന്ന് 
കംസനെ അറിയിക്കാൻ നിദ്ദേശിച്ച് അക്രൂരനെ അയച്ച് രാമകൃഷ്ണന്മാർ വീഥിയിലൂടെ നടക്കുന്നതായാണ് സാധാരണ ആടുക പതിവ്. എന്നാൽ ഇവിടെ ഇങ്ങിനെ അക്രൂരനെ അയയ്ക്കുന്നതായ ആട്ടം ഉണ്ടായില്ല.
ശ്രീകൃഷ്ണനായി കലാമണ്ഡലം മുകുന്ദനും ബലരാമനായി 
കലാമണ്ഡലം അരുൺരാജുമാണ് അരങ്ങിലെത്തിയത്.
'വചനം മേ കേൾ രജകവീര'
യാത്രാമദ്ധ്യേ രാജവസ്ത്രങ്ങളുമായിപോകുന്ന രജകനെ കണ്ട് 
രാമകൃഷ്ണന്മാർ ആ വസ്ത്രങ്ങൾ ആവശ്യപ്പെടുന്നു. വസ്ത്രം കൊടുക്കാതിരിക്കുകമാത്രമല്ല തങ്ങളെ ആക്ഷേപിക്കുകകൂടി ചെയ്യുന്ന രജകനെ വധിച്ച് രാമകൃഷ്ണന്മാർ തങ്ങൾക്കാവശ്യമുള്ള വസ്ത്രങ്ങളെടുത്തുധരിച്ച് മുന്നോട്ടുനീങ്ങുന്നു. കലാമണ്ഡലം ബാലകൃഷ്ണനാണ് രജകന്റേയും മുഷ്ടികന്റേയും വേഷങ്ങൾ ചെയ്തിരുന്നത്.
'പാദപത്മം തൊഴുന്നേൻ'
ശിവമഹിമ പാടിക്കൊണ്ട് മാലകെട്ടിക്കൊണ്ടിരിക്കുന്ന സുദാമനെന്ന 
മാലാകാരന്റെ ഭവനത്തിൽ പ്രവേശിച്ച് രാമകൃഷ്ണന്മാർ മാലകൾ ആവശ്യപ്പെടുന്നതാണ് തുടർന്നുള്ള രംഗം. സുദാമൻ മാലകൾ നൽകി അവരെ സന്തോഷിപ്പിച്ചയയ്ക്കുന്നു. സുദാമന്റേയും രണ്ടാം ആനക്കാർന്റേയും വേഷങ്ങൾ ചെയ്തത് കലാ:ഗൗതം ആയിരുന്നു.
'സുന്ദരാംഗി ചെറ്റു തത്ര നിന്നീടാമോ'
കംസനുള്ള കുറിക്കൂട്ടുകളുമായി പോകുന്ന കുബ്ജ എന്ന
സൈരന്ധ്രിയെ മാർഗ്ഗമദ്ധ്യേ കാണുമ്പോൾ ശ്രീകൃഷ്ണൻ അവളോട് കുറികൂട്ടുകൾ ആവശ്യപ്പെടുന്നതാണ് തുടർന്നുള്ള രംഗം. സന്തോഷത്തോടെ അവൾ നൽകുന്ന കുറികൾ വാങ്ങി അണിഞ്ഞശേഷം ശ്രീകൃഷ്ണൻ കൂനുനിവർത്തി കുബ്ജയെ പൂർവ്വാധികം സുന്ദരിയാക്കിതീർക്കുന്നു. ശ്രീകൃഷ്ണനിൽ അനുരുക്തയായിതീരുന്ന അവൾ ശ്രീകൃഷ്ണനെ തന്റെ ഭവനത്തിലേയ്ക്ക് ക്ഷണിക്കുന്നു. മറ്റൊരു അവസരത്തിൽ വന്നുകൊള്ളാം എന്നറിയിച്ച് ശ്രീകൃഷ്ണൻ ജേഷ്ഠനോടോത്ത് യാത്ര തുടരുന്നു. കലാ:ശുചീന്ദ്രൻ കുബ്ജയെന്ന കഥാപാത്രത്തെ ഭംഗിയായിത്തന്നെ അരങ്ങിൽ അവതരിപ്പിച്ചിരുന്നു.
'കല്യാണാലയ കൃഷ്ണാ'
യാഗശാലയിൽ കടന്ന് ചാപം മുറിക്കുന്നതായ അടുത്തരംഗം ഇവിടെ 
അവതരിപ്പിക്കുകയുണ്ടായില്ല. ഇത് ആട്ടത്തിലൂടെ അവതരിപ്പിക്കാവുന്നതാണ്. അതും ഉണ്ടായില്ല. തങ്ങൾക്കു് മാർഗ്ഗതടസമായി നിൽക്കുന്ന കുവലയാപീഠമെന്ന ആനയേയും അതിന്റെ ആനക്കാരന്മാരേയും രാമകൃഷ്ണന്മാർ വകവരുത്തുന്നതാണ് തുടർന്നുള്ള രംഗം.
'വമ്പനേറ്റം മദമ്പാടുണ്ടേ'
വേഷത്തിലും പ്രവർത്തിയിലും ലോകധർമ്മിയാകാവുന്ന ഹസ്തിപൻ 
എന്ന കഥാപാത്രത്തെ സരസമായ സംഭാഷണങ്ങിലൂടെയും അഭിനയത്തിലൂടെയും അവതരിപ്പിച്ച് പീശപ്പള്ളി രാജീവൻ ഈ രംഗം വളരെ രസകരമാക്കി.
രാമകൃഷ്ണന്മാർ മല്ലയുദ്ധവേദിയിലേയ്ക്ക് പ്രവേശിക്കുന്നു
രാമകൃഷ്ണന്മാർ ചാണൂരൻ, മുഷ്ടികൻ എന്നീ മല്ലന്മാരെ നേരിട്ട് വധിക്കുന്നതും, 
ശ്രീകൃഷ്ണൻ കംസനെ വധിക്കുന്നതുമാണ് തുടർന്നുവരുന്ന രണ്ടുരംഗങ്ങൾ. ഈ രണ്ടു രംഗങ്ങളിലേയും പദങ്ങളൊ യുദ്ധവട്ടങ്ങളോ വേണ്ടവണ്ണം എടുക്കാതെ എളുപ്പത്തിൽ കഴിച്ചുകൂട്ടുകയായിരുന്നു ഇവിടെ.
കൃഷ്ണൻ കംസനെ നേരിടുന്നു
കലാമണ്ഡലം സുരേന്ദ്രൻ, കലാനിലയം നന്ദകുമാർ എന്നിവർ 
പദങ്ങളാലപിച്ച ഈ കഥയ്ക്ക് കലാ:കൃഷ്ണദാസ്, കലാ:വേണൂഗോപാൽ എന്നിവർ ചെണ്ടയിലും മാർഗ്ഗി രവീന്ദ്രൻ, കലാമണ്ഡലം രാജേഷ് എന്നിവർ മദ്ദളത്തിലും മേളവും നൽകി.

കലാമണ്ഡലം സജികുമാർ ചുട്ടികുത്തിയ ഈ കളിയ്ക്ക് 
സന്ദർശൻ കഥകളിവിദ്യാലയം അമ്പലപ്പുഴയുടെ കോപ്പുകൾ ഉപയോഗിച്ച് അണിയറയിലും അരങ്ങത്തും സഹായികളായി വർത്തിച്ചിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണൻ, കണ്ണൻ, തങ്കപ്പൻ പിള്ള, രമേശൻ എന്നിവരായിരുന്നു.

അരങ്ങ് 2011

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തിരനോട്ടം 
ആഗസ്റ്റ് 13,14,15 തീയതികളിലായി ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ വെച്ച് 'അരങ്ങ് 2011' സംഘടിപ്പിച്ചു. മുതിർന്ന കലാകാരന്മാരെ ആദരിക്കുക, അവശകലാകാരന്മാരെ സഹായിക്കുക, യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, ആസ്വാദനശീലം വളർത്തുക, കലാപരിപാടികൾ സഘടിപ്പിക്കുക ഇങ്ങിനെ പല രീതികളിലുമായി തനതുകേരളീയ കലകളെ, പ്രത്യേകിച്ച് കഥകളിയെ പ്രോത്സാഹിപ്പിക്കുന്നതിൽ കഴിഞ്ഞ അഞ്ചുവർഷക്കാലമായി തിരനോട്ടം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയം തന്നെയാണ്. പതിവുപോലെ ഉണ്ണായിവാര്യർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുടയുടേയും ഡോ:കെ.എൻ.പിഷാരടി സ്മാരക കഥകളിക്ലബ്ബ്, ഇരിങ്ങാലക്കുടയുടേയും സഹകരണത്തോടേയാണ് ഇത്തവണത്തേയും 'അരങ്ങ്' സഘടിപ്പിക്കപ്പെട്ടത്. യുവകലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക, കഥകളി അരങ്ങുകളുടെ വൈപുല്യം സുസാദ്ധ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ, 'കളിയോഗം' എന്ന ആശയത്തിൽ നിന്നുകൊണ്ടുള്ള കഥകളിശില്പശാല ആയിരുന്നു ഇത്തവണത്തെ 'അരങ്ങി'ലെ പ്രധാന പരിപാടി. അന്തരിച്ച പ്രസിദ്ധ മദ്ദളവാദകനായ കലാമണ്ഡലം ശശിയുടെ ദീപ്തസ്മരണക്കുമുന്നിൽ സമർപ്പിതമായിരുന്നു 'അരങ്ങ് 2011'. കഥകളി നാട്യാചാര്യന്മാരായ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ, പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ, പത്മഭൂഷൺ കലാമണ്ഡലം രാമൻകുട്ടിനായർ എന്നിവരെ 'അരങ്ങ്11'ന്റെ ഭാഗമായി ആദരിക്കുകയുണ്ടായി. 'അരങ്ങി'ന്റെ വേദിയിൽ വെച്ച് കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി സ്മാരക എൻഡോവ്മെന്റ് കുമ്മത്ത് വേണുഗോപാലനും, തിരനോട്ടത്തിന്റെ പ്രത്യേക എൻഡോവ്മെന്റ് ആയാകുടി കുട്ടപ്പമാരാർക്കും സമ്മാനിക്കപ്പെട്ടു. കൂടാതെ, പോയവർഷം തിരനോട്ടം സ്പോൺസർ ചെയ്തിരുന്ന കലാമണ്ഡലം മനോജിന് കളിപ്പണവും, ഈവർഷം സ്പോൺസർ ചെയ്യപ്പെടുന്ന കലാനിലയം മനോജ്, ആർ.എൽ.വി.പ്രമോദ് എന്നിവർക്കു് സമ്മതപത്രവും ഏൽപ്പിക്കുകയുമുണ്ടായി.
കോട്ടക്കൽ ശിവരാമന്റെ അരങ്ങിലേയും അണിയറയിലേയും 
ഉജ്ജ്വലമുഹൂർത്തങ്ങൾ ദൃശ്യവൽക്കരിച്ച 'ശിവരാമണീയം' എന്ന ചിത്രപ്രദർശനവും 'അരങ്ങ്11'നോടനുബന്ധിച്ച് നടന്നിരുന്നു. ആറുവർഷങ്ങളോളം നടത്തിയ അനുയാത്രയിലൂടെ മാധ്യമം സീനിയർ ഫോട്ടോഗ്രാഫർ രാജൻ കാരിമൂല തന്റെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത ശിവരാമചിത്രങ്ങളാണ് ഇവിടെ പ്രദർശിക്കപ്പെട്ടത്.
വിഖ്യാത ചലചിത്രകാരൻ പത്മഭൂഷൺ അടൂർ ഗോപാലകൃഷ്ണൻ 
സംവിധാനം ചെയ്ത 'കലാമണ്ഡലം രാമൻകുട്ടിനായർ' എന്ന കഥേതര ചലചിത്രത്തിന്റെ പ്രദർശനമായിരുന്നു മറ്റൊരു മുഖ്യ ആകർഷണം. അരങ്ങിന്റെ സമാപനദിവസം രാവിലെ 9:30മുതൽ ഇരിങ്ങാലക്കുട പ്രഭാത് തീയ്യറ്ററിലായിരുന്നു പ്രദർശനം. കേന്ദ്രസംഗീതനാടക അക്കാദമി നിർമ്മിച്ച ഈ ചലചിത്രം ഇതിനുമുൻപ് ഒരിക്കൽ മാത്രമാണ് കേരളത്തിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഥകളിപ്രേമികൾക്ക് രാമൻകുട്ടിയാശാനോടൊപ്പമിരുന്ന് ഈ ചലചിത്രം കാണുന്നതിനുള്ള ഒരു അസുലഭ അവസരമാണ് തിരനോട്ടം ഒരുക്കിയത്. തന്റെ ജീവിതയാത്രയിലെ അനുഭവങ്ങളേയും പ്രധാന മുഹൂർത്തങ്ങളേയും ആശാൻ തന്നെ വിവരിക്കുന്ന രീതിയിലാണ് ഇതിൽ ചിത്രീകരിച്ചിരിക്കുന്നത്. വിവരണങ്ങൾക്കിടയിൽ ആശാന്റെ പലവേഷങ്ങളുടേയും അവതരണങ്ങളും അല്പാല്പമായി ചേർത്തിരിക്കുന്നു. ആശാന്റെ ചില പ്രസിദ്ധവേഷങ്ങളായ കീചകൻ, ഹനുമാൻ എന്നിവകൂടാതെ ഉത്ഭവത്തിലെ രാവണൻ, പരശുരാമൻ, കാർത്യവീര്യാർജ്ജുനവിജയത്തിലെ രാവണൻ, കിർമ്മീരവധത്തിലെ ധർമ്മപുത്രൻ, കാലകേയവധത്തിലെ അർജ്ജുനൻ, നലാംദിവസത്തിലെ നളൻ, സുഭദ്രാഹരണത്തിൽ അർജ്ജുനൻ, ദൂതിലെ കൃഷ്ണൻ എന്നിവയും ഈ വിധം ചേർത്തിട്ടുണ്ട്. ഇതുതന്നെയാണ്  ഈ ചിത്രത്തിന്റെ ഒരു പ്രധാന വത്യസ്തതയും.
'കുവലയവിലോചനേ'
നളചരിതം രണ്ടാംദിവസം കഥകളിയുടെ അവതരണത്തോടെയാണ് 
'അരങ്ങ്11' പൂർണ്ണമായത്. പകലും രാത്രിയുമായാണ് ഈ കളി അവതരിപ്പിക്കപ്പെട്ടിരുന്നത്. ഹാളിന്റെ ജനലുകളും വാതിലുകളും അടച്ചിട്ട് കളി ആരംഭിക്കവെ തൊട്ടന്മുൻപ് കണ്ട ചിത്രത്തിൽ രാമൻകുട്ടിയാശാൻ പറഞ്ഞൊരു പഴയ കഥയാണ് ഓർമ്മയിലെത്തിയത്. പണ്ട് ഒളപ്പമണ്ണമനയ്ക്കൽ വാതിലും ജനലും അടച്ചിട്ട് ഇരുട്ടുവരുത്തി ഒരു പകൽക്കളി നടന്നപ്പോൾ, ഒരു സരസൻ ചൂട്ടുകറ്റയും കത്തിച്ചുകൊണ്ട് കളികാണുവാൻ വന്നുവത്രെ!' രാത്രിയേക്കാൾ കൂടുതൽ പെട്ടന്ന് ക്ഷീണം വരും പകൽ കളിക്കുമ്പോൾ എന്നാണ് പല കലാകാരന്മാരുടേയും അഭിപ്രായം അറിഞ്ഞത്. രാവിലെ തെന്നെ ഒരുങ്ങിതുടങ്ങേണ്ടിവരുന്ന പ്രധാനവേഷം ചെയ്യുന്ന കലാകാർന്മാർക്ക് കളി രാത്രിവരെ നീളുമ്പോൾ ഭക്ഷണാദി കാര്യങ്ങൾക്കും ബുദ്ധിമുട്ടുകൾ വന്നുചേരുന്നുണ്ട്.
'കുവലയവിലോചനേ'
15ന് ഉച്ചയ്ക്ക് 3മണിയോടെ ആരംഭിച്ച നളചരിതം 
രണ്ടാംദിവസം കളിയിൽ നളനെ അവതരിപ്പിച്ചത് കലാമണ്ഡലം ഷണ്മുഖദാസായിരുന്നു. ഭംഗിയുള്ള വേഷത്താലും നിഷ്കർഷയോടും ഔചിത്യത്തോടുമുള്ള അവതരണത്താലും ഷണ്മുഖന്റെ നളൻ മികവുപുലർത്തി. രസാഭിനയ പ്രധാനമായ ഭാഗങ്ങളിൽ കുറച്ചുകൂടി ശ്രദ്ധിച്ച്, മുഖാഭിനയത്തിൽ ഒന്നുകൂടി നിഷ്കർഷവരുത്തിയാൽ ആസ്വാദകർക്ക് കൂടുതൽ അനുഭവം പ്രദാനം ചെയ്യുവാൻ ഈ നടനു കഴിയും. പതിഞ്ഞപദം ഉൾപ്പെടെയുള്ള പദങ്ങളുടെ ചൊല്ലിയാട്ടങ്ങൾ മനോഹരമായിത്തന്നെ ചെയ്ത ഇദ്ദേഹം സന്ദർഭത്തിനും കഥാപാത്രത്തിനും യോജിക്കുന്ന രീതിയിൽ ആട്ടങ്ങളും ഭംഗിയായി അവതരിപ്പിച്ചു. ഉദ്യാനത്തിൽ ക്രീഡിക്കുന്ന 'കോക ഹംസ'ങ്ങളെ ദമയന്തി കാട്ടുമ്പോൾ, തന്നെ സഹായിച്ച ഹംസശ്രേഷ്ഠനെ നളൻ സ്മരിച്ചത് ഔചിത്യമായി. ആദ്യരംഗത്തിൽ പദങ്ങൾക്കുശേഷം 'ഇവളുടെ സൗന്ദര്യം അനന്തനാലും വർണ്ണിക്കാൻ സാദ്ധ്യമല്ല' എന്നാരംഭിച്ച ആട്ടത്തിൽ തുടർന്ന് 'ബ്രഹ്മസൃഷ്ടി'യും ആടുകയുണ്ടായി. മുൻപ് ഹംസം സമീപമെത്തി വിവരങ്ങൾ സംവദിച്ചത് എങ്ങിനെയെന്ന് ദമയന്തിയിൽ നിന്നും ചോദിച്ചു മനസ്സിലാക്കിയ ശേഷം, സ്വയംവരവേദിയിൽ തന്റെ വേഷം ധരിച്ച് ഇരുന്നിരുന്ന ദേവകളുടെ മദ്ധ്യത്തിൽനിന്നും തന്നെ കണ്ടെത്തി വരിക്കാൻ സാധിച്ചത് എങ്ങിനെ എന്നും നളൻ ചോദിച്ച് മനസ്സിലാക്കി. തങ്ങളെ സഹായിച്ച ഹംസശ്രേഷ്ഠനേയും അനുഗ്രഹിച്ച ദേവകളേയും മനസാവണങ്ങി നളദമയന്തിമാർ ഉദ്യാനസഞ്ചാരം ആരംഭിച്ചു. തുടർന്ന് പൊയ്കയിലെ കൂമ്പിനിൽക്കുന്ന താമരകൾ, മുല്ലവള്ളി പടർന്ന തേന്മാവ്, ദമയന്തിയുടെ നടപ്പ് കണ്ട് അനുകരിക്കുന്ന അന്നങ്ങൾ, മുലയൂട്ടുന്ന പേടമാൻ, ഇണയുടെ വേർപാടിൽ സങ്കടവതിയാകുന്ന പെൺപക്ഷി എന്നിങ്ങിനെ സാധാരണ പതിവുള്ള ഉദ്യാനവർണ്ണനാ ആട്ടങ്ങളും നളദമയന്തിമാർ യോജിച്ച് അവതരിപ്പിക്കുകയുണ്ടായി.
'ദയിതേ'
ദമയന്തിയായി അഭിനയിച്ച കലാമണ്ഡലം ചെമ്പക്കര വിജയകുമാറും 
നല്ല പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചത്. ഷണ്മുഖന്റേയും വിജയന്റേയും ചേർച്ചയായ പ്രവർത്തനം കളിയുടെ വിജയത്തിൽ പ്രധാനമായ പങ്കുവഹിച്ചു. അമിതമായ നാടകീയ വരുത്താതെ നല്ല ഭാപ്രകാശനത്തോടെ വിജയൻ ദമയന്തിയെ അവതരിപ്പിച്ചിരുന്നു. മറുപടിപ്പദത്തിൽ 'കാമ്യം നിയ്ക്കുന്നാകിൽ സാമ്യമല്ലിതു രണ്ടും' എന്ന പാഠമാണ് ഗായകർ പിന്തുടർന്നത്. എന്നാൽ 'സാമ്യം നിനയ്ക്കുന്നാകിൽ കാമ്യമല്ലിതുരണ്ടും' എന്ന പാഠഭേദമനുസ്സരിച്ചാണ് വിജയൻ അഭിനയിച്ചത്.
' എങ്ങുനിന്നെഴുന്നള്ളി സുരാധിപ'
കലിയായി കലാമണ്ഡലം ഹരി ആർ. നായരും, 
ദ്വാപരനായി കലാനിലയം സന്ദീപും, ഇന്ദ്രനായി കലാമണ്ഡലം ചിനോഷുമാണ് വേഷമിട്ടത്. പാത്രാനുസൃതമായ അഭിനയങ്ങളോടേ മൂവരും ചേർന്ന് രണ്ടാം രംഗം ഭംഗിയായി അവതരിപ്പിച്ചു.  'ഓരോരുത്തർക്കും ഓരോ സ്ത്രീകളെ ഭാര്യയായി വിധിച്ചിട്ടുണ്ട്, മറ്റു സ്ത്രീകളിൽ കാമം വെയ്ക്കുന്നതും, അതുസാധിക്കാനായി ക്രോധത്തോടെ പ്രവർത്തിക്കുന്നതും ശരിയല്ല' എന്ന് ഇന്ദ്രന്റെ ഉപദേശം കേട്ട് കലി 'അങ്ങിനെ വിധിച്ച സ്ത്രീകളെ മാത്രം കാമിച്ചതുകൊണ്ടായിരിക്കും അങ്ങയുടെ ദേഹം മുഴുവൻ കണ്ണുകളായി വന്നത്' എന്ന് പരിഹസിച്ചു. 'തനിക്ക് ഒരിക്കൽ വന്ന അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ്, ഇങ്ങിനെ ഓരോ ദുഷ്പ്രവൃർത്തികൾക്ക് തുനിഞ്ഞാൽ നിനക്കും ആ പാപത്തിന്റെ ഫലം അനുഭവിക്കേണ്ടതായിവരും' എന്ന് ഇന്ദ്രൻ വീണ്ടും കലിയെ ഓർമ്മിപ്പിക്കുകയുമുണ്ടായി. എന്നാൽ ഇന്ദ്രനോട് പരിഹസിച്ച് ചോദിച്ചതിനെ തുടർന്ന്, കലി ദ്വാപരനോടായി ഇന്ദ്രൻ സഹസ്രാക്ഷനായി ഭവിച്ച കഥ വിസ്തരിച്ച് ആടുകയുണ്ടായി. അത് അല്പം വിരസതയുണർത്തി. ഭംഗിയായും മിതമായുമുള്ള രീതിയിൽ 'കലിയാട്ട'മുൾപ്പെടെയുള്ള മറ്റുഭാഗങ്ങൾ ഹരി ആർ. നായർ അവതരിപ്പിച്ചു.
'ചെല്ലേണം നാമധുനാ'
പുഷ്ക്കരനായെത്തിയ കലാനി:വിനോദ്കുമാറും തന്റെ ഭാഗം 
ഭംഗിയായി നിർവ്വഹിച്ചു. പുഷ്ക്കരന്റെ 'ഉണ്ടാകേണ്ട' എന്ന പദത്തിലെ ഇപ്പോൾ സാധാരണയായി പതില്ലാത്ത 'പുരത്തിൽ മരുവും മഹാജനങ്ങളും' എന്ന അന്ത്യചരണവും ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു.
............................
'നമുക്കില്ല നാടും നഗരവും'
സദനം ഭാസിയാണ് കാട്ടാളനായി അരങ്ങിലെത്തിയത്. 
കീഴ്പ്പടം ശൈലിയിൽ മനോഹരമായ നൃത്തങ്ങളോടെ ഇദ്ദേഹം കാട്ടാളനെ അവതരിപ്പിച്ചു.
ചൂതുകളിയിൽ എല്ലാം നഷ്ടപ്പെട്ട് ദമയന്തിക്കൊപ്പം കാട്ടിലെത്തിയ നളൻ തന്റെ വസ്ത്രം വിരിച്ച് പക്ഷികളെ പിടിക്കുവാൻ ശ്രമിക്കുന്നതും, പക്ഷിരൂപത്തിലെത്തുന്ന കലി നളന്റെ വസ്ത്രം അപഹരിച്ച് കൊണ്ടുപോകുന്നതുമായ സധാരണപതിവില്ലാത്തതായ രംഗവും ഇവിടെ അവതരിപ്പിച്ചിരുന്നു. കലാമണ്ഡലം സുചീന്ദ്രനാണ് പക്ഷിവേഷത്തിലെത്തിയത്. മഞ്ഞ ഞൊറിയും സ്വണ്ണനിറത്തിലുള്ള കൊക്കും ചുണ്ടുകളുമാണ് സാധാരണയായി പക്ഷിക്ക്  കണ്ടിട്ടുള്ളത്. 'നളന്റെ പദത്തിൽ "പക്ഷങ്ങൾ ചഞ്ചുക്കളും പരിചെഴും പൊൻനിറമാം പക്ഷികളിതാവന്നു" എന്നും പക്ഷിയുടെ പ്രവേശത്തിലെ ശ്ലോകത്തിൽ "ധൃത്വാ സുവർണ്ണശകുനത്വമതീവദുഷ്ടോ" എന്നുമാണ് ഉള്ളതും. എന്നാൽ ഇവിടെ കറുത്തനിറത്തിലുള്ള ഞൊറിയും കൊക്കും ചിറകുകളും ഉപയോഗിച്ചാണ് പക്ഷിവേഷം ഒരുങ്ങിയിരുന്നത്.
'നീയോ?'..........'ഞാൻ തന്നെ!'
കലിയുടേയും കാട്ടാളന്റേയും ഒഴിച്ചുള്ള ഭാഗങ്ങളിൽ 
പത്തിയൂർ ശങ്കരൻകുട്ടിയായിരുന്നു പൊന്നാനിഗായകൻ. നന്നായി പദങ്ങളാലപിച്ച ഇദ്ദേഹത്തിനൊപ്പം പാടിയിരുന്നത് കലാമണ്ഡലം ബാബു നമ്പൂതിരി, കലാനിലയം രാജീവൻ, കലാമണ്ഡലം രാജേഷ് മേനോൻ എന്നിവരായിരുന്നു. കലിയുടെ ഭാഗത്ത് കലാനി:രാജീവനും കലാ:രാജേഷ് മേനോനും ചേർന്നായിരുന്നു പാട്ട്. കളിക്കിണങ്ങുന്നതും മികച്ചതുമായിരുന്നു ഈ ഭാഗത്തെ ആലാപനം. കലാ:ബാബു നമ്പൂതിരിയും കലാ:രാജേഷ് മേനോനും ചേർന്ന് കാട്ടാളന്റെ രംഗവും നന്നായി പാടി.
'കടന്നു പോ'
കലാമണ്ഡലം നന്ദകുമാറും കലാനിലയം രതീഷും ചെണ്ടയിലും 
കലാനിലയം മനോജ് കുമാറും കലാനിലയം പ്രകാശനും മദ്ദളത്തിലും നല്ല മേളമൊരുക്കിക്കൊണ്ട് കളിയുടെ വിജയത്തിൽ തങ്ങളുടേതായ പങ്കുവഹിച്ചു.
'വികൃതഹൃദയ ഞങ്ങൾ വികിരങ്ങളല്ല'
കലാനിലയം സജി, കലാമണ്ഡലം സുകുമാരൻ എന്നിവർ ചുട്ടി കലാകാരന്മാരായിരുന്ന ഈ കളിക്ക് ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്റെ ചമയങ്ങളാണ് ഉപയോഗിച്ചിരുന്നത്. നാരായണൻ നായർ, മുരളി, നാരായണൻ, നാരായണൻകുട്ടി എന്നിവരായിരുന്നു അണിയറയിലും അരങ്ങിലും സഹായികളായി വർത്തിച്ചിരുന്നത്. പ്രഭാ സൗണ്ടാണ് ഈ പരിപാടിയ്ക്ക് വെളിച്ചവും ശബ്ദവും നൽകിയിരുന്നത്. 

'അപുത്രമിത്ര കാന്താരം'
അരങ്ങിന്റെ പിൻഭാഗം കൂടാതെ വശങ്ങളിലും കറുത്തതുണികൊണ്ട് മറച്ചും, 
ഗായകർക്കുപിന്നിലായിള്ള ഡസ്ക്കിൽ കറുത്തതുണിവിരിച്ചും, പിന്നിൽ ബാനറുകളോന്നും തൂക്കാതെയും, വീഡീയോയും ഫോട്ടോയും പിടിക്കുവാൻ പാകത്തിന് ഭഗിയായി വേദിയൊരുക്കാൻ സംഘാടകർ ശ്രദ്ധിച്ചിരുന്നു. എന്നാൽ വശങ്ങൾ കൂടി മറച്ചതിനാൽ കാറ്റോട്ടം കുറയുകയും അരങ്ങിലെ ചൂട് വർദ്ധിക്കുകയും ചെയ്തതായി കലാകാരന്മാർ  അഭിപ്രായപ്പെട്ടത്. കർക്കിടകമാസമെങ്കിലും പൊതുവെ ചൂടുള്ള ഒരു ദിവസവുമായിരുന്നു അന്ന്.