അബലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിലെ
ജൂണ്മാസപരിപാടി 25,26 ദിവസങ്ങളിലായി അബലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രനാടകശാലയില്‍ നടന്നു. 26നു വൈകിട്ട് 6:30മുതല്‍ നരകാസുരവധം കഥകളിയാണ് അവതരിപ്പിക്കപ്പെട്ടത്. നരകാസുരവധത്തിലെ ലളിതയുടെ പ്രവേശം മുതൽ നരകാസുരന്റെ സ്വർഗ്ഗവിജയം വരെയുള്ളഭാഗമാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.ഭൂമിപുത്രനും വരബലത്താൽ പ്രതാപശാലിയുമായ
നരകാസുന്റെ നിർദ്ദേശപ്രകാരം ദേവസുന്ദരികളെ പിടിച്ചുകൊണ്ടുപോകുവാനായി സ്വർഗ്ഗത്തിലെത്തുന്ന നക്രതുണ്ഡി എന്ന രാക്ഷസി അവിടെ വെച്ച് ഇന്ദ്രപുത്രനായ ജയന്തനെ കണ്ട് മോഹിതയാവുന്നു. ഒരു സുന്ദരീവേഷം ധരിച്ച് ജയന്തനെ സമീപിച്ച് അവൾ തന്റെ ഇംഗിതം അറിയിക്കുന്നു. അച്ഛന്റെ കൽപ്പന കൂടാതെ താൻ ഭാര്യാസംഗ്രഹം ചെയ്യുകയില്ല എന്നു പറഞ്ഞ് ജയന്തൻ അവളുടെ ക്ഷണം നിരസിക്കുന്നു. കാമകേളികൾക്കായി ജയന്തനെ ലഭിക്കാതെ വരുന്നതോടെ ക്രുദ്ധയാവുന്ന നക്രതുണ്ഡി സ്വന്തം രൂപത്തെ കാട്ടുകയും ജയന്തനോട് കയർക്കുകയും ചെയ്യുന്നു. തുടർന്നു നടക്കുന്ന ഏറ്റുമുട്ടലിൽ ജയന്തൻ നക്രതുണ്ഡിയുടെ കുചനാസികാകർണ്ണങ്ങൾ ഛേദിച്ചയയ്ക്കുന്നു.'സാരിനൃത്തം' |
"മാനുഷനാരിയുമല്ല" |
ലളിതയുടെ സാരിപ്പദത്തിന്റെ ആരംഭത്തിൽ
രാഗം പാടുന്ന സമ്പ്രദായം ഇപ്പോൾ സാധാരണയായി ഉപേക്ഷിച്ചു കാണാറുണ്ട്. എന്നാൽ ഇവിടെ രാഗം ആലപിക്കുകയുണ്ടായി എന്നു മാത്രമല്ല, സാരിപ്പദം പതിവിലും കാലം താഴ്ത്തിയാണ് ആലപിച്ചിരുന്നതും. ലളിതയായി വേഷമിട്ട കലാനിലയം വിനോദിന്റെ പ്രവർത്തിയിൽ ലേശം ആയാസം തോന്നിച്ചിരുന്നുവെങ്കിലും പൊതുവെ നന്നായിതന്നെ ഇദ്ദേഹം തന്റെ വേഷം അവതരിപ്പിച്ചു. കൂടുതൽ കെട്ടിപരിചയം ലഭിക്കുകയാണെങ്കിൽ ഈവേഷം ഉജ്ജ്വലമായിതന്നെ അവതരിപ്പിക്കുവാൻ വിനോദിന് സാധിക്കും. “നാരീമണേ....” |
“ഏണാങ്ക സമവദന” |
ജയന്തവേഷമിട്ട കലാമണ്ഡലം ചെമ്പക്കര വിജയൻ
പാത്രോചിതമായ പ്രവർത്തികളോടെയും സന്ദർഭോചിതമായ ഭാവപ്രകടനങ്ങളോടെയും തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.
“നൂനം സഹിക്കാവതല്ല” |
“നിന്നെക്കൊണ്ടുപോവതിന്നായ്” |
കലാനിലയം തകഴി കരുണാകരക്കുറുപ്പാണ് കരി
വേഷ(നക്രതുണ്ഡി)ത്തിലെത്തിയത്.
“രാത്രിഞ്ചരവനിതേ” |
'കുചകൃന്തനം' |
പ്രാഗ്ജ്യോതിഷമെന്ന തന്റെ രാജധാനിയിലെ
അന്ത:പ്പുരോദ്യാനത്തിൽ തന്റെ പത്നിയുമായി രമിക്കുകയായിരുന്ന നരകാസുരന്റെ സമീപത്തേയ്ക്ക് അവയവങ്ങൾ ഛേദിക്കപ്പെട്ട് നിണമൊഴുക്കിക്കൊണ്ട് നക്രതുണ്ഡി വരുന്നു. അവളിൽ നിന്നും വിവരങ്ങൾ ധരിച്ച നരകാസുരൻ സ്വർഗ്ഗത്തിലേയ്ക്ക് പടനയിക്കുന്നു. സ്വർഗ്ഗത്തിലെത്തി പോരുവിളിക്കുന്ന നരകാസുരനെ ഇന്ദ്രാദികൾ വന്ന് നേരിടുന്നു. ഇന്ദ്രനേയും ഐരാവതത്തേയും യുദ്ധത്തിൽ പരാജിതരാക്കി സ്വർഗ്ഗത്തിലെ വിലപ്പെട്ട വസ്തുക്കളും ദേവമാതാവായ അദിതിയുടെ കുണ്ഡലങ്ങളും കവർന്നെടുത്തുകൊണ്ട് നരകാസുരൻ സേനാസമേതം മടങ്ങുന്നു.'തിരനോട്ടം' |
ചെറിയനരകാസുരൻ എന്ന പ്രധാനവേഷം അവതരിപ്പിച്ചത് കലാമണ്ഡലം
ഷണ്മുഖനായിരുന്നു. സുപ്രധാനമായ 'കേകിയാട്ടം' ഉൾപ്പെടുന്ന പതിഞ്ഞപദം, ശബ്ദരൂപവർണ്ണനകൾ, നിണത്തിന്റെ കേട്ടാട്ടം, പടപ്പുറപ്പാട്, ഇന്ദ്രനുമായുള്ള യുദ്ധവട്ടവും സ്വർഗ്ഗജയവും ഇങ്ങിനെ ചിട്ടപ്രധാനമായ അനവധി ആട്ടങ്ങൾ ഉൾപ്പെടുന്ന ചെറിയനരകാസുരന്റെ ഭാഗം ഭംഗിയായിയും ആയാസരഹിതമായും ഷണ്മുഖൻ അരങ്ങിലവതരിപ്പിച്ചു. എന്നാൽ ഇദ്ദേഹം കുറച്ചുകൂടി ഊജ്ജം ചിലവഴിച്ചുകൊണ്ട് പ്രവർത്തിച്ചാൽ കൂടുതൽ അനുഭവവത്താകുമായിരുന്നു, പ്രത്യേകിച്ച് ശബ്ദവർണ്ണന തുടങ്ങിയ ഭാഗങ്ങൾ. ഇന്ദ്രനോടുള്ള ശാപകഥയുടെ ആട്ടം ഒന്നുകൂടി ചുരുക്കി അവതരിപ്പിക്കുന്നതാവും ആ സന്ദർഭത്തിനു ചേരുക എന്നും തോന്നി.'നോക്കിക്കാണൽ' |
കലാമണ്ഡലം അരുൺ കുമാറാണ് നരകാസുരപത്നിയായി
അരങ്ങിലെത്തിയത്.
“ബാലികമാർ മൗലീബാലേ” |
ഇന്ദ്രവേഷമിട്ടത് കലാമണ്ഡലം അരുണായിരുന്നു.
'കേകിയാട്ടം' |
പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കലാനിലയം രാജീവനും
ചേര്‍ന്നാണ് പദങ്ങള്‍ പാടിയത്. പാട്ട് പൊതുവേ നന്നായിരുന്നു.“മാരമാൽ പെരുകീടുന്നെന്നുടെ” |
ചെണ്ടയില്‍ ആദ്യഭാഗത്ത് കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മയും
തുടര്‍ന്ന് കലാനിലയം രതീഷും ശബ്ദവർണ്ണന മുതലുള്ള ഭാഗത്ത് ഇരുവരും ചേർന്നുമാണ് മേളമുതിർത്തിരുന്നത്. ആട്ടത്തിന്റെ ഭാഗത്ത് ചില ചില്ലറ പിശകുകൾ വന്നിരുന്നുവെങ്കിലും മൊത്തത്തിൽ തരക്കേടില്ലാത്ത മേളമായിരുന്നു ഈ ദിവസത്തേത്.“പടപ്പുറപ്പാട്” |
പ്രധാനമദ്ദളക്കാരനായിരുന്ന കലാനിലയം മനോജിന്റെ
പ്രകടനം മികച്ചതായിരുന്നു. പ്രത്യേകിച്ച് ലളിതയുടേഭാഗത്തും ചെറിയനരകാസുന്റെ ആട്ടഭാഗത്തും. കലാനിലയം രതീഷായിരുന്നു മറ്റൊരു മദ്ദളക്കാരൻ.കലാമണ്ഡലം സുകുമാരന്‍ ഭംഗിയായി ചുട്ടികുത്തിയ
ഈ കളിക്ക് സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെതന്നെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറയിലും അരങ്ങിലും സഹായികളായി വർത്തിച്ചിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണനും കണ്ണനും ചേര്‍ന്നായിരുന്നു.
6 അഭിപ്രായങ്ങൾ:
നരകാസുരന്റെ അഭിനയത്തെ പറ്റി കാര്യമായൊന്നും പറഞ്ഞു കണ്ടില്ലല്ലോ മണി . ആരായിരുന്നു എന്നും . ഷണ്മുഖന്‍ ആണെന്ന് ഊഹിക്കട്ടെ
അതെ, ഷണ്മുഖൻ തന്നെ. പോസ്റ്റ് ചെയ്തപ്പോൾ വിട്ടുപോയതാണ് ആഭാഗം. ഇപ്പോൾ അത് ചേർത്തിട്ടുണ്ട്.
വെറുതേ ഒരു ചോദ്യം മണീ, ഷണ്മുഖനു പച്ചതന്നെ അല്ലെ ചേർച്ച? ഇതിന്റെ ഒക്കെ വീഡിയോ കിട്ടാൻ മാർഗമൊന്നും ഇല്ലേ? സന്ദർശൻ ഇതൊക്കെ റക്കോർഡ് ചെയ്ത് സൂക്ഷിക്കാറുണ്ടോ?-സു-
മാവേലിക്കര ഉത്സവക്കളിക്ക് ഷണ്മുഖന്റെ കത്തി വേഷം നിഴല്‍കുത്തിലെ ദുര്യോധനന്‍ കണ്ടിരുന്നു. വളരെ നല്ല പ്രകടനം ആയിരുന്നു. എനിക്ക് വളരെ ഇഷ്ട്ടപ്പെട്ടു.
നക്രതുണ്ടിയെ അവതരിപ്പിച്ച ശ്രീ. കരുണാകരകുറുപ്പ് ഷണ്മുഖന്റെ ആദ്യ ഗുരുനാഥന്‍ ആണ്.
സുനിലേട്ടാ, സന്ദർശ്ശൻ വീഡിയോകൾ എടുത്തു സൂക്ഷിക്കുന്നില്ല. മുൻപ് ഒരു ബാലിവധം(സമ്പൂർണ്ണം) മാത്രം ഇവിടെ വീഡിയോ പിടിച്ചിട്ടുണ്ട്. ഷണ്മുഖനു പച്ചതന്നെയാണ് കൂടുതൽ ചേർച്ച. എന്നാൽ കത്തിയും തരക്കേടൊന്നുമില്ല.
കളിയുടെ വിവരണങ്ങള്‍ ആസ്വാദ്യമായി. ചിട്ടപ്രധാനമായ കഥകളുടെ വിവരണങ്ങള്‍ ഈ തരത്തിലുള്ള കളികള്‍ വീണ്ടും കാണുമ്പോള്‍ കൂടുതല്‍ നന്നായി ആസ്വദിക്കാന്‍ സഹായിക്കുമെന്ന് തോന്നുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ