സന്ദര്‍ശ്ശനിലെ ജൂണ്മാസപരിപാടി (ഭാഗം-1)

അബലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിലെ 
ജൂണ്മാസപരിപാടി 25,26 ദിവസങ്ങളിലായി അബലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രനാടകശാലയില്‍ നടന്നു. 25നു വൈകിട്ട് 6:30മുതല്‍ സന്താനഗോപാലം കഥകളിയാണ് അവതരിപ്പിക്കപ്പെട്ടത്. വളരെ കാലത്തിനുശേഷം ദ്വാരകാപുരിയിലെത്തി തന്നെ കണ്ടുവന്ദിക്കുന്ന അര്‍ജ്ജുനനെ സുഹൃത്തായ ശ്രീകൃഷ്ണന്‍ സ്വാഗതം ചെയ്ത് സുഖവിവരങ്ങള്‍ ചോദിച്ചറിയുകയും, ഇനി കുറച്ചുകാലം തന്നോടൊപ്പം ഇവിടെ വസിക്കുവാന്‍ നിർദ്ദേശിക്കുകയും ചെയ്യുന്നതാണ് ആദ്യരംഗം. ശ്രീകൃഷ്ണനായി കലാമണ്ഡലം വിദ്യാർത്ഥിയായ അരുണ്‍ വേഷമിട്ടപ്പോള്‍ അര്‍ജ്ജുനന്നായി കലാനിലയം വിനോദാണ് രംഗത്തെത്തിയത്. ഇരുവരും ഭംഗിയായി തന്നെ ഈ രംഗത്ത് പ്രവര്‍ത്തിച്ചു. ‘ലോകനാഥനായ അങ്ങയെ കണ്ടു വന്ദിക്കുവാന്‍ കുറച്ചുകാലമായി വിചാരിക്കുന്നുവെങ്കിലും ജേഷ്ഠനായ ധര്‍മ്മസുതന്റെ അനുമതിയോടെ ഇന്നുമാത്രമെ വന്നു കാണുവാന്‍ സാധിച്ചുള്ളു’ എന്നൊരു ചെറിയ ആട്ടം മാത്രമെ പദഭാഗത്തെ തുടര്‍ന്ന് ഈ രംഗത്തില്‍ ചെയ്തിരുന്നുള്ളു.
“ഭവല്‍ ചരണദാസരാം ഈ ജനാനാം”
ഇങ്ങിനെ അര്‍ജ്ജുനന്‍ ദ്വാരകയില്‍ വസിക്കുന്നകാലത്ത് 
ഒരു ദിവസം പുത്രദു:ഖാര്‍ത്തനായ ഒരു ബ്രാഹ്മണന്‍, മരിച്ചുപോയ തന്റെ ഒന്‍പതാമത്തെ ശിശുവിന്റെ ശവവുമേന്തി യാദവസഭയിലെത്തി വിലപിക്കുന്നതാണ് അടുത്തരംഗം. 
താന്‍ ബ്രാഹ്മണനിഷിദ്ധമായ ഒരു കര്‍മ്മവും ചെയ്തിട്ടില്ലെന്നും 
തന്റെ ഒന്‍പതു പുത്രന്മാരും ജനിച്ച‌ ഉടന്‍ തന്നെ മരിച്ചുപോയത് രാജദോഷം കൊണ്ടാണെന്നും പ്രസ്താവിക്കുന്ന ബ്രാഹ്മണന്‍ കൃഷ്ണാദികളെ ദുഷിക്കുന്നു. ഇതൊക്കെ കേട്ടിട്ടും യാദവരാരും ശ്രദ്ധിക്കാതെ ഇരിക്കുമ്പോള്‍ അര്‍ജ്ജുനന്‍ ബ്രാഹ്മണനെ സമാധാനിപ്പിക്കാന്‍ ശ്രമിക്കുകയും, ഇനിമേലില്‍ ജനിക്കുന്ന പുത്രനെ താന്‍ കാത്തുതരുമെന്ന് വാഗ്ദാനം നല്‍കുകയും ചെയ്യുന്നു. കൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ തന്നെ രക്ഷിക്കുവാന്‍ സാധിക്കയില്ല എന്നുവെച്ചിടത്ത് ഇതിനായി പുറപ്പെടുന്നത് വിഢിത്തമല്ലെ? എന്ന് ബ്രാഹ്മണന്‍ ചോദിക്കുമ്പോള്‍ ബ്രാഹ്മണരുടെ ദു:ഖം കണ്ടിരിക്കുവാന്‍ ഒരു ക്ഷത്രിയനായ തനിക്ക് കഴിയില്ല എന്നും, രക്ഷിക്കേണ്ടത് തന്റെ ധര്‍മ്മമാണെന്നും പ്രതിവചിക്കുന്ന അജ്ജുനന്‍, തുടര്‍ന്ന് പുത്രനെ രക്ഷിക്കുവാന്‍ സാധിക്കാതെ വന്നാല്‍ താന്‍ അഗ്നിയില്‍ ചാടി ജീവന്‍ വെടിയുമെന്ന് സത്യം ചെയ്യുന്നു. 
“ഹ ഹ കരോമി”
“കഷ്ടമിതു കാണ്മിന്‍”
കലാമണ്ഡലം ചെമ്പക്കര വിജയനായിരുന്നു ബ്രാഹ്മണനായി 
അഭിനയിച്ചത്. ബ്രാഹ്മണന്റെ ദു:ഖവും ദു:ഖാധിക്യത്താല്‍ ഉണ്ടാകുന്ന ക്രോധവും ഭംഗിയായി അഭിനയിച്ചുകൊണ്ട് ചിട്ടപ്രധാനമായ ഈ ഭാഗം വിജയന്‍ തരക്കേടില്ലാതെ അവതരിപ്പിച്ചു. പദഭാഗത്തിനു ശേഷമുള്ള ആട്ടത്തില്‍, ദ്രുപദനെ പിടിച്ചുകെട്ടിക്കൊണ്ടുവന്ന് ഗുരുദക്ഷിണ നല്‍കിയതും, ഘാണ്ഡവദഹനത്തിനായി അഗ്നിദേവനെ സഹായിച്ചതുമായ കാര്യങ്ങള്‍ പരാമര്‍ശ്ശിച്ചുകൊണ്ട് ബ്രാഹ്മണന്‍ അര്‍ജ്ജുനന്റെ പരാക്രമം എനിക്കറിവുള്ളതാണെന്ന് പറയുകയും, തുടര്‍ന്ന് ധര്‍മ്മോത്തമനായ ധര്‍മ്മപുത്രരുടെ പാദങ്ങളെക്കൊണ്ടും ശ്രീകൃഷ്ണപാദങ്ങളെക്കൊണ്ടും ഓരോ സത്യങ്ങള്‍ കൂടി അജ്ജുനനെക്കൊണ്ട് ചെയ്യിക്കുകയും, അങ്ങിനെ സമാധാനത്തോടെ സ്വഗൃഹത്തിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നതായാണ് അവതരിപ്പിച്ചത്.
“പരിദേവിതം മതി മതി”
“അത്തല്‍ കീഴില്‍ കഴിഞ്ഞതത്ര ക്ഷമിക്ക ഭവാന്‍”
മടങ്ങിയെത്തി നടന്ന വിവരങ്ങള്‍ ബ്രാഹ്മണന്‍ 
അറിയിക്കുമ്പോള്‍, വിധിയെ തടയുവാന്‍ അര്‍ജ്ജുനനെകൊണ്ട് സാധിക്കുമോ എന്ന് പത്നി സംശയിക്കുന്നു. എന്നാല്‍ രക്ഷിക്കാന്‍ സാധിക്കാതെ വന്നാല്‍ അഗ്നിയില്‍ പ്രവേശിക്കും എന്ന് സത്യം ചെയ്തിട്ടുള്ള അര്‍ജ്ജുനനെ ഭാര്യാസഹോദരന്‍ കൂടിയായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്നു പറഞ്ഞ് ബ്രാഹ്മണന്‍ പത്നിയെ സമാധാനിപ്പിക്കുന്നു. ബ്രാഹ്മണപത്നിയായി അരങ്ങിലെത്തിയത് കലാമണ്ഡലം അരുണ്‍ കുമാർ ആയിരുന്നു.
“വിധിമതം നിരസിച്ചീടാമോ?”
അര്‍ജ്ജുനന്റെ സത്യത്തിലും ശ്രീകൃഷ്ണനിലുള്ള ഭക്തിയിലും 
വിശ്വാസമർപ്പിച്ച് കഴിഞ്ഞുവരവെ ആ ബ്രാഹ്മണസ്ത്രീ വീണ്ടും ഗര്‍ഭത്തെ ധരിച്ചു. ഗര്‍ഭം പൂണ്ണമായി എന്നും, മൂന്നുനാളുകള്‍ക്കകം പ്രസവം ഉണ്ടാകുമെന്നും പത്നി അറിയിക്കുമ്പോള്‍ അര്‍ജ്ജുനനെ വിവരമറിയിക്കുവാനായി ബ്രാഹ്മണന്‍ പെട്ടന്ന് ദ്വാരകയിലേയ്ക്ക് പുറപ്പെടുന്നു.
“പൂണ്ണമായിതു ഗര്‍ഭവും”
“ഓമലേ....കമനീയശീലേ”
ദ്വാരകയില്‍ വന്ന് വിവരം ധരിപ്പിക്കുന്ന 
ബ്രാഹ്മണനൊപ്പം പുറപ്പെട്ട് ബ്രാഹ്മണഗേഹത്തിലെത്തുന്ന അര്‍ജ്ജുനന്‍ സൂതികാലയമായി അവിടെ ഒരു ശരകൂടം നിര്‍മ്മിച്ചു നല്‍കുകയും അതിനു കാവല്‍ നിൽക്കുകയും ചെയ്യുന്നു.
“പിന്നെയും ധരിച്ചു ഗര്‍ഭം”
“ആത്മജനെ കാത്തുതരുന്നേന്‍”
ഇക്കുറി ഉണ്ടായ ബാലകന്റെ ശവം പോലും കാണ്മാനില്ല 
എന്നറിയുന്നതോടെ ബോധരഹിതനായ് വീഴുന്ന ബ്രാഹ്മണന്‍, തുടര്‍ന്ന് എഴുന്നേറ്റ് അര്‍ജ്ജുനനെ പരിഹാസവാക്കുകളാല്‍ മൂടുന്നു. ‘മൂഢാ അതിപ്രൌഢമാം’ എന്ന ഇവിടുത്തെ പദത്തിന്റെ അവതരണം ഭാവപരമായി മികച്ചതായിരുന്നുവെങ്കിലും ചൊല്ലിയാട്ടത്തില്‍ വിജയന് ചില പിശകുകള്‍ വന്നിരുന്നു.
“രൂക്ഷസഹായമുപേക്ഷിച്ചു നീ”
തുടര്‍ന്ന് ത്രിഭുവനങ്ങളിലൊക്കെ അന്യൂഷിച്ചിട്ടും ബ്രാഹ്മണശിശുവിന്റെ 
യാതൊരു വിവരവും ലഭിക്കാഞ്ഞതിനാല്‍ അര്‍ജ്ജുനന്‍ തീക്കുണ്ഡം നിര്‍മ്മിച്ച് അതില്‍ ചാടി തന്റെ സത്യം നടപ്പാക്കുവാനായി ഒരുങ്ങുന്നു. അപ്പോള്‍ ശ്രീകൃഷ്ണന്‍ അവിടെ എത്തി അര്‍ജ്ജുനനെ തടയുകയും, ബ്രാഹ്മണന്റെ കുട്ടികള്‍ സുരക്ഷിതരായി വൈകുണ്ഡത്തില്‍ കഴിയുന്നുണ്ടെന്നും, ഉടന്‍ തന്നെ നമുക്കൊരുമിച്ചുപോയി അവരെ കൊണ്ടുപോന്ന് ബ്രാഹ്മണനു നല്‍കാമെന്നും അര്‍ജ്ജുനനെ അറിയിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് കൃഷ്ണാര്‍ജ്ജുനന്മാര്‍ വൈകുണ്ഡത്തിലേയ്ക്ക് പുറപ്പെടുന്നു. ഈ സമയത്ത്; ‘മുന്‍പ് ഉടലോടുകൂടി സ്വര്‍ഗ്ഗത്തില്‍ പോകുവാന്‍ സാധിച്ചു, ഇന്ന് ഇതാ വിഷ്ണുലോകത്തിലും പോകുവാന്‍ വഴി വന്നിരിക്കുന്നു’ എന്ന അര്‍ജ്ജുനന്റെ ആത്മഗതം വളരെ ഉചിതമായി തോന്നി.
“എന്തോന്നുചെയ്തൂ സഖേ”
“എത്ര ദുഷിച്ചു നിന്നെ..”
കൃഷ്ണാര്‍ജ്ജുനന്മാര്‍ വൈകുണ്ഡത്തില്‍ നിന്നും ബ്രാഹ്മണബാലരെ 
കൊണ്ടുപോന്ന് ബ്രാഹ്മണന് നല്‍കുന്നതാണ് അന്ത്യരംഗം. ബാലന്മാരെ ലഭിച്ചതിനാല്‍ സന്തോഷവാനായിതീര്‍ന്ന ബ്രാഹ്മണന്‍, ദു:ഖഭാരത്താല്‍ മുന്‍പ് അധിക്ഷേപിച്ചതില്‍ ഒന്നും നിനയ്ക്കരുത് എന്ന് അപേക്ഷിക്കുന്നു. സൂര്യചന്ദ്രന്മാര്‍ ഉള്ളകാലത്തോളം നിങ്ങളുടെ കീര്‍ത്തി വിലസട്ടെ എന്ന് അനുഗ്രഹിക്കുന്ന ബ്രാഹ്മണന്‍ ഇങ്ങിനെയൊക്കെ സംഭവിക്കുവാന്‍ തന്റെ എന്തെങ്കിലും പാപശക്തിയാണോ കാരണമെന്ന് അര്‍ജ്ജുനനോട് ചോദിക്കുന്നു. ‘അതല്ല, നരനാരായണന്മാരായ ഞങ്ങളെ നേരിട്ടുകാണുവാന്‍ ആഗ്രഹിച്ച് സാക്ഷാല്‍ വിഷ്ണുഭഗവാനാടിയ ഒരു ലീലയായിരുന്നു ഇത്’ എന്ന് അര്‍ജ്ജുനന്‍ ഉത്തരം നല്‍കുന്നു. മടങ്ങിപോവാനൊരുങ്ങുന്ന കൃഷ്ണാര്‍ജ്ജുനന്മാരോട് തങ്ങളോടൊപ്പം കുറച്ചുദിവസങ്ങള്‍ താമസിച്ചശേഷം മാത്രമെ പോകാവു എന്ന് ബ്രാഹ്മണന്‍ നിര്‍ബന്ധം പിടിക്കുന്നു. എന്നാല്‍ ഇപ്പോള്‍ പോകേണ്ടതുണ്ട് എന്നും, ഇനി ഉണ്ണികളുടെ ചോറൂണ്, ഉപനയനം, സമാവര്‍ത്തനം ഇത്യാദി ചടങ്ങുകള്‍ നിശ്ചയിക്കുമ്പോള്‍ അറിയിച്ചാല്‍, അപ്പോള്‍ തീര്‍ച്ചയായും വന്നുകൊള്ളാമെന്നും പറഞ്ഞ് അവര്‍ യാത്രയാവുന്നു. അവരെ യാത്രയാക്കിക്കൊണ്ട് ബ്രാഹ്മണന്‍ ‘ഈ കുട്ടികളെ ഇവിടെ കൊണ്ടുവിട്ടതുകൊണ്ട് അങ്ങയുടെ ചുമതല തീരുന്നില്ല, ഇവരെ രക്ഷിക്കുവാനുള്ള ചുമതലയും അങ്ങേയ്ക്കുതന്നെയാണ്’ എന്ന് ശ്രീകൃഷ്ണനെ അറിയിക്കുന്നു. എന്നും ഇവരില്‍ എന്റെ കൃപാകടാക്ഷമുണ്ടാകും എന്നനുഗ്രഹിച്ച് അജ്ജുനനൊപ്പം ശ്രീകൃഷ്ണന്‍ മടങ്ങുന്നു. 
“ഒന്നും നിനക്കൊല്ലേ കൃഷ്ണാ........”
പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും കലാനിലയം രാജീവനും 
ചേര്‍ന്നാണ് പദങ്ങള്‍ പാടിയത്. ചെണ്ടയില്‍ ആദ്യഭാഗത്ത് കലാമണ്ഡലം ശ്രീകാന്ത് വര്‍മ്മയും തുടര്‍ന്ന് കലാനിലയം രതീഷും മേളമുതിര്‍ത്തപ്പോള്‍ മദ്ദളം കൈകാര്യം ചെയ്തിരുന്നത് കലാനിലയം മനോജ് ആയിരുന്നു. കലാമണ്ഡലം സുകുമാരന്‍ ചുട്ടികുത്തിയ കളിക്ക് സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെതന്നെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണനും കണ്ണനും ചേര്‍ന്നായിരുന്നു.

4 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

അക്ഷര തെറ്റുകൾ കണ്ടമാനം മണീ. പൊതുവെ നല്ല കളി ആയിരുന്നു എന്ന് തോന്നുന്നു. അങ്ങനെ ഒന്നും എഴുതികണ്ടില്ല് അതോണ്ടാ ചോദിച്ചത്. :)

AMBUJAKSHAN NAIR പറഞ്ഞു...

ചമ്പക്കര വിജയന്റെ (മിനുക്കു വേഷമാണെങ്കില്‍ കൂടി) പുരുഷ വേഷം കാണുവാന്‍ അവസരം ഉണ്ടായിട്ടില്ല. രംഗ വിവരണം വിസദമായി തന്നതിന് മണിക്ക് നന്ദി.

KALIMANDALAM പറഞ്ഞു...

congratulation

sadu engoor

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സുനിലേട്ടാ,, അബുചേട്ടാ, sadu engoor,
നന്ദി.

പൊതുവെ നല്ല കളിയായിരുന്നു സുനിലേട്ടാ. തിരക്കിട്ട് പോസ്റ്റിയതിനാൽ അക്ഷരപിശാചുക്കൾ കൂടി. വീണ്ടും പരിശോധിച്ചു തിരുത്തൽ വരുത്തിയിട്ടുണ്ട്.