തൃപ്രയാര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കളിമണ്ഡലം
കഥകളി ആസ്വാദന കൂട്ടായ്മയുടെ മൂന്നാമത് വാര്‍ഷികം വിപുലമായ പരിപാടികളോടെ 25/12/2010ന് ആഘോഷിക്കപ്പെട്ടു. കേരള സംഗീത നാടക അക്കാദമിയുടേയും ജവഹര്‍ലാല്‍ നെഹറു എഡ്യൂക്കേഷന്‍ & ചാരിറ്റബിള്‍ ഫൌണ്ടേഷന്‍, തൃപ്രയാറിന്റേയും സഹകരണത്തോടും കൂടി പി.എസ്സ്.വി.നാട്ട്യസംഘം, കോട്ടക്കലുമായും നടനകൈരളി, ഇരിങ്ങാലക്കുടയുമായും ചേര്‍ന്ന് അവതരിപ്പിക്കപ്പെട്ട വാര്‍ഷികപരിപാടികള്‍ തൃപ്രയാര്‍ പ്രിയദര്‍ശ്ശിനി ഓഡിറ്റോറിയത്തില്‍ വെച്ചാണ് നടത്തപ്പെട്ടത്. ഉച്ചയ്ക്ക് 1:30മുതല്‍ കലാസ്വാദന കളരി ആരംഭിച്ചു.
ഇതില്‍ സ്ക്കൂള്‍വിദ്യാര്‍ദ്ധികള്‍ ഉള്‍പ്പെടെ വളരെപ്പേര്‍ പങ്കെടുത്തിരുന്നു.
നടനകൈരളിയുടെ ഡയറക്ടര്‍ വേണുജി
കൂടിയാട്ടം സോദാഹരണം പ്രഭാഷണം നടത്തി. സൂരജ് നമ്പ്യാര്‍, കലാമണ്ഡലം ഹരിഹരന്‍, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍, കലാനിലയം ഉണ്ണികൃഷ്ണന്‍ എന്നിവരും ഇതില്‍ പങ്കുകൊണ്ടു. സൂരജ്ജ് നമ്പ്യാര്‍ ‘കൈലാസോദ്ധാരണം’ ആടുന്നു |
തുടര്‍ന്ന് പുല്ലാനിക്കാട് നാരായണന്‍
കഥകളി സോദാഹരണ പ്രഭാഷണം നടത്തി. കോട്ടക്കല്‍ ഹരികുമാര്‍, കോട്ടക്കല്‍ സി.എം.ഉണ്ണികൃഷ്ണന്‍, കോട്ടക്കല്‍ വെങ്ങേരി നാരായണന്‍ നമ്പൂതിരി, കോട്ടക്കല്‍ സന്തോഷ്, കോട്ടക്കല്‍ വിജയരാഘവന്‍, കോട്ടക്കല്‍ രാധാകൃഷ്ണന്‍ എന്നിവരാണ് ഇതില്‍ പങ്കെടുത്ത കലാകാരന്മാര്‍.
വൈകിട്ട് 5:30മുതല്‍ നടനകൈരളി, ഇരിങ്ങാലക്കുട
കൂടിയാട്ടം അവതരിപ്പിച്ചു. കാളിദാസ കവിയുടെ വിശ്വവിഖ്യാത കൃതിയായ അഭിജ്ഞാനശാകുന്തളത്തിന്റെ കൂടിയാട്ട ആവിഷ്ക്കാരത്തിലെ അഞ്ചും ആറും അംഗങ്ങളിലെ ചിലഭാഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. സംവിധാനം ചെയ്ത് അവതരിപ്പിച്ചത് വേണുജി ആയിരുന്നു. ദുഷ്യന്തമഹാരാജാവ്(സൂരജ്ജ് നമ്പ്യാര്‍) രാജസഭയില്‍ |
ഗര്‍ഭിണിയായ ശകുന്തള ശാര്‍ങ്ഗരവനൊപ്പം
ദുഷ്യന്തമഹാരാജാവിന്റെ സഭയിലേയ്ക്ക് എത്തുന്ന രംഗമാണ് ആദ്യമായി അവതരിപ്പിച്ചത്. ശകുന്തളയെ സ്വീകരിക്കണം എന്ന് ശാര്‍ങ്ഗരവന്‍ രാജാവിനോട് ആവശ്യപ്പെടുന്നു. കാനനത്തില്‍ നായാട്ടിനുപോയ അവസരത്തില്‍ കണ്വാശ്രമത്തില്‍ വെച്ച് ശകുന്തളയെ കണ്ടതും പരസ്പരം അനുരാഗബദ്ധരായി ഗാന്ധര്‍വ്വവിധിപ്രകാരം വിവാഹം ചെയ്തതുമായ സംഭവങ്ങള്‍ മുനിശാപാല്‍ വിസ്മരിക്കപ്പെട്ട ദുഷ്യന്തന്‍ ക്ഷുഭിതനായി, താന്‍ ഈ സ്ത്രീയെ വിവാഹം കഴിച്ചിട്ടില്ലെന്ന് പറയുന്നു. ശകുന്തള മുഖം മറച്ചിരുന്ന മൂടുപടം മാറ്റിയിട്ടും ദുഷ്യന്തമഹാരാജാവ് അവളെ തിരിച്ചറിയുന്നില്ല. പ്രഭാതത്തിലെ മഞ്ഞുതുള്ളി നിറഞ്ഞ പുഷ്പത്തെ വണ്ടത്താനെന്നപോലെ തള്ളുവാനും കൊള്ളുവാനും കഴിയാതെ രാജാവ് വലഞ്ഞു. ഈ രംഗത്തിലെ അഭിനയപ്രധാനമായ ഈ ആട്ടം ദുഷ്യന്തനായി അഭിനയിച്ച സൂരജ് നമ്പ്യാര്‍ അതിമനോഹരമായി ചെയ്തു. ഒരു കൈയ്യില്‍ വണ്ടിന്റേയും മറുകൈയ്യില്‍ പൂവിന്റേയും മുദ്രകള്‍ പിടിച്ച്, കാമുകനായ വണ്ടിന്റേയും കാമുകിയായ പൂവിന്റേയും ഭാവങ്ങള്‍ മാറി മാറി പകര്‍ന്നാടിക്കൊണ്ട് ഈ ആട്ടം ഇദ്ദേഹം അനുഭവവേദ്യമാക്കി.
ശാര്‍ങ്ഗരവന്‍-അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍, ദുഷ്യന്തന്‍-സൂരജ്ജ് നമ്പ്യാര്‍ |
ശാര്‍ങ്ഗരവനായി അരങ്ങിലെത്തിയത് അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ ആയിരുന്നു.
വിവാഹത്തിന്റെ ഏകതെളിവായി തന്റെ
പക്കലുണ്ടായിരുന്ന മുദ്രമോതിരവും നഷ്ടമായി എന്ന് മനസ്സിലാക്കിയ ശകുന്തള രാജാവിന്റെ പരിഹാസവാക്കുകള്‍ കേട്ട് ക്ഷുഭിതയാവുന്നു. വഞ്ചിക്കപ്പെട്ട സ്ത്രീയുടെ മുഴുവന്‍ രോഷവും വെറുപ്പും മനസ്സില്‍ ജ്വലിച്ചുയരുന്നതോടെ ശകുന്തള, രാജാവിനെ ‘അനാര്യ’ എന്ന് സംഭോധനചെയ്തിട്ട്, ‘ഞങ്ങളും അങ്ങയെപ്പോലെയാണന്ന് അങ്ങ് വിചാരിക്കുന്നു. പുല്ലുമൂടിയ കിണറുപോലെ ധര്‍മ്മത്തിന്റെ പുറംചട്ട മാത്രം ധരിച്ചിരിക്കുന്ന അങ്ങയേപ്പോലെ മറ്റാരും പ്രവര്‍ത്തിക്കുകയില്ല’ എന്ന് പ്രസ്ഥാപിക്കുന്നു.
ദുഷ്യന്തന്‍-സൂരജ്ജ് നമ്പ്യാര്‍, ശകുന്തള-കുമാരി കപില |
രാജാവിനാലും കൂടെവന്നവരാലും ഉപേക്ഷിക്കപ്പെടുന്ന
ശകുന്തള, തനിക്ക് അഭയം തരേണമേ എന്ന് ഭൂമീദേവിയെ വിളിച്ച് അപേക്ഷിക്കുന്നു. ഈ സമയത്ത് സ്ത്രീരൂപത്തില്‍ വരുന്ന ഒരു തേജസ്സ് ശകുന്തളയേയും കൊണ്ട് മറയുന്നതോടെ ഈ രംഗം അവസാനിക്കുന്നു. കുമാരി കപില ശകുന്തളയെ ഭംഗിയായി അരംങ്ങിലവതരിപ്പിച്ചു.രാജനാമാങ്കിതമായ മുദ്രമോതിരം മോഷ്ടിച്ചു
എന്ന് ആരോപിച്ച് ഒരു മുക്കുവനെ ശിപായി പിടിച്ചുകൊണ്ടുവന്ന് സ്വാലന്റെ സമക്ഷം ഹാജരാക്കുന്നതാണ് തുടര്‍ന്ന് അവതരിപ്പിച്ച രംഗം. ശിപായിയായി അമ്മന്നൂര്‍ രജനീഷ് ചാക്യാരും സ്വാലനായി പൊതിയില്‍ രഞ്ജിത്ത് ചാക്യാരും വേഷമിട്ടു. വേണുജീയാണ് മുക്കുവനായി അരങ്ങിലെത്തിയത്. സ്വാലന്‍-പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍, മുക്കുവന്‍-വേണുജി, ശിപായി-അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ |
താന്‍ മോഷ്ടാവല്ല എന്നും, ശക്രാവതാരത്തിലുള്ള
മുക്കുവനാണെന്നും അറിയിക്കുന്ന മുക്കുവന്‍ തുടര്‍ന്ന് താന്‍ കടലില്‍ പോയതും രോഹിതമത്സ്യത്തെ പിടിച്ചതും അതിന്റെ വയറ്റിനുള്ളില്‍ നിന്നും മോതിരം ലഭിച്ചതുമായ കഥ നഗരപാലകരെ അറിയിക്കുന്നു. മുക്കുവന്‍ പകര്‍ന്നാട്ടമായി അവതരിപ്പിക്കുന്ന ഈ ഭാഗമാണ് ഈ രംഗത്തില്‍ പ്രാധാന്യമര്‍ഹ്ഹിക്കുന്നത്. വേണുജി മനോഹരമായിതന്നെ ഈ ഭാഗം ഇവിടെ അവതരിപ്പിച്ചു.മോതിരം രാജാവിനെ കാട്ടി മടങ്ങിയെത്തുന്ന
നഗരപാലകന്‍ മുക്കുവനെ വെറുതെ വിടുകയും രാജാവുനല്‍കിയ സമ്മാനത്തുക മുക്കുവനു നല്‍കുകയും ചെയ്യുന്നു. സമ്മാനത്തുകയുടെ ഒരുഭാഗം നഗരപാലകര്‍ നിര്‍ബന്ധപൂര്‍വ്വം കൈക്കലാക്കുന്ന ചെറിയ അട്ടത്തോടെ ഈ രംഗവും സമ്പൂര്‍ണ്ണമായി.കലാമണ്ഡലം രാജീവ്, കലാ:ഹരിഹരന്‍,
കലാ: നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ മിഴാവും കലാനി:ഉണ്ണികൃഷ്ണന്‍ ഇടയ്ക്കയും വായിച്ചു. അഭിനേതാക്കളുടെ കൈക്കും കണ്ണിനും കൂടിക്കൊണ്ടും വിവിധഭാവങ്ങള്‍ക്കനുശൃതമായി ശബ്ദമാറ്റങ്ങളോടെയുമുള്ള ഇവരുടെ മേളം അരങ്ങുകൊഴുപ്പിച്ചു. കുഴിത്താളം കൊട്ടിയിരുന്നത് നിര്‍മ്മല പണിക്കര്‍ ആയിരുന്നു. ചമയങ്ങള്‍ കലാനിലയം ഹരിദാസ് കൈകാര്യം ചെയ്തു.തുടര്‍ന്ന് കളിമണ്ഡലം ചെയര്‍മ്മാന്‍
സദാനന്ദന്‍ ഏങ്ങൂരിന്റെ അദ്ധ്യക്ഷതയില്‍ പൊതുയോഗം നടന്നു. കളിമണ്ഡലം കോ-ഓര്‍ഡിനേറ്റര്‍ പി.ജെ.പുരുഷോത്തമന്‍ സ്വാഗതമാശംസിച്ച യോഗത്തില്‍ കേരളസംഗീത നാടക അക്കാദമി വൈസ്സ്ചെയര്‍മ്മാന്‍ ഡോ:കെ.എം.രാഘവന്‍ നമ്പ്യാര്‍, ഡോ:വെള്ളിനേഴി അച്ചുതന്‍കുട്ടി, ദിനേശ് രാജ എന്നിവര്‍ പങ്കെടുത്തു. കളിമണ്ഡലത്തിന്റെ ഇത്തവണത്തെ പുരസ്ക്കാരം ഈ പൊതുയോഗത്തില്‍ വെച്ച് സമര്‍പ്പിക്കാന്‍ നിശ്ചയിച്ചിരുന്നു എങ്കിലും, ചികിത്സയില്‍ കഴിയുന്ന പുരസ്ക്കാരജേതാവായ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി യോഗത്തില്‍ എത്തിയിരുന്നില്ല. യോഗത്തെ തുടര്‍ന്ന് കോട്ടക്കല്‍
പി.എസ്സ്.വി.നാട്ട്യസംഘം നളചരിതം ഒന്നാംദിവസം കഥകളിയും അവതരിപ്പിച്ചു.
7 അഭിപ്രായങ്ങൾ:
“ഉചിതമഹോ അതി രുചിരം തന്നുടെ ‘ബ്ലോഗുവാർത്തകൾ’ മ
“ഉചിതമഹോ അതി രുചിരം തന്നുടെ ‘ബ്ലോഗുവാർത്തകൾ’ മണിയേ............”
ബ്ലോഗ് വായിച്ചു. അഭിനന്ദനങ്ങള്‍
congratulations
really happy to see our news in your blog. this type of writing will give energy to organisers and rasikas.
thanks
sadu engoor
kalimandalam
thanks for th review of koodiyattam, that will help more
knowledge,. beena
I would like to point out some technical errors.K.M.Raghavan Nambiaar is the Vice Chairman of Kerala Samgeetha Nataka Academy; not Chairman.Also, C.Mohandas didn't participate in the meeting.Anyway , the appreciation is worth.
CONGRATS to KALIMANDALAM, TRIPRAYAR for organising such an event at a situation where people are running behind something else -
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ