തൃപ്പൂണിത്തുറ വൃശ്ചികോത്സവം 2011(ഭാഗം 4)

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ 
ആറാം ദിവസമായ 28/11/2011ന് രാത്രി 12:30മണിയോടുകൂടി കഥകളി ആരംഭിച്ചു. 
'സകലഗുണധാമൻ'

'വീതശങ്കം എല്ലാരും'
സന്താനഗോപാലം കഥയാണ് ഈ ദിവസം ആദ്യമായി 
അവതരിപ്പിക്കപ്പെട്ടത്. ഇതിൽ ശ്രീകൃഷ്ണനായെത്തിയ ആർ.എൽ.വി രങ്കൻ നല്ലപ്രകടനം കാഴ്ച്ചവെച്ചു.
'ദ്രിഷ്ടതരരാജദോഷാൽ'

'പരിദേവിതം മതി മതി'
കോട്ട:ചന്ദ്രശേഖരവാര്യരാണ് അർജ്ജുനെ അവതരിപ്പിച്ചത്. 
പതിവ് ആട്ടങ്ങളോടുകൂടിത്തന്നെ മികച്ച പ്രകടനമാണ് ഇദ്ദേഹം ഈ ദിവസം കാഴ്ച്ചവെച്ചിരുന്നത്. ആദ്യരംഗത്തിലെ ആട്ടത്തിൽ, ഇവിടെ യാഗമൊന്നും നടക്കുന്നില്ല എന്ന് ശ്രീകൃഷ്ണൻ വ്യക്തമാക്കിയിട്ടും, 'ഇവിടെ യാഗം നടക്കുന്നതായി കേട്ടു, അതിന് യാഗരക്ഷയ്ക്കായി ഞാൻ വേണ്ടായെങ്കിൽ ഞാൻ മടങ്ങിപോയേക്കാം' എന്ന് അർജ്ജുനൻ പ്രതികരിച്ചതുമാത്രം ഒരു ഔചിത്യക്കുറവായി തോന്നി. ആട്ടക്കഥാകാരൻ പിന്തുടരുന്ന ഭാഗവതപുരാണത്തിൽ യാഗത്തെകുറിച്ച് പറയുന്നില്ല. എന്നാൽ വ്യാസന്റേതന്നെ 'ഹരിവംശ'ത്തിലെ(മഹാഭാരതത്തിന്റെ അനുബന്ധമായുള്ള ഗ്രന്ധം) സന്താനഗോപാലകഥയിൽ, അർജ്ജുനൻ ദ്വാരകയിലുള്ള സമയത്ത് അവിടെ ശ്രീകൃഷ്ണൻ ഒരു യാഗം നടത്തുന്നതായി പറയുന്നുണ്ട്. എന്നാൽ അർജ്ജുനൻ യാഗരക്ഷചെയ്യുന്നതായി പ്രസ്ഥാവിക്കുന്നില്ല.
'പോം അഴലിതാശുമേലിൽ'

'വിധിമതം നിരസിച്ചീടാമോ?'
 കലാ:വാസുപ്പിഷാരോടി ബ്രാഹ്മണനായെത്തി. 
ഔചിത്യപരവും പതിവുള്ളതുമായ ആട്ടങ്ങളോടും നല്ല അഭിനയത്തോടും കൂടി തന്റെ വേഷം ഭംഗിയായിത്തന്നെ അവതരിപ്പിച്ചു.
'മല്ലാക്ഷി പീഢിപ്പിക്കൊല്ല നീ എന്നേയും'

'ധർമ്മരാജാദികളും മന്മതത്തെ ലംഘിക്കുമോ'
ബ്രാഹ്മണപത്നിവേഷമിട്ടത് ഹരിപ്രിയ നമ്പൂതിരിയായിരുന്നു. 
ആദ്യരംഗത്തിൽ ചാമരം(തലമുടി) മുന്നിലേയ്ക്കിട്ടിരുന്നത് എന്തിനെന്ന് മനസ്സിലായില്ല.
'മൂഢാ, അതിപ്രൗഢമാം'

'മാധവൻ ഞാനില്ലയോ?'

സന്താനഗോപാത്തെ തുടർന്ന് നരകാസുരവധം കഥയിലെ 
'ചെറിയനരകാസുര'ന്റെ ഭാഗം അവതരിപ്പിക്കപ്പെട്ടു. ചെറിയനരകാസുരനായി കേശവൻ കുണ്ഡലായർ അരങ്ങിലെത്തി. 'കേകിയാട്ടം' ഉൾപ്പെടുന്ന പതിഞ്ഞപദം ഭംഗിയായി അവതരിപ്പിച്ച ഇദ്ദേഹം 'ശബ്ദവർണ്ണന'മുതലുള്ള ഭാഗങ്ങളിൽ നല്ല ഊർജ്ജം ചിലവഴിച്ചുകൊണ്ട് ആത്മാർത്ഥമായി പ്രവർത്തിച്ചു. 'ശബ്ദ-രുപ വർണ്ണനകൾ', 'നിണത്തിന്റെ കേട്ടാട്ടം', 'പടപ്പുറപ്പാട്', 'സ്വർഗ്ഗവിജയം' എന്നിങ്ങനെ തികച്ചും കളരിനിഷ്ടമായ ആട്ടങ്ങൾ അടങ്ങുന്ന ഈ ഭാഗത്തിന്റെ അവതരണം ആസ്വാദകരിൽ ആവേശമുണർത്തുന്നതും അനുഭവദായകവുമായിരുന്നു.
'നമുക്ക് ഉദ്യാനത്തിലേയ്ക്ക് ഗമിക്കുകയല്ലെ?'
 നരകാസുര പത്നിയായി ആർ.എൽ.വി പ്രമോദ് അരങ്ങിലെത്തി.
'കേകികളുടെയനല്ല'
 ഇന്ദ്രനായിവേഷമിട്ടത് കലാ:രാധാകൃഷ്ണനായിരുന്നു.
'ബന്ധുകാധരം'
 പാലനാട് ദിവാകരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, കലാ:രാജേഷ് ബാബു, 
അർജ്ജുൻരാജ് തുടങ്ങിയവരായിരുന്നു ഈ ദിവസം സംഗീതത്തിന്.കലാ:കേശവപ്പൊതുവാൾ, കോട്ടക്കൽ പ്രസാദ്, ഗോപീകൃഷ്ണൻ തമ്പുരാൻ എന്നിവർ ചെണ്ടയും കലാ:അച്ചുതവാര്യർ, കലാ:വിനീത് തുടങ്ങിയവർ മദ്ദളവും കൈകാര്യംചെയ്തു. പൊതുവെ നല്ലതും കളിക്കിണങ്ങുന്നതുമായിരുന്നു ഈ ദിവസത്തെ പാട്ടും മേളവും. കോട്ട:പ്രസാദിന്റെ നേതൃത്വത്തിൽ ചെറിയനരകാസുരന് മികച്ചമേളമാണ് ഒരുക്കിയിരുന്നത്.
'രൂപവർണ്ണന'
കലാനി:സജി, എരൂർ മനോജ് എന്നിവരായിരുന്നു ഈ ദിവസം ചുട്ടി കലാകാരന്മാർ.
പതിവുപോലെ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കളിയോഗം 
ഉപയോഗിച്ച ഈ ദിവസവും അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു.

തൃപ്പൂണിത്തുറ വൃശ്ചികോത്സവം 2011(ഭാഗം 3)

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ 
നാലാം ദിവസമായ 26/11/2011ന് രാത്രി 12:30മണിയോടുകൂടി കഥകളി ആരംഭിച്ചു. മാസ്റ്റർ പ്രണവ്, പി.ശ്രീകുമാർ എന്നിവർ അവതരിപ്പിച്ച പുറപ്പാടിനെ തുടർന്ന് കംസവധം കഥയാണ് അന്നേദിവസം അവതരിക്കപ്പെട്ടത്.
'കംസന്റെ തിരനോട്ടം'
പത്മഭൂഷൺ മടവൂർ വാസുദേവൻ നായരാണ് കംസവേഷത്തിലെത്തിയത്. 
തിരനോട്ടത്തെ തുടർന്നുള്ള ആട്ടത്തിലൂടെ പ്രിയസോദരിയായ ദേവകിയുടെ വിവാഹം മുതൽ ശത്രുക്കളെ വകവരുത്തുവാനായി താൻ നിയോഗിച്ചവരായ പൂതന ബകാദികളായ അസുരന്മാരെല്ലാം ഗോകുലത്തിൽ വെച്ച് വധിക്കപ്പെട്ടതുവരേയുള്ള പൂർവ്വകഥകളെല്ലാം അവതരിപ്പിച്ചു.
'കംസന്റെ ആട്ടം'
തുടർന്ന് നാരദൻ തന്റെ സമീപത്തേയ്ക്ക് വരുന്നതുകണ്ട് 
കംസൻ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി കുശലപ്രശ്നം ചെയ്യുന്നു. നന്ദഗേഹത്തിൽ വസിക്കുന്ന രാമകൃഷ്ണന്മാർ നന്ദസുതന്മാരല്ല, മറിച്ച് വസുദേവനന്ദനന്മാരായ നിന്റെ ശത്രുക്കളാണേന്നും, നീ അയച്ച പൂതനബകാദികളെ കാലപുരിക്കയച്ചത് കൃഷ്ണനാണെന്നും, നിന്നേയും നിഗ്രഹിക്കാൻ കൃഷ്ണന് ആഗ്രഹമുണ്ടെന്ന് കേട്ടു എന്നും നാരദൻ കംസനെ അറിയിക്കുന്നു. ഇതുകേട്ട് ക്രുദ്ധനായ കംസൻ ഉടനെതന്നെ കുട്ടികളെ ഒളിപ്പിച്ചുവെച്ച സോദരിയെ വധിക്കുവാൻ പുറപ്പെടുന്നു. ഇപ്രകാരം സാഹസം ചെയ്യരുതെന്നും, വീരനായ നീ ശത്രുക്കളെ യുദ്ധത്തിൽ നശിപ്പിക്കുകയാണ് വേണ്ടതെന്നും പറഞ്ഞ് നാരദൻ കംസനെ തടയുന്നു.
'വന്ദേ തപോനിലയ'
നാരദൻ മടങ്ങിയശേഷം നാരദവാക്ക്യങ്ങളെ ചിന്തിച്ചിരിക്കുന്ന 
കംസന് വേണുഗാനം കേൾക്കുന്നതായി തോന്നുന്നു. അത് എവിടെനിന്ന് എന്ന് ശ്രദ്ധിക്കവെ പീതാമ്പരധാരിയായി പീലിത്തിരുമുടിചൂടി ഓടക്കുഴലൂതി ശ്രീകൃഷ്ണൻ തന്റെമുന്നിൽ നിൽക്കുന്നതായി തോന്നുന്നു. സൂത്രത്തിൽ അവന്റെ സമീപമെത്തി വാളുകൊണ്ട് വെട്ടാൻ ഓങ്ങുമ്പോൾ കൃഷ്ണനെ കാണാതെയാകുന്നു. വീണ്ടും വേണുഗാനം കേട്ട് ശ്രദ്ധിക്കവെ കംസന് തനിക്കുചുറ്റും അനവധി കൃഷ്ണന്മാർ നിൽക്കുന്നതായി തോന്നുന്നു. കംസന്റെ 'ഭയഭക്തി' വെളിവാക്കുന്ന ഈ ആട്ടം മടവൂരാശാന്റെ കംസന്റെ പ്രത്യേകതയാണ്. ഭയചികിതനാവുന്ന കംസൻ ഉടൻ തന്നെ രാമകൃഷ്ണന്മാരെ വരുത്തി വധിക്കുവാൻ എന്താണ് വേണ്ടത് എന്ന് ആലോചിക്കുന്നു. തുടർന്ന് മഥുരയിൽ ഒരു ചാപപൂജ നടത്തുവാനും, അതുകാണുവാനായി രാമകൃഷ്ണന്മാരെ ക്ഷണിച്ചുവരുത്തി വകവരുത്തുവാനും കംസൻ തീരുമാനിക്കുന്നു.
'സാഹസങ്ങളേവമിന്നു മാ കൃതാ വിഭോ'
രണ്ടാം രംഗത്തിൽ കംസന്റെ ആശ്രിതരും മല്ലന്മാരുമായ 
ചാണൂരനും മുഷ്ടികനും കൈത്തരിപ്പ് അടക്കുവാനായി മല്ലയുദ്ധത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കെ കംസൻ അവരെ അന്യൂഷിക്കുന്നതായി ഒരു ദൂതൻ വന്ന് അറിയിക്കുന്നു. തുടർന്ന് വിളിച്ചുവരുത്തപ്പെട്ട മല്ലന്മാരോടും ആനക്കാരോടും കംസൻ ചാപപൂജയുടെ വിവരം ധരിപ്പിക്കുകയും, അതുകാണുവാൻ വരുന്ന രാമകൃഷ്ണന്മാരെ വധിക്കുവാൻ കൽപ്പിക്കുകയും ചെയ്യുന്നു. പ്രവേശനദ്വാരത്തിൽത്തന്നെ കുവലയാപീഠത്തെ നിർത്തുവാനും, രാമകൃഷ്ണന്മാർ വരുമ്പോൾത്തന്നെ അവരെ ആനയേക്കൊണ്ട് കൊല്ലിക്കുവാനും കംസൻ ആനക്കാരനെ ചട്ടംകെട്ടുന്നു. ഗജശ്രേഷ്ഠനിൽ നിന്നും രക്ഷപ്പെടുകയാണേങ്കിൽ അവരെ മല്ലയുദ്ധത്തിൽ വധിക്കുവാൻ മല്ലന്മാരോടും ഏർപ്പാടുചെയ്യുന്നു.
ചാണൂരമുഷ്ടികന്മാർ
ചാണൂരനായിവേഷമിട്ടിരുന്ന ഫാക്റ്റ് ബിജുഭാസ്ക്കർ പാത്രബോധത്തോടെ 
നല്ല പ്രകടനം കാഴ്ച്ചവെച്ചു. മുഷ്ടികനായി ആർ.എൽ.വി.സുനിൽ കുമാറും സഹഹസ്തിപനായി ബിജോയ്‌യും രംഗത്തെത്തി.
'മൂർഖരാമമുകിൽവർണ്ണന്മാരെ'
 ചാപപൂജയ്ക്ക് വേണ്ട ഒരുക്കങ്ങൾ നടത്തിയശേഷം യാദവശ്രേഷ്ഠനായ 
അക്രൂരനെ വരുത്തി ഗോകുലത്തിൽ പോയി രാമകൃഷ്ണന്മാരെ ചാപപൂജയ്ക്കായി ക്ഷണിച്ച് കൂട്ടിക്കൊണ്ടുവരുവാൻ കൽപ്പിക്കുന്നു. ഭഗവത്ഭക്തനായ അക്രൂരൻ ശ്രീകൃഷ്ണസമീപത്തേയ്ക്ക് പോകുവാനുള്ള ആജ്ഞ തന്റെ ഭാഗ്യമായി കരുതി അനുസരിക്കുന്നു. കംസൻ തന്റെ രഥംതന്നെ നൽകി അക്രൂരനെ ഗോകുലത്തിലേയ്ക്ക് യാത്രയാക്കുന്നു. ഇവിടെ അക്രൂരവേഷത്തിലെത്തിയിരുന്നത് ചെങ്ങാരപ്പള്ളി അനുജൻ ആയിരുന്നു. രാമകൃഷ്ണന്മാരെ കപടംചൊല്ലി വരുത്തുന്നത് അവരെ വധിക്കുവാൻ ഉദ്ദേശിച്ചാണ് എന്ന് മനസ്സിലാക്കിയ അക്രൂരൻ വല്ലാതെ പരിഭ്രമിക്കുകയും, അതിന് താൻ തന്നെ അവരെ കുട്ടിക്കൊണ്ടുവരേണമോ എന്ന് കംസനോട് പലവട്ടം ചോദിക്കുകയും ഉണ്ടായി. എന്നാൽ പരമഭക്തനായ അക്രൂരന് ഈ സംശയത്തിന്റെ ആവശ്യം ഇല്ല. വൈഷ്ണവാവതാരമായ ശ്രീകൃഷ്ണനെ വധിക്കുവാൻ കംസനാൽ സാധ്യമല്ലെന്നും, ഭഗവാനെ ഹനിക്കുവാൻ പുറപ്പെടുന്നത് കംസന്റെ നാശത്തിനാണന്ന് അക്രൂരന് ബോദ്ധ്യമുണ്ട്.



കലാമണ്ഡലം രാമൻ നമ്പൂതിരി, കലാനിലയം രതീഷ് എന്നിവർ ചെണ്ടയിൽ 
നല്ലമേളമൊക്കിയിരുന്നു. കലാനിലയം സജി, കലാമണ്ഡലം നിഖിൽ എന്നിവരായിരുന്നു ഈ ദിവസം ചുട്ടി കലാകാരന്മാർ.
പതിവുപോലെ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കളിയോഗം 
ഉപയോഗിച്ച ഈ ദിവസവും അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു.

തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രോത്സവം

തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ 
ഈ വർഷത്തെ തിരുവുത്സവം 23/11/2011മുതൽ 30/11/2011വരെ ആഘോഷിക്കപ്പെടുന്നു. ഇതിന്റെ ഭാഗമായി 25/11/2011ന് കഥകളി അവതരിപ്പിക്കപ്പെട്ടു. വൈകിട്ട് 7:30ന് കുടമാളൂർ മുരളീകൃഷ്ണൻ നമ്പൂതിരി അവതരിപ്പിച്ച പുറപ്പാടോടുകൂടി കളി ആരംഭിച്ചു.
'രാമപാലയ മാം'
തുടർന്ന് ഇരട്ടമേളപ്പദവും അവതരിപ്പിക്കപ്പെട്ടു. 
പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം ബാബു നമ്പൂതിരിയും ചേർന്ന് സമ്പ്രദായം വിടാതെയും എന്നാൽ സംഗീതപ്രയോഗങ്ങളോടെയും പദങ്ങൾ ആലപിച്ച മേളപ്പദത്തിൽ കലാമണ്ഡലം കൃഷ്ണദാസും കോട്ടക്കൽ പ്രസാദും ചെണ്ടയിലും, കോട്ടക്കൽ രാധാകൃഷ്ണനും കലാമണ്ഡലം അച്ചുതവാര്യരും മദ്ദളത്തിലും, പങ്കെടുത്തു. പരസ്പരധാരണയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിച്ചിരുന്ന ഇവരെല്ലാം ചേർന്ന് മേളപ്പദം ആസ്വാദ്യമാക്കിതീർത്തു.
'നവഭവ'
പൂതനാമോക്ഷം ആട്ടക്കഥയിലെ 'ലളിത'യുടെ ഭാഗമാണ് 
ഇവിടെ ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. ലളിതയായി അരങ്ങിലെത്തിയ മാർഗ്ഗി വിജയകുമാർ മനോഹരമായ ചൊല്ലിയാട്ടം, മികച്ച ഭാവാഭിനയം, ഔചിത്യപൂർവ്വമായ ആട്ടം എന്നിവയാൽ ആസ്വാദകർക്ക് നല്ല അനുഭവത്തെ പ്രദാനംചെയ്തു. സുന്ദരീരൂപം ധരിച്ച് അമ്പാടിയിലെത്തിയ പൂതന അമ്പാടിയുടെ ഗുണങ്ങളെ കണ്ട് വിസ്മയപ്പെടുന്ന ആദ്യത്തെ പദമായ 'അമ്പാടിഗുണം' നൃത്തച്ചുവടുകളോടെയും അഭിനയത്തോടെയും മാർഗ്ഗി അവതരിപ്പിച്ചു. 'നർത്തകരുടെ കളിചാതുരി' എന്ന ഭാഗത്ത് നർത്തകരുടെ നൃത്തവും, പന്തടിയും കൂടാതെ ഓരോ ഗോപസ്ത്രീകൾ വീണ, മൃദംഗം എന്നിവ ശ്രുതിചേർത്ത് വായിക്കുന്നതായും വിസ്തരിച്ച് അഭിനയിക്കുകയുണ്ടായി. 'ദധിവിന്ദു പരിമളവും ഇളകുന്നു' എന്ന ഭാഗത്ത് ഗോപികമാരുടെ തൈരുകടയൽ വിസ്തരിച്ച് ആടുകയും ഉണ്ടായി. വീണ,മൃദംഗ വായനകളും, തൈരുകടയാൻ പോകാനായി കൂട്ടുകാരികളെ വിളിക്കുന്ന ഭാഗവും(ഒരുവളെ വിളിച്ചിട്ട് കൂട്ടാക്കാതിരിക്കുന്നു, മറ്റൊരുവൾ കൂടെ ചെല്ലുന്നു, അതുകണ്ട് ആദ്യത്തവൾ 'താനും വരുന്നു' എന്നുപറഞ്ഞ് കൂടെ ചെല്ലുന്നു, മത്സരിച്ച് തൈരുകടയുന്നു ഇങ്ങനെ) അല്പം കാടുകയറലായോ അന്ന് സംശയം തോന്നി.
'ഗോവർദ്ധനഗിരിയും'
നന്ദഭവനത്തിലെത്തി നന്ദകുമാരനെ ദർശ്ശിക്കുന്നതോടെ 
പൂതനയിലെ മാതൃത്വം ഉണരുന്നു. ആഗമനോദ്യേശ്യംതന്നെ മറന്ന് ഉണ്ണിക്കണ്ണനെ എടുത്തുലാളിച്ചും, ചുംമ്പിച്ചും, മുലപ്പാൽ കോടുത്തും ആനന്തഭരിതയായിരിക്കുന്ന പൂതന പെട്ടന്ന് കംസന്റെ ആജ്ഞ സ്മരിക്കുന്നു. തന്റെ കഥ രാജാവ് കഴിച്ചാലും ശരി ഈ ഓമലുണ്ണിയെ വധിക്കുവാൻ തനിക്ക് സാധിക്കില്ല എന്ന് ഉറപ്പിച്ച് ആദ്യം പൂതന പിന്തിരിയുന്നു. എന്നാൽ ഉള്ളിലെ രാക്ഷസീയ ഉണർന്ന് അവൾ പെട്ടന്നുതന്നെ തിരിച്ചുവന്ന് മുലയിൽ വിഷം പുരട്ടി ഉണ്ണിയെ വധിക്കുവാൻ ശ്രമിക്കുന്നു. എന്നാൽ സാക്ഷാൽ ശ്രീനാരായണൻ തന്നെയായ ഉണ്ണിക്കണ്ണൻ മുലദ്വാരത്തിലൂടെ അവളുടെ പ്രാണനെത്തന്നെ തന്നിലേയ്ക്ക് വലിച്ചെടുത്ത് മോക്ഷത്തെ പ്രദാനം ചെയ്യുന്നു. ഭഗവാനെ ദർശ്ശിച്ചുകൊണ്ട് സ്വരൂപം ധരിച്ച് പൂതന നിലമ്പതിക്കുന്നു.
'സുകുമാര....'
സുകുമാരനായ നന്ദകുമാരന്റെ പ്രഥമദർശ്ശനത്തിൽ തന്നെ 
തന്നിലെ മാതൃത്വമുണരുന്ന് മുലകളിൽനിന്നും താനെ പാൽചുരന്നതായും, ഉണ്ണിക്കണ്ണനെ എടുക്കുവാൻ ഒരുങ്ങവെ കൈയ്യ്, പുരികം മുതലായ അംഗങ്ങളിൽ അപശകുനങ്ങൾ കാണുന്നതായും, കൃഷ്ണന്റെ കണ്ണിൽനിന്നും കൈവിരലാൽ ഒപ്പിയെടുത്ത കണ്ണുനീരിൽ തന്റെ ശരീരം പ്രതിബിംബിച്ച് കാണുകയും, കണ്ണുനീർ ശിരസ്സിൽ തളിച്ച് നിർവൃതികൊള്ളുന്നതും, സ്വവേഷം ധരിച്ചതായി നടിച്ച് ദംഷ്ടകൾ കാട്ടി മരണവേദനയാൽ അലറുന്നതുയുമുള്ള മാർഗ്ഗിയുടെ ആട്ടങ്ങൾ മികച്ച അനുഭവമുഹൂർത്തളായിരുന്നു.
'പാനം ചെയ്താലും'
പത്തിയൂർ ശങ്കരൻകുട്ടിയും കലാമണ്ഡലം ഹരീഷും 
ചേർന്ന് സംഗീതാത്മകമായും അഭിനയത്തിന് അനുഗുണമായും പദങ്ങൾ പാടി. കോട്ട:രാധാകൃഷ്ണൻ മദ്ദളത്തിൽ തരക്കേടില്ലാത്തരീതിയിൽ മേളമുതിർത്തു. ശ്രദ്ധയോടെ മദ്ദളം വായിച്ച ഇദ്ദേഹത്തിന് മാർഗ്ഗിയുടെ കണ്ണിനും കൈയ്യിനും സുഗമമായി കൂടുവാൻ സാധിച്ചിരുന്നു. എന്നാൽ ചുവടുകൾക്ക് കൂടുന്നതിൽ പോരായ്ക തോന്നി. അന്ത്യഭാഗത്തെ ആട്ടത്തിന് ചെണ്ടയിൽ കൃഷ്ണദാസും മേളത്തിന് കൂടിയിരുന്നു.
മരണവേദനയാൽ അലറുന്ന പൂതന
കല്യാണസൗഗന്ധികം ആട്ടക്കഥയിലെ സാധാരണപതിവുള്ള രംഗങ്ങളാണ് 
തുടർന്ന് ഇവിടെ അവതരിപ്പക്കപ്പെട്ടിരുന്നത്. ഇതിൽ സദനം കൃഷ്ണൻകുട്ടി ഭീമനായി രംഗത്തെത്തി. മൊത്തത്തിൽ തരക്കേടില്ലാത്ത പ്രകടനമായിരുന്നു ഇദ്ദേഹത്തിന്റേത് എങ്കിലും, ചിട്ടവിട്ട് ചടുലമായ മുദ്രകാട്ടലും, അമിതമായ ദേഹം ഉലച്ചിലും, ചവുട്ടലും ഒക്കെ ക്കൊണ്ട് പതിഞ്ഞപദം ഉൾപ്പെടെയുള്ള ചൊല്ലിയാട്ടങ്ങൾക്ക് ഭംഗിക്കുറവ് അനുഭവപ്പെട്ടിരുന്നു. ആട്ടങ്ങൾ സന്ദർഭോചിതങ്ങളും അമിതവിസ്താരമില്ലാത്തവയും ആയിരുന്നു എങ്കിലും അമിതമായ ഹാസ്യത്താൽ ഭീമൻ എന്ന് കഥാപാത്രത്തിന്റെ ഗൗരവം/നില ഒന്നും അനുഭവപ്പെടാതെപോയി.
'പഞ്ചസായക നിലയേ'
പാഞ്ചാലിയായും രംഗത്തുവന്നിരുന്നത് കലാകേന്ദ്രം മുരളീകൃഷ്ണൻ നമ്പൂതിരിയായിരുന്നു.
'അഞ്ചിത സൗഗന്ധികങ്ങൾ'
 ഹനുമാൻ വേഷം കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനായിരുന്നു 
കെട്ടിയിരുന്നത്. അധികം ചെയ്തുകണ്ടിട്ടില്ലാത്ത ഈ വേഷത്തിൽ ചില പോരായ്കകൾ തോന്നിയിരുന്നു, എങ്കിലും മുൻപ് ഏറ്റുമാനൂരിൽ കണ്ട ഹനുമാനിൽ നിന്നും വളരെ മെച്ചപ്പെട്ടതായിരുന്നു ഇദ്ദേഹത്തിന്റെ ഈ ദിവസത്തെ പ്രകടനം. അടിക്കടിയുള്ള ഹനുമാന്റെ അലർച്ച അല്പം അരോചകമായി തോന്നി. രംഗാന്ത്യത്തിൽ ഭീമനുമായുള്ള കൂടിയാട്ടം സമഗ്രമായിരുന്നു എങ്കിലും കുറച്ചുകൂടി അടുക്കും ചിട്ടയും പാലിച്ചിരുന്നു എങ്കിൽ കൂടുതൽ മനോഹരമാക്കാമായിരുന്നു എന്നു തോന്നി. 'നിങ്ങൾക്ക് സുഖമാണോ?', 'കാട്ടിൽ നിങ്ങളുടെ ഭക്ഷണകാര്യമൊക്കെ എങ്ങിനെ?', 'പാഞ്ചാലിയുടെ മുടി ഇപ്പോഴും അഴുഞ്ഞുതന്നെയാണോ?' എന്നിങ്ങിനെയുള്ള ഹനുമാന്റെ ചോദ്യങ്ങൾ പാത്രോചിതങ്ങളായി തോന്നിയില്ല. യുഗങ്ങളായി തപം ചെയ്യുന്ന സാധകനും, തികഞ്ഞ ഭക്തനും, ജിതേന്ദ്രിയനുമായ ശ്രീഹനുമാൻ ഒരിക്കലും തന്റെ അനുജനെ വിഷമിപ്പിക്കുന്ന, കളിയാക്കുന്ന രീതിയിൽ സംസാരിക്കുമെന്ന് പ്രതീക്ഷിക്കവയ്യ. എന്നാൽ, പിതാവായ വായുദേവനാണ് നമ്മുടെ സമാഗമത്തിന് കാരണഭൂതനായത് എന്നും, മാറുപിളർന്ന് സീതാരാമന്മാരെ ഹനുമാന് കാട്ടിക്കൊടുക്കുന്ന ആട്ടം, ഈ ദേവമാർഗ്ഗത്തിലൂടെ പോയാൽ ശാപമേൽക്കും എന്നുപദേശിച്ച് വൈശ്രവണപുരിയിലേയ്ക്കുള്ള വഴിപറഞ്ഞുകൊടുക്കുനത്, തുടങ്ങിയ മറ്റ് ആട്ടങ്ങളെല്ലാം ഔചിത്യപരം തന്നെയായിരുന്നു.
ഗദയും ശംഖുമേന്തിയുള്ള ഭീമന്റെ വനയാത്ര
സാധാരണ പതിവില്ലാത്ത 'കുമതെ കാലം കളയാതെ' എന്നുതുടങ്ങുന്ന 
പദഭാഗം(ഭീമ-ഹനുമത് സംവാദം) ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നു.
'ജരകൊണ്ടു നടപ്പാനും'
പത്തിയൂർ ശങ്കരൻകുട്ടി, കലാ:ബാബു നമ്പൂതിരി, കലാ:ഹരീഷ് 
എന്നിവരുടെ ആലാപനം നല്ല നിലവാരം പുലർത്തിയിരുന്നു.
'വൃളാനതോ ഗത ധൃതിര്‍ വിവശോ'
കലാ:കൃഷ്ണദാസ്, കോട്ട:പ്രസാദ് എന്നിവർ ചെണ്ടയിലും 
 കോട്ട:രാധാകൃഷ്ണൻ, കലാ:അച്ചുതവാര്യർ എന്നിവർ മദ്ദളത്തിലും നല്ല മേളവും ഒരുക്കിയിരുന്നു ഈ കളിക്ക്.
'വ്യഗ്രം കൂടാതെ കടന്ന'
ദേവീവിലാസം കഥകളിയോഗം, കുടമാളൂരിന്റെ കോപ്പുകളായിരുന്നു ഈ കളിക്ക് ഉപയോഗിച്ചിരുന്നത്.

തൃപ്പൂണിത്തുറ വൃശ്ചികോത്സവം 2011(ഭാഗം 2)

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന്റെ 
രണ്ടാം ദിവസമായ 24/11/2011ന് രാത്രി 12:30മണിയോടുകൂടി കളിയ്ക്കു വിളക്കുവെച്ചു. മനുമോഹൻ, ഏവൂർ അവതരിപ്പിച്ച പുറപ്പാടോടുകൂടി ആരംഭിച്ച കഥകളിയിൽ തുടർന്ന് നളചരിതം രണ്ടാംദിവസം കഥയാണ് അവതരിക്കപ്പെട്ടത്.
'കളയോല്ലാ കാലം'
നളനായെത്തിയ കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ 
തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചിരുന്നു. ചൊല്ലിയാട്ടത്തിൽ, ഇടയ്ക്ക് ചടുലമായും ഇടയ്ക്ക് കാലം താഴ്ത്തിയും മുദ്രകൾ കാട്ടുന്ന ഗോപിയാശാന്റെ അഭിനയരീതിയാണ് ഇദ്ദേഹം പിന്തുടർന്നിരുന്നത്. എന്നാൽ അതിൽ പൂർണ്ണമായ അനുഭവം സൃഷ്ടിക്കുന്നതിന് ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ആദ്യരംഗത്തിന്റെ അന്ത്യത്തിൽ നളനും ദമയന്തിയും ചേർന്നുള്ള ആട്ടത്തിൽ, നാരദൻ നളനെ വന്നുകാണുന്നതുമുതൽ ദമയന്തീസ്വയംവരം വരേയുള്ള ഒന്നാംദിവസംകഥകൾ മുഴുവൻ ആടിയിരുന്നു. ആടിനിറച്ചു എന്നല്ലാതെ പ്രത്യേക അനുഭവം സൃഷ്ടിക്കുവാൻ ഇവിടെയും കഴിഞ്ഞിരുന്നില്ല.
'ദയിതേ'
ആർ.എൽ.വി. രാധാകൃഷ്ണനായിരുന്നു ദമയന്തിവേഷത്തിൽ 
എത്തിയിരുന്നത്. നാടകീയതകലർന്നതും ആയാസമേറിയതുമായ അഭിനയരീതി പിന്തുടരുന്ന ഇദ്ദേഹം ചൊല്ലിയാട്ടത്തിൽ നൃത്തഭാഗങ്ങൾ വേണ്ടവണ്ണം അവതരിപ്പിച്ചിരുന്നുമില്ല.
'സൗവർണ്ണഹംസം ചെയ്തൊരു'
കലിയായെത്തിയ നെല്ലിയോട് വാസുദേവൻ നമ്പൂതിരി 
പതിവുപോലെ നല്ല പ്രകടനം കാഴ്ച്ചവെച്ചു. 'ഭൂമിതന്നിലുണ്ടു ഭീമസുത' എന്ന് ചൊല്ലിവട്ടം തട്ടിയ അവസരത്തിൽ, സദാസമയവും കിടന്ന് ഉറങ്ങുന്നവനായ തന്റെ ഭർത്താവിനെ ഉപേക്ഷിച്ച് ലക്ഷ്മി ഭൂമിയിൽ വന്ന് അവതരിച്ചതാണ് ദമയന്തി' എന്ന ആശയം ഇദ്ദേഹം ഭംഗിയായി അവതരിപ്പിച്ചു. 'കലിയാട്ട'ത്തിൽ, നളന്റെ ഭരണത്താൽ കാട്ടിലും സഹുണുത പുലരുന്നു എന്നു സൂചിപ്പിച്ചുകൊണ്ട് സിംഹത്തിന്റെ സടയിൽ പിടിച്ച് കളിക്കുന്ന ആനക്കുട്ടി, പെൺപുലിയുടെ മുലകുടിക്കുന്ന മാൻകുട്ടികൾ, ഒരുമിച്ച് കളിക്കുന്ന പാമ്പും കീരിയും എന്നിവയെ കാണുന്നതായി ആടിയിരുന്നു. സതിഅനുഷ്ടിക്കൽ, സന്യാസദീക്ഷസ്വീകരിക്കൽ എന്നിവ കാണുന്നതായ ചില പതിവ് ആട്ടങ്ങൾ ഇവിടെ ഒഴിവാക്കിയിരുന്നു.
'ആദരേണ കണ്ടുപോന്നിതു'
ദ്വാപരനായി സദനം മോഹനനും ഇന്ദ്രനായി ആർ.എൽ.വി.ശ്രീകാന്ത് 
ശർമ്മയും അരങ്ങിലെത്തി.
'ദേവനെ ജയിപ്പാനും'
പുഷ്ക്കരവേഷമിട്ടത് കലാമണ്ഡലം കൃഷ്ണകുമാറായിരുന്നു. 
മുദ്രകൾ പിടിക്കുന്നതിലും, 'നില'കളിലും ഗോപിയാശാന്റെ രീതികൾ പിന്തുടർന്നിരുന്നു എങ്കിലും അഭംഗി തോന്നിപ്പിക്കാതെയും പാത്രബോധത്തോടെയും ഉള്ള പ്രകടനം ആയിരുന്നു ഇദ്ദേഹത്തിന്റേത്. എന്നു മാത്രമല്ല, ചില അവസരങ്ങളിൽ നളനേക്കാൾ 'നില' പുഷ്ക്കരനു തോന്നുകയും ചെയ്തു. പുഷ്ക്കരന്റെ 'ഉണ്ടാകേണ്ടാ' എന്ന പദത്തിലെ 'വസ്ത്രതണ്ഡുലാദികൾ' എന്ന അന്ത്യചരണം പതിവുപോലെ ഇവിടെയും ഉപേക്ഷിക്കപ്പെട്ടിരുന്നു. എങ്കിലും അതിന്റെ ആശയം ചുരുക്കത്തിൽ ആട്ടമായി പുഷ്ക്കരൻ ഇവിടെ അവതരിപ്പിച്ചിരുന്നു.
'അരികിൽ വന്നതാരെന്തഭിമതം?'
ആദ്യരംഗവും പുഷ്ക്കരൻ മുതലുള്ള ഭാഗവും പൊന്നാനി പാടിയത് 
പത്തിയൂർ ശങ്ക‌രൻകുട്ടിആയിരുന്നു. കോട്ടക്കൽ മധു, കലാനിലയം രാജീവൻ എന്നിവരായിരുന്നു സഹഗായകർ. ഈ ഭാഗങ്ങളിലെ പാട്ട് പൊതുവെ മെച്ചപ്പെട്ടതായിരുന്നു. 
'അമിത്രവീരന്മാരെ അമർക്കും വൻപടയും'
രണ്ടാം രംഗത്തിൽ പൊന്നാനി പാടിയത് കോട്ട:മധു ആയിരുന്നു. 
സംഗീതപ്രയോഗങ്ങൾ നിറഞ്ഞതെങ്കിലും നടന്റെ അഭിനയത്തിന് അനുഗുണമായി തോന്നിയില്ല ഈ ഭാഗത്തെ ആലാപനം. താളത്തിൽ ഇടഞ്ഞുള്ള ചില പ്രയോഗങ്ങൾ സംഗീതപരമായി നോക്കുമ്പോൾ മെച്ചമെന്ന് തോന്നാമെങ്കിലും കളിയരങ്ങിൽ ഇവ ചേർച്ചയായി തോന്നിയില്ല.


കലാമണ്ഡലം രാമൻ നമ്പൂതിരി, കോട്ടക്കൽ പ്രസാദ് 
എന്നിവർ ചെണ്ടയിലും കലാനിലയം മനോജ്, കലാമണ്ഡലം വിനീത് എന്നിവർ മദ്ദളത്തിലും പ്രവർത്തിച്ച ഈ ദിവസത്തെ മേളവും പൊതുവെ നന്നായിരുന്നു.
'ദേവനം വിനോദനായ'
കലാനിലയം ജനാർദ്ദനൻ, കലാനിലയം സജി എന്നിവരായിരുന്നു 
ഈ ദിവസം ചുട്ടി കലാകാരന്മാർ.
'ഉണ്ടാകേണ്ടാ'
പതിവുപോലെ തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ കളിയോഗം 
ഉപയോഗിച്ച ഈ ദിവസവും അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത് എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു.

തൃപ്പൂണിത്തുറ വൃശ്ചികോത്സവം 2011(ഭാഗം 1)

തൃപ്പൂണിത്തുറ ശ്രീപൂർണ്ണത്രയീശക്ഷേത്രത്തിലെ വൃശ്ചിക ഉത്സവം 
നവമ്പർ 23മുതൽ 30വരെ ആഘോഷിക്കപ്പെടുന്നു. ഉത്സവത്തിന്റെ ഭാഗമായി പതിവുപോലെ ആദ്യ 7ദിവസങ്ങളിലും കഥകളി അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒന്നാം ഉത്സവദിവസമായ 23/11/2011ന് രാത്രി 12മണിയോടുകൂടി കളിവിളക്കിൽ തിരിതെളിഞ്ഞു. ഗോപികാ വസന്തം അവതരിപ്പിച്ച പുറപ്പാടോടുകൂടിയാണ് കഥകളി ആരംഭിച്ചത്. കൃഷ്ണദാസ് ആയാസരഹിതമായും ഭംഗിയായും പുറപ്പാട് അവതരിപ്പിച്ചിരുന്നു. വേഷത്തിലും പ്രവർത്തിയിലും ഭംഗിയും, നല്ല രസവാസനയും ഉള്ള ഈ ബാലന് കളിയരങ്ങിൽ നല്ല ഭാവിതോന്നുന്നു. കലാമണ്ഡലം ഹരീഷ്(പാട്ട്), ഗോപീകൃഷ്ണൻ തമ്പുരാൻ(ചെണ്ട), കലാമണ്ഡലം പ്രശാന്ത്(മദ്ദളം) എന്നിവർ പുറപ്പാടിന് അരങ്ങിൽ പ്രവർത്തിച്ചു. 
'രാമ പാലയമാം'
 നളചരിതം ഒന്നാംദിവസം പൂർവ്വഭാഗമാണ് ആദ്യമായി 
അവതരിപ്പിച്ച കഥ. ഇതിൽ പത്മശ്രീ കലാമണ്ഡലം ഗോപി നളനെ അവതരിപ്പിച്ചു. പതിവുപോലെ തന്നെ നാരദനോടുള്ള പദത്തിലെ 'വരവിന്നെങ്ങുനിന്ന്', 'ഹരിമന്ദിരം', 'ഉന്നതതപോനിധേ' തുടങ്ങിയഭാഗങ്ങൾ വിസ്തരിച്ച് അഭിനയിച്ചുകൊണ്ടുതന്നെ ഗോപിയാശാൻ ഭംഗിയാക്കി. ആർ.എൽ.വി.ദാമോദരപിഷാരോടി നാരദവേഷത്തിലെത്തി.
'ഹരിമന്ദിരത്തിൽ നിന്നോ'
 അനിതരവനിതാസാധാരണങ്ങളായ ദമയന്തിയുടെ ഗുണഗണങ്ങൾ പലരും ചൊല്ലിക്കേട്ട് അവൾതന്നിൽ അനുരാഗം വളരുന്നത് അനുചിതമല്ല എന്ന് നാരദന്റെ വാക്കുകളിൽനിന്നും മനസ്സിലാക്കിയ നളമഹാരാജാവ്, ഇന്ദുമുഖിയ്ക്കും എന്നിൽ പ്രേമം വന്നീടുവാൻ എന്താണ് മാർഗ്ഗം എന്ന് ആലോചിക്കുന്നു. മികച്ചഭാവാഭിനയത്തോടും നിലകളോടും കൂടി ഈ ഭാഗവും ഗോപിയാശാൻ മികച്ചതാക്കി. എന്നാൽ ഇരുകരങ്ങളും തലയ്ക്കുപിന്നിൽകൊടുത്ത് ഞെളിഞ്ഞ്നിൽക്കുന്നത് പോലെയുള്ള ചില 'നില'കൾ അത്രയോജിപ്പായി തോന്നിയില്ല. തുടർന്ന് 'കാമബാണം' ഉൾപ്പെടെ പതിവുള്ള ആട്ടങ്ങളോടെ നളന്റെ മനോധർമ്മ ആട്ടങ്ങളും ആശാൻ അവതരിപ്പിച്ചിരുന്നു.
'കുണ്ഡിനനായകനന്ദിനിക്കൊത്തൊരു....'
'അവരവർ ചൊല്ലിക്കേട്ടു'
 ഫാക്റ്റ് പത്മനാഭൻ ഹംസത്തെ അവതരിപ്പിച്ചു. 
പാത്രബോധത്തോടെയുള്ള അഭിനയം, സവിശേഷമായ നൃത്തച്ചുവടുകൾ എന്നിവയാൽ മികച്ചുനിന്നു ഇദ്ദേഹത്തിന്റെ പ്രകടനം. 
 ആദ്യഭാഗത്ത് കലാമണ്ഡലം ബാബുനമ്പൂതിരിയായിരുന്നു 
പൊന്നാനി പാടിയത്. കലാ:ഹരീഷ്, കലാമണ്ഡലം വിനോദ് എന്നിവരായിരുന്നു ശിങ്കിടി ഗായകർ. ഈ ഭാഗത്തെ ആലാപനം ശരാശരി നിലവാരം പുലർത്തിയിരുന്നു.
'മോഹഭരമുദിതം നിങ്കൽ'
ഈ ഭാഗത്ത് കലാമണ്ഡലം ഉണ്ണികൃഷ്ണനായിരുന്നു 
ചെണ്ടയിൽ മേളം പകർന്നത്.  ഇദ്ദേഹം ഗോപിയാശാന്റെ വേഷത്തിന് ചേർച്ചയായും അനുഗുണമായും മികച്ചമേളം നൽകിയിരുന്നു. എന്നാൽ ഹംസത്തിന് അതുപോലെ മേളം നൽകുന്നതിൽ ഉപേക്ഷകാട്ടുന്നതായി തോന്നി. ഈ ഭാഗത്ത് 'ഒരുകൊട്ട്' എന്നല്ലാതെ മുദ്രകൾക്ക് ചേർച്ചയായി വക്കുംനടുവും തിരിച്ചുള്ള മേളം നൽകുന്നതായി കണ്ടില്ല. മാത്രമല്ല, ഹംസത്തിന്റെ പദാഭിനയത്തിലെ ഒരുഭാഗത്ത് ഇദ്ദേഹം ഹംസത്തിന്റെ മുദ്രകൾക്കുകൂടുന്നതിനുപകരം നളന്റെ കൈക്കുകൂടുന്നതായികണ്ടു!
ദമയന്തിവേഷമിട്ടത് കലാമണ്ഡലം ഷണ്മുഖനായിരുന്നു. 
വേഷത്തിലും അവതരണത്തിലും ഭംഗിയും മികച്ച പാത്രബോധവും തോന്നിയെങ്കിലും ഭാവങ്ങളിൽ തീവ്രമായ അനുഭവം സൃഷ്ടിക്കുവാൻ ഇനിയും ഇദ്ദേഹം ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് തോന്നി. തൃപ്പൂണിത്തുറ രതീശൻ, തൃപ്പൂണിത്തുറ രഞ്ജിത്ത് എന്നിവരായിരുന്നു തോഴിമാരായി അരങ്ങിലെത്തിയിരുന്നത്.
'സഖിമാരേ നമുക്കു'
ദമയന്തിയുടെ ഭാഗത്ത് കലാ:ഹരീഷും കലാ:വിനോദും 
ചേർന്നായിരുന്നു പദങ്ങൾ ആലപിച്ചിരുന്നത്. ചില ഹിന്തുസ്ഥാനി രാഗങ്ങളിലേയ്ക്ക് പദങ്ങൾ മാറ്റിപാടൽ ഉൾപ്പെടെ സംഗീതപരമായി പാട്ട് നന്നായി എന്ന് പറയാമെങ്കിലും, അരങ്ങുപാട്ട് എന്നരീതിയിൽ തീരെ പറ്റുന്നതായി തോന്നിയില്ല. പ്രത്യേകിച്ച് ഹംസത്തിന്റെ പദഭാഗങ്ങൾ. നൃത്തചലനങ്ങളോടെ അഭിനയിക്കുന്ന ഹംസവേഷത്തിന് താളാത്മകമായ പ്രയോഗങ്ങളോടെ പാടുന്നതാണ് അരങ്ങിൽ യോജിക്കുക. ഇതിന് ശ്രമിക്കുന്നത് കണ്ടില്ല എന്നുമാത്രമല്ല, ഹംസത്തിന്റെ നൃത്തച്ചുവടുകളും അതിനുചേർന്നുള്ള ഉറച്ചമേളത്തിനും ഇടയിൽ പാടുവാൻ ഹരീഷ് വല്ലാതെ വിഷമിക്കുന്നതായും തോന്നി. കണ്ണുകൾ അടച്ചുനിന്ന് പാടുന്നതുകൊണ്ടാണോ പരിചയകുറവുകൊണ്ടാണോ എന്തോ, ഹംസത്തിന്റെ പദങ്ങളിൽ പലപ്പോഴും മുദ്രകൾതീരും മുൻപെ പാട്ട് അവസാനിക്കുകയും, മുദ്രതീർന്നിട്ടും പാടിക്കൊണ്ടിരിക്കുന്നതും കണ്ടിരുന്നു. കലാ:വിനോദ് പാട്ടിൽ പലയിടങ്ങളിലും പദങ്ങളിൽ ക്രിതൃമഭാവം നൽകുന്നതിനായി ശ്രമിക്കുന്നതായി തോന്നി.
'നളിനമിഴിമാർക്കെല്ലാം നടപഠിപ്പാൻ'
ദമയന്തിയുടെ ഭാഗത്ത് കലാമണ്ഡലം ശങ്കരവാര്യരുടെ 
മദ്ദളവാദമായിരുന്നു ശ്രദ്ധേയമായ ഒരു ഘടകം. നടന്റെ കൈകാലുകൾക്കും കണ്ണിനും കൂടിയും ഇതിന്റെ ഇടവേളകളിൽ പാട്ടിന് അനുഗുണമായും മദ്ദളം വായിക്കുന്ന ഇദ്ദേഹത്തിന്റെ വാദനരീതി ശ്രേഷ്ടം തന്നെ. ഗോപീകൃഷ്ണൻ തമ്പുരാനായിരുന്നു ഈ ഭാഗത്ത് ചെണ്ട കൈകാര്യം ചെയ്തത്.
'കമ്രരൂപമതിരമ്യചാടുവചനം'
നളചരിതം ഒന്നാംദിവസത്തെതുടർന്ന് പ്രഹളാദചരിതവും 
ഈ ദിവസം അവതരിപ്പിക്കപ്പെട്ടിരുന്നു. കലാനിലയം സജി, എരൂർ മനോജ് എന്നിവർ ചുട്ടികുത്തിയിരുന്ന ഈ ദിവസത്തെ കളിക്ക് തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതായിരുന്നു കളിയോഗം. എരൂർ ശശി, എരൂർ സുരേന്ദ്രൻ, എം.നാരായണൻ, തൃപ്പൂണിത്തുറ ശശിധരൻ, ചേർത്തല സുരേന്ദ്രൻ, ചേർത്തല പൊന്നപ്പൻ എന്നിവരായിരുന്നു അരങ്ങിലും അണിയറയിലും സഹായികളായി വർത്തിച്ചിരുന്നത്