വാഴേങ്കട വിജയാശാന്റെ സപ്തതിയാഘോഷം (ഭാഗം 1)

പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പുത്രനും കലാമണ്ഡലം 
മുന്‍പ്രിന്‍സിപ്പാളുമായ ശ്രീ വാഴേങ്കട വിജന്റെ സപ്തതിയാഘോഷങ്ങള്‍ 2010 ആഗസ്റ്റ് 25,26 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകമന്ദിരത്തില്‍ വച്ച് നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി കേളി, ഇരട്ടമദ്ദളകേളി, തായമ്പക, ചാക്ക്യാര്‍കൂത്ത്, ചൊല്ലിയാട്ടം, കഥകളിപ്പദകച്ചേരി, കഥകളി, ഉത്ഘാടന സൌഹൃദ സമാപന സമ്മേളനങ്ങള്‍ എന്നിവ നടന്നു.
ആദ്യദിവസം വൈകിട്ട് 7:30മുതല്‍ കലാ:ശുചീന്ദ്രനാഥ്, 
കലാ:വിപിന്‍ എന്നിവരുടെ തോടയത്തോടെ കഥകളി ആരംഭിച്ചു.

തുടര്‍ന്ന് കലാ:വെങ്കിട്ട്(കൊല്‍ക്കത്ത) പൂതനാമോക്ഷം 
ലളിതയുടെ ഭാഗം അവതരിപ്പിച്ചു. കലാ:സുബ്രഹ്മണ്യന്‍, നെടുമ്പിള്ളി രാം‌മോഹന്‍ എന്നിവര്‍ പദങ്ങള്‍ പാടിയപ്പോള്‍ തൃപ്പലമുണ്ട നടരാജവാര്യര്‍ മദ്ദളം കൊട്ടി.

തോരണയുദ്ധം ആട്ടകഥയാണ് രണ്ടാമതായി അവതരിപ്പിക്കപ്പെട്ടത്. 
ഇതില്‍ ഹനുമാനായി മടവൂര്‍ വാസുദേവന്‍ നായരാണ് അഭിനയിച്ചത്. തെക്കന്‍ ചിട്ടയിലെ പ്രമുഖനായ ഇദ്ദേഹം, സീതാന്വേഷകരായ വാനരസംഘം സഞ്ചരിച്ച് സമുദ്രതീരം വന്നിട്ടും ഒരു വിവരുമറിയാതെ ദു:ഖിതരായതും, പിന്നീട് പക്ഷിശ്രേഷ്ഠനായ സമ്പാതിയെ കണ്ട് വിവരങ്ങള്‍ അറിഞ്ഞതും, ജാബവാന്റെ പൂര്‍വ്വകഥാകഥനം കേട്ട് ഹനുമാന്റെ ആത്മവിശ്വാസം വര്‍ദ്ധിച്ചതായുമുള്ള അവസ്ഥകള്‍ ചുരുക്കി അവതരിപ്പിച്ചുകൊണ്ടാണ് ഹനുമാന്റെ ആട്ടം ആരംഭിച്ചത്. തുടര്‍ന്ന് സമുദ്രവര്‍ണ്ണന, സമുദ്രലംഘനം ആട്ടങ്ങള്‍ അവതരിപ്പിച്ചു. ലങ്കയിലെത്തിയ ഹനുമാന്‍ അനേകം കോട്ടകളും ദുഷ്ടജന്തുക്കളാല്‍ നിറഞ്ഞ കിടങ്ങുകളും ചാടിക്കടന്ന് ഗോപുരദ്വാരിയിലെത്തി ലങ്കാലക്ഷ്മിയെ കാണുന്നതോടെയാണ് ആദ്യരംഗം അവസാനിപ്പിച്ചത്.  ആദ്യരംഗത്തിലെ ഇദ്ദേഹത്തിന്റെ പ്രകടനം വേണ്ടത്ര ശോഭിച്ചില്ല. ഇതിനുകാരണം അദ്ദേഹത്തിന്റെ പാകത്തിനുള്ള മേളം ലഭിക്കാഞ്ഞതാണ്. നോക്കിനിന്ന് കൊട്ടിക്കൊടുക്കുവാന്‍ പോയിട്ട് അടയാളങ്ങള്‍ കാട്ടിക്കൊടുത്തിട്ടുപോലും അദ്ദേഹത്തിന്റെ പാകത്തിന് കൊട്ടിക്കൊടുക്കുവാന്‍ മേളക്കാര്‍ക്കായിരുന്നില്ല. കലാ:പ്രഭാകരപൊതുവാളിന്റെ(ചെണ്ട) നേതൃത്വത്തിലായിരുന്നു ഈ ഭാഗത്തെ മേളം. കോട്ട:പ്രസാദ് ആയിരുന്നു മറ്റൊരു ചെണ്ടക്കാരന്‍.

കലാ:ഹരി.ആര്‍.നായര്‍ ലങ്കാലക്ഷ്മി, പ്രഹസ്തന്‍ വേഷങ്ങളില്‍ അരങ്ങിലെത്തി.



ലങ്കാശ്രീ, മണ്ഡോദരി വേഷങ്ങള്‍ അവതരിപ്പിച്ചത് 
കലാ:ചെമ്പക്കര വിജയന്‍ ആയിരുന്നു.


കുറൂര്‍ വാസുദേവന്‍ നമ്പൂതിരി(ചെണ്ട) ഈ ഭാഗത്തെ മേളത്തിന്റെ 
നേതൃത്തമേറ്റെടുത്ത് ഭംഗിയാക്കി.


വാഴേങ്കട വിജയനാണ് പഞ്ചരാവണന്മാരില്‍ ഒന്നും 
ചിട്ടപ്രധാനവുമായ അഴകുരാവണനെ അവതരിപ്പിച്ചത്. അഴകുരാവണന്റെ പുറപ്പാട്, ‘ഹിമകരം’ തുടങ്ങിയ ശ്ലോകങ്ങളുടെ ആട്ടം, സീതാസമീപമെത്തിയുള്ള ആട്ടവും ചൊല്ലിയാട്ടവും ഇവയെല്ലാം ഭംഗിയായിചെയ്തുകൊണ്ട് ഈ അരങ്ങിനെ അവിസ്മരണീയ അനുഭവമാക്കിമാറ്റി വിജയാശാന്‍.


സീതയായി വേഷമിട്ടത് വെള്ളിനേഴി ഹരിദാസ് ആയിരുന്നു.


കിങ്കരരായി കലാ:ശുചീന്ദ്രനാഥും കലാ:വിപിനുമാണ് അരങ്ങിലെത്തിയത്.


ഇതുവരെയുള്ള രംഗങ്ങളില്‍ പാടിയത് 
കലാ:മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും കലാ:മോഹനകൃഷ്ണനും ചേര്‍ന്നായിരുന്നു.


ചിട്ടപ്രകാരമുള്ള ആട്ടങ്ങളടങ്ങിയ ഈ ഭാഗത്ത് 
ചെണ്ട കൈകാര്യം ചെയ്ത കലാ:വിജയകൃഷ്ണന്‍ ശരാശരിയിലും താഴ്ന്ന നിലവാരമെ പുലര്‍ത്തിയിരുന്നുള്ളു. ആട്ടത്തിനനുസ്സരിച്ച് കൊട്ടുന്നതല്ലാതെ ഓരോ മുദ്രകള്‍ക്കുമനുസ്സരിച്ച് നാദവത്യാസങ്ങള്‍ നല്‍കുന്നതിന് ശ്രമിച്ചു കണ്ടില്ല.


തോരണയുദ്ധംത്തിന്റെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ 
കലാ:സുബ്രഹ്മണ്യനും നെടുമ്പിള്ളി രാം‌മോഹനും ചേര്‍ന്നായിരുന്നു സംഗീതം. ചെണ്ട കുറൂരും കലാ:വേണുവും കൈകാര്യം ചെയ്തപ്പോള്‍ മദ്ദളത്തിന് കലാ:രാജ്‌ നാരായണനും കലാ:വേണുവുമായിരുന്നു.

ദുര്യോധനവധം ആട്ടക്കഥ(‘സോദരന്മാരേ’മുതല്‍)യായിരുന്നു 
തുടര്‍ന്ന് അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ഒന്നാം ദുര്യോധനനായി കോട്ട:ചന്ദ്രശേഖരവാര്യരാണ് വേഷമിട്ടിരുന്നത്. പദശേഷം ദുര്യോധനന്റെ പുറപ്പാടിന് വട്ടം കൂട്ടുന്ന ആട്ടം ദുശ്ശാസനന് വിട്ടുകൊടുത്ത് ദുര്യോധനന്‍ മാറിയെങ്കിലും പിന്നീട് എത്തി, മദ്ദളത്തിന് ശിവനെ തന്നെ ഏര്‍പ്പാടാക്കണമെന്നും ചെണ്ടയ്ക്ക് ശങ്കരന്‍‌കുട്ടിതന്നെ വേണമെന്നുമൊക്കെ നിര്‍ദ്ദേശിക്കുന്നതുകണ്ടു!

പഴയകണക്കിന് രണ്ടാമതായി എത്തുന്ന(യുദ്ധ രംഗത്തില്‍) 
ദുശ്ശാസനനാണ് ഒന്നാം താടിക്കാരന്‍ കൈകാര്യം ചെയ്യാറ്. എന്നാല്‍ ഇവിടെ മുതിര്‍ന്ന നടനായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ഒന്നാം ദുശ്ശാസനനായാണ് എത്തിയത്.

കലാ:കൃഷ്ണപ്രസാദ് ധര്‍മ്മപുത്രരായും കലാ:ഷണ്മുഖന്‍ കുട്ടിഭീമനായും 
കലാ:രാജശേഖരന്‍ പാഞ്ചാലിയായും കലാ:ശിബി ചക്രവര്‍ത്തി നകുലനായും കലാ:ബാജിയോ സഹദേവനായും അരങ്ങിലെത്തിയപ്പോള്‍ ശകുനിയായി വേഷമിട്ടത് കലാ:വെങ്കിട്ടരാമനായിരുന്നു.

കലാ:ശ്രീകുമാര്‍ ശ്രീകൃഷ്ണനെ മൊത്തതില്‍ നന്നായി 
അവതരിപ്പിച്ചിരുന്നുവെങ്കിലും ‘പരിപാഹി’ രംഗത്തിലെ സ്ഥായി ശോകമായി അവതരിപ്പിച്ചത് ഉചിതമായി തോന്നിയില്ല. കരഞ്ഞപേക്ഷിക്കുന്ന പാഞ്ചാലിയേക്കാള്‍ ശോകഭാവത്തിലായിരുന്നു ഇവിടെ ശ്രീകൃഷ്ണന്റെ ഇരിപ്പ്.

രണ്ടാം ദുര്യോധനനായെത്തിയ കലാ:ജോണിന്റെ പ്രകടനം 
അത്ര മെച്ചമായി തോന്നിയില്ല. കലാശങ്ങളിലെ ഭംഗിക്കുറവും കാലംകയറിയുള്ള പദഭാഗങ്ങളുടെ അവതരണത്തില്‍ വേണ്ടത്ര ചടുലതപോരായ്കയും അനുഭവപ്പെട്ടു.

സഭ,ദൂത് തുടങ്ങിയ രംഗങ്ങളില്‍ ദുശ്ശാസനനോ, 
ധൃതരാഷ്ട്രര്‍, ഭീഷ്മര്‍, മുമുക്ഷു തുടങ്ങിയ വേഷങ്ങളൊ അരങ്ങിലുണ്ടായിരുന്നില്ല!

രണ്ടാം ദുശ്ശാ‍സനനായെത്തിയ കോട്ട:ദേവദാസ് 
മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചപ്പോള്‍ രൌദ്രഭീനെ കലാ:രാമകൃഷ്ണനും നന്നായി അവതരിപ്പിച്ചു.

പാലനാട് ദിവാകരന്‍ നമ്പൂതിരി, നെടുമ്പിള്ളി രാം‌മോഹന്‍, 
ശ്രീരാഗ് വര്‍മ്മ, നവീന്‍ രുദ്രന്‍ എന്നിവരായിരുന്നു ഈ കഥയ്ക്ക് പാടിയത്.

കലാ:പ്രഭാകരപൊതുവാള്‍, കോട്ട:പ്രസാദ്, കലാ:വേണു, 
കലാ:രവിശങ്കര്‍ എന്നിവര്‍ ചെണ്ടയിലും കലാ:രാമന്‍‌കുട്ടി‍, തൃപ്പലമുണ്ട നടരാജവാര്യര്‍, കലാ:രാജ് നാരായണന്‍, കലാ:വേണു, സദനം പ്രസാദ് എന്നിവര്‍ മദ്ദളത്തിലും മേളമുതിര്‍ത്തു. പൊതുവേ ചെണ്ടവിഭാഗം വേണ്ടത്ര ശോഭിക്കാതിരിന്ന ദിവസമായിരുന്നുവെങ്കിലും യുവകലാകാരന്മാരായ കലാ:വേണു, കലാ:രവിശങ്കര്‍ എന്നിവരുടെ പ്രകടനം പ്രശംസനീയമായി തോന്നി.



നേരം പുലരും മുന്‍പുതന്നെ(4:40ഓടെ) കളി അവസാനിച്ചിരുന്നു. 
ദുര്യോധനവധത്തിലെ ഉപേക്ഷിക്കപ്പെട്ട രംഗങ്ങളില്‍(ദുര്യോധനന്റെ പാടിപ്പദം, ധര്‍മ്മപുത്രര്‍-കൃഷ്ണന്‍ രംഗം, ധൃതരാഷ്ടരുടെ രംഗം, ദുര്യോധനവധം) ഏതെങ്കിലും കൂടി അവതരിപ്പിക്കുവാന്‍ സമയം ഉണ്ടായിരുന്നു. ഇതും, മേളത്തിന്റെപോരായ്കയും, ചില കഥാപാത്രങ്ങള്‍ രംഗത്തില്‍ ഇല്ലാതെ വന്നതിന്റേയും ഒക്കെ കാരണം അവിടുത്തെ സംഘാടകരുടെ അറിവില്ലായ്മയാണന്ന് ഒരിക്കലും വിചാരിക്കാനാവുന്നില്ല. ശ്രദ്ധക്കുറവുതന്നെ.


6 അഭിപ്രായങ്ങൾ:

AMBUJAKSHAN NAIR പറഞ്ഞു...

പണ്ടൊക്കെ ദുര്യോധനവധം അവതരിപ്പിക്കുമ്പോള്‍ ( യാഹി വരെ) ഒന്നാം ദുര്യോധനന്‍ , ഒന്നാം ദുശ്ശാസനന്‍ എന്നും ദൂത് മുതല്‍ ദുര്യോധനനെ കൊല്ലുന്നത് വരെ രണ്ടാം ദുര്യോധനന്‍ , രണ്ടാം ദുശ്ശാസനന്‍ എന്നിങ്ങനെ അവതരിപ്പിച്ചു കണ്ടിട്ടുണ്ട്.

മുതിര്‍ന്ന നടന്മാര്‍ / ഒന്നാം തരം കത്തി, താടി വേഷക്കാര്‍ ആദ്യ ദുര്യോധന- ദുശ്ശാസനന്മാരായി എത്തുക. കഥാപാത്രങ്ങളുടെ പ്രായം വെച്ച് നോക്കുമ്പോള്‍ മുതിര്‍ന്നവര്‍ രണ്ടാം ദുര്യോധന- ദുശ്ശാസനന്മാരായി എത്തുന്നത്‌ ശരിയായിരിക്കാം.

സാധാരണ നടന്നു വരുന്ന ദുര്യോധനവധത്തിന്റെ സഭയില്‍ പല വേഷങ്ങളും ഉണ്ടാവുകയില്ല. ദൂതിന് ദുശ്ശാസനന്‍ വേണ്ടാ എന്ന് വാദിക്കുന്ന കലാകാരന്മാര്‍ ഉണ്ട്. രണ്ടു അണിയറക്കാരെ കിങ്കരന്മാരെ പോലെ വേഷം കെട്ടിച്ചു കൃഷ്ണനെ ബന്ധിക്കണം എന്ന രീതിയും ഉണ്ട്. മുമുക്ഷു കൃഷ്ണന്റെ കൂടെ തന്നെ എത്തണം എന്നും ദൂതില്‍ പങ്കു കൊള്ളണം എന്നും വിവിധ ചിന്താഗതികള്‍ ഇന്നും കഥകളിയില്‍ ഉണ്ട്. . വെള്ളിനേഴിയിലെ കഥകളി കലാകാരന്മാര്‍ ചെന്നയില്‍ ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് അവതരിപ്പിച്ച ദുര്യോധനവധം കഥകളിയില്‍ ദുര്യോധനനും (കലാമണ്ഡലം ഹരിദാസ്‌) ദുശ്ശാസനനും (കലാനിലയം മോഹനവാര്യര്‍ ) ചേര്‍ന്ന് ധര്‍മപുത്രരും ശകുനിയും (രണ്ടു സൈഡില്‍ ) ഇരിക്കുന്ന രംഗത്തേക്ക് പ്രവേശിച്ചു ധര്‍മ്മ നന്ദനാ വീരാ എന്ന പദം ആടുന്നതായി അവതരിപ്പിച്ചു. ഞാന്‍ അന്നത്തെ കഥകളി സംഘാടകരോടും പിന്നീട് ശ്രീ. വെള്ളിനേഴി അച്യുതന്‍ കുട്ടി ചേട്ടനോടും ഇതേ പറ്റി സംസാരിക്കയും ചെയ്തിരുന്നു. യാഹൂ കഥകളി ഗ്രൂപ്സില്‍ ഈവിഷയം ചര്‍ച്ച ചെയ്തിരുന്നു.
ഓരോ ട്രൂപ്പില്‍ ഓരോ രീതി എന്ന് തോന്നുന്നു.

ഇതിനു പരിഹാരം കാണാന്‍ ശ്രീ. വയസ്കര മൂസത് തന്നെ ഇനി പുനര്‍ജനിച്ചു വരണം .

AMBUJAKSHAN NAIR പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
AMBUJAKSHAN NAIR പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Sajeesh പറഞ്ഞു...

മണി,

വളരെ നന്നായി ലേഖനം കേട്ടോ.

എന്ത് ചെയ്യാം നമ്മുടെ സ്വന്തം കലയുടെ നാട്ടില്‍ ഒരു കളി ഉണ്ടായിട്ടു വന്നു കാണാന്‍ പറ്റിയില്ലല്ലോ എന്ന് വിചാരിക്കുമ്പോള്‍ ഒരു ചെറിയ സങ്കടം. ശരിക്കും നാട്ടിലെ പലതും മിസ്സ്‌ ചെയ്യുന്നുണ്ട് :-(

ചുട്ടി ആരായിരുന്നു. എന്തായാലും ചുട്ടിക്കാര്‍ക്ക് നല്ല പണി ആയിട്ടുണ്ടാവും മൂന്ന് കത്തി, ഒരു വെള്ളതാടി, രണ്ടു ചുവന്നതാടി അല്ലെ ? :-)

രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു.

സജീഷ്

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

Sajeesh,
ചുട്ടി,കോപ്പ്,അണിയറ കാര്യങ്ങള്‍ വിട്ടുപോയി. ഓര്‍മ്മിപ്പിച്ചതില്‍ നന്ദി.അടുത്തഭാഗത്തില്‍ ചേര്‍ക്കുന്നതാണ്....

കൌണ്ടിന്യന്‍ (ശശി - Sasi) പറഞ്ഞു...

ഈ പ്രോഗ്രാമിന്‍റെ കുറച്ചു ഫോട്ടോസ് ബ്ലോഗില്‍ ആക്കിയിട്ടുണ്ട്. ഇതാണ് ദുര്യോധനവധം ലിങ്ക്.

http://kathakalisasinaircty.blogspot.com/

Sasi, Thiruvananthapuram.