ഉദയനാപുരം ശ്രീ സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലെ
പ്രതിഷ്ടാവാര്‍ഷികത്തിന്റെ ഭാഗമായി ജനുവരി 16മുതല്‍ 23വരെ ഭാഗവതകോകിലം ബ്രഹ്മശ്രീ വെണ്മണി കൃഷ്ണന്‍ നമ്പൂതിരിപ്പാട് ആചാര്യനായുള്ള ഭാഗവതസപ്താഹയജ്ഞം നടന്നു. ഇതിനോടനുബന്ധിച്ച് 21/01/10ന് വൈകിട്ട് അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയം കഥകളിയും അവതരിപ്പിച്ചു. രുഗ്മിണീസ്വയം വരം കഥയാണ് അവതരിപ്പിക്കപ്പെട്ടത്.
ശൈശവം മുതല്‍ തന്നെ കൃഷ്ണകഥകള്‍ കേട്ട് ശ്രീകൃഷ്ണനില്‍ ആകൃഷ്ടയായിതീര്‍ന്നിരുന്ന രുഗ്മിണിയെ ചേദിരാജനായ ശിശുപാലനു നല്‍കാന്‍ സഹോദരനായ രുഗ്മി ഉറപ്പിക്കുന്നു. ഈ വിവരം സഖിയില്‍നിന്നും അറിഞ്ഞ് ദു:ഖിക്കുന്ന രുഗ്മിണിയുടെ വിചാരപ്പദമാണ് ആദ്യരംഗത്തില്‍. കലാ:ശുചീന്ദ്രന്‍ രുഗ്മിണിയായി വേഷമിട്ടു.
രുഗ്മിണി തന്റെ ദു:ഖം ഭഗവാനേ അറിയിക്കുവാനായി കൊട്ടാരത്തിലെ ആശ്രിതനും വിശ്വസ്തനുമായ ഒരു ബ്രാഹ്മണനെ(സുന്ദരബ്രാഹ്മണന്‍) നിയോഗിക്കന്ന രംഗമാണ് അടുത്തത്. ഈ രംഗത്തിലാണ് ‘ചിത്തതാപം അരുതേ ചിരംജീവാ,മത്തവാരണഗതേ’ എന്ന പ്രസിദ്ധവും ചിട്ടപ്രധാനവുമായ ബ്രാഹ്മണന്റെ മറുപടിപദം. ഈ പദം അടന്ത താളത്തിലാണെങ്കിലും ഇതിലെ ‘ചേദിമഹീപതി ആദികളായുള്ള്’എന്ന ഖണ്ഡംമാത്രം മുറിയടന്തയിലാണ് ആലപിക്കുക.‘നീ ഒന്നുകൊണ്ടും ഖേദിക്കേണ്ടാ. നിന്റെ വിവരങ്ങള്‍ ഞാന്‍ പോയി കൃഷ്ണനെ അറിയിച്ചുകൊള്ളാം. ഭഗവാന്‍ ചേദിമഹീപതിആദിയായുള്ളവരെ സമരത്തില്‍ ഭേദിച്ചുടന്‍ നിന്നെ കൊണ്ടുപോകും എന്നതിന് സംശയം വേണ്ട.’ ഇതാണീപദത്തിന്റെ ആശയം. പദശേഷം ചെറിയൊരു ആട്ടവുമുണ്ട്. ശ്രീകൃഷ്ണന്‍ തന്റെ ആഗ്രഹം സാധിച്ചുതരുമോ എന്ന് സംശയിക്കുന്ന രുഗ്മിണിയോട് ബ്രാഹ്മണന്‍, ഗോപികമാരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്ത കഥ ഉദാഹരിച്ചുകൊണ്ട് കൃഷ്ണന്‍ ആശ്രയിക്കുന്നവരെ കൈവെടിയില്ല എന്ന് ഉറപ്പുനല്‍കുന്നു. കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരായിരുന്നു സുന്ദരബ്രാഹ്മണനായെത്തിയത്. ഇദ്ദേഹത്തിന്റെ സുന്ദരബ്രാഹ്മണന് സവിശേഷതകളോന്നും പ്രത്യേകമായി പറയാനില്ലെങ്കിലും നല്ല ചൊല്ലിയാട്ടത്തോടും സമ്പൃദായത്തിലുള്ള ആട്ടങ്ങളോടും കൂടി ഇദ്ദേഹം തന്റെ വേഷം ഭംഗിയായി അവതരിപ്പിച്ചു.
അടുത്തരംഗത്തില്‍ ‘യാദവകുലാവതംസ’ എന്ന സ്തുതിയോടെ ബ്രാഹ്മണന്‍ ശ്രീക്യഷ്ണ സമീപത്തേക്കെത്തുന്നു. ബ്രാഹ്മണനെ സ്വീകരിച്ചിരുത്തി വണങ്ങിക്കൊണ്ട് ‘മേദിനീദേവാവിഭോ’എന്ന ക്യഷ്ണന്റെ പദമാണ് തുടര്‍ന്ന്. ‘പങ്കജാക്ഷ നിന്നുടെയ’ എന്ന മറുപടിപദത്തില്‍ തന്റെ ആഗമനോദ്ദേശം ബ്രാഹ്മണന്‍ ശ്രീകൃഷ്ണനെ ധരിപ്പിക്കുന്നു. രുഗ്മിണിയുടെ വിവരങ്ങള്‍ കേട്ട് സന്തുഷ്ടനായ ശ്രീകൃഷ്ണന്‍ ‘ചേദിപന്‍ ആദികളായവരെ ജയിച്ച് രുഗ്മിണിയെ ഞാന്‍ കൊണ്ടുപോരും’ എന്ന് അറിയിക്കുന്നു. താന്‍ രുഗ്മിണിയെ വേള്‍ക്കാന്‍ പോകുന്നു എന്നുള്ള വിവരം മാതാപിതാക്കളെ അറിയിക്കുവാന്‍ ഭൃത്യരെ നിയോഗിച്ചിട്ട് ക്യഷ്ണന്‍ യാത്രക്കായി തേര് വരുത്തുന്നു. ബ്രാഹ്മണനോട് തേരില്‍ ഒപ്പം പോരുവാന്‍ ആവശ്യപ്പെടുന്നു. തനിക്ക് ഇത് ശീലമില്ലെന്നും,ഭയമാണെന്നും അറിയിക്കുന്ന ബ്രാഹ്മണനോട് തേരിന്റെകൊടിമരത്തില്‍ പിടിച്ച് ഇരുന്നുകൊള്ളുവാന്‍ കൃഷ്ണന്‍ പറയുന്നു.‘വേണ്ട,തേര് ഓടിപ്പോകുന്വോള്‍ വലുതായ കൊടിമരമെങ്ങാനും ഒടിഞ്ഞുപോയാല്‍ കുഴപ്പമാവും,എന്റെ കഥയും കഴിയും‘ എന്ന് പറഞ്ഞ് ബ്രാഹ്മണന്‍ തേരില്‍ കയറാന്‍ മടിക്കുന്നു. ബ്രാഹ്മണന്റെ ഭീതികണ്ട് ശ്രീകൃഷ്ണന്‍ പറയുന്നു-‘തേര്‍ ഓടുമ്പോള്‍ അങ്ങ് എന്നെ കെട്ടിപിടിച്ചുകൊണ്ട് പേടിക്കാതെ ഇരുന്നുകൊള്ളുക.’ ഇതുകേട്ട് അതിയായ സന്തോഷത്തോടെ ഇതു തന്റെ സുകൃതമായി കണക്കാക്കി ബ്രാഹ്മണന്‍ തേരിലേറാന്‍ സമ്മതിക്കുന്നു. പിന്നേയും ശങ്കിച്ചുനില്‍ക്കുന്ന ബ്രാഹ്മണനോട് ‘ഇനി എന്ത് ശങ്ക?’എന്ന് ക്യഷ്ണന്‍.ബ്രാഹ്മണന്‍ തെല്ലുജാള്യതയോടെ പറയുന്നു-‘ഞാന്‍ ഈ വിവരങ്ങള്‍ രുഗ്മിണിയോട് ചെന്ന് പറയുന്വോള്‍ അവള്‍ക്ക് ഉറപ്പുവരുത്തുവാനായി ഒരു നീട്ടെഴുതി നല്‍കിയാല്‍ നന്നായിരുന്നു.’ ഉടനെ ക്യഷ്ണന്‍ ഒരു കുറിപ്പെഴുതി ശഖുമുദ്രയും വച്ച് ബ്രാഹ്മണനു നല്‍കുന്നു. തുടര്‍ന്ന് ഇരുവരും തേരിലേറി കുണ്ഡിനത്തിലേക്ക് പുറപ്പെടുന്നു. കലാമണ്ഡലം മുകുന്ദനായിരുന്നു ശ്രീകൃഷ്ണനായി അരങ്ങിലെത്തിയത്. നെറ്റിയിലെ പതിവു നാമത്തിനുപകരം മറ്റെന്തൊ ആണ് മുകുന്ദന്‍ വരച്ചുവെച്ചിരുന്നത്‍. ഇദ്ദേഹത്തിന്റെ പ്രവൃത്തികളില്‍ വല്ലാതെ ആയാസം തോന്നി. പിന്നെ ഇക്കാലത്തെ യുവനടന്മാര്‍ക്ക് പിടിപെട്ടിക്കുന്ന ‘ഗോപി അനുകരണം’ എന്ന പകര്‍ച്ചവ്യാധി മുകുന്ദനിലും കാണുന്നുണ്ട്. ഗോപിയാശാന്‍ തന്റെ ശരീരഭാഷക്കും കൈകളുടെ ചടുലതക്കും അനുശൃതമായി ചെയ്യുന്ന നിലകളും മുദ്രാരീതികളും അന്ധമായി അനുകരിച്ചാല്‍ പ്രവൃത്തിയുടെ ഭംഗി ഇല്ലാതാവുകയേ ഉള്ളു. ഗോപിയാശാനില്‍ നിന്നും നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ട് അത് തന്റേതായ രീതിയില്‍ അവതരിപ്പിക്കുകയല്ലെ നല്ല കലാകാരന്‍ ചെയ്യേണ്ടത്. ഗോപിയാശാന്‍ ആരേയും അനുകരിച്ചിട്ടല്ലലോ ഈ നിലയില്‍ എത്തിയത്. മറിച്ച് മുതിര്‍ന്ന നടന്മാരില്‍ നിന്നും പഠിച്ചവ സ്വന്തം ശൈലിയില്‍ അവതരിപ്പിച്ചതിലൂടെയാണല്ലോ. ഇത് പുതുതലമുറ കലാകാരന്മാര്‍ മനസ്സിലാക്കിയാല്‍ നന്ന്.
അടുത്ത രംഗത്തില്‍ കുണ്ഡിനത്തിലെത്തിയ ബ്രാഹ്മണന്‍ രുഗ്മിണിയെ കണ്ട് ‘നിന്നെ കൊണ്ടുപോകാന്‍ കൃഷ്ണന്‍ ഇവിടെ എത്തികഴിഞ്ഞു. ഇനി
നീ സന്തോഷത്തോടെ ഇരിക്കുക.’ എന്നറിയിക്കുന്നു. സാധാരണയായി കൃഷ്ണന്‍
തന്ന കുറിപ്പും നല്‍കിയിട്ട്,’എനിക്ക് പാചകശാലയില്‍ ജോലികളുണ്ട്,
എന്നെ ഇത്രനേരം കാണാഞ്ഞ് അവിടെ അന്യൂഷിക്കുന്നുണ്ടാകും‘
എന്ന് പറഞ്ഞാണ് ബ്രാഹ്മണന്‍ പോകുന്നതു കാണാറ്. എന്നാല്‍
ഇവിടെ ഇങ്ങിനെ ഉണ്ടായില്ല.
ശിശുപാലന്റേയും(കത്തി) കലിംഗന്റേയും(ഭീരു) തിരനോട്ടമാണ് തുടര്‍ന്ന്.
തിരനോട്ടത്തെ തുടര്‍ന്ന് ശിശുപാലന്റെ തന്റേടാട്ടവും പടപ്പുറപ്പാടും ഉണ്ട്.
ശിശുപാലനായെത്തിയ കലാനിലയം വിനോദ് ആട്ടവും പടപ്പുറപ്പാടും ഭംഗിയായി
ചെയ്തിരുന്നു. എന്നാല്‍ തന്റേടാട്ടശേഷം ഭീരു രംഗത്തെത്തുകയും, പടപ്പുറപ്പാട്
സമയത്ത് ചില ഗോഷ്ടികള്‍ കാട്ടുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്
ഇവിടെ ഉണ്ടായില്ല.
ഭീരുവായി അരങ്ങിലെത്തിയിരുന്നത് ആര്‍.എല്‍.വി.സുനില്‍, പള്ളിപ്പുറമാണ്.
പാര്‍വ്വതീക്ഷേത്രത്തില്‍ ദര്‍ശനത്തിനായി രുഗ്മിണിഗമിക്കുന്നതാണ് അടുത്ത രംഗം.’ചഞ്ചലാക്ഷിമാരണിയും’എന്ന സാരിപദത്തിന് ചുവടുവെച്ചുകൊണ്ട് രുഗ്മിണി പ്രവേശിക്കുന്നു. ഒപ്പം ന്യത്തമെന്ന ഭാവേന ചില ഗോഷ്ടികള്‍ കാട്ടികൊണ്ട് ഭീരുവും. സാരിപ്പദം കഴിയുന്നതോടെ രുഗ്മിണി ദേവീദര്‍ശനം കഴിച്ച് പ്രസാദവും പൂജിച്ച വരണമാല്യവും വാങ്ങുന്നു. ഈ സമയം ക്യഷ്ണന്‍ അവിടെ ആഗതാനാകുന്നു. രുഗ്മിണി ശ്രീകൃഷ്ണനെ ഹാരമണിയിക്കുന്നു. ശ്രീകൃഷ്ണന്‍ രുഗ്മിണിയെ പാണിഗ്രഹണം ചെയ്ത് തേരിലേറ്റി കൊണ്ടു പോകുന്നു. വരണമാല്യമണിയാന്‍ കഴുത്തുനീട്ടിനിന്നിരുന്ന ഭീരു, ഇതു കണ്ട് തലയില്‍ കൈവച്ച് നിലവിളിക്കുന്നു. അതു കേട്ട് ശിശുപാലന്‍ അവിടേക്കെത്തി ക്യഷ്ണനെ തടുത്ത് പോരിനു വിളിക്കുന്നു.
അനന്തരം, കൃഷ്ണന്‍ ശിശുപാലാദികളെ സമരത്തില്‍ തോല്‍പ്പിച്ച്
ഓടിച്ചിട്ട്, രുഗ്മിണീസമേതനായി ദ്വാരകയിലേക്ക് ഗമിക്കുന്നതോടെ കഥ അവസാനിക്കുന്നു.
ഈ കളിക്ക് സംഗീതം കലാമണ്ഡലം ബാബു നമ്പൂതിരിയും
കലാമണ്ഡലം ഹരീഷ് മനയത്താറ്റും ചേര്‍ന്നായിരുന്നു. സമ്പൃദായാനുഷ്ടിതമായി ഭംഗിയായി ഇരുവരും ചേര്‍ന്ന് പാടിയിരുന്നു, പ്രത്യേകിച്ച് കാമോദരി,
എരിക്കലകാമോദരി, കാനക്കുറിഞ്ഞി തുടങ്ങിയ രാഗങ്ങള്‍.
കലാനിലയം രതീഷും(ചെണ്ട) കലാമണ്ഡലം വിനീതും(മദ്ദളം) ചേര്‍ന്ന് നല്ലമേളവും
ഒരുക്കിയിരുന്നു.
കലാമണ്ഡലം സുകുമാരന്‍ ആയിരുന്നു ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്.
സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ ചമയയങ്ങള്‍ ഉപയോഗിച്ച് അണിയറ
കൈകാര്യം ചെയ്തിരുന്നത് പള്ളിപ്പുറം ഉണ്ണികൃഷ്ണന്‍ മുതല്‍പ്പേരായിരുന്നു.