ആനമങ്ങാട്ടെ ചതുര്‍ദിന നളചരിതോത്സവത്തിന്റെ മൂന്നാം ദിവസമായ 20/12/09ന് വൈകിട്ട് സോദാഹരണക്ലാസിനെ തുടര്‍ന്ന് ആറര മുതല്‍ നളചരിതം മൂന്നാം ദിവസം കഥ അവതരിപ്പിക്കപ്പെട്ടു. നളായനം നാലാംദിവസം എനിക്ക് കാണുവാന്‍ സാധിച്ചില്ല. ബാക്കി മൂന്ന് ദിവസങ്ങളിലെ കളികളില്‍ ഏറ്റവും നന്നായത് മൂന്നാം ദിവസമായിരുന്നു.
കലാമണ്ഡലം ഷണ്മുഖനാണ് വെളുത്തനളനായി വേഷമിട്ടത്.
വേഷഭംഗിയും പ്രവൃത്തിയില്‍ വൃത്തിയുമുള്ള ഷണ്മുഖന്‍ മുഖാഭിനയത്തില്‍ ഇനിയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ‘ഘോരവിപിനം’ എന്ന പദത്തിലെ സാധാരണയായി പതിവില്ലാത്ത ‘സദനങ്ങള്‍ ശോഭനങ്ങള്‍’ എന്ന ചരണം ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ആടാനും പാടാനും വളരെ നന്നെന്നു തോന്നിയ ഈ ചരണം എന്താണോ പണ്ടെ ഉപേക്ഷിക്കപ്പെട്ടുപോയത്? തുടര്‍ന്നുള്ള വനവര്‍ണ്ണനയും മിതമായും ഭംഗിയായും അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ പദത്തിനുശേഷം ഉടന്‍ ഉള്ള ആട്ടത്തില്‍ ‘സദനങ്ങള്‍ ശോഭനങ്ങള്‍’ എന്ന ചരണത്തിലെ ആശയം തന്നെയാണ് വീണ്ടും കാട്ടിയിരുന്നത്. വനത്തിലെ കാഴ്ച്ചകളില്‍ കാട്ടുതീയ്ക്കും പരുന്തിനും വേടനും ഇടയില്‍ പെട്ട ഇണപ്പക്ഷികളുടെ സങ്കടാവസ്ഥയും ദൈവകാരുണ്യത്താല്‍ അവ രക്ഷപ്രാപിക്കുന്നതുമായ ആട്ടമാണ് പ്രധാനമായി ഇവിടെ ചെയ്തിരുന്നത്.
കലാമണ്ഡലം പ്രമോദായിരുന്നു കാര്‍ക്കോടകന്‍. ഭംഗിയായി മുഖം
വരച്ചിരുന്ന പ്രമോദ് പാത്രനുശ്രിതമായി തന്നെ അരങ്ങില്‍ വര്‍ത്തിക്കുകയും ചെയ്തിരുന്നു.
വിലാപം കേട്ട് കാട്ടുതീക്കുള്ളിലേയ്ക്ക് കടന്ന് തേടി കണ്ടെത്തിയ
കാര്‍ക്കോടകനെ തൊട്ട് ഇരുത്തിയ ശേഷം നളന്‍ ‘കത്തുന്ന വനശിഖി’ എന്ന പദം ആടുന്നതായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.
ബാഹുകനായി അഭിനയിച്ചത് കലാമണ്ഡലം മനോജായിരുന്നു. ആദ്യമായി
ബാഹുകവേഷം കൈകാര്യം ചെയുന്ന നടന്‍ എന്ന നിലയില്‍ നോക്കുമ്പോള്‍ ഇദ്ദേഹത്തിന്റെ പ്രകടനം കേമം എന്നുതന്നെ പറയാം. കഥാപാത്രത്തെ ഉള്‍ക്കൊണ്ട് നല്ല ഭാവപ്രകാശനത്തോടെ ഇദ്ദേഹം തന്റെ വേഷം കൈകാര്യം ചെയ്തിരുന്നു. ആട്ടങ്ങള്‍ പുതുമനിറഞ്ഞതും ഔചിത്യപരവുമായിരുന്നു. പതിവു മാന്‍പ്രസവും മറ്റും ഇവിടെ കാട്ടിയിരുന്നില്ല. മനോജ് പ്രവര്‍ത്തിയിലെ ആയാസം കുറയ്ക്കുവാനും, ആട്ടത്തില്‍ ഒതുക്കവും ഭംഗിയും വരുത്താനും ശ്രദ്ധിക്കുവാനുണ്ട്. എന്നാല്‍ ഇത് കുറച്ച് അരങ്ങുകള്‍ കയറിക്കഴിയുമ്പോള്‍ താനെ വന്നുകൊള്ളും എന്ന് തോന്നുന്നു.
ഋതുപര്‍ണ്ണനായി കലാക്ഷേത്രം രഞ്ജീഷും ജീവലനായി കലാ:പ്രമോദും
വാഷ്ണേയനായി കലാമണ്ഡലം കാശീനാഥനുമാണ് അരങ്ങിലെത്തിയത്. ‘വസവസ സൂതാ’ പദശേഷം ബാഹുകന്‍ വാഷ്ണേയ ജീവലന്മാരോട് കുശലം ചോദിക്കുന്നതായ ആട്ടം ഭംഗിയായി ഇവിടെ ചെയ്തിരുന്നു. ജീവലവാഷ്ണേയന്മാരായെത്തിയ ജൂനിയര്‍ നടന്മാര്‍ക്ക് ആടാനുള്ള അവസരം നല്‍കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോജിന്റെ രീതി വളരെ നല്ലതും ഇക്കാലത്ത് കളിയരങ്ങില്‍ കാണാനില്ലാത്തതുമാണ്.
മനോജ് വിജനേബത, മറിമാന്‍ കണ്ണി എന്നീ പദങ്ങള്‍
ഭാവോജ്വലമായി തന്നെ അഭിനയിച്ചിരുന്നു.
‘വിജനേ ബത’
ഇക്കാലത്ത് അരങ്ങില്‍ നിന്നും ഉപേക്ഷിച്ചു കാണുന്ന ജീവലന്റെ പദത്തിന്റെ
‘നീയും നിന്നുടെ തരുണിയുമായി’ എന്ന രണ്ടാം ചരണവും ഇവിടെ അവതരിപ്പിച്ചിരുന്നു.
കലാമണ്ഡലം ശുചീന്ദ്രന്‍ ദമയന്തിയായും പീശപ്പള്ളി രാജീവന്‍ സുദേവനായും
വേഷമിട്ടു. സുദേവന്റെ തുടക്കം വളരെ ഗംഭീരമായി. എന്നാല്‍ പോകെപ്പോകെ ആ നില വിട്ടു. നാടകീയാഭിനയവും സരസതയും കൂടുതലായി പീശപ്പള്ളിയില്‍ കണ്ടു. ‘മേളവാദ്യഘോഷം’ വിസ്തരിക്കവേ ശിങ്കാരിമേളവും സുദേവന്‍ കാട്ടിയിരുന്നു. എന്റെ പുത്രി സമാനയായ നിന്റെ ദു:ഖം ഞാന്‍ തീര്‍ത്തുവെയ്ക്കുന്നുണ്ട് എന്ന് ദമയന്തിയോട് പറഞ്ഞ സുദേവന്‍ പിന്നീട് അവളുടെ ‘പന്തണിമുല’ വിസ്തരിക്കുകയും ഉണ്ടായി.
അടുത്ത കാലത്ത് കേട്ട മൂന്നാംദിവസങ്ങളില്‍ വ്യത്യസ്തവും
ആസ്വാദ്യവുമായ അരങ്ങുപാട്ടായിരുന്നു ഇവിടുത്തേത്. തന്റെ സംഗീതപ്രതിഭ വെളിവാക്കുന്നതും ഒപ്പംതന്നെ നടന്റെ പ്രവൃത്തികള്‍ക്ക് അനുഗുണമായി വര്‍ത്തിക്കുന്നതുമായിരുന്നു കലാമണ്ഡലം ജയപ്രകാശിന്റെ പാട്ട്. തോടിയില്‍ വരുന്ന പ്രധാനപദങ്ങള്‍ ആസ്വാദ്യങ്ങള്‍ ആയിരുന്നു. വിജനേബത, മറിമാന്‍ കണ്ണി എന്നീ പദങ്ങള്‍ ഭാവോജ്വലമായി തന്നെ ആലപിച്ചിരുന്നു. ജീവലന്റെ പദം രാഗം മാറ്റിയാണ് ആലപിച്ചിരുന്നതെങ്കിലും കഥകളിത്തം നഷ്ടപ്പെട്ടിരുന്നില്ല. നെടുമ്പുള്ളി രാംമോഹനും സദനം ജോതിഷ്‌ബാബുവുമായിരുന്നു ശിങ്കിടിക്ക്. ജോതിഷ്‌ബാബുവിന് സാഹിത്യം അറിയില്ല എന്നു മാത്രമല്ല, മൂന്നാം ദിവസം കേട്ടിട്ടുകൂടിയില്ല എന്നു തോന്നിച്ചു. കിട്ടിയ അവസരം ഈ യുവഗായകന്‍ കളഞ്ഞുപൊളിച്ചു. രാംമോഹന്‍ പൊന്നാനിപാടിയ കാര്‍ക്കോടകന്റെ ഭാഗത്തെ പാട്ടും നന്നായിരുന്നു.
‘മാന്യമതേ......’
ചെണ്ടകൊട്ടിയത് കലാമണ്ഡലം നന്ദകുമാര്‍, കലാമണ്ഡലം വേണു
എന്നിവരായിരുന്നു. കലാനിലയം ജനാര്‍ദ്ദനനും, സദനം രജീഷും,കലാമണ്ഡലം ഹരിഹരനും ആയിരുന്നു മദ്ദളക്കാര്‍.
‘മറിമാന്‍ കണ്ണി’
കലാമണ്ഡലം രവിയായിരുന്നു ഈ ദിവസത്തേയും ചുട്ടി കലാകാരന്‍.
‘അരുതെന്നും ഇല്ല....’
വാഴേങ്കട കുഞ്ചുനായര്‍ സ്മാരകട്രസ്റ്റ്, കാറല്‍മണ്ണ സംഘാടനം ചെയ്ത
നളായനം കളികള്‍ക്ക് മഞ്ചുതര,മാങ്ങോടിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറയില്‍ പ്രവര്‍ത്തിച്ചിരുന്നത് അപ്പുണ്ണിതരകനും സംഘവുമായിരുന്നു.