“പാഞ്ചാലരാജ തനയേ” ഒരേ ദിവസം തന്നെ ഒരേ കഥ രണ്ടുവട്ടം കാണുവാനുള്ള ഒരു അപൂര്‍വ്വ
ഭാഗ്യം ഈയിടെ ഉണ്ടായി. അതും വത്യസ്തമായ അവതരണ രീതികളില്‍ ഉള്ളത്. കളരിച്ചിട്ടയാര്‍ന്ന കോട്ടയം കഥകളില്‍ ഏറ്റവും ജനപ്രിയത ഉള്ള കല്യാണസൌഗന്ധികം കഥയാണ് ഇങ്ങിനെ കാണുവാന്‍ സാധിച്ചത്. 20/11/09ന് വൈകിട്ട് 6മുതല്‍ എറണാകുളം കഥകളിക്ലബ്ബിലായിരുന്നു(എറണാകുളത്തപ്പന്‍ ഹാള്‍) ആദ്യസൌഗന്ധികം. രണ്ടാമത്തേത് വൃശ്ചികോത്സവത്തിന്റെ നാലാം ദിനവുമായിരുന്ന അന്ന് രാത്രി 12:15ന് തൃപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലും. “എന്‍ കണവാ”
ക്ലബ്ബിലെ കളി ‘എന്‍കണവാ’ എന്ന പാഞ്ചാലീപദം മുതലെ ഉണ്ടായിരുന്നുള്ളു.
തൃപ്പൂണിത്തുറയില്‍ ‘പാഞ്ചാലരാജ തനയേ’ എന്ന ഭീമന്റെ പതിഞ്ഞപദം മുതല്‍ തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. ഇരുസ്തലങ്ങളിലും ഭീമന്റെ ‘വഴിയില്‍ നിന്നു പോക’ എന്ന പദത്തിനു ശേഷം ഭീമ-ഹനുമത് സംവാദമായി വരുന്ന പദം ഉണ്ടായില്ല. ഈ പദം ഇപ്പോള്‍ ഉപേക്ഷിക്കപ്പെട്ടതായി കാണുന്നു. കഥയില്‍ ആവശ്യമുള്ള നല്ല ഒരു പദമാണിത്. എന്നോ പ്രായമായ ആശാന്മാര്‍ ഹനുമാന്‍ കെട്ടിയപ്പോള്‍ അധികസമയം കിടക്കുവാന്‍ വയ്യാത്തതിനാല്‍ ഈ പദങ്ങള്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ അത് ചിട്ടയായിതീര്‍ന്നിരിക്കുന്നു! ഇതോടെ ഈ ചരണാദ്യങ്ങളിലെല്ലാം ചൊല്ലിവട്ടം തട്ടി കലാശമെടുക്കാതെ ഭീമന്മാര്‍ രക്ഷപെട്ടും തുടങ്ങി. ഇങ്ങിനെ പ്രായമായ ആശാന്മാര്‍ അവരുടെ സാഹചര്യംകൊണ്ടു മാത്രം ചെയ്യുന്ന അനുകരണീയമല്ലാത്ത പലതും മറ്റുള്ളവര്‍ അനുകരിക്കുന്നതായി കഥകളിലോകത്തില്‍ കാണുന്നുണ്ട്. എന്നാല്‍ ആശാന്മാരില്‍ നിന്നും യഥാര്‍ത്ഥത്തില്‍ കണ്ട് പഠിക്കേണ്ട നല്ല കാര്യങ്ങള്‍ ആരും അനുവര്‍ത്തിക്കുന്നുമില്ല!ഭീമപ്രഭാവം
എറണാകുളത്ത് ശ്രീ കലാമണ്ഡലം ശ്രീകുമാറും ഉത്സവകളിക്ക്
ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ഡലായരും ആയിരുന്നു ഭീമവേഷം കൈകാര്യം ചെയ്തിരുന്നത്. ഇരുവരും ഭംഗിയായി തന്നെ ഭീമനെ അവതരിപ്പിച്ചിരുന്നു. കല്ലുവഴിയുടെ രണ്ടു കൈവഴികളായ കലാമണ്ഡലം, കോട്ടക്കല്‍ സമ്പൃദായങ്ങളുടെ അന്തരം ഇരുവരിലും ദൃശ്യമായിരുന്നു. ‘കാര്യം‘, ‘ല്‍’ എന്നുതുടങ്ങിയുള്ള മുദ്രകളില്‍ മുതല്‍ അരങ്ങിലും ആട്ടത്തിലും ഉള്ള ഒതുക്കത്തില്‍ വരെ ഇരു ശൈലികളിലും അന്തരം ദൃശ്യമാണ്. കലാശമായാലും ആട്ടമായാലും അരങ്ങിലെ കുറച്ചുസ്ഥലത്തുമാത്രം ഒതുങ്ങിനിന്ന് ചെയ്യുന്ന തനികല്ലുവഴിചിട്ടയുടെ സൌന്ദര്യം ശ്രീകുമാറേട്ടനില്‍ ദൃശ്യമായിരുന്നു. വനവര്‍ണ്ണനയില്‍; അട്ടങ്ങളെല്ലാംകൂടി കുത്തിനിറയ്ക്കാതെയും, ചെയ്ത ആട്ടങ്ങള്‍തന്നെ ഭംഗിയായും അധികസമയമെടുക്കാതെയും ചെയ്തുതീര്‍ത്തിരുന്നു. ‘ഭംഗിയായി, എന്നാല്‍ കുറച്ചുകൂടി ആകാമായിരുന്നു’ എന്ന് പ്രേക്ഷകമനസ്സില്‍ തോന്നിപ്പിച്ചുകൊണ്ട് ആട്ടം അവസാനിപ്പിച്ചു. ഇങ്ങിനെ ആട്ടത്തിലേയും ചൊല്ലിയാട്ടത്തിലേയും ഒതുക്കം എന്ന ഗുണം കൊണ്ട് എനിക്ക് ഇഷ്ടമായത് ശ്രീകുമാറേട്ടന്റെ ഭീമനായിരുന്നു. കളരിച്ചിട്ടയുടെ നിഷ്ടപാലിക്കുകയും കൂടുതല്‍ ഊര്‍ജ്ജം വിനിയോഗിക്കുകയും ചെയ്തുകൊണ്ടുള്ള പ്രകടമായിരുന്നു കേശവേട്ടന്റേത്. പതിഞ്ഞപദം വിധിയാം വണ്ണം അവതരിപ്പിച്ച ഇദ്ദേഹത്തിന്റെ ‘വഴിയില്‍ നിന്നു പോക’ എന്നതിന്റെ ചുഴിപ്പോടുകൂടിയുള്ള ആരംഭം അതിമനോഹരമായി. കലാശമായാലും ഇളകിയാട്ടമായാലും കളരില്‍ ആടുന്ന അതേ ആര്‍ജ്ജവത്തോടെയാണ് അഭ്യാസതികവുള്ള കേശവേട്ടന്‍ ചെയ്യുന്നത്, ഇത് മനോഹരവുമാണ്. കളരിഅതുപോലെ ആടുന്നതാണോ അരങ്ങ്? കളരിയും അരങ്ങും വത്യസ്തമല്ലെ? എന്നതും ചിന്തനീയമാണ്. “ആരിഹ വരുന്നതിവനാരു....”
ആദ്യകളിയില്‍ ശ്രീ കലാമണ്ഡലം പ്രമോദ് പാഞ്ചാലിവേഷം ചെയ്തപ്പോള്‍
അടുത്തതില്‍ ശ്രീ ഫാക്റ്റ് ബിജുഭാസ്ക്കറാണ് പാഞ്ചാലിയായത്. “മേദുരഗുഹാന്തരേ മേവീടുന്നു”
തെക്കന്‍ ചിട്ടയിലെ മുതിര്‍ന്ന കലാകാരനായ ശ്രീ മടവൂര്‍ വാസുദേവന്‍
നായരായിരുന്നു എറണാകുളം ക്ലബ്ബിലെ കല്യാണസൌഗന്ധികത്തില്‍ ഹനുമാനായെത്തിയത്. കലാ: ശ്രീകുമാറായിരുന്നു തൃപ്പൂണിത്തുറയിലെ ഹനുമാനായത്. തഴക്കവും പഴക്കവുമുള്ള മടവൂരാശാന്‍ തന്റെ സുന്ദരവും ഒതുക്കമുള്ളതുമായ ശൈലിയില്‍ ഹനുമാനെ അവിസ്മരണീയമാക്കിയപ്പോള്‍ ശ്രീകുമാറേട്ടന്‍ കലാമണ്ഡലം ശൈലിയില്‍ മോശമല്ലാതെയുള്ള അരങ്ങുനിര്‍വ്വഹണം നടത്തിയതേയുള്ളു. ഇരുവരും അഷ്ടകലാശം ചവുട്ടിയിരുന്നു. തെക്കന്‍ ചിട്ടയില്‍ മുന്‍പുമുതലേ പതിവുള്ളതുകൊണ്ട് മടവൂരാശാന്‍ അഷ്ടകലാശം എടുത്തു. എന്നാല്‍ കല്ലുവഴിചിട്ടക്കാരനായ ശ്രീകുമാര്‍ എന്തിനാണ് കലാശമെടുത്തതെന്ന് മനസ്സിലായില്ല.
“മേദുരഗുഹാന്തരേ മേവീടുന്നു”
മടവൂരാശാന്റെ ഹൃദയാകര്‍ഷകമായിതോന്നിയ ഹനുമാന്‍ അവതരണത്തില്‍
ചില ഭാഗങ്ങള്‍ സ്മരിക്കട്ടെ-
‘രാവണാന്തകനായീടും‘ എന്നിടത്ത് ക്രുദ്ധിച്ച് ഇടത്തേയ്ക്കുനീങ്ങിയ ഹനുമാന്‍ ‘ദുഷ്ടന്‍, ചത്തുമലച്ചു’ എന്നു കാട്ടി, ഇനി വൃദ്ധാ ക്രോധം വേണ്ട എന്നുധ്വനിപ്പിച്ചുകൊണ്ട് തിരിഞ്ഞ് പദാഭിനയം ചെയ്തു. “ബാലതകൊണ്ടു ഞാൻ‘ എന്ന് പറയുമ്പോള്‍ ‘ബാലനോ? നീയോ? പൊണ്ണതടിയനായി, അടി, അടി’ എന്ന് വാത്സല്യപൂര്‍വ്വം ഹനുമാന്‍ ഭീമനെ സമീപിച്ചു.
ഗദ കുത്തിപ്പിടിച്ചുള്ള വീക്ഷണം
‘കൌരവന്മാരോടു സംഗരമിനീ’ എന്നുകേട്ട ഹനുമാന്‍ ‘ആ ദുഷ്ടര്‍ ഇവരുടെ ഭാര്യയുടെ വസ്ത്രാക്ഷേപം ചെയ്തു, ഇവരെ വളരെ ദ്രോഹിച്ചു‘ എന്നിങ്ങനെ ലഘുമുദ്രകളിലൂടെ ആടി പാണ്ഡവരുടെ അവസ്തകള്‍ സ്മരിച്ചു.‘മാന്യനായ തവ സോദരന്‍’ എന്ന് ചൊല്ലിവട്ടം തട്ടിയപ്പോള്‍ രാമേശ്വരത്തുവെച്ച് അര്‍ജ്ജുനനുമായി കണ്ടു മുട്ടിയതും, അന്നുതന്നെ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ച് അരികളെ നശിപ്പിക്കാമെന്നു വാക്കുകൊടുത്തതും, അതിനിടയാക്കിയ സാഹചര്യവും ഹനുമാന്‍ വ്യക്തമാക്കി. ഭീമന്‍ ആവശ്യപ്പെടുമ്പോള്‍ ഹനുമാന്‍ അര്‍ജ്ജുനന്റെ കൊടിയില്‍ വസിച്ചുകൊള്ളാം എന്ന് മറുപടി നല്‍കുന്നതിനുള്ള കാരണംകൂടി ഇവിടെ വ്യക്തമാക്കിയത് വളരെ ഉചിതം തന്നെ.
“വാനരാധമാ” നേരേ പോയാല്‍ മതിയോ എന്ന് ചോദിച്ച ഭീമനോട്, ‘നേരേ പോയാല്‍
തലപൊട്ടിത്തെറിച്ച് മരിക്കും, ഇത് മനുഷ്യമാര്‍ഗ്ഗമല്ല’ എന്നും, ഗധയ്ക്കായി മടങ്ങിവന്ന് ജപിച്ചുകൊണ്ടിരിക്കുന്ന ഹനുമാനെ ഭീമന്‍ തൊടുമ്പോള്‍ ചാടി എഴുന്നേറ്റ് ‘ഹോ, നീ ആയിരുന്നോ? പോയില്ലെ? എന്റെ തപം മുടക്കുന്നവര്‍ ഭസ്മമായിപോകും, അറിയാമോ?’ എന്നും അതാതുഭാവപ്രകടനത്തോടെ ലഘുമുദ്രകളില്‍ മാത്രം അവതരിപ്പിക്കുന്നുവെങ്കിലും പ്രേക്ഷകരില്‍ ഇത് വലിയ അനുഭവമാണ് ഉണ്ടാക്കുന്നത്.ഗദ തരിക എന്ന് ഭീമന്‍ അപേക്ഷിക്കവെ ‘എന്നാല്‍ എന്റെ ഗദ തന്നേയ്ക്കട്ടെ?’ എന്ന് ചോദിച്ച ഹനുമാന്‍, പിന്നീട് ഗദ എടുത്ത് കാട്ടിക്കൊണ്ട് ‘ഇതു തന്നെയോ?’ എന്ന് ഭീമനോട് ചോദിച്ചശേഷം ഗദയുടെ മൂട് പരിശോധിച്ച് ‘ഇതു തന്നെ, രാജമുദ്ര കാണാനുണ്ട്’ എന്ന് ആടി.
“രാവണാന്തകനായീടും രാമന്റെ” ക്ലബ്ബിലെ കളിക്ക് സംഗീതം കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം
ബാലചന്ദ്രനും ശ്രീ കലാമണ്ഡലം ബാബു നമ്പൂതിരിയും ചേര്‍ന്നായിരുന്നു. തൃപ്പൂണിത്തുറയില്‍ ശ്രീ കലാമണ്ഡലം ഗോപാലകൃഷ്ണനും, ശ്രീ കലാമണ്ഡലം രാജേഷ്‌ബാബുവും ചേര്‍ന്നായിരുന്നു പാട്ട്.
“ഭീയേതി ഭീമം”
ചെണ്ടയ്ക്ക് ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും മദ്ദളത്തിന് ശ്രീ കലാമണ്ഡലം
പ്രശാന്തും ആയിരുന്നു എറണാകുളത്ത്. തൃപ്പൂണിത്തുറകളിക്ക് ശ്രീ കോട്ടക്കല്‍ പ്രസാദ്, ശ്രീ ഗോപീകൃഷ്ണന്‍ തമ്പുരാന്‍ എന്നിവരായിരുന്നു ചെണ്ടയ്ക്ക്. മദ്ദളത്തിന് ശ്രീ കലാനിലയം പ്രകാശനും, കലാ:പ്രശാന്തും. രണ്ടു കളികളിലേയും പാട്ടും മേളവും ശരാശരി നിലവാരം പുലര്‍ത്തിയിരുന്നു.
“ഭീമം പതിതം പദാന്തേ”
എറണാകുളത്ത് എറണാകുളം കഥകളി ക്ലബ്ബിന്റേതും തൃപ്പൂണിത്തുറയില്‍
തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റേതുമായിരുന്നു കളിയോഗം.
ഹനുമാന്‍ ഭീമനെ അനുഗ്രഹിച്ച് അയയ്ക്കുന്നു