അരങ്ങ്’ 09

കേരളത്തിലെ മഹത്തായ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും വരുംതലമുറയ്ക്ക് അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കലാസാംസ്ക്കാരീകസംഘടനയായ തിരനോട്ടം പ്രസ്തരും പ്രഗത്ഭരുമായ കലാകാരന്മാരെ അണിനിരത്തിക്കൊണ്ട് ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും ഈ കലകള്‍ പ്രതിവര്‍ഷം അവതരിപ്പിച്ചുവരുന്നു. തിരനോട്ടത്തിന്റെ ഈ വര്‍ഷത്തെ പരിപാടി-‘അരങ്ങ്’09’- 08/08/09ന് പൂര്‍വ്വാധികം ഭംഗിയായി, ദിനരാത്രങ്ങളെ സംഗീതവാദ്യനാട്ട്യസാന്ദ്രമാക്കിക്കൊണ്ട് ഇരിങ്ങാലക്കുട ഉണ്ണായിവാര്യര്‍ കലാനിലയത്തില്‍ അരങ്ങേറി. ഡോ:കെ.എന്‍.പിഷാരടിസ്മാരക കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുടയുടെ സഹകരണത്തോടെയാണ് ‘അരങ്ങ്’ 09’ നടത്തപ്പെട്ടത്. പത്മശ്രീ ബഹുമതിനേടിയ ശ്രീ കലാമണ്ഡലം ഗോപി, ശ്രീ മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി മാരാര്‍ എന്നിവരേയും ശ്രീ ചേര്‍പ്പുളശ്ശേരി ശിവനേയും ആദരിക്കുന്ന ‘ആദരായണം’ ചടങ്ങോടെ രാവിലെ 8:30ന് ‘അരങ്ങ്’09’ സമാരംഭിച്ചു. ചടങ്ങില്‍ ശ്രീ സി.മോഹന്‍‌ദാസ് ഇവരെ അനുമോദിച്ചു. തുടര്‍ന്ന് മട്ടന്നൂര്‍ ശങ്കരന്‍‌കുട്ടി മാരാര്‍, ശ്രീ മട്ടനൂര്‍ ശ്രീരാജ് എന്നിവര്‍ ചെണ്ടയിലും, ചേര്‍പ്പുളശ്ശേരി ശിവന്‍, ശ്രീ കലാമണ്ഡലം ഹരിഹരന്‍ എന്നിവര്‍ മദ്ദളത്തിലും ശ്രീ ഏഷ്യാഡ് ശശി, ശ്രീ വിനോദ് എന്നിവര്‍ ഇലത്താളത്തിലും പങ്കെടുത്ത കേളി നടന്നു. രാവിലെ 11:30ന് മൃദംഗവിദ്വാന്‍ കലൈമാമണി ശ്രീ മന്നാര്‍ഗുഡി എ.ഈശ്വരന്‍ അവതരിപ്പിച്ച ‘തനിയാവര്‍ത്തനം-ഒരാസ്വാദനം’ എന്ന വിഷയത്തിലുള്ള സോദാഹരണപ്രഭാഷണം നടന്നു. ഉച്ചക്കുശേഷം 2:30മുതല്‍ ‘കോട്ടയം കഥകളിലേയ്ക്കൊരു ജാലകം’ എന്ന പ്രഭാഷണ-ചര്‍ച്ചാപരിപാടി നടന്നു. കോട്ടയം കഥകളുടെ സാഹിത്യ-സംഗീത-രംഗാവതരണങ്ങളെക്കുറിച്ച് ഇതില്‍ ചര്‍ച്ചചെയ്യപ്പെട്ടു. അധികാരം നഷ്ടപ്പെട്ട് കാട്ടില്‍ അലയേണ്ടിവരുകയും, തന്റെ പൂര്‍ണ്ണമായ ശക്തി പ്രയോഗിച്ചാല്‍ ശത്രുവിനെ നിസാരമായി വകവരുത്താം എന്ന് ഉറപ്പിച്ച് പറയുകയും എന്നാല്‍ ചില ധര്‍മ്മനിഷ്ടകളുടെ കെട്ടുപാടിനാല്‍ ഇങ്ങിനെ പ്രവര്‍ത്തിക്കാനാകാതെ ദു:ഖിക്കുകയും ചെയ്യുന്ന ഒരു നായകന്റെ മനസ്സ് കോട്ടയം കഥകളുടെയെല്ലാം അന്തര്‍ധാരയായി വര്‍ത്തിക്കുന്നതായി കാണാം എന്ന് ചര്‍ച്ച നയിച്ച ശ്രീ കെ.ബി.രാജ് ആനന്ദ് പ്രസ്ഥാവിച്ചു. ഇതിന് കാരണം ആട്ടകഥാകാരന്റെ ചില ഭൌതീക സാഹചര്യങ്ങളാകാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതര കഥാകൃത്തുക്കളെ അപേക്ഷിച്ച് ധാരാളം രാക്ഷസ-പ്രതിനായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് കോട്ടയം തമ്പുരാന്‍ എന്നിരിക്കിലും ഒരു ഉത്തമപ്രതിനായക കഥാപാത്രത്തെ സമ്മാനിക്കാനായില്ല എന്നതാണ് കോട്ടയം കഥകളുടെ അഥവാ കോട്ടയത്ത് തമ്പുരാന്റെ ഒരു പോരായ്ക എന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി.
വൈകിട്ട് 4:30മുതല്‍ പത്മശ്രീ പാലക്കാട് രഘുവിന്റെ പൌത്രന്‍ ശ്രീ അഭിഷേക് രഘുറാം സംഗീതകച്ചേരി അവതരിപ്പിച്ചു. ശ്രീ എസ്സ്.വരദരാജന്‍ വയലിനിലും മന്നാര്‍ഗുഡി ഈശ്വരന്‍ മൃദഗത്തിലും ശ്രീ ഇലഞ്ഞിമേല്‍ പി.സുശീല്‍ കുമാര്‍ ഘടത്തിലും പക്കം നല്‍കി.

കഥകളിയിലെ ഒരു യുവകലാകാരനെ ഒരു വര്‍ഷത്തേയ്ക്ക് സ്പോണ്‍സര്‍ ചെയ്യുന്ന ഒരു പദ്ധതി തിരനോട്ടം മുന്‍‌വര്‍ഷം മുതല്‍ ആവിഷ്ക്കരിച്ചിരുന്നു. തിരനോട്ടത്തിന്റെ അഭിനന്ദനീയമായ ഈ പദ്ധതിയില്‍ കഴിഞ്ഞവര്‍ഷം ശ്രീ കലാമണ്ഡലം പ്രദീപ് കുമാറിനെയാണ് ഉള്‍പ്പെടുത്തിയിരുന്നത്. ഈ പദ്ധതിപ്രകാരം 10 അരങ്ങുകളില്‍ പ്രധാന വേഷങ്ങള്‍ ചെയ്യാനായ കലാ:പ്രദീപ് കുമാറിനെ വേദിയില്‍ വെച്ച് തിരനോട്ടം അഭിനന്ദിച്ചതിനൊപ്പം അടുത്തവര്‍ഷം ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ശ്രീ സദനം ഭാസിക്ക് കരാര്‍ കൈമാറുകയും ചെയ്തു. കൂടാതെ കലാരംഗത്ത് ഏറെക്കാലം നിറഞ്ഞു നില്‍ക്കുകയും ശാരീരികാസ്വാസ്ഥ്യങ്ങള്‍ മൂലം ഇപ്പോള്‍ അരങ്ങിലെത്താന്‍ സാധിക്കാതെയിരിക്കുകയും ചെയ്യുന്നവരും അഗീകാരം അര്‍ഹിക്കുന്നവരുമായ കലാകാരന്മാരില്‍ ഒരാള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് പ്രതിമാസം 1000 രൂപ വീതം ഗ്രാന്റ് നല്‍കി ആദരിക്കുന്ന ഒരു പദ്ധതിയും തിരനോട്ടം ആവിഷ്ക്കരിച്ചിട്ടുണ്ട്. ഈ പദ്ധതിയില്‍ പ്രധമമായി ഉള്‍പ്പെടുത്തിയ പ്രശസ്ത മദ്ദളവാദകന്‍ ശ്രീ തൃക്കൂര്‍ ഉണ്ണികൃഷ്ണനെയും വേദിയില്‍ വെച്ച് ആദരിക്കുകയുണ്ടായി. കഥകളി അണിയറകളില്‍ ദീര്‍ഘകാലമായി സേവനമനുഷ്ടിച്ചുവരുയാളും അടുത്ത് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുകയും ചെയ്യുന്ന ശ്രീ അപ്പുണ്ണിത്തരകനെയും തിരനോട്ടം ആദരിക്കുകയുണ്ടായി.



രാത്രി 8:30ഓടെ കഥകളി ആരംഭിച്ചു. ശ്രീ ഇ.കെ.വിനോദ് വാര്യര്‍ ധര്‍മ്മപുത്രനായും ശ്രീ കലാമണ്ഡലം ശുചീന്ദ്രനാഥന്‍ പാഞ്ചാലിയായും വേഷമിട്ട ‘ബകവധം’ കഥയുടെ പുറപ്പാടാണ് ഇവിടെ അവതരിപ്പിക്കുകയുണ്ടായത്. ഇവിടെ തുടര്‍ന്ന് നടത്താന്‍ നിശ്ചയിച്ച കാലകേയവധം കഥയ്ക്ക് പ്രത്യേകമായി പുറപ്പട് രചിക്കപ്പെട്ടിട്ടില്ല. ഇതിനാല്‍ രാവണോത്ഭവത്തിന്റെ പുറപ്പാടാണ്(ഇന്ദ്രനും ഇന്ദ്രാണിയുമായുള്ള) കാലകേയവധത്തിനും ആചാര്യന്മാരാല്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇവിടെ കോട്ടയം കഥയ്ക്ക്, തമ്പുരാനാല്‍ രചിക്കപ്പെട്ട ഒരു പുറപ്പാട് എന്ന നിലയ്ക്കായിരിക്കാം ബകവധം പുറപ്പാട് അവതരിപ്പിക്കപ്പെട്ടത് എന്ന് തോന്നുന്നു. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ഇതില്‍ സംഗീതം കൈകാര്യം ചെയ്തത് ശ്രീ കലാമണ്ഡലം വിനോദും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നാണ്. ‘മഞ്ജുതരയുടെ’ ചില ചരണങ്ങളില്‍ രാഗമാറ്റമൊക്കെ വരുത്തിയിരുന്നുവെങ്കിലും സമ്പൃദായം കൈവിടാതെ ഭംഗിയായി ഇവര്‍ പാടി. ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം കൃഷ്ണദാസും ചേര്‍ന്ന് ചെണ്ടയും ശ്രീ കോട്ടക്കല്‍ രവിയും ശ്രീ കലാമണ്ഡലം ശശിയും ചേര്‍ന്ന് മദ്ദളവും കൈകാര്യം ചെയ്തു.



കോട്ടയത്ത് തമ്പുരാനാല്‍ വിരചിതമായതും കഥകളിയുടെ തൌര്യത്രികകഭംഗി കവിഞ്ഞൊഴുകുന്നതുമായ ‘നിവാതകവചകാലകേയവധം’ കഥ സമ്പൂര്‍ണ്ണമായാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. വേഷങ്ങളെ അടിസ്ഥാനമാക്കിയും മറ്റുമുള്ള ‘ട്വന്റി-20’ കളികള്‍ നടക്കുന്ന ഈ കാലഘട്ടത്തില്‍ ഒരു കഥ സമ്പൂര്‍ണ്ണമായി(സാധാരണ സമ്പൂര്‍ണ്ണമെന്ന് പറഞ്ഞ് അവതരിപ്പിക്കുമ്പോള്‍ പോലും ഒഴിവാക്കുപ്പെടുന്ന രംഗങ്ങളും കൂടി ഉള്‍പ്പെടുത്തി അക്ഷരാര്‍ത്ഥത്തില്‍ തന്നെ സമ്പൂര്‍ണ്ണമായി), അതും ചിട്ടപ്രധാനമായ കോട്ടയം കഥകള്‍ അവതരിപ്പിക്കുന്ന തിരനോട്ടത്തിന്റെ ഉദ്യമങ്ങള്‍ തികച്ചും ശ്ലാഘനീയമാണ്. മാത്രമല്ല ഈ കളികള്‍ നല്ലരീതിയില്‍ ദൃശ്യാലേഘനം ചെയ്ത് വെയ്ക്കുന്നത് കലാലോകത്തിന് ഒരു മുതല്‍കൂട്ടുമാണ്. ഇന്ദ്രനായിരംഗത്തുവന്ന ശ്രീ കലാമണ്ഡലം ഷണ്മുഖദാസ് നല്ല പ്രകടനം കാഴ്ച്ചവെച്ചു. മാതലിയായി അഭിനയിച്ചത് ശ്രീ സദനം നരിപ്പറ്റ നാരായണന്‍ നമ്പൂതിരിയാണ്. ഇന്ദ്രന്റേയും അര്‍ജ്ജുനന്റേയും വാക്കുകള്‍ക്ക് എല്ലാം പ്രതികരണമുള്ള-വളരെ ലൈവായ- ഒരു മാതലിയായിരുന്നു ഇദ്ദേഹത്തിന്റേത്. എന്നാല്‍ ‘തന്റെ പുത്രനെ ഉടനെ കൂട്ടിക്കൊണ്ടുവരുവാന്‍‘ ആജ്ഞാപിക്കുന്ന ഇന്ദ്രനോട് സാരഥിയായ മാതലി ‘അങ്ങയുടെ രഥം തന്നെ കൊണ്ടുപോകണമോ?’ എന്നു സംശയിക്കുകയും, തുടര്‍ന്ന് പാണ്ഡവന്‍ ദ്രോണര്‍ക്ക് ഗുരുദക്ഷിണ നല്‍കിയ കഥയൊക്കെ വിസ്തരിച്ച് അര്‍ജ്ജുനന്റെ ശ്രേഷ്ഠത വെളിവാക്കുന്നതായി ആടിയതും തികച്ചും അനൌചിത്യമായി തോന്നി. ഇതു കണ്ടപ്പോള്‍ ‘എടോ മാതലേ, താന്‍ കഥപറയാന്‍ നില്‍ക്കാതെ വേഗം പറഞ്ഞ ജോലി ചെയ്താലും’ എന്ന് ഇന്ദ്രന്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിപോയി. തുടര്‍ന്നുള്ള മാതലിയുടെ തേര്‍ കൂട്ടികെട്ടലും മറ്റും അത്ര അനുഭവവേദ്യമായതുമില്ല.



ആദ്യ രണ്ടു രംഗങ്ങളില്‍ അര്‍ജ്ജുനനായെത്തിയ കലാ:ഗോപി അതിശയകരമായ പ്രകടനം തന്നെയാണ് കാഴ്ച്ചവെയ്ച്ചത്. ചിട്ടയും ഒപ്പം ഭാവവും പ്രധാനമായുള്ള ഈ അര്‍ജ്ജുനവേഷത്തില്‍ ഗോപിയാശാനെത്തുകയും ഒപ്പം ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയുടെ പാട്ടും കലാ:ഉണ്ണികൃഷ്ണന്റെ ചെണ്ടയും ഒത്തുചേരുന്ന അരങ്ങുകളെല്ലാം തന്നെ തൌര്യത്രികസൌന്ദര്യത്താല്‍ അവിസ്മരണീയങ്ങളാണ്.



ആദ്യരംഗത്തില്‍ ശ്രീ നെടുമ്പുള്ളി രാം‌മോഹനും അടുത്തരംഗങ്ങളില്‍ കലാ:വിനോദും വളരെ ഭംഗിയായിതന്നെ മാടമ്പിയാശാന്റെ ശിങ്കിടിയായി പാടിയിരുന്നു. ആദ്യരംഗത്തില്‍ ശ്രീ കലാനിലയം പ്രകാശനും തുടര്‍ന്ന് ശ്രീ കോട്ട:രവിയും ആണ് മദ്ദളം വായിച്ചത്.



മൂന്നാം രംഗം മുതല്‍ അര്‍ജ്ജുനവേഷമിട്ടത് ശ്രീ സദനം കൃഷ്ണന്‍കുട്ടി ആയിരുന്നു. ശ്രീ കലാ:ശുചീന്ദ്രനാഥന്‍ ഇന്ദ്രാണിയായി രംഗത്തെത്തി. പതിവു വഴിയില്‍ നിന്നും വിട്ടാണ് അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണന പുരോഗമിച്ചത്. അദ്യഭാഗത്ത് സ്വര്‍ഗ്ഗത്തിന്റെ അധോ-മദ്ധ്യ-ഉപരി ഭാഗങ്ങള്‍ പ്രത്യേകം പ്രത്യേകമായി നോക്കികാണുന്നതായി ഇവിടെ ആടികണ്ടില്ല. ഐരാവതാ‍ദികളെ കണ്ടുവന്ദിച്ച് സഞ്ചരിച്ചശേഷമാണ് സാധാരണ കല്പവൃക്ഷച്ചുവട്ടിലെ സ്ത്രീകളെ കാണാറ്. എന്നാല്‍ ഇവിടെ അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗത്തിലെ ആദ്യകാഴ്ച്ചതന്നെ ഇതായിരുന്നു. കാമധേനുവിനെ കാണുന്ന സമയത്ത് ദിലീപരാജാവിന്റെ കഥ ഓര്‍ക്കുന്നതായി ആടുകയുണ്ടായി. ഈ രംഗത്തില്‍ രാമന്‍ നമ്പൂതിരിയാണ് ചെണ്ട കൈകാര്യം ചെയ്തിരുന്നത്.



സാധാരണപതിവില്ലാത്ത അഞ്ചാം രംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഇന്ദ്രവൈരികളായ വജ്രബാഹു, വജ്രകേതു എന്നീ അസുരസോദരന്മാര്‍ സ്വര്‍ഗ്ഗലോകത്തെത്തി അനധികൃതമായി സ്വര്‍ഗ്ഗസ്ത്രീകളെ അപഹരിച്ചുകൊണ്ട് പോകുന്ന വേളയില്‍, ശബ്ദകോലാഹലം കേട്ട് അവിടെയെത്തുന്ന അര്‍ജ്ജുനന്‍ അപ്സരസ്ത്രീകളെ മോചിപ്പിക്കുകയും അസുരരെ യുദ്ധത്തില്‍ വധിക്കുകയും ചെയ്യുന്നതാണ് ഈ രംഗത്തിലെ കഥ. ഇവിടെ വജ്രബാഹു(താടിവേഷം)വായി ശ്രീ പെരിയാനം‌പറ്റ ദിവാകരനും വജ്രകേതു(കത്തിവേഷം)വായി കലാ:പ്രദീപ് കുമാറുമാണ് അരങ്ങിലെത്തിയത്. അനുജനായ വജ്രകേതുവിന്റെ തിരനോട്ടത്തിന് മേലാപ്പും ആലവട്ടവും ഒക്കെ കണ്ടു. ഇവിടെ ഇതിന്റെ ആവശ്യമുണ്ടെന്ന് തോന്നിയില്ല. ഈ ഭാഗം മുതല്‍ പൊന്നാനിയായി പാടിയത് ശ്രീ കോട്ടക്കല്‍ നാരായണന്‍ ആയിരുന്നു. നെടുമ്പുള്ളി രാം‌മോഹന്‍, കലാനി:രാജീവ് എന്നിവര്‍ ശിങ്കിടിയായും പാടി. ശ്രീ സദനം രാമകൃഷ്ണന്‍, ശ്രീ കലാനിലയം രതീഷ്(ചെണ്ട) കലാനി:പ്രകാശ്(മദ്ദളം) എന്നിവരായിരുന്നു ഈ രംഗത്തില്‍ മേളത്തിന്.



പുരുവംശതിലകനായ അജ്ജുനനെ നേരില്‍ കണ്ട് അവനില്‍ വശീകൃതയും അതുമൂലം വിവശീകൃതയുമായ ഉര്‍വ്വശി സഖിയോട് തന്റെ മനോവിചാരങ്ങള്‍ അറിയിക്കുകയും വിജയന്റെ രൂപഗുണങ്ങള്‍ വര്‍ണ്ണിക്കുന്നതുമാണ് തുടര്‍ന്നുള്ള രംഗം. ഒരേ സമയം ചിട്ടപ്രധാനവും ഭാവപ്രധാനുവുമായ ഉര്‍വ്വശിയെന്ന കോട്ടയത്തുതമ്പുരാന്റെ അതുല്യമായ കഥാപാത്രം എന്നും സ്ത്രീവേഷക്കാര്‍ക്ക് ഒരു വെല്ലുവിളിയായുള്ളതാണ്. ഇവിടെ ഈ വേഷം ഭംഗിയായിതന്നെ ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ കൈകാര്യം ചെയ്തു. സവിശേഷമായ ഇരട്ടിനൃത്തത്തോടുയോടുകൂടിയ ‘പാണ്ടവന്റെ രൂപം കണ്ടാല്‍’ എന്ന പതിഞ്ഞപദം ഉള്‍പ്പെടുന്ന ആദ്യഭാഗം ചിട്ടപ്പടിയുള്ള നൃത്തങ്ങളോടും ഭാവപ്രകാശനത്തോടും കൂടി അവിസ്മരണീയമായ അനുഭവമാക്കിതീര്‍ത്തു ഇദ്ദേഹം. എന്നാല്‍ സ്വമനോരഥത്തിന് പ്രതികൂലമായ അര്‍ജ്ജുനന്റെ പ്രതികരണം കണ്ട് ഭാവം മാറുന്നത് മുതലുള്ള ഭാഗങ്ങള്‍ ഓടിച്ച് തീര്‍ക്കുന്നതായി തോന്നി. മാര്‍ഗ്ഗിയ്ക്ക് കുറച്ചുകൂടി സമയമെടുത്ത് ഈ ഭാഗം ഭംഗിയാക്കാമായിരുന്നു. പ്രത്യേകിച്ച് അന്ത്യത്തിലെ ശാപത്തിന്റെ ഭാഗമൊക്കെ. ശ്രീ കലാമണ്ഡലം വിജയകുമാറായിരുന്നു സഖിയായിവേഷമിട്ടിരുന്നത്.











































മാര്‍ഗ്ഗിയുടെ ഉര്‍വ്വശിയും കോട്ട:നാരായണന്റെ പാട്ടും കലാ:ശശിയുടെ മദ്ദളവാദനവും ചേര്‍ന്ന് ഈ ഭാഗം തൌര്യത്രികഭംഗി ഇയലുന്നതും അവിസ്മരണീയവും ആക്കിതീര്‍ത്തു. കലാ:കൃഷ്ണദാസായിരുന്നു ചെണ്ടയ്ക്ക്.

ശാപഗ്രസ്തനായി കേഴുന്ന അര്‍ജ്ജുനനെ ഇന്ദ്രനെത്തി ആശ്വസിപ്പിക്കുന്നതു മുതലുള്ള ഭാഗത്ത് കലാനി:രാജീവനും നെടുമ്പുള്ളി രാം‌മോഹനും ചേര്‍ന്നായിരുന്നു പാട്ട്. നോക്കിയാണ് രാജീവന്‍ പാടിയിരുന്നതെങ്കിലും യുദ്ധപദങ്ങളും മറ്റും സമ്പൃദായാധിഷ്ഠിതമായും ഉണര്‍വ്വോടും അതന്നെയാണ് പാടിയിരുന്നത്. എന്നാല്‍ നിവാതകവചന്റെ യുദ്ധപദം ലേശം കാലം താഴ്ത്തിപാടിയത് രംഗത്തിന്റെ ചടുലതയെ ബാധിച്ചിരുന്നു.



നിവാതകവചനായെത്തിയത് ശ്രീ കലാനിലയം ഗോപി ആയിരുന്നു. ഈ ഭാഗം മുതല്‍ സദനം രാമകൃഷ്ണന്‍, കലാനി:രതീഷ്,(ചെണ്ട) കലാനി:പ്രകാശന്‍(മദ്ദളം) എന്നിവര്‍ ചേര്‍ന്നാണ് മേളമൊരുക്കിയത്.



കാലകേയവേഷമിട്ടത് ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയായിരുന്നു. ഭീരുവായെത്തിയിരുന്ന കലാ:ശുചീന്ദ്രന്റെ വേഷമൊരുങ്ങലും പ്രവൃത്തിയും കണ്ടിട്ട് ഇദ്ദേഹം മുന്‍പ് ഭീരുവേഷം കണ്ടിട്ടുകൂടിയില്ലെന്ന് തോന്നി. ഈ രംഗം മുതല്‍ ചെണ്ടയ്ക്ക് രാമന്‍ നമ്പൂതിരിയും കൂടിയിരുന്നു. നന്ദികേശ്വരനായി അരങ്ങിലെത്തിയത് സദനം ഭാസി ആയിരുന്നു. രണ്ടാം അര്‍ജ്ജുനനായി വേഷമിട്ട സദനം കൃഷ്ണന്‍‌കുട്ടി പതിവിനു വിരുദ്ധമായി നാലാം രംഗം മുതല്‍ തന്നെ അരങ്ങിലെത്തിയതുകൊണ്ടാകാം അന്ത്യഭാഗമായപ്പോഴേക്കും ക്ഷീണിതനായി അനുഭവപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ അന്ത്യഭാഗത്തിലെ അര്‍ജ്ജുനനായി അഭിനയിക്കുവാന്‍ മൂന്നാമതൊരു നടനേക്കൂടി ഉള്‍പ്പെടുത്താമായിരുന്നു എന്ന് തോന്നി.



സമയക്കുറവുമൂലം ഇവിടെ കഥയുടെ അവസാനരംഗങ്ങള്‍ വിസ്തരിക്കുവാന്‍ സാധിച്ചിരുന്നില്ല. മുഴവന്‍ കഥ അവതരിപ്പിക്കുന്ന സാഹചര്യത്തില്‍ കളി കുറേക്കൂടി നേരത്തെ തുടങ്ങുന്നരീതിയില്‍ സംവിധാനം ചെയ്യേണ്ടതായിരുന്നു. അല്ലെങ്കില്‍ പുറപ്പാടും മേളപ്പദവും ഒഴിവാക്കാമായിരുന്നു. എന്നാല്‍ കാലകേയവധത്തെ സംബന്ധിച്ച് അന്ത്യഭാഗങ്ങള്‍ വിസ്തരിച്ചാല്‍ വിരസമാണെന്നുള്ള വാസ്തവവും പ്രസ്താപിച്ചു കൊള്ളട്ടെ. അവസാന ഖണ്ഡത്തില്‍ തുടര്‍ച്ചയായി വരുന്ന തിരനോട്ടങ്ങളും, തന്റേടാട്ടങ്ങളും, യുദ്ധങ്ങളും തെല്ലൊരു വിരസതയുണത്താതിരിക്കില്ല പ്രേക്ഷകനില്‍. അന്ത്യരംഗത്തിലാവട്ടെ നന്ദികേശ്വരന്റെ സഹായത്താല്‍ മാത്രമാണ് നായകനു വിജയിക്കാന്‍ സാധിക്കുന്നത്. ഇത് നായകന്റെ പ്രഭാത്തിന് കോട്ടതീര്‍ക്കുന്നതുമാണ്. ദുര്യോധനവധം കഥ ദുശ്ശാസനവധത്തില്‍ നിര്‍ത്തുന്നതുപോലെ നിവാതകവചകാലകേയവധം നിവാതകവചനെ വധിക്കുന്ന രംഗത്തോടെ അവസാനിപ്പിക്കുന്നതല്ലെ ഉചിതം എന്ന് ഈ അവസ്ഥയില്‍ ആലോചിച്ച് പോവുകയാണ്. ഇങ്ങിനെ ചെയ്താല്‍ പ്രേക്ഷകരുടെ വിരസതയും രണ്ടുവേഷക്കാരേയും ഒഴിവാക്കാനാകുമെന്ന് മാത്രമല്ല സമയവും ലാഭിക്കാം.




ശ്രീ കലാമണ്ഡലം ശിവരാമന്‍, ശ്രീ കലാനിലയം സജി, ശ്രീ ഏരൂര്‍ മനോജ് എന്നിവരായിരുന്നു ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്. ശ്രീ അപ്പുണ്ണിതരകന്‍, ശ്രീ എം.നാരയണന്‍ നായര്‍, ശ്രീ ചെറുതുരുത്തി മുരളി, ശ്രീ മാങ്ങോട് നാരായണന്‍, ശ്രീ ചന്ദ്രന്‍ ചാലക്കുടി എന്നിവരായിരുന്നു അണിയറയിലും അരങ്ങിലും സഹായികളായി പ്രവര്‍ത്തിച്ചിരുന്നത്. ഉണ്ണായിവാര്യര്‍ സ്മാരക കലാനിലയത്തിന്റെ കോപ്പുകളാണ് കളിക്ക് ഉപയോഗിച്ചിരുന്നത്.

17 അഭിപ്രായങ്ങൾ:

SunilKumar Elamkulam Muthukurussi പറഞ്ഞു...

"ഇതിന് കാരണം കട്ടകഥാകാരന്റെ" spelling mistake Mani.

പിന്നേയും അവിടേയും ഇവിടേയും ഒക്കെ ഉണ്ട്. ഒന്നു കൂടെ വായിച്ചു നോക്കണേ.

ആ പാണ്ഡവന്റെ രൂപം കാണാനായിരുന്നു എനിക്ക് മോഹം.
ഞാനന്ന് തന്നെ കുറെ മൊബൈലിൽ വിളിച്ചു നോക്കി. പരിധിക്കു പുറത്തു തന്നെ ആയിരുന്നല്ലോ.

ആ സെമിനാർ ഭാഗങ്ങൾ കുറച്ചു കൂടെ എഴുതാമയിരുന്നു. നല്ലൊരു പ്രതിനായകനെ തന്നില്ല എന്നത് ഒരു ന്യൂനതയാണോ?
-സു-

SunilKumar Elamkulam Muthukurussi പറഞ്ഞു...

ട്രാക്കിങ്ങ്...

വികടശിരോമണി പറഞ്ഞു...

ഞാനുണ്ടായിരുന്നു,നമ്മൾ കണ്ടല്ലോ,മണീ.
ആശാന്റെ ഈ പ്രായത്തിലെ പ്രകടനം ഒരു സർവ്വകാലറിക്കാഡ് ആണെന്നു തോന്നുന്നു.ഈ പ്രായത്തിൽ ഇത്രമേൽ അനുഭവം നൽകാൻ ആർക്കു കഴിഞ്ഞിട്ടുണ്ടാകും?
ഒന്നൂടി മനസ്സിരുത്തായിരുന്നു,മണിക്ക്.കുറച്ചൂടി നന്നാക്കി എഴുതായിരുന്നു.എല്ലാ വേഷക്കാരുടേയും പ്രകടനത്തെക്കുറിച്ചൊക്കെ.എന്തായാലും ഗുണപരമായ മാറ്റം ശരിക്കും ഈ ബ്ലോഗിലുണ്ട്.അതു നിലനിർത്തുന്നതാണു പ്രധാനം.അലസമായി എഴുതാനേ കഴിയൂന്നു തോന്നിയാൽ എഴുതാതിരിക്യാ ഭേദംന്നാ എന്റെ ഒരു പക്ഷം.(വ്യക്തിപരാണേ)
എന്തായാലും തിരനോട്ടത്തിന്റെ സംരംഭങ്ങൾ ഒരു പുതിയ ഉണർവ്വ് നൽകുന്നുണ്ട്.ഭാസിയുടെ ഇന്റർവ്യൂ ചെയ്തപ്പോൾ ഇതു പ്രതീക്ഷിച്ചതല്ല.വലിയ സന്തോഷം തോന്നുന്നു.അതു വായിച്ചവരോടെല്ലാം ഈ സന്തോഷം പങ്കുവെക്കാൻ അദ്ദേഹം ഏൽ‌പ്പിച്ചിരുന്നു.ഇവിടെ അതുകൂടി പങ്കുവെക്കുന്നു.
മുന്നിൽ തന്നെയിരുന്ന് ഫോട്ടോ എടുത്തിട്ടത് നന്നായി.
സുനിൽ പറഞ്ഞ പോലെ,പലയിടത്തും അക്ഷരപ്പിശാച്...നോക്കണേ.
എനിക്ക് ഈ റിവ്യൂ ഒന്നും എഴുതാൻ അറിയില്ല.ഒരോ ഭ്രാന്തുകളിങ്ങനെ എഴുത്വാന്നല്ലാണ്ടെ....:)ഏതായാലും ഈ അർജ്ജുനൻ കണ്ടിട്ട് ഒന്നും എഴുതാണ്ടിരിക്കാൻ വയ്യ.ആശാനെപ്പറ്റി ചിലതൊക്കെ എഴുതാംന്ന് ആലോചിക്കുന്നു.വൈകാതെ തൌര്യത്രികത്തിൽ ഇടാം.
ആശംസകൾ....

Haree പറഞ്ഞു...

• "ഇതിന് കാരണം കട്ടകഥാകാരന്റെ ചില..." - കട്ടകഥാകാരനോ?
• ഒരുവര്‍ഷത്തേക്ക് സ്പോണ്‍സര്‍ ചെയ്യുകയും അതുവഴി ആ യുവകലാകാരന് കൂടുതല്‍ അരങ്ങുകള്‍ ലഭിക്കുകയും ചെയ്യുന്നത് വളരെ നല്ല കാര്യം തന്നെ. കലാകാരന്മാരെ സഹായിക്കുവാനുള്ള പദ്ധതിയും നന്ന്.
• ഹ ഹ ഹ! കഥ പറയാന്‍ നില്‍ക്കാതെ ജോലി ചെയ്യാന്‍ മാതലിക്കു കൊടുത്ത നിര്‍ദ്ദേശം രസിച്ചു.
• ശെടാ! ഇതിങ്ങിനെ ഇടയ്ക്കിടെ തൌര്യത്രികഭംഗിയെന്ന് എഴുതണമൊ!
• ഭീരു സാധ്യതകളുള്ള ഒരു കഥാപാത്രമാണ്. ശുചീന്ദ്രന്‍ മതിയാവുമായിരുന്നോ എന്നു സംശയം. വേഷം നിശ്ചയിച്ച സംഘാടകര്‍ക്കുമുണ്ട് വേഷം മോശമായതില്‍ പങ്ക്.
• സത്യം തന്നെ, അവസാന ഭാഗങ്ങളൊന്നും വലിയ രസമൊന്നുമില്ല കാണുവാന്‍. നിവാതനെക്കൂടി വധിക്കേണ്ടതില്ലാന്നേ... :-)

അല്പം കൂടി സമയമെടുത്തോളൂ, എന്നിട്ട് എഴുത്തങ്ങ് ഭംഗിയാക്കൂ... ഒടുക്കമായപ്പോഴേക്കും പഴയ പോസ്റ്റുകളിലെ പോലെയായി! :-)

@ വികടശിരോമണി,
ആഹ, അപ്പോളതൊരു ബ്ലോഗ് മീറ്റും ആയോ! :-) എഴുതാം, എഴുതാം എന്നിങ്ങനെ പറഞ്ഞു പേടിപ്പിക്കാതെ വേഗം എഴുതൂന്നേ!
--

Sreekanth | ശ്രീകാന്ത് പറഞ്ഞു...

മണി,

നന്നായിരിക്കുന്നു. എന്നാലും കുറച്ചു കൂടി ശ്രമിക്കാമായിരുന്നു. എനിക്ക് ഇപ്പോള്‍ ഒട്ടും സമയം കിട്ടുന്നില്ല. വൈകാതെ ഇതിനെ കുറിച്ച് ബ്ലോഗില്‍ ഇടാം എന്നു വിചാരിക്കുന്നു. നടക്കുമോ എന്നറിയില്ല. :)

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

സു,വി.ശി,ഹരീ,ശ്രീ
കമന്റുകള്‍ക്ക് നന്ദി, അക്ഷരപിശാചുകളെ വകവരുത്താം.......

സു,
നല്ലൊരു പ്രതിനായകന്‍-ഒരു തികഞ്ഞ കത്തിവേഷമോ താടിവേഷമോ സമ്മാനിക്കുവാനായില്ല എന്നത് ഒരു പോരായ്ക തന്നെയല്ലെ?

വി.ശി,
അതെയതെ, ഈ പ്രായത്തില്‍ ശരിക്കും അത്ഭുതകരമായ പ്രകടനം തന്നെയായിരുന്നു ആശാന്റേത്.

വി.ശി.യ്ക്ക് റിവ്യൂ എഴുതാന്‍ അറിയാഞ്ഞിട്ടാണെന്ന് എനിക്ക് വിശ്വാസം വരുന്നില്ല. അതിനു താല്പര്യമില്ലാഞ്ഞിട്ടാണ് എന്ന് പറഞ്ഞോളൂ. ഏതായാലും എഴുതു.....

ഹരീ,
മാതലിക്കു നിര്‍ദ്ദേശം കൊടുത്തതായി ഞാന്‍ പറഞ്ഞില്ല. കൊടുത്തിരുന്നെങ്കില്‍ എന്ന് ആശപ്പെടുകയാണ് ചെയ്തത്.

ഭീരുവേഷം ചമ്പക്കര വിജയന്‍ എന്നാണ് സഘാടകര്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിജയന്‍ നേരത്തേപോകേണ്ടതിനാല്‍ ശുചീന്ദ്രനെ ഏല്‍പ്പിക്കുകയാണുണ്ടായത്.

ശ്രീ,
കളിവെട്ടത്തില്‍ ഒരു പോസ്റ്റ് പ്രതീക്ഷിക്കുന്നു.

Vellinezhi Anand പറഞ്ഞു...

മണിയുടെ സംരംഭം അഭിനന്ദനാര്‍ഹം തന്നെ...സംശയമില്ല...

വികടശിരോമണി പറഞ്ഞു...

ഹരീ,
പേടിപ്പിക്കൂന്നില്ല.പോസ്റ്റ് ഇട്ടു,എല്ലാവർക്കും സ്വാഗതം...
സ്വപ്നത്തിന്റെ ഞരമ്പുകൾ-ഗോപിയാശാനെക്കുറിച്ച്....സ്വാഗതം...

C.Ambujakshan Nair പറഞ്ഞു...

മാതലി ‘അങ്ങയുടെ രഥം തന്നെ കൊണ്ടുപോകണമോ?’ എന്നു സംശയിക്കുകയും, തുടര്‍ന്ന് പാണ്ഡവന്‍ ദ്രോണര്‍ക്ക് ഗുരുദക്ഷിണ നല്‍കിയ കഥയൊക്കെ വിസ്തരിച്ച് അര്‍ജ്ജുനന്റെ ശ്രേഷ്ഠത വെളിവാക്കുന്നതായി ആടിയതും തികച്ചും അനൌചിത്യമായി തോന്നി. ഇതു കണ്ടപ്പോള്‍ ‘എടോ മാതലേ, താന്‍ കഥപറയാന്‍ നില്‍ക്കാതെ വേഗം പറഞ്ഞ ജോലി ചെയ്താലും’ എന്ന് ഇന്ദ്രന്‍ പ്രതികരിച്ചിരുന്നുവെങ്കില്‍ എന്ന് തോന്നിപോയി. തുടര്‍ന്നുള്ള മാതലിയുടെ തേര്‍ കൂട്ടികെട്ടലും മറ്റും അത്ര അനുഭവവേദ്യമായതുമില്ല.

മണി , അഭിനന്ദനങ്ങൾ

Haree പറഞ്ഞു...

@ മണി,
• അതെ. മണിയുടെ നിര്‍ദ്ദേശം രസിച്ചു എന്നാണ് ഉദ്ദേശിച്ചത്. :-)
• ഉര്‍വ്വശിയുടെ ഭാഗം (“പാണ്ഡവന്റെ രൂപം...”) ചിട്ടയില്‍ നിന്നും വിട്ട്, കാലമല്പം കയറ്റിയാണ് പാടിയത് എന്നെന്റെയൊരു സുഹൃത്ത് പറഞ്ഞു. സമയം വൈകിയതിനാലാവാം...
• ഭീരുവിന് ചെമ്പക്കര വിജയന്‍... അദ്ദേഹം ബുദ്ധിപൂര്‍വ്വം ഒഴിവായതല്ലേ എന്നൊരു ഡൌട്ട് ഇല്ലാതില്ല! :-)

@ വികടശിരോമണി,
വായിക്കുവാന്‍ വരുന്നുണ്ട്. :-)
--

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

ആനന്ദേട്ടാ,
നന്ദി.

വി.ശി,
പോസ്റ്റ് വായിച്ചു,കമന്റിയിട്ടുമുണ്ട്.

ഹരീ,
‘പാണ്ഡവന്റെ രൂപം’ കാലം അല്പം കയറ്റിയതായി തോന്നിയില്ല.

ചമ്പക്കര മറ്റൊരു കളികഴിഞ്ഞ് താ‍മസിച്ചാണ് വന്നിരുന്നത്. പിറ്റേന്നാള്‍ കളി പയ്യനൂരില്‍ ആയിരുന്നു താനും. അതിനാല്‍ കുറച്ച് വിശ്രമം ആവശ്യമാണല്ലോ. അതിനാലാണ് സുചീന്ദ്രനെ ഭീരുവേഷം ഏല്‍പ്പിച്ച് പോഅയത് എന്നാണ് അറിയാന്‍ കഴിഞ്ഞത്.

VAIDYANATHAN, Chennai പറഞ്ഞു...

മണീ, റെവ്യൂ വളരെ നന്നായിരിക്കുന്നു. നമ്മൾ ഒരുമിച്ചു ഇരുന്നാണല്ലോ കളി കണ്ട‌തു്. അതിന്റെ സുഖം ഒന്നു വേറെ തന്നെ ആയിരുന്നു. കളി നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ നമ്മുടെ ‘റെവ്യൂ’ നടക്കുക ആയിരുന്നല്ലോ! കേരളത്തിലെ മഹത്തായ പാരമ്പര്യ കലകളെ പ്രോത്സാഹിപ്പിക്കുകയും വരുംതലമുറയ്ക്ക് അവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന കലാസാംസ്ക്കാരീകസംഘടനയായ ‘തിരനോട്ടത്തിന്റെ’ ഭാരവാഹികളെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. അതിനോടൊപ്പം ഡോ:കെ.എൻ.പിഷാരടിസ്മാരക കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുടയുടെ സഹകരണവും എടുത്തു പറയേണ്ടതാണ്. ‘ആദരായണ‘ത്തിന്റെ മറുപടിയായി ഗോപിയാശാൻ പ്രസംഗിച്ചത് വളരെ ഉചിതമായി. തുടർ‌ന്ന് മട്ടന്നൂര് ശങ്കരന്‍‌കുട്ടി മാരാര്, ശ്രീ മട്ടനൂര് ശ്രീരാജ് എന്നിവര് ചെണ്ടയിലും, ചേര്‍പ്പുളശ്ശേരി ശിവന്, ശ്രീ കലാമണ്ഡലം ഹരിഹരന് എന്നിവര് മദ്ദളത്തിലും ശ്രീ ഏഷ്യാഡ് ശശി, ശ്രീ വിനോദ് എന്നിവര് ഇലത്താളത്തിലും പങ്കെടുത്ത കേളി വളരെ അവിസ്മരണിയമായ ഒന്നായിരുന്നു. ‘കേളി’യിലെ പതിവില്ലാത്ത പല ‘നമ്പരുകളും’ രണ്ട് ‘അഛന്മാരും’ പ്രയോഗിച്ചു എങ്കിലും ‘മക്കൾ’ രണ്ടുപേരും വളരെ ചിട്ടയോടെ ആ എണ്ണങ്ങൾ എടുത്തുകൊട്ടിയത് മനോഹരമായി. ഈശ്വർ സാറിന്റെ സോദാഹരണപ്രഭാഷണം നല്ല ഒരു അനുഭവം ആയി. ഉച്ചക്ക് ശേഷം നടക്കേണ്ട ‘പ്രശ്നോത്തരി’ക്കായി കാത്തിരുന്ന നമ്മെ വരവേറ്റതു സർവശ്രീ നെല്ലിയോട് വാസുദേവൻ നമ്പൂതിരി, നരിപ്പറ്റ നാരായണൻ നമ്പൂതിരി, സദനം കൃഷ്ണൻ‌കുട്ടി, കലാ. ഉണ്ണികൃഷ്ണൻ, പരിയാനം‌പറ്റ ദിവാകരൻ, കഥകളി ആസ്വാദകർ തുടങ്ങിയപേർ പങ്കെടുത്ത ഒരു മറക്കനാവാത്ത ‘ചർച്ച’ ആയിരുന്നു. താൻ പറഞ്ഞ ‘പോയിന്റുകൾ’ എല്ലാം തന്നെ വളരെ കാര്യമായി ചർച്ച ചെയ്യപ്പെട്ടു. അഭിഷേക് രഘുറാമിന്റെ കച്ചേരി വളരെ നല്ല നിലവാരം പുലർത്തി. കഥകളിയിലെ ഒരു യുവകലാകാരനെ ഒരു വര്‍ഷത്തേയ്ക്ക് സ്പോണ്സരർ ചെയ്യുന്ന ‘തിരനോട്ടത്തിന്റെ’ മഹനീയമായ ഈ പദ്ധതി തീർ‌ച്ചയായും അഭിനന്ദനാർഹം തന്നെ.

nandakumar പറഞ്ഞു...

രാജസത്തിനു ശേഷം നടന്നില്ല. ഇനി വൈകിയാലും ഒഴിവാക്കാന്‍ വയ്യ.മണിയുടെ കല ആസ്വാദന പ്രവര്‍ത്തിക്കും ആസംസകള്‍..ഒപ്പം നന്ദിയും എന്നെ പോലെ കളിക്ക് കൂടാന്‍ കഴിയാത്തവര്‍ക്ക്‌ ഒരു കളി മൂഡ്‌ ഉണ്ടാക്കുന്നുണ്ട്. നല്ല ചര്‍ച്ചക്കുള്ള അവസരവും. ആദ്യമായീ തിരനോട്ടതെ അനുമോദിക്കണം. നല്ല വെടിപ്പും ഭംഗിയും ഉള്ള ആശാന്‍ മാര്‍ കുറച്ചുകൂടി ശ്രദ്ധിച്ചാല്‍ നന്നായിരുന്നു എന്ന് തോന്നും. ഗോപി അശാന്‍ ..എന്താ പറയാ.."പച്ച"ക്കാണോ..എന്നാല്‍ "താവക മഹിമകള്‍ ചൊല്ലുവാന്‍ അവതല്ല നൂനം ആര്‍ക്കും" തൊട്ടു പിന്നിലുള്ളവര്‍ ഏറെ പിന്നിലാണ് എന്നതാണ് വിഷമം (ഉസൈന്‍ ബോള്‍ട്ട് ന്റെ ഓട്ടം പോലെ ) നടന്റെ വലിപ്പത്തില്‍ പത്രം ഉണ്ടാക്കുബോള്‍ എല്ലാ കത്തിയും മേലാപ്പ് പിടിക്കും. പഴയ നിലക്ക്‌ വലിയ രാവണന്‍ മാര്‍ക്ക്‌ കൂടി (ഉത്ഭവം, ബാലിവധം ..) മേലാപ്പ്‌ ഇല്ലായിരുന്നല്ലോ. " അനിയന്‍ കേതു" നെടുംകത്തിയാണ് താനും.വിജയകുമാറിന്റെ ഉര്‍വശി ഒരു മോഹം തന്നെ ആയിരുന്നു. ഇനി തിരനോട്ടം രമേശന്‍ കനിയുമെന്നു വിചാരിക്കുന്നു.ഭീരുവിനെ വെറുതെ വിടൂ ട്ടോ ..ഈ അധിക പ്രസംഗവും നിര്‍ത്തട്ടെ. .എല്ലാ കളി ഭ്രാന്തന്‍ മാര്‍ക്കും ഭാവുകങ്ങള്‍ ..നലാരട്ടിയോടെ .. നന്ദകുമാര്‍ ചെറമംഗലത്ത്

കപ്ലിങ്ങാട്‌ പറഞ്ഞു...

മണീ, 20-20 റിപ്പോര്‍ട്ടിനു ശേഷം ഉടന്‍ തന്നെ ഈ ടെസ്റ്റ് റിപ്പോര്‍ട്ട് എന്തുകൊണ്ടും ഉചിതമായി :-) ചൂടാറും മുമ്പു തന്നെ വിവരണം പോസ്റ്റ് ചെയ്യണം എന്നു തന്നെയാണ്‌ എന്റെ പക്ഷം. പക്ഷേ കൂടുതല്‍ നിരൂപണ വിശേഷങ്ങള്‍ കമന്റായോ മറ്റൊരു ഭാഗമായോ വേണം എന്നാണ്‌ എനിക്ക് തോന്നുന്നത്. അങ്ങനെയായാലേ നല്ല ചര്‍ച്ചകള്‍ വരാന്‍ സാധ്യതയുള്ളു എന്നു തോന്നുന്നു.

കഥകളിയുടെ ഭാവിയിലേക്ക് ദൃഷ്ടി വെച്ചു കൊണ്ടുള്ള തിരനോട്ടത്തിന്റെ പ്രവര്‍ത്തനങ്ങളോട് എനിക്ക് ബഹുമാനമാണ്‌. വികടശിരോമണിയുടെ ഭാസിയായുള്ള അഭിമുഖം അദ്ദേഹത്തിനു കിട്ടിയ അംഗീകാരത്തിനു നിമിത്തമായോ? എങ്കില്‍, വളരെ നന്നായി :-) കഥകളി ബ്ലോഗുകളുടെ സാര്‍ഥകമായ ഇത്തരം ഇടപെടലുകള്‍ ശുഭാപ്തിവിശ്വാസം ജനിപ്പിക്കുന്നതാണ്‌.

കൈലാസി: മണി,വാതുക്കോടം പറഞ്ഞു...

@സ്വാമി,
വിട്ടുപോയ കര്യങ്ങള് പൂരിപ്പിച്ചുകൊണ്ടുള്ള കമന്‍റ്റ് ഉചിതമായി.

@‍നന്ദകുമാര്‍,
കളികാണാന്‍ കഴിയാഞ്ഞവര്‍ക്ക് ഞാന്‍ കണ്ട കളിയുടെ എകദേരൂപമെന്‍കിലും അറിയിക്കുക എന്നതാണ് ഈ ബ്ളോഗിന്‍റെ പ്രഥമ ഉദ്ദേശം തന്നെ. അതു നിങ്ങള്‍ക്കൊക്കെ സന്തോഷം തരുന്നു എന്നറിയുന്നതില്‍ ക്ര്^താര്ത്ഥതയുണ്ട്.

@ കപ്ലിങ്ങാട്‌ ,
ചൂടാറും മുമ്പു തന്നെ വിവരണം പോസ്റ്റ് ചെയ്യണം എന്നാണ് എനിക്കും. അടുത്ത ദിവസം തന്നെ പോസ്റ്റ് ചെയ്യാന്‍ സാധിച്ചില്ലെന്‍കില്‍ പിന്നെ അതിനുള്ള മൂഡ് പോകും.

THIRANOTTAM പറഞ്ഞു...

Dear Sreekant. Thank you for the review.

We delighted to hear that Kalamandalam Pradeepkumar has done exceptionally well in Kirmeeravadham. Last year onwards we started sponsoring one artists for one year for 10 stages. This was his 10th stage.

we take this opportunities to thank all the organizations and each individual who had made our efforts to a success.

This year Thiranottam is sponsoring Sadanam Bhasi. Once again we invite all the organisors.

Thiranottam,
Duabi

അജ്ഞാതന്‍ പറഞ്ഞു...

HAHAHA! Reading abt Beeru's part, just wanted to comment like this. All blame goes to the organisers who opted for shucheendran to do that character. 'uduthorungiyal, manju warrier will fail. thalliyaal koodi oru baavavum varillya'...what can one say abt shucheendran more than this !! athrayum saadhyathakalulla 'beeru' enna character-ne shucheendranu koduthathinu, SANGAADAKAN RAMESHANE parayukayalle vendu ?