.
തന്നെ നിഗ്രഹിക്കുവാനായി വിഷ്ണുഭഗവാന് ഒരു മനുഷ്യബാലനായി ജാതനായിരിക്കുന്നു എന്നുകേട്ട് ക്രുദ്ധനായ മഥുര രാജാവായ കംസന് നാട്ടിലുള്ള നവജാതശിശുക്കളെയൊക്കെയും വധിക്കുവാനായി ആജ്ഞനല്കി, പൂതനയെന്ന രാക്ഷസിയെ അയക്കുന്നു. അവള് ഒരു സുന്ദരീരൂപം(ലളിത) ധരിച്ച് ദേശംതോറും നടന്ന് രാജാജ്ഞ നടപ്പാക്കിക്കൊണ്ടിരുന്നു. അങ്ങിനെ അവള് അമ്പാടിയിലും എത്തി. ഈ ഭാഗം മുതല്‍ പൂതനക്ക് മോക്ഷം ലഭിക്കുന്നതുവരെയുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ സാധാരണയായി ആടിവരുന്നത്. ഈ ഭാഗം തന്നെയാണ് ഇവിടെയും അവതരിപ്പിക്കപ്പെട്ടത്. ലളിതയായെത്തിയ ശ്രീ കലാമണ്ഡലം ക്ഷണ്മുഖദാസ് നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്.
അമ്പാടിയിലെത്തി പൂതന അവിടത്തെ കാഴ്ച്ചകളും നന്ദഗോപഗൃഹത്തേയും കണ്ട് വര്‍ണ്ണിക്കുന്ന ‘അമ്പാടിഗുണം’ എന്നു തുടങ്ങുന്ന പദമാണ് ആദ്യമായുള്ളത്. ഇതില്‍ ‘ചിലനര്ത്തകരുടെ കളിചാതുരിയും’ എന്നഭാഗത്ത് നൃത്തവും പന്തടിയും ഒക്കെയും, ‘ദധിബിന്ദു പരിമളവും’ എന്നഭാഗത്ത് ഗോപികമാര്‍ തൈര്കടയുന്നതും വിസ്തരിച്ച് ആടി.
ദധിബിന്ദു പരിമളവും’ എന്ന ഭാഗത്തെ ആട്ടത്തില്‍ തൈരുകലക്കുന്നതിനായി തൈരും പാത്രങ്ങളും എടുത്തുവെച്ചിട്ട് ജലം കാണാഞ്ഞ് ഗോപസ്ത്രീ ആരോടോക്കെയൊ ചോദിക്കുന്നു. ആരും നല്കാഞ്ഞതിനാല് ചിലകുട്ടികളെ വിളിച്ച് ലേശം ജലം കൊണ്ടുത്തന്നാല്‍ നിങ്ങള്‍ക്ക് പലഹാരങ്ങള്‍ നല്‍കാം എന്നു പറയുന്നു,അവര്‍ ജലം കൊണ്ടുകൊടുക്കുന്നതായും പകരം പലഹാരങ്ങള്‍ നല്‍കുന്നതായും ഒക്കെ ഇവിടെയും ഷണ്മുഖന് ആടുന്നതായി കണ്ടു. ഇത് ലേശം കാടുകയറ്റം തന്നെ.
നന്ദനിലയത്തിലെത്തുന്ന പൂതന അവിടെ തൊട്ടിലില്‍ കിടക്കുന്ന ഉണ്ണികൃഷ്ണനെ കണുന്നു. ‘സുകുമാരാ നന്ദകുമാരാ’ എന്ന പദമാണ് തുടര്‍ന്നുള്ളത്. പദഭാഗത്തിനുശേഷം, പണ്ട് ശ്രീപരമേശ്വരന് കാമനെ ഭസ്മീകരിച്ചുകളഞ്ഞിരുന്നു. ആ കാമദേവന് പുനരവതരിച്ചതാണോ ഈ ബാലന് എന്ന് സംശയിക്കുന്നു. ഏതായാലും ഇവന് കാണുന്ന സകലരുടെയും ഹൃദയത്തെ തന്നിലേക്ക് ആകര്‍ഷിക്കും എന്ന് ചിന്തിച്ച് അത്ഭുതപ്പെട്ടുകൊണ്ട് ലളിത വേഷധാരിയായ പൂതന കുട്ടിയേ എടുത്ത് മുലകൊടുത്തിട്ട് തിരിച്ച് തൊട്ടിലില്‍ കിടത്തിയിട്ട് പോകാനായി തിരിയുന്നു. പെട്ടന്ന് താന്‍ വന്നകാര്യം ഓര്‍ത്തിട്ട് തിരിച്ച് വരുന്നു. എത്രയോ ശിശുക്കളെ ഇതുവരെ താന്‍ നശിപ്പിച്ചിരിക്കുന്നു, അങ്ങിനെയുള്ള ഇന്റെ മുന്നില്‍ ഇവന് വെറും ഒരു കൃമി പോലെ മാത്രം. അതിനാല്‍ ഈ ശിശുവിനേയും നശിപ്പിക്കുകതന്നെ എന്നു കരുതി ലളിത ക്രൂരതയോടെ കുട്ടിയുടെ സമീപത്തേക്കുവരുന്നു. എന്നാല്‍ കുട്ടിയെനോക്കുമ്പോള് ആ ഓമനത്വമുള്ള ശിശുവിനെ കൊല്ലാന്‍ പൂതനക്ക് മടിതോന്നുന്നു. കൊല്ലണ്ടാ എന്നുറച്ച് മടങ്ങാനൊരുങ്ങുന്നു. എന്നാല്‍ രാജശാസനം പാലിക്കാതെ ചെന്നാല്‍ തന്റെ ജീവന് അപകടത്തിലാവുമല്ലൊ എന്ന് നിനച്ച് പൂതന ഭീതയാവുന്നു. ഒടുവില്‍ ഏതായാലും തന്റെ ജീവന് നിലനിര്‍ത്തുന്നതിനായി ഇതിനെ കൊന്ന് രാജശാസനം നടത്തുകതന്നെ എന്ന് തീരുമാനിച്ച് പെട്ടന്ന് ശിശുവിനുനേരേ കോപത്തോടെ അടുക്കുന്ന പൂതന, ബഹളം വച്ചാല്‍ ആരെങ്കിലും വന്നാലോ എന്ന് ആലോചിച്ച്, സൌമ്യഭാവം കൈക്കൊണ്ട്, തന്റെ മുലകളില്‍ വിഷം പുരട്ടുന്നു. തുടര്‍ന്ന് ആരെങ്കിലും ഇതുകണ്ടുവന്നാല്‍ അപകടമാണല്ലോ എന്ന് ചിന്തിച്ച്, മുറിയുടെ വാതില്‍ അടച്ചുതഴുതിട്ടശേഷം കൃഷ്ണനെ എടുക്കുന്നു. എടുത്തപ്പോള്‍ മുന്‍പ് ഉണ്ടായിരുന്നതിലും ഭാരം അനുഭവപ്പെടുന്നെങ്കിലും, തന്റെ തോന്നലായിരിക്കാം എന്നു നിനച്ച് പൂതന കൃഷ്ണനെ സ്തന്യപാനം ചെയ്യിക്കുന്നു. മുലകൊടുക്കുന്നതിനിടയില് തലയ്ക്കും കൈകാലുകള്‍ക്കും വേദന അനുഭവപ്പെടുന്നത് ആദ്യം കാര്യമാക്കുന്നില്ല. വേദന അസഹ്യമാവുന്നതോടെ കൃഷ്ണനെ മുലയില്‍ നിന്നും വിടുവിക്കുവാന്‍ പൂതന ശ്രമിക്കുന്നു. എന്നാല്‍ അതിനു സാധിക്കാതെ മരണവെപ്രാളത്താല്‍ പരക്കം പായുന്ന പൂതന ലളിതഭാവം വിട്ട് സ്വവേഷം കൈവരിക്കുന്നു. തന്റെ ദംഷ്ട്രങ്ങള്‍ പുറത്തുകാട്ടി അലറിവിളിക്കുന്നു. പെട്ടന്ന് സാക്ഷാല്‍ ജഗന്നാഥനായ ഭഗവാന്റെ ദര്‍ശ്ശനം അവള്‍ക്ക് ലഭിക്കുന്നു. പൂതനക്ക് മോക്ഷപ്രാപ്തിയുണ്ടാകുന്നു.
ശ്രീ കലാമണ്ഡലം സുധീഷും ശ്രീ കലാമണ്ഡലം സുരാജും ചേര്‍ന്നായിരുന്നു സംഗീതം. ശരാശരി നിലവാരം പുലര്‍ത്തിയ സംഗീതമായിരുന്നു ഇവരുടേതെങ്കിലും കലാമണ്ഡലത്തില്‍ ആറാം വര്ഷവിദ്യാര്ദ്ധിയായ സുരാജ് ആസ്വാദകരുടെ ശ്രദ്ധക്ക് പാത്രമായിരുന്നു. നല്ല ശബ്ദഗുണവും തുറന്നുപാടുവാനുള്ള കഴിവും ഇയാള്‍ക്കുണ്ട്. കഥകളിപാട്ടിന്റെ സമ്പൃദായങ്ങള് വശമാക്കിയിട്ടുള്ള സുരാജിന് പരിശ്രമിച്ചാല്‍ ഗായകനെന്നനിലയില് ശോഭനമായ ഭാവിയുണ്ട്.
9 അഭിപ്രായങ്ങൾ:
ദധിബിന്ദു പരിമളവും... എന്നല്ലേ മണീ?
-സു-
സുകുമാരന്‍ ചുട്ടികുത്തിയോ!!! പൂതനാമോക്ഷം ലളിതയ്ക്ക് എന്ത് ചുട്ടി! :-)
ആസ്വാദനം നന്നായി. ഈയിടെ ചവറ പാറുക്കുട്ടി അവതരിപ്പിച്ച ഒരു ‘പൂതനാമോക്ഷം’ കാണുകയുണ്ടായി. അവര്‍ അവതരിപ്പിച്ച ഒരു ആട്ടം ഇപ്രകാരം ആയിരുന്നു: ഗോപസ്ത്രീകള്‍ കണ്ണന്റെ തൊട്ടിലിനു ചുറ്റും ഇരിക്കുന്നു. ഇവരുടെ കണ്ണില്‍ പെടാതെ കണ്ണനെ എപ്രകാരം വധിക്കുമെന്ന് ആലോചിച്ച്, വഴിയുണ്ട് എന്നു ചിന്തിച്ച്, കണ്ണന്റെ രൂപത്തെ വര്‍ണ്ണിക്കുവാന്‍ ആരംഭിക്കുന്നു. ഇങ്ങിനെ വര്‍ണ്ണിച്ച് വര്‍ണ്ണിച്ച് അവരെ കൈയിലെടുത്ത ശേഷം, കണ്ണനെ അല്പനേരം എടുത്തോട്ടെ എന്നു ചോദിക്കുന്നു. പൂതനയെ വിശ്വസിച്ച് അവര്‍ കണ്ണനെ ഏല്പിച്ച് തന്താങ്ങളുടെ ജോലികളില്‍ മുഴുകുന്നു. ഇത് സന്ദര്‍ഭത്തിന് വളരെ യോജിക്കുന്ന ഒരു ആട്ടമായി തോന്നി. അല്ലാതെ, ആരാലും ശ്രദ്ധിക്കാതെ കണ്ണനെ കിടത്തി ഉറക്കുവാന്‍ സാധ്യത കുറവാണല്ലോ!
--
ആ തലക്കെട്ടിൽ തന്നെയുള്ള അക്ഷരത്തെറ്റ് തിരുത്തുമല്ലോ,മണീ.
ഹരീ,
ഞാനും ആദ്യം ഹരി വിചാരിച്ച പോലെ ചിന്തിച്ചു, പിന്നെ മനസ്സിലായി പുറപ്പാടിന്റെ ചുട്ടി ആണ് മണി ഉദേശിച്ചത് എന്ന് :-)
ലേഖനത്തിന് നന്ദി മണി.
സജീഷ്
@ സു,
‘ദധിവിന്ദു’ എന്നാണ് പുസ്തകത്തില്‍ കാണുന്നത്.
@ ഹരീ,
കളിയില്‍ ആദ്യം പുറപ്പാടുണ്ടായിരുന്ന കാര്യം ഞാന്‍ എഴുതിയത് കാണാഞ്ഞാണ് ഹരി അത്ഭുതപ്പെട്ടത്.
പാറുക്കുട്ടിയുടെ ആട്ടം വളരെ യുക്തമായതായി എനിക്കും തോന്നുന്നു.
@ വികടശിരോമണി,
തിരുത്തിയിട്ടുണ്ട്.
@Sajeesh,
നന്ദി.
:-)
ശരി തന്നെ! പുറപ്പാടിന്റെ കൂടി ഒരു ചിത്രമിട്ടുകൂടായിരുന്നോ! :-D
ദധി = തൈര്, വിന്ദു = ? (ദധിബിന്ദു, അങ്ങിനെയാണ് പദം കേട്ടിട്ട് തോന്നിയത്. അവിടെ ‘ബിന്ദു’വിന് തുള്ളി എന്നാണോ അര്‍ത്ഥം?)
--
@ ഹരീ,
പുറപ്പാടിന്റെ ചിത്രം എടുത്തിരുന്നു. അത് അത്ര നന്നായില്ല. അതാണ് പോസ്റ്റില്‍ ചേര്‍ക്കാഞ്ഞത്.
‘ബിന്ദു’എന്നാണ് കേട്ടിട്ടുള്ളത്. പുസ്തകത്തില്‍ കാണുന്നത് ‘വിന്ദു’ എന്നും. നാമപദമായി ഉപയോഗിക്കുമ്പോള്‍ ബിന്ദു എന്നും വിശേഷണമായി ഉപയോഗിക്കുമ്പോള്‍ വിന്ദു എന്നും വരുന്നു. ബിന്ദുവിന് തുള്ളി എന്നാണ് അര്‍ത്ഥം. വിന്ദുവിന് അറിവുള്ള എന്നാണ് അര്‍ത്ഥം കാണുന്നത്.
ദധി=തൈര്
ദധിജം=വെണ്ണ
ദധിമണ്ഡം=തൈര്‍വെള്ളം
ദധിസുത=മോര്
എന്നിങ്ങിനെയാണ് അനുബന്ധപദങ്ങള്‍ കാണുന്നത്.
ഇവിടത്തെ പ്രയോഗത്തെ കുറിച്ച് ശരിയായി മനസ്സിലാക്കാന്‍ ഭാഷാജ്ഞാനമുള്ള ആരോടെങ്കിലും ചോദിക്കണം.......
മണി പറയുന്ന അർത്ഥങ്ങൾ വെച്ചുതന്നെ ബിന്ദു എന്നാണ് വേണ്ടതെന്ന് വ്യക്തമാണ്. വിന്ദു എന്ന വാക്കിന്റെ അർത്ഥം അവിടെ യോജിക്കില്ലല്ലോ. പുസ്തകത്തിൽ അച്ചടിപിശകാവാം.
-സു-
@ സൂ,
പുസ്തകത്തിലെ പിശകാവാം.
ഞാന്‍ ബിന്ദു എന്നു തിരുത്തിയേക്കാം.....
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ