.
രാവിലെ 10ന് പ്രോ.മീനാക്ഷി തമ്പാന്റെ അദ്ധ്യക്ഷതയില്‍ ശ്രീ ചേര്‍ത്തല തങ്കപ്പപണിക്കര്‍ നിലവിളക്കു കൊളുത്തി അനുസ്മരണപരിപാടികള്‍ ആരംഭം കുറിച്ചു. തുടര്‍ന്ന് തോടയം ചൊല്ലിയാട്ടവും സംഗീതാര്‍ച്ചനയും നടന്നു. നമ്പീശനാശാന്റെ ശിഷ്യപ്രശിഷ്യരായ കോട്ടക്കല്‍ നാരായണന്‍,കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരി,കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരി, കലാനിലയം രാമകൃഷ്ണന്‍, കലാനിലയം രാജീവന്‍, മട്ടനൂര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ സംഗീതാര്‍ച്ചനയില്‍ പങ്കെടുത്തു.
.
വൈകിട്ട് 5ന് കലാനിലയം പ്രസിഡന്റ് ശ്രീ പി.കെ.ഭരതന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന് അനുസ്മരണസമ്മേളനം ഇരിങ്ങാലക്കുട നഗരസഭ അദ്ധ്യക്ഷന്‍ ശ്രീ എം.പി.ജാക്സന്‍ ഉത്ഘാടനം ചെയ്തു. ഡോ.കെ.എന്‍ പിഷാരടി സ്മാരക കഥകളിക്ലബ്ബ് പ്രസിഡന്റ് ശ്രീ എ.അഗ്നി ശര്‍മ്മന്‍ സ്വാഗതം പറഞ്ഞ സമ്മേളനത്തില്‍ ശ്രീ എയ്യങ്കോട് ശ്രീധരന്‍ അനുസ്മരണപ്രഭാണവും നടത്തി. യോഗത്തില്‍വച്ച് പ്രഗത്ഭ ശാസ്ത്രീയ സംഗീതജ്ഞന്‍ ശ്രീ വി.ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് പ്രഥമ ‘കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ സ്മാരക പുരസ്ക്കാരം’ സമ്മാനിക്കപ്പെട്ടു. മുതിര്‍ന്ന കഥകളിഗായകനും നമ്പീശനാശാന്റെ ശിഷ്യനുമായ ശ്രീ ചേര്‍ത്തല തങ്കപ്പപണിക്കരേയും ചടങ്ങില്‍ ആദരിക്കുകയുണ്ടായി. സമ്മേളനത്തില്‍ വച്ച് നമ്പീശനാശാനും ശങ്കരന്‍ എമ്പ്രാന്തിരിയും ചേര്‍ന്നുപാടിയ നളചരിതം ഒന്നാംദിവസം(ആദ്യഭാഗം) സി.ഡി പ്രകാശനം ചെയ്യപ്പെട്ടു.
.
രാത്രി 8മുതല്‍ നാലുനോക്കുകളോടു കൂടിയ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു. ശ്രീ സദനം വിജയന്‍ വാര്യര്‍, ശ്രീ സദനം സദാനന്ദന്‍ എന്നിവരാണ് പുറപ്പാട് അവതരിപ്പിച്ചത്. തുടര്‍ന്ന് മേളപ്പദവും അവതരിപ്പിക്കപ്പെട്ടു. ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ശ്രീ കോട്ടക്കല്‍ നാരായണനും ചേര്‍ന്നായിരുന്നു സംഗീതം. അധികമായ സംഗീതകസര്‍ത്തുകളില്ലാതെ തികഞ്ഞ സമ്പൃദായശുദ്ധിയിലുള്ള നല്ല ഒരു സംഗീതമായിരുന്നു ഇവരുടേത്. മേളപ്പദത്തില്‍ ‘കുസുമചയ’ എന്ന ചരണം ഒഴിവാക്കി, എന്നാല്‍ ഇപ്പോള്‍ സാധാരണ പതിവില്ലാത്ത ‘വിതതാപഗുമല്ലി നവ’ എന്ന ചരണം പാടുകയും ചെയ്തു. മേളം കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം ബലരാമനും ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും(ചേണ്ട) ശ്രീ കലാമണ്ഡലം ശങ്കരവാര്യരും ശ്രീ അച്ചുതവാര്യരും (മദ്ദളം) മികച്ചപ്രകടനം കാഴ്ച്ചവെയ്ച്ചിരുന്നു.
.
ആദ്യകഥയായ കുചേലവൃത്തത്തില്‍ ശ്രീ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി കുചേലനായും ശ്രീ കലാനിലയം രവീന്ദ്രനാഥപൈ കുചേലപത്നിയായും വേഷമിട്ടു. ഭാവപ്രകാശനത്തില്‍ ചില പോരായ്കകള്‍ ഉണ്ടെങ്കിലും അനൌചിത്യരഹിതമായ ആട്ടമായിരുന്നു മാത്തൂരിന്റേത്. ആദ്യരംഗത്തില്‍ കുചേലനോട് പത്നി തങ്ങളുടേ ദാരിദ്ര്യദു:ഖത്തെ ഓര്‍മ്മിപ്പിക്കുകയും, തവ വയസ്യനായ കേശവനെ ചെന്നു കണ്ട് വൃത്താന്തങ്ങള്‍ അറിയിച്ചാല്‍ ആര്‍ത്തിശാന്തിയുണ്ടാകുമെന്നു പറയുകയും ചെയ്യുന്നു. നീ പറഞ്ഞതു യാഥാര്‍ത്ഥ്യമാണെന്നും, ആ തീര്‍ത്ഥപാദനെ കാണാന്‍ നാളെത്തന്നെ പോകുന്നുണ്ടെന്നും അറിയിക്കുന്ന കുചേലന്‍, ലോകനാനഥനെ കാണുമ്പോള്‍ യഥാശക്തി എന്തെങ്കിലും കാണിക്കയര്‍പ്പിക്കണമെന്നും അതിനായി എന്തെങ്കിലും തന്നിടണമെന്നും പത്നിയെ അറിയിക്കുന്നു.
.
അടുത്തരംഗത്തില്‍ കുചേലപത്നി ദാനമായി ലഭിച്ച അവില്‍ കൊണ്ടുവന്ന് കുചേലനെ ഏല്‍പ്പിക്കുന്നു. നിന്റെ കാമം സാധിക്കുമെന്നും, അതിനായി ഞാന്‍ പുറപ്പെടുകയായി എന്നും, മുകുന്ദന്‍ എന്റെ കയ്യില്‍ വല്ലതും തന്നെങ്കില്‍ കൊണ്ടുവന്ന് തന്നീടാമെന്നും പറഞ്ഞ് യാത്രയാവുന്ന കുചേലന്‍, ‘ഗണപതിപ്രാത‘ലിന്റെ കഥ സ്മരിച്ചുകൊണ്ട് അര്‍ത്ഥമിന്നനര്‍ത്ഥമൂലമാണെന്നും വ്യര്‍ത്ഥം അതില്‍ മോഹിക്കരുതെന്നും പത്നിയെ ഉപദേശിക്കുകയും ചെയ്തു.
.
ഈ ഭാഗത്തെ പാട്ട് ശ്രീ കലാമണ്ഡലം സുബ്രഹ്മണ്യനും ശ്രീ കലാമണ്ഡലം നാരായണന്‍ എമ്പ്രാന്തിരിയും ചേര്‍ന്നായിരുന്നു. ഒരു ജീവനില്ലാത്ത പാട്ടായി തോന്നി ഇവരുടേത്. ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരി ചെണ്ടയും ശ്രീ സദനം രാജന്‍ മദ്ദളവും കൈകാര്യം ചെയ്തു.
‘ദാനവാരി’ മുതല്‍ ശ്രീ കലാഗംഗാധരനും കോട്ടക്കല്‍ പി.ഡി.നമ്പൂതിരിയും ചേര്‍ന്നായിരുന്നു സംഗീതം. അധികമായ സംഗീത പ്രയോഗങ്ങളിലും രാഗമാറ്റങ്ങളിലും ശ്രദ്ധയൂന്നിയിരുന്ന ഇവര്‍ നാട്ട്യത്തില്‍ പലപ്പോഴും ശ്രദ്ധചെലുത്തികണ്ടില്ല. ഇവരരുടെ രാഗമാറ്റങ്ങള്‍ പലതും നാട്ട്യത്തിന് അനുഗുണമായി തോന്നിയതുമില്ല.കൃഷ്ണനായി എത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും രുക്മിണിയാതെത്തിയ കലാമണ്ഡലം വിജയനും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
‘ദാനവാരി’ മുതല്‍ ശ്രീ കലാഗംഗാധരനും കോട്ടക്കല്‍ പി.ഡി.നമ്പൂതിരിയും ചേര്‍ന്നായിരുന്നു സംഗീതം. അധികമായ സംഗീത പ്രയോഗങ്ങളിലും രാഗമാറ്റങ്ങളിലും ശ്രദ്ധയൂന്നിയിരുന്ന ഇവര്‍ നാട്ട്യത്തില്‍ പലപ്പോഴും ശ്രദ്ധചെലുത്തികണ്ടില്ല. ഇവരരുടെ രാഗമാറ്റങ്ങള്‍ പലതും നാട്ട്യത്തിന് അനുഗുണമായി തോന്നിയതുമില്ല.കൃഷ്ണനായി എത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യനും രുക്മിണിയാതെത്തിയ കലാമണ്ഡലം വിജയനും നല്ല പ്രകടനം കാഴ്ച്ചവെച്ചു.
.
സാധാരണപതിവില്ലാത്ത കുചേലന്‍ മടങ്ങിവരുന്ന അന്ത്യരംഗവും ഇവിടെ അവതരിപ്പിക്കുകയുണ്ടായി. ഭഗവത് കാരുണ്യത്താല്‍ അന്തര്‍ജ്ജനത്തിന് സമ്പത്തിയും ഐശ്വര്യവും ലഭിച്ചതുകണ്ട് സഖിമാര്‍ അത്ഭുതപ്പെടുന്നു. പൂര്‍ണ്ണ ഓജസ്സോടുകൂടിയ കുചേലന്‍ അപ്പോള്‍ അവിടെക്ക് മടങ്ങിവരുന്നു. പത്നി അദ്ദേഹത്തെ സ്വീകരിക്കുന്നു. എല്ലാം കണ്ട് അത്ഭുതപ്പെടുന്ന കുചേലന്‍, അക്ഷയവിഭൂതികളെല്ലാം ലഭിച്ചത് ലക്ഷ്മീശന്റെ കൃപയാലാണെന്ന് പറയുന്നു. എന്നാല്‍ ഞാന്‍ കൃഷ്ണനോട് ഇതൊന്നും ആവശ്യപ്പെട്ടില്ല, എങ്കിലും എല്ലാം തന്നനുഗ്രഹിച്ചല്ലൊ എന്ന് അത്ഭുതപ്പെടുന്ന കുചേലന്‍, ഐഹീകസുഖം മോഹഭ്രാന്തിയാണെന്നും, എനിക്കിതില്‍ ലേശവും ആഗ്രഹമില്ലായെന്നും, ലോകനാഥനിലുള്ള ഭക്തിയിലാണ് തനിക്കുമോഹമെന്നും പത്നിയോട് പറയുന്നു. ഈ ഭാഗത്ത് കുചേലപത്നിയായി കലാ:വിജനാണ് അഭിനയിച്ചത്. ഈ രംഗത്തിലെ സംഗീതം കലാ:ഗംഗാധരനും കലാ:മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ചേര്‍ന്നായിരുന്നു.
.
കീചകവധമായിരുന്നു രണ്ടാമതുകഥ. ഇതില്‍ സുദേഷയായി ശ്രീ സദനം വിജയന്‍ വാര്യരും സൈരന്ധ്രിയായി ശ്രീ ആര്‍.എല്‍.വി രാധാകൃഷ്ണനും അരങ്ങിലെത്തി. കോട്ട:ശിവരാമനെ അനുകരിക്കുവാനയി അമിതമായി ആയാസപ്പെടുന്നതൊഴിവാക്കി സ്വന്തം രീതിയില്‍ അഭിനയിക്കാന്‍ ശ്രമിച്ചാല്‍ രാധാകൃഷ്ണന് നന്നായി കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കഴിവുണ്ട്. എന്നാല്‍ അതിനായി അദ്ദേഹം ശ്രമിച്ചു കാണുന്നില്ല. പുറപ്പാട് വേഷം തുടച്ച് ഉടനെ മിനുക്കിയതുകൊണ്ടായിരിക്കണം സദനം വിജയന്റെ മുഖത്തിന് ഒരു തെളിച്ചകുറവ് അനുഭവപ്പെട്ടിരുന്നു. കീചകനായി എത്തിയത് ശ്രീ സദനം കൃഷ്ണന്‍കുട്ടിയായിരുന്നു. ഇദ്ദേഹത്തിന്റെ അഭിനയത്തില്‍ സ്വതേകാണാറുള്ള കുസൃതികള്‍ക്കൊന്നും ഇടമില്ലാത്തവേഷമായതുകൊണ്ടാണെന്നു തോന്നുന്നു കീചകനായി തൃപ്തികരമായ പ്രകടനാണ് ഇദ്ദേഹം കാഴ്ച്ചവെയ്ച്ചിരുന്നത്. ശ്രീ സദനം സദാനന്ദന്‍ വലലനായി വേഷമിട്ടു.
.
ശ്രീ കലാനിലയം ഉണ്ണികൃഷ്ണനാണ് ആദ്യമൂന്നുരംഗങ്ങള്‍ക്ക് പൊന്നാനിപാടിയിരുന്നത്. ആദ്യരംഗത്തില്‍ ശ്രീ കലാനിലയം രാമകൃഷ്ണനും തുടര്‍ന്ന് ശ്രീ കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരിയുമാണ് ശിങ്കിടിപാടിയത്. ഈ ഭാഗത്ത് ശ്രീ കലാ:ബലരാമനും(ചെണ്ട) ശ്രീ കലാ:അച്ചുതവാര്യരും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം.
.
തുടര്‍ന്നുള്ള രംഗങ്ങളില്‍ പൊന്നാനിപാടിയത് ശ്രീ കോട്ട:നാരായണനായിരുന്നു. ഈ രംഗങ്ങളില്‍ ചെണ്ട ശ്രീ കലാനിലയം കലാധരനും മദ്ദളം ശ്രീ കലാനിലയം പ്രകാശനും കൈകാര്യം ചെയ്തു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ