തുടര്‍ന്ന് തന്റെ ഈ അവസ്ഥ ശ്രീകൃഷ്ണനെ അറിയിക്കുവാനായി രുഗ്മിണി ഒരു ബ്രാഹ്മണന്റെ സഹായം തേടുന്നു. ആശ്രിതവത്സലനായ ഭഗവാന്‍ ആശ്രയിച്ചവരെ ഉപേക്ഷിക്കുകയില്ല, ഞാന്‍ ശ്രീകൃഷ്ണനെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ച് മറുപടിയും വാങ്ങിവരാം എന്ന് പറഞ്ഞ് രുഗ്മിണിയെ സമാശ്വസിപ്പിച്ചിട്ട് ബ്രാഹ്മണന്‍ യാത്രയാകുന്നു. ഇവിടെ സുന്ദരബ്രാഹ്മണനായി വേഷമിട്ടിരുന്നത് ശ്രീ ഫാക്റ്റ് പത്മനാഭന്‍ ആയിരുന്നു. ഇദ്ദേഹം ഈ കഥാപാത്രത്തെ ബ്രാഹ്മണസഹജമായ ശങ്ക,പരിഭ്രമാദിപ്രകടനങ്ങളോടുകൂടി അവതരിപ്പിച്ചിരുന്നു.അന്നാല്‍ മുദ്രകള്‍ ആവശ്യമില്ലാതെ വലിച്ചുനീട്ടുക, മുദ്രകള്‍ ആവര്‍ത്തിച്ചു കാണിക്കുക തുടങ്ങിയ സാങ്കേതിക പിഴവുകള്‍ ഇദ്ദേഹത്തിന്റെ അഭിനയത്തിലുടനീളം ദൃശ്യമായിരുന്നു. ആദ്യരംഗത്തിന്റെ അന്ത്യത്തില്‍ രുഗ്മിണിയോട് പറയുന്നതായി ഇദ്ദേഹം കൃഷ്ണന്റെ ജനനവും ബാലലീലകളും രാസലീലയും ഒക്കെ ആടുന്നതുകണ്ടു. ഇവിടെ വിസ്തരിച്ചുള്ള ഈ ആട്ടം അത്ര ഉചിതമായി തോന്നിയില്ല.
ശ്രീ കലാമണ്ഡലം മയ്യനാട് രാജീവ് ആയിരുന്നു കൃഷ്ണന്‍. നല്ല ചൊല്ലിയാട്ടവും മനോധര്‍മ്മവും ഭാവപ്രകടനത്തോടും കൂടി ഇദ്ദേഹം തന്റെ വേഷം മനോഹരമായി കൈകാര്യം ചെയ്തിരുന്നു. രുഗ്മിണിയുടെ വിവരങ്ങള്‍ കേട്ട് അവളേ ഞാന്‍ രക്ഷിക്കും എന് ഉറപ്പിച്ച് പറയുന്നതോടോപ്പം കൃഷ്ണന്‍ ബ്രാഹ്മണനോട് ‘അവള്‍ എന്നില്‍ ഇത്ര പ്രേമം വരുവാന്‍ കാരണമെന്ത്?’ എന്ന് ചോദിച്ചു. ‘എല്ലാം അറിവുള്ളവനല്ലെ അങ്ങ്? പിന്നെ എന്നോട് എന്തിനു വെറുതേ ചോദിക്കുന്നു?‘ എന്ന് മറുചോദ്യമുതിര്‍ത്ത ശേഷം ബ്രാഹ്മണന്‍ ഇങ്ങിനെ ഉത്തരവും നല്‍കി-‘എന്തോ കുട്ടികാലം മുതല്‍ രുഗ്മിണിയുടെ മനസ്സില്‍ അങ്ങുമാത്രമേയുള്ളു, ബാല്യത്തില്‍ തന്നെ കളികോപ്പുകളേക്കാള്‍ പ്രിയം കൃഷ്ണവിഗ്രഹത്തോടായിരുന്നു അവള്‍ക്ക്‘. തുടര്‍ന്ന് രുഗ്മിണിയുടെ ഗുണഗണങ്ങള്‍ എന്തെന്ന് കൃഷ്ണന്‍ അന്യൂഷിച്ചു. സാക്ഷാല്‍ ലക്ഷീദേവിയേപ്പോലെ തന്നെയാണ് അവള്‍ എന്ന് ബ്രാഹ്മണന്‍ അറിയിക്കുകയും ചെയ്തു. അനന്തരം കൃഷ്ണന്‍ രുഗ്മിണിയുടെ സമീപത്തേക്ക് പോവാന്‍ തെര്‍വരുത്തി, കൂടെ പോരുവാന്‍ ബ്രാഹ്മണനെ ക്ഷണിച്ചു. തനിക്ക് രഥയാത്ര ശീലമില്ലെന്നും അതിനാല്‍ ഭയമാണെന്നും പറഞ്ഞ് ബ്രാഹ്മണന്‍ ഒഴിവാകുന്നു. പലതും പറഞ്ഞിട്ടും ഭയം വിട്ടുമാറാത്തബ്രാഹ്മണനോട് തന്നെ കെട്ടിപ്പിടിച്ച് ഇരുന്നുകൊള്ളുവാന്‍ നിര്‍ദ്ദേശിച്ച് കൃഷ്ണന്‍ കൂടെ കൂട്ടുന്നു. പോകുന്നതിനുമുന്‍പായി രുഗ്മിണിക്ക് മനസ്സുറപ്പുവരുവാനായി ഒരു കത്ത് എഴുതി തനിക്ക് നല്‍കണമെന്ന് ബ്രാഹ്മണന്‍ കൃഷ്ണനോട് ആവശ്യപ്പെട്ടു. കൃഷ്ണന്‍ കത്തെഴുതി രാജമുദ്രയും വെച്ച് നല്‍കുന്നു. ഉറപ്പുപോരാ എന്നു ശങ്കിച്ച് ബ്രാഹ്മണന്‍ കത്തില്‍ ശംഖുമുദ്രയും വെയ്പ്പിച്ച്, പീലിതിരുമുടിയില്‍ നിന്നും ഒരു മയില്‍പീലിയും വാങ്ങി വെച്ച് കൃഷ്ണനൊപ്പം യാത്രയായി. എന്നാല്‍ ബ്രാഹ്മണന്‍ ഇത്ര ആവശ്യപ്പെട്ട് വാങ്ങിയ കത്ത് അടുത്തരംഗത്തില്‍ രുഗ്മിണീദേവിക്ക് നല്‍കുന്നതായി കണ്ടില്ല!
ഈ കഥക്ക് പൊന്നാനിപാടിയത് ശ്രീ കലാമണ്ഡലം പി.എന്‍.കൊണത്താപ്പള്ളി നമ്പൂതിരിയായിരുന്നു. അനാവശ്യമായ രാഗമാറ്റങ്ങളും അമിത സംഗീതപ്രയോഗങ്ങളും നടത്തിയ ഇദ്ദേഹം, അതിനായെ വല്ലാതെ ആയാസപ്പെടുന്നതായി തോന്നി. അദ്ദേഹത്തിന്റെ സംഗീതം അരങ്ങിന് ഒട്ടും അനുഗുണമായി തോന്നിയില്ല.ശ്രീ കലാമണ്ഡലം ഹരീഷ് മനയത്താറ്റ്, ശ്രീ കലാമണ്ഡലം രാജേഷ് ബാബു എന്നിവരായിരുന്നു ശിങ്കിടിപാടിയിരുന്നത്. ശ്രീ കലാമണ്ഡലം കേശവപൊതുവാളും(ചെണ്ട) ശ്രീ തിരുവില്വാമല വെങ്കിടേശനും(മദ്ദളം) ചെര്‍ന്ന് ഈ കഥക്ക് നല്ല മേളമാണ് ഒരുക്കിയിരുന്നത്.
ഈ ദിവസത്തെ രണ്ടാം കഥ ബാലിവിജയം ആയിരുന്നു. ഇതില്‍ രാവണനായെത്തിയ ശ്രീ കലാമണ്ഡലം ബാലസുബ്രഹ്മണ്യം നല്ല പ്രകടനം കാഴ്ച്ചവെച്ചു. ശ്രീ ഫാക്റ്റ് ബിജുബാസ്ക്കര്‍ മണ്ഡോദരിയായും ശ്രീ ആര്‍.എല്‍.വി രാജശേഘരന്‍ ബാലിയായും അരങ്ങിലെത്തി. നാരദവേഷമിട്ട ശ്രീ കലാമണ്ഡലം ഹരിദാസിന്റെ പ്രകടനം അത്ര മെച്ചമായിരുന്നില്ല.
ബാലിവിജയം ആദ്യരംഗത്തിലെ സംഗീതം കൊണത്താപ്പള്ളിയും രാജേഷ് ബാബുവും ചേര്‍ന്നായിരുന്നു. ഈ ഭാഗത്തേത് ചിട്ടയൊപ്പിച്ച് തരക്കേടില്ലാത്ത ആലാപനമായിരുന്നു ഇവരുടേത്. തുടര്‍ന്നുള്ള ഭാഗം ഹരീഷും രാജേഷ്ബാബുവും ചേന്നായിരുന്നു പാടിയത്. ഈ കഥക്ക് ചെണ്ട ശ്രീ കോട്ടക്കല്‍ പ്രസാദും മദ്ദളം ശ്രീ കലാമണ്ഡലം ശശിയും ശ്രി അങ്ങാടിപ്പുറം ഹരിയുമാണ് കൈകാര്യം ചെയ്തത്.