കഥകളിസംഗീതലോകത്തെ എക്കാലത്തേയും മികച്ചഗായകനും അസാധാരണ പ്രതിഭയും ആയിരുന്ന ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ് ഇഹലോകവാസംവെടിഞ്ഞിട്ട് 20ആണ്ടുകള്‍ തികയുകയാണ് ഈ മാര്‍ച്ച് 4ന്.എന്നാല്‍ ഇന്നും അദ്ദേഹമുതിര്‍ത്ത സംഗീതാമ്യതം കളികന്വക്കാരുടെ മനസ്സുകളില്‍ മധുരസ്മരണകളായി നിലനില്‍ക്കുന്നു. ശേഘരിച്ചുവെയ്ക്കപ്പെട്ടിട്ടുള്ള അദ്ദേഹത്തിന്റെ അരങ്ങുപാട്ടുകള്‍ കേട്ട് അതില്‍ ആക്യഷ്ടരായി, കുറുപ്പാശാന്റെ പാട്ടിനേക്കുറിച്ച് ഐതീഹ്യംപുരണ്ട കഥകളുമായി ഇന്നത്തെതലമുറ കളിയരങ്ങിലേക്കെത്തുന്നു. നിഷ്ക്കളങ്കശാരീരം,ത്രിസ്ഥായികളിലും ആയാസരഹിതമായുള്ള സഞ്ചാരം,ഉറച്ചതാളം,അഷരസ്ഫുടത, സോപാനരീതിയോടുള്ള ആഭിമുഖ്യം, പദങ്ങളുടെ അര്‍ത്ഥജ്ഞാനം,ഓരോ രംഗങ്ങളിലേയും ഭാവഘടനയെപ്പറ്റിയുള്ള ബോധം,സര്‍വ്വോപരി ലാളിത്യപൂര്‍ണ്ണവും അനായാസയതയും ഇവയൊക്കെയാണ് ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ സവിശേഷതകള്‍.
കഥകളിയുടെ ഈറ്റില്ലമായ വെള്ളിനേഴിഗ്രാമത്തില്‍,പ്രശസ്ത വീണവിദ്വാനായിരുന്ന രാമന്‍കുളങ്ങര രാമക്കുറുപ്പിന്റേയും തെക്കേക്കര ലക്ഷ്മിക്കുട്ടിയമ്മയുടേയും പുത്രനായി 1931ല്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് ജനിച്ചു. ജന്മനാല്‍തന്നെ പ്രതിഭാധനനായിരുന്ന ഇദ്ദേഹം ബാല്യത്തില്‍ തന്നെ സ്വപിതാവില്‍ നിന്നും സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ചു. പാരന്വര്യകലയായ കളംപാട്ട് ഇദ്ദേഹം വശമാക്കി.പിന്നീട് കലാമണ്ഡലത്തില്‍ ചേര്‍ന്ന് കലാ: നീലകണ്ഠന്‍ നന്വീശന്റെ ശിഷ്യനായി കഥകളി സംഗീതം അഭ്യസിച്ചു.ചേര്‍ന്ന് ഒരുമാസം കഴിഞ്ഞപ്പോഴേക്കും തന്നെ നന്വീശനൊപ്പം പാടാറായി. ആ കാലത്ത് പ്രമുഖഗായകനായ ശ്രീ വെങ്കിടക്യഷ്ണഭാഗവതര്‍, ‘ഉണ്ണിക്യഷ്ണാ വാ’ എന്ന്പറഞ്ഞ് അദ്ദേഹത്തിനൊപ്പം പാടാന്‍ കുറുപ്പിനെ വിളിച്ചിരുന്നത്രെ. എന്നാല്‍ ഈ പഠനം കേവലം 3വര്‍ഷങ്ങളേ നീണ്ടുനിന്നുള്ളു. ഇന്നാല്‍ ഈ കാലയളവവില്‍ തന്നെ കുറുപ്പിലെ കഥകളിഗായകന്‍ രൂപപ്പെട്ടു കഴിഞ്ഞിരുന്നു. പഠനം പൂര്‍ത്തിയാക്കാതെ കലാമണ്ഡലം വിട്ട അദ്ദേഹം തന്റെ കനത്തപാരന്വര്യഗുണത്താലും ജന്മവാസനയാലും പില്‍ക്കാലത്ത് കഥകളിസംഗീതത്തിലെ കിരീടംവെയ്ക്കാത്ത രാജാവായിത്തീര്‍ന്നു.
കലാമണ്ഡലം വിട്ട് ഏതാണ്ട് ഒരുവര്‍ഷത്തിനു ശേഷം ഗാന്ധിസേവാസദനത്തില്‍ കുറുപ്പിന് നിയമനം ലഭിച്ചു.കളരിചിട്ടകള്‍ ഉറപ്പിക്കുവാന്‍ ഇവിടുത്തെ സേവനം ഇദ്ദേഹത്തിനു പ്രയോജനമായി.വെങ്കിടക്യഷ്ണഭാഗവതര്‍ക്കും നീലകണ്ഠന്‍ നന്വീശനുമൊപ്പം പാടിത്തെളിഞ്ഞിട്ടും ഏതെങ്കിലും ഒരു സ്താപനത്തില്‍ അടങ്ങികഴിഞ്ഞുകൂടാന്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് തയ്യാറായില്ല. അഹമ്മദാബാദിലെ ദര്‍പ്പണ അക്കാദമിയിലും കൊല്‍ക്കത്തയിലെ ശാന്തിനികേതനിലുമായി തന്റെ യൌവനദശ മുഴുവന്‍ കഴിച്ചുക്കൂട്ടേണ്ടിവന്നു കുറുപ്പിന്. നാട്ടില്‍ തിരിച്ചെത്തിയശേഷം ഒരുപതിറ്റാണ്ടിലധികംകാലം കേരളത്തിലങ്ങോളമിങ്ങോളമുള്ള കളിയരങ്ങുകളില്‍ ആ ഗാനകല്ലോലിനികള്‍ മുഴങ്ങി.ഇക്കാലത്ത് പലപ്പോഴായി കലാമണ്ഡലത്തിലും കോട്ടക്കല്‍ നാട്യസംഘത്തിലും മാറിമാറി സേവനമനുഷ്ടിച്ചു കുറുപ്പാശാന്‍. അഹമ്മദാബാദ്, കല്‍ക്കട്ടവാസങ്ങള്‍മൂലം ദേശസഗീതത്തിന്റെ വഴികള്‍ പരിചയിക്കാനായി കുറുപ്പാശാന്. പിന്നീട് ഇവ ഗുണപരമായി കഥകളിസംഗീതത്തില്‍ ഉപയോഗിക്കുകയും ചെയ്തു അദ്ദേഹം.
കഥകളിസംഗീതത്തില്‍ അടിസ്ഥാനപരമായി നന്വീശനാശാന്റെ ശൈലിതന്നെയാണ് ഇദ്ദേഹം പിന്‍തുടര്‍ന്നിരുന്നതെങ്കിലും അവയെ സ്യഷ്ടിപരമായി സംസ്ക്കരിച്ച് ഭാവപൂര്‍ണ്ണതയിലേക്കെത്തിക്കാനും ഒപ്പം അനവധി പുതിയ ‘സംഗതികള്‍’ ഇവയില്‍ സങ്ക്രമിപ്പിക്കുവാനും കുറുപ്പിനു കഴിഞ്ഞു. ഇങ്ങിനെ കുറുപ്പാശാന്‍ കഥകളിസംഗീതത്തില്‍ വ്യക്തിത്വമാര്‍ന്ന ഒരു ശൈലി രൂപപ്പെടുത്തിയെടുത്തു. ഒരേ സമയം പ്രൌഢഗംഭീരവും ലളിതമനോഹരവുമായ, കഥകളിത്വം ഉള്ളശൈലിയാണിത്. അതിലോല ഭ്യഗപ്രയോഗങ്ങളും, വിചിത്രഗമകങ്ങളും, താളമിടഞ്ഞുള്ള പ്രയോഗങ്ങളും, താര-മന്ദ്രസ്ഥായികളിലുള്ള സുഗമമായ സഞ്ചാരങ്ങളും എല്ലാംചേര്‍ന്ന് പിന്തുടരുവാന്‍ വൈഷമ്യമുള്ളതായിരുന്നു ഈ കുറുപ്പ്ശൈലി. ഇതിനാല്‍ത്തന്നെയാവണം നന്വീശനാശാനേപ്പോലെ വിപുലമായൊരു ശിഷ്യസന്വത്ത് ഇദ്ദേഹത്തിന് ഉണ്ടാവാതെയിരുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ അകാലമ്യത്യുവിലൂടെ ആസ്വാദനലോകത്തിന് പിന്‍തുടര്‍ച്ചയില്ലാത്ത ആ ആലാപനശൈലി നഷ്ടമായി ഭവിച്ചു.
അഗാധമായ രാഗജ്ഞാനമുണ്ടായിരുന്ന ഇദ്ദേഹം എല്ലാരാഗങ്ങളും തീരെവ്യതിചലിക്കാതെ പൂണ്ണതയോടെ ആലപിച്ചിരുന്നു. രാഗങ്ങളുടെ മര്‍മ്മമറിഞ്ഞ് പാടിയിരുന്നു അദ്ദേഹം, പ്രത്യേകിച്ച് കേരളതനിമയാര്‍ന്ന പാടി,പുറന്നീര,ഘണ്ഡാരം,നവരസം തുടങ്ങിയവ. ഇവയെല്ലാം തന്നെ മലയാണ്മയുടെ ഗന്ധമുതിര്‍ക്കുന്ന, കളംപാട്ടിന്റെ സൌന്ദര്യം തെല്ലുകടാക്ഷിച്ച ഗാനശില്പങ്ങളായിരുന്നു
കാനക്കുറിഞ്ഞിയിലെ ‘ജീവിതനായക’,
ഗൌളീപ്പന്തിലുള്ള ‘നെഷധേന്ദ്രാ’,
മോഹനത്തിലുള്ള ‘പിന്നെ നാം മുനിയോടും’
ഇതെല്ലാം കുറുപ്പാശാന്റെ കണ്ഠത്തിലൂടെ നാടന്‍ ശീലുകളായി പരിണമിച്ചു. മോഹനത്തിലെ ‘ഗൌരീശം മമ’ ഇദ്ദേഹത്തിന്റെ ലാളിത്യമധുരമായ പ്രാര്‍ത്ഥനാഗീതമായിരുന്നു.
‘പുഷ്ക്കരാ നീ പഴുതേ’
’കേട്ടില്ലേ ഭൂദേവന്‍ മാരേ’ തുടങ്ങിയ പദങ്ങള്‍ കേവല വാചീകതലത്തിലാണ് കുറുപ്പാശാന്‍ പ്രയോഗിച്ചിരുന്നത്.
കത്തിവേഷങ്ങളുടെ രംഗപ്രവേശമറിയിക്കുന്ന പാടിരാഗവും
കഥകളിയുടെ മാത്രം സ്വത്തായ ദണ്ഡകങ്ങളും സഹ്യദയരേ കോള്‍മയിര്‍കൊള്ളിക്കുന്ന രീതിയില്‍ അദ്ദേഹം ആലപിച്ചിരുന്നു.
ആശാന്‍ സംഗീതപ്രയോഗങ്ങള്‍കൊണ്ട് പാടിതിമര്‍ത്തിരുന്ന് പദമാണ് കാന്വോജിയിലെ ‘ഹരിണാക്ഷി’,
എന്നാല്‍, ‘കോമളസരോജമുഖി’ എന്നുള്ള പദമാകട്ടെ പ്ലയിനോട്ടുകള്‍ മാത്രമുള്ള കാന്വോജിയുടെ ഒരു കരടുരൂപം.
കുറുപ്പാശാന്റെ നളചരിതാലാപനത്തിന് ഒരു പ്രത്യേക വശ്യതയാണ്.പ്രത്യേകിച്ച് ഇതിലെ ശ്ലോകങ്ങള്‍. അടുത്ത രംഗത്തിന്റെ പശ്ചാത്തലം നടനിലുംആസ്വാദകരിലും സ്യഷ്ടിക്കുവാനുതകുന്നരീതിയിനാണ് അദ്ദേഹം ശ്ലോകങ്ങള്‍ ആലപിച്ചിരുന്നത്. എന്നാല്‍അധികരാഗവിസ്താരങ്ങള്‍ നടത്തി മുഷിച്ചിലുളവാക്കിയിരുന്നുമില്ല.പകരം കുറഞ്ഞ സഞ്ചാരം കൊണ്ട്തന്നെ രാഗസ്വരൂപവും ഭാവതലവും സ്യഷ്ടിക്കുകയാണ് കുറുപ്പാശാന്‍ ചെയ്തിരുന്നത്.
നളചരിതം രണ്ടാം ദിവസത്തിലെ ‘സാമ്യം അകന്നോരു ഉദ്യാനം’എന്ന പൂര്‍വ്വിയിലുള്ളപദം അദ്ദേഹത്തിന്റേതു കേള്‍ക്കേണ്ടതു തന്നെയാണ്.
കാട്ടാളന്റെ പദത്തിനിടക്കുള്ള ‘ആഹന്ത ദയിതാ ദയാസിന്ധോ‘ എന്ന പദം രംഗത്ത് ആസമയം ഇല്ലാത്ത ദമയന്തിയുടെ ദീനവിലാപമാണല്ലൊ. പ്രാക്യതകാട്ടാളന്റെ ചിന്തകളില്‍ നിന്നും ദമയന്തിയുടെ ദൈന്യവിലാപത്തിലേക്ക് അരങ്ങിന്റെ അന്തരീക്ഷത്തെ എത്തിക്കുവാന്‍ കുറുപ്പാശാന് നിഷ്പ്രയാസം സാധിക്കുന്നു.
തന്റെ ഉത്തരേന്ത്യന്‍ബന്ധം മൂലമാകണം നാളിതുവരെ കളിയരങ്ങിന് അന്യങ്ങളായിരുന്ന സരസ്വതി,കാനഡ, ഭാഗേശ്വരി,ദേശ് തുടങ്ങിയ രാഗങ്ങള്‍ കുറുപ്പാശാന്‍ പ്രയോഗത്തില്‍ കൊണ്ടുവന്നത്. ആലോചനയൊ ചിട്ടപ്പെടുത്തലൊ കൂടാതെ പെട്ടന്ന് അരങ്ങില്‍ ചിലചരണങ്ങള്‍ പുതുരാഗങ്ങളിലേക്ക് മാറ്റിപ്പാടുന്ന സംന്വ്യദായം ആശാനിലൂടെയാണ് കഥകളിയില്‍ വന്നുചേര്‍ന്നത്. രുഗ്മാഗതചരിതത്തിലെ ‘അംബാ തൊഴുന്നേന്‍’ എന്നപദം ക്യാനഡയിലേക്ക് മാറ്റിയാണ് അദ്ദേഹം പാടിയിരുന്നത്. ഈമാറ്റത്തിലൂടെ ആരംഗത്തിന്റെ കരുണരസത്തിന്റെ ആഴം കൂടി.
മുദ്രകള്‍ക്ക് ഭാവപൂര്‍ണ്ണത നല്‍കുവാനും സംബോധനകളെ യഥാര്‍ത്ഥ വാചികതലത്തിലേക്ക്എത്തിക്കുവാനുമായി ഉണ്ണിക്യഷണക്കുറുപ്പാശാന്‍ ചിലപദങ്ങളുടെ വരികള്‍ മുറിച്ച് വാക്കുകള്‍ എടുത്തു പറയുകയും ചില അക്ഷരങ്ങള്‍ക്ക് ഊന്നല്‍ നല്‍കി ആലപിക്കുകയും ചെയ്തിരുന്നു. അരങ്ങിലെ വികാരതരളിത സന്ദര്‍ഭങ്ങളില്‍പ്പോലും ഇദ്ദേഹം നിര്‍ദാക്ഷിണ്യം ചേങ്കിലയില്‍ താളമിട്ടിരുന്നു. മാത്രമല്ല ചിലരംഗങ്ങളില്‍ പാത്രത്തിന് ഉന്‍മേഷമേറ്റാന്‍ ചേങ്കിലയില്‍ ഇടഞ്ഞുകൊട്ടുകയും ചെയ്തിരുന്നു.
കളിക്കുപാടുകയാണ് പാട്ടുകാരന്റെ ചുമതലയെന്നും പാടിക്കളിപ്പിക്കേണ്ട ബാദ്ധ്യത പാട്ടുകാരനില്ലെന്നും ഉറച്ചുവിശ്വസിച്ചിരുന്ന കുറുപ്പ്, അരങ്ങത്ത് ഒന്നാന്തരം വേഷക്കാരനായാലും കുട്ടിവേഷക്കാരനായാലും അതുശ്രദ്ധിക്കാതെ ഒന്നുപോലെ പാടിയിരുന്നു. അതുപോലെ ശിങ്കിടിപാടുന്നതാരാണെന്നതും അദ്ദേഹത്തിനൊരു പ്രശ്നമല്ലായിരുന്നു.എന്നാല്‍ കൂടെപ്പാടുന്നയാളുടെ വ്യവഹാരങ്ങളെ തമസ്ക്കരിക്കാനൊ വിലക്കാനൊ കുറുപ്പാശാന്‍ ശ്രമിക്കാറുമില്ല. അപകര്‍ഷത ഇദ്ദേഹത്തിനെ തെല്ലും തീണ്ടിയിരുന്നില്ല.
പലവിധ ഭാവോദ്ദീപകങ്ങളായ ഗാനങ്ങള്‍ കണ്ഠത്തില്‍ നിന്നുമുതിര്‍ത്തിക്കൊണ്ട് അരങ്ങില്‍ നില്‍ക്കുന്വോഴും കുറുപ്പാശാന്റെ മുഖത്ത് നിസ്സംഗഭാവമായിരിക്കും കാണാന്‍ കഴിയുക. വിമര്‍ശ്ശനങ്ങളോടും അംഗീകാരങ്ങളോടും എല്ലാം അദ്ദേഹത്തിന് ഈ നിസംഗമനോഭാവം തന്നെയായിരുന്നു. അഭിന്ദനങ്ങളും അക്ഷേപങ്ങളും ഇദ്ദേഹത്തിനെ ബാധിച്ചിരുന്നുല്ല,ആശാന്‍ അവക്കെല്ലാം അതീതനായി നിലകൊണ്ടു. അഹന്ത,അസൂയ തുടങ്ങിയവയില്‍ നിന്നും തികച്ചും മുക്തനായിരുന്നു ഉണ്ണിക്യഷ്ണക്കുറുപ്പ്.
പ്രസിദ്ധ ചെണ്ട കലാകാരനും സഹപ്രവര്‍ത്തകനുമായിരുന്ന ശ്രീ കലാ: ക്യഷ്ണന്‍കുട്ടിപൊതുവാള്‍, കുറുപ്പിനെ ഇങ്ങിനെ വിലയിരുത്തുന്നു. “ഉണ്ണിക്യഷ്ണക്കുറുപ്പിന്റെ ഗാനശൈലി മറ്റാര്‍ക്കും അനുകരിക്കാന്‍ പറ്റില്ല. അത് ഒരു പ്രത്യേകരീതിയാണ്. എന്നാല്‍ പല കസര്‍ത്തുകളും അടങ്ങുന്ന ഒരു ഒതുക്കമുള്ള ശ്രവണസുഖമായ വഴിയായിരുന്നു. അങ്ങിനെ കുറുപ്പ് ഉയര്‍ന്ന് പാടി, പാടിപാടി ഉയര്‍ന്നു. ആ ഉയര്‍ന്ന നിലയില്‍ത്തന്നെ ഉയിര്‍വെടിഞ്ഞു.”
അരങ്ങിലുണ്ടായിരുന്ന നിയന്ത്രണപടുത്വം ആദ്ദേഹത്തിന്റെ സ്വകാര്യജീവിതത്തില്‍ കണ്ടിരുന്നില്ല. അതിപ്രതിഭാശാലികളായുള്ള വ്യതികള്‍ക്ക് പൊതുവേ സംഭവിക്കുന്ന ദുരന്തമാണല്ലൊ ഇത്. കുറുപ്പാശാന്‍ തന്റെ തിരക്കേറിയ കലാജീവിതത്തില്‍ നിന്നും ഒന്നും സംഭരിക്കുവാനൊ സൂക്ഷിച്ചുവയ്ക്കാനൊ ശ്രമിച്ചിരുന്നില്ല. രോഗബാധിതനും അവശനുമായിതീര്‍ന്ന ഉണ്ണിക്യഷ്ണക്കുറുപ്പ് വിദഗ്ധചികിത്സക്കുപോലുംകാത്തുനില്‍ക്കാതെ തന്റെ 57ം വയസ്സില്‍ ഈലോകത്തോട് വിടപറഞ്ഞുപോയി.
സുപ്രസിദ്ധ കഥകളിനടന്‍ പത്മഭൂഷണ്‍ കലാ:രാമന്‍കുട്ടിനാരാശാന്‍ തന്റെ ആത്മകഥയായ തിരനോട്ടത്തില്‍ കുറുപ്പിനെ എങ്ങിനെ അനു:സ്മരിക്കുന്നു. “കഥകളി സംഗീതവേദിയില്‍ അകാലത്തില്‍ പടുതിരികത്തിയണഞ്ഞ ഒരു ഭദ്രദീപമായിരുന്നു ശ്രീ കലാ:ഉണ്ണിക്യഷ്ണക്കുറുപ്പ്. പാരന്വര്യത്തിന്റേയും ജന്മവാസനയുടേയും മാത്രം പിന്‍ബലംകൊണ്ട് ഇത്രമാത്രം ബഹുജനപ്രീതി നേടിയ ഒരാള്‍ സംഗീതത്തിലെന്നു വേണ്ട മറ്റൊരുകലയിലും ഏറെ ഉണ്ടാവില്ല. കഥകളിസംഗീതത്തില്‍ കന്വക്കാരെ അന്വരപ്പിക്കുന്ന വിധത്തില്‍ ഉണ്ണിക്യഷ്ണക്കുറുപ്പ് പ്രയോഗിച്ചുകാണിച്ചിട്ടുള്ള അത്ഭുതങ്ങളും ശൈലീഭേദങ്ങളും എടുത്തുപറയേണ്ടതാണ്. എല്ലാത്തിനും പുറമെ ആ ഗായകന്റെ ലാളിത്യവും അനായാസതയും, ആസ്വാദകന്റെ ഹ്യദയത്തോളമെത്തുന്ന കൂര്‍ത്തശബ്ദവും മറക്കാനാവില്ല. ആ ഗായകന് നിഷ്ടയോടും നിഷ്ക്കര്‍ഷയോടും കൂടി നീണ്ടകാലത്തെ അഭ്യാസംകൂടി കിട്ടിയിരുന്നുവെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി? അതങ്ങിനെയാണല്ലൊ! കരിന്വിനു കന്വ് ദോഷം എന്നല്ലെ?ഇന്ന് ഉണ്ണിക്യഷ്ണക്കുറുപ്പ് നമ്മോടോപ്പമില്ല.വേദനയോടെ നഷ്ടബോധത്തോടെ ആ ഗാനപ്രതിഭക്കുമുന്‍പില്‍ രണ്ടുതുള്ളി കണ്ണുനീരര്‍പ്പിക്കട്ടെ.”