കഥകളി വേഷങ്ങള്‍(ഭാഗം2)

മുഖം തേപ്പ്



കഥകളികലാകാരന്‍ സ്വന്തമായാണ് മുഖത്ത് ചായംതേയ്ക്കുന്നത്.ഇതിനായി പ്രധാനമായി ഉപയോഗിക്കുന്നത് മനയോലയാണ്. ഔഷധങ്ങള്‍ക്കും മറ്റും ഉപയോഗിക്കുന്ന ധാതുപദാര്‍ത്ഥമാണിത്. ഇത് നന്നായി പൊടിച്ച് വെളിച്ചെണ്ണയില്‍ കുഴച്ചെടുക്കുന്നു. ഇത് മഞ്ഞനിറത്തിന് ഉപയോഗിക്കുന്നു. കട്ടനീലം എന്ന രാസവസ്തു മനയോലയോട് ചേര്‍ത്ത് പച്ചനിറവും, സിങ്ക്റഡ് ചേര്‍ത്ത് ചുവപ്പ് നിറവും ഉണ്ടാക്കി ഉപയോഗിക്കുന്നു. വെളിച്ചെണ്ണത്തിരികത്തിച്ച് മുകളില്‍ തടവെച്ച് കിട്ടുന്നകരി വെളിച്ചെണ്ണ ചേര്‍ത്ത് കറുപ്പുനിറത്തിന് ഉപയോഗിക്കുന്നു. സിങ്കുവൈറ്റ് വെള്ളനിറത്തിനു് ഉപയോഗിക്കുന്നു. ഇങ്ങിനെ അരച്ചെടുക്കുന്ന ചായങ്ങള്‍ ചെറുകഷ്ണം ഓലക്കീറില്‍ എടുത്ത് ഈര്‍ക്കിലിയും കൈവിരളും ഉപയോഗിച്ചാണ് മുഖത്ത് തേയ്ക്കുന്നത്. നീലച്ചുണ്ടയുടെ പൂവ് ഒരുക്കിയെടുത്ത് തിരുമ്മി കണ്ണിലിട്ടാണ് കണ്ണ് ചുവപ്പിക്കുന്നത്.


ചുട്ടി


മുഖത്തെ ചുട്ടികുത്തുന്നതിന് അരിയും ചുണ്ണാമ്പും പ്രത്യേകാനുപാതത്തില്‍ അരച്ച് ചുട്ടിഅരി ഉണ്ടാക്കുന്നു. അരിയുടെ മൂന്നില്‍ ഒന്ന് ചുണ്ണാമ്പ് എന്നാണ് അനുപാതം. കലാകാരന്മാര്‍ സ്വന്തമായല്ലാ ചുട്ടികുത്തുന്നത്. ചുട്ടികുത്തികൊടുക്കുന്നതിനായി പ്രത്യേകം കലാകാരന്മാര്‍ ഉണ്ട്. മുഖത്ത് ചുട്ടിയരി തേച്ച്, അവയില്‍ പാകത്തിന് വെട്ടിയെടുത്ത കടലാസുകഷ്ണങ്ങള്‍ പിടിപ്പിച്ചാണ് ചുട്ടികുത്തുന്നത്. കത്തി,താടി വേഷങ്ങളുടെ മൂക്കിലും നെറ്റിയിലും വെയ്ക്കാനുള്ള ഉണ്ടകള്‍ തെര്‍മോക്കോളില്‍ നിര്‍മ്മിക്കുന്നു.
മെയ്‌ക്കോപ്പുകള്‍

ദേഹത്ത് ‘കുപ്പായം‘ ഇടുന്നു,സാധാരണ വേഷങ്ങള്‍ക്കെല്ലാം ചുവപ്പുനിറത്തിലുള്ള കുപ്പായമാണിടുന്നത്. ക്യഷ്ണന് നീലനിറത്തിലും കരിവേഷങ്ങള്‍ക്ക് കറുപ്പ് നിറത്തിലും ഉള്ള കുപ്പായങ്ങളാണ് അണിയാറ്. വെള്ളത്താടിക്ക് വെള്ള നിറത്തിലുള്ളതും ചുവന്നതാടിക്ക് ചുവന്ന നിറത്തിലുമുള്ള ചകലാസുനൂലുകള്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന കട്ടികൂടിയ കുപ്പായമാണുപയോഗിക്കുന്നത്. കഴുത്തില്‍ കൊല്ലാരം കെട്ടുന്നു. സ്ത്രീവേഷങ്ങള്‍ക്ക് മുലക്കൊല്ലാരമാണ് ഉപയോഗിക്കുന്നത്. അതിനുപുറമെ കഴുത്താരവും (മാലക്കൂട്ടം)കെട്ടുന്നു. കഴുത്തില്‍ ചുവപ്പുനിറത്തിനുള്ളതും ഉള്ളില്‍ കണ്ണാടിവെച്ചിട്ടുള്ളതുമായ ഒരു ‘പട്ടുത്തരീയവും’ രണ്ടുമൂന്ന് വെള്ള ‘ഉത്തരീയങ്ങളും‘’ അണിയുന്നു.

കൈകളില്‍ മരത്തില്‍ നിര്‍മ്മിച്ച ‘വള‘കളിട്ട് ‘ഹസ്തകടകം‘ കെട്ടുന്നു.കൈവിരളുകളില്‍ ക്യത്രിമനഖങ്ങള്‍ അണിയുന്നു.



തോളുകളില്‍ ‘തോള്‍പ്പൂട്ടും’ ‘പരുത്തിക്കാമണിയും’ കെട്ടുന്നു.



കാലില്‍ തണ്ഡപ്പതിപ്പും കച്ചമണിയും(ചിലങ്ക) കെട്ടുന്നു.

ഉടുത്തുകെട്ട്



അരയില്‍ കച്ചചരട് കെട്ടി അതില്‍ കഞ്ഞിപശയില്‍ മുക്കിയ തുണികള്‍ അടുക്കിനിരത്തി കെട്ടിവെയ്ക്കുന്നു.ഏറ്റവും മുകളിലായി ‘ഞൊറി‘ കെട്ടുന്നു. പച്ച,കത്തി,താടി വേഷങ്ങള്‍ക്കെല്ലാം വെള്ളനിറത്തിലുളള ഞൊറിയും കരിക്ക് കറുപ്പും, കൃഷണന് മഞ്ഞയും ബാഹുകന്(സര്‍പ്പദംശനമേറ്റ നളന്‍) നീലയും, ഭദ്രകാളീ,സൂര്യന്‍ എന്നിവര്‍ക്ക് ചുവപ്പും നിറങ്ങളിലുള്ള ഞൊറികളാണ് ഉപയോഗിക്കുന്നത്. ഞൊറിക്ക് മുകളില്‍ ഇരുവശങ്ങളിലുമായി പട്ടില്‍തൈച്ചേടുക്കുന്ന ’പട്ടുവാല്‍‘ ഇടുന്നു. മുന്‍ഭാഗത്തായി ആനയുടെ തലേക്കെട്ടുപോലെയിരിക്കുന്ന ‘മുന്തിയും‘ തടിക്കഷ്ണങ്ങളാല്‍ നിര്‍മ്മിച്ചിരിക്കുന്ന ‘പടിയരഞ്ഞാണവും’കെട്ടുന്നു.



ചെവിയുടേ ഭാഗത്തായി ‘തോടയും ’ചെവിപ്പൂവും’ വെച്ചുകെട്ടുന്നു. തലയില്‍ പട്ടുവാല്‍ കെട്ടി, അതിനുമുകളിലായി കിരീടം വെച്ചുകെട്ടുന്നു. കുമിള്‍ത്തടി കടഞ്ഞെടുത്ത് അതില്‍, മയില്‍പ്പീലിതണ്ട്,ചില്ലുകഷ്ണങ്ങള്‍,പച്ചവണ്ടിന്‍ തോട്,വര്‍ണ്ണകടലാസ്,തകിട്,മുത്തുകള്‍ എന്നിവ പിടുപ്പിച്ച് ആണ് കിരീടങ്ങള്‍ നിര്‍മ്മിക്കുന്നത്. കിരീടത്തില്‍ ചേര്‍ത്തുപിടുപ്പിച്ചിരിക്കുന്ന രണ്ട് കച്ചകള്‍ ഉപയോഗിച്ചാണ്, ഇത് തലയില്‍ വെച്ചുകെട്ടുന്നത്. സ്ത്രീവേഷങ്ങള്‍ക്ക് തലയില്‍ ‘കൊണ്ട’ കെട്ടി,അതിനുമുകളിലൂടെ പട്ടുതുണി ഇടുന്നു. നെറ്റിക്കുമുകളില്‍ ‘കുറുനിരയും’ കെട്ടുന്നു.


കഥകളി വേഷങ്ങള്‍ (ഭാഗം3)



പച്ചവേഷങ്ങള്‍.





പച്ചവിഭാഗത്തില്‍പ്പെടുന്ന ശ്രീ ക്യഷ്ണവേഷം.






കത്തിവേഷം





വെള്ളത്താടിവേഷം.





ചുവന്നതാടി വേഷം.





പെണ്‍ കരി വേഷം





മിനുക്കുവിഭാഗത്തില്‍ വരുന്ന സ്ത്രീവേഷം.‍




പഴുപ്പ് വേഷം.




ഹംസവേഷം.




നരസിംഹവേഷം.







ബാഹുകവേഷം.


പത്മശ്രീ കീഴ്പ്പടം ആശാന് ആദരാഞ്ജലികള്‍

കഥകളിയില്‍ കല്ലുവഴിച്ചിട്ടയുടെ വക്താവും പ്രയോക്താവുമായി കഴിഞ്ഞ ഏഴുപതിറ്റാണ്ടുകളായി അരങ്ങുകളിലും കളരിയിലും പ്രവര്‍ത്തിച്ച സാത്വികനായപത്മശ്രീ കീഴ്പ്പടം കുമാരന്‍‌നായരാശാന്‍ ഇഹലോകവാസം വെടിഞ്ഞു.
ഇദ്ദേഹം പുത്തന്മഠത്തില്‍ രാമുണ്ണിനായരുടേയും കീഴ്പ്പടത്തില്‍ ലക്ഷ്മിഅമ്മയുടേയും പുത്രനായി 15/02/1916ല്‍ ജനിച്ചു. വെള്ളിനേഴിയിലെ കാന്തളൂര്‍ കളരിയില്‍ ഗുരു പട്ടിക്കാതൊടി രാമുണ്ണി മേനോന്റെ കീഴില്‍ കഥകളി പഠനം ആരംഭിച്ച കുമാരന്‍ നായര്‍ തന്റെ ഒന്‍പതാം വയസ്സില്‍ കാന്തളൂര്‍ക്ഷേത്രത്തില്‍ സുഭദ്രാഹരണത്തിലെ ക്യഷ്ണവേഷം കെട്ടി അരങ്ങേറ്റം നടത്തി.
പ്രധാനമായും ആദ്യാവസാന്‍ കത്തി,വെള്ളത്താടി,മിനുക്ക് വേഷങ്ങള്‍ കെട്ടിയിരുന്ന കീഴ്പ്പടമാശാന്‍ 1937ല്‍ നര്‍ത്തകി രാഗിണീദേവിയോടോപ്പം വിദേശപര്യടനം നടത്തി. ഗ്രീസ്,യൂറോപ്പ് യൂഗോസ്ലാവ്യ,ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ അന്ന് കഥകളികള്‍ അവതരിപ്പിച്ചിട്ടുണ്ട്.
1955 മുതല്‍ 1957 വരെ കേരളകലാമണ്ഡലത്തില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം തുടന്ന് പ്രശസ്ത സാഹിത്യകാരന്‍ ചേലാട്ട് അച്ചുത മേനോന്റെ നിര്‍ദേശപ്രകാരം ചെന്നയില്‍ സിനിമാന്യത്ത സംവിധായകനായി പ്രവര്‍ത്തിച്ചു.ആക്കാലത്ത് എം.ജി,ര്‍ കീഴപ്പടത്തിന്റെ ശിഷ്യനായി ന്യത്തം പഠിച്ചിട്ടുണ്ട്.
പിന്നീട് കുമാരന്‍ നായര്‍ കോട്ടക്കല്‍ പി.സ്.വി.നാട്യസംഘത്തിലും 1975 മുതല്‍ 6വര്‍ഷക്കാലം ദല്‍ഹിയിലെ ഇന്റര്‍നാഷണല്‍ സെന്ററിലും കഥകളി ആശാനായി പ്രവര്‍ത്തിച്ചു.1960 മുതല്‍ പേരൂര്‍ ഗാന്ധി സേവാസംഘത്തില്‍ ആശാനായി. ഗുരു പാരന്വര്യമനുസ്സരിച്ച് കളരിആശായ്മ നിലനിര്‍ത്തിപോന്നിരുന്ന ആശാന്‍ വെള്ളിനേഴിയില്‍ പട്ടിക്കാതൊടികലാഭവനം ആരംഭിച്ച് കളരി നടത്തിപോന്നിരുന്നു.
കലാ:ഗോപി,കലാ:കുട്ടന്‍,സദനം ക്യഷ്ണന്‍ കുട്ടി,നരിപ്പറ്റ നാരായണന്‍ നന്വൂതിരി, കെ.ജി.വസു,നന്ദകുമാര്‍,കുറ്റുശ്ശേരി രാമന്‍കുട്ടി,സദനം ഹരികുമാര്‍ തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ പ്രധാന ശിക്ഷ്യരാണ്.
പട്ടിക്കാന്തൊടിയാശാന്റെഅടുത്ത് ഒരു പന്തീരാണ്ടുകാലത്തോളം പഠിക്കുവാന്‍ ഭാഗ്യംസിദ്ധിച്ച കീഴപ്പടം കുമാരന്‍ നായര്‍ അരങ്ങില്‍ രാമുണ്ണിമേനോനോടോപ്പം ധാരാളം കൂട്ടുവേഷങ്ങള്‍ കെട്ടിയാടിയിട്ടുമുണ്ട്. മുദ്രകള്‍ കാണിക്കുന്വോഴും കലാശങ്ങള്‍ ചവിട്ടുന്വോഴും കോട്ടംതട്ടാത്ത മെയ്യ്, കരചരണ ദ്യഷ്ടികളുടെ ഒത്തിണക്കം ചൊല്ലിയാട്ടത്തിലെ ഒതുക്കവും വടിവും ഇങ്ങനെ രാവുണ്ണിയാശാന്റെ മഹത്വപൂണമായ അഭിനയസിദ്ധികള്‍ തന്നിലേക്ക് പകര്‍ത്താന്‍ കീഴ്പ്പടത്തിന് ഇത് സഹാകയമായി.
രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച ഇദ്ദേഹത്തിന് കേന്ദ്ര-കേരള സംഗീതനാട അക്കാടമികളുടെ അവാര്‍ഡുകള്‍,കേരള അക്കാദമിയുടെ ഫെല്ലോഷിപ്പ്, കലാമണ്ഡലം അവാര്‍ഡ് എന്നിവയും നല്‍കപ്പെട്ടിട്ടുണ്ട്. ആശാന്റെ സപ്തതി 1986ല്‍ പാലക്കാട്ട് ‘കളിയരങ്ങില്‍‘ വച്ച് ശിഷ്യരും കലാരസികരും ചേര്‍ന്ന് സമുചിതമായി ആഘോഷിച്ചിരുന്നു.അന്ന് അദ്ദേഹത്തിന് ഒരു വീരശ്യംഖലയും സമ്മാനിച്ചാദരിക്കപ്പെട്ടിരുന്നു.

‘വാനപ്രസ്ഥം’ തുടങ്ങിയ ചില സിനിമകളിലും കീഴ്പ്പടമാശാന്‍ അഭിനയിച്ചിട്ടുണ്ട്.
92വയസ്സ് പ്രായമായിരുന്ന കുമാരാന്‍‌നായരാശാന്‍ കുറച്ചുകാലങ്ങളായി വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.പ്രായാധിക്യം മൂലമുള്ള അസുഖം മൂര്‍ഛിച്ചതിനേതുടര്‍ന്ന് ആശാന്‍ എന്ന്(26/07/07) 6എ.എംന് ഭൌതീകശരീരം വെടിഞ്ഞുപോയി. ഇതോടെ കഥകളിക്ക് തലമുതിര്‍ന്ന ഒരു ആശാനേക്കൂടി നഷ്ടമായ് തീര്‍ന്നു.എന്നാല്‍ കഥകളിയാസ്വാദകരുടെ സ്മരണകളിലൂടെ അദ്ദേഹം എക്കാലത്തും ജീവിക്കും, ശിഷ്യരിലൂടെ എന്നും സ്മരിക്കപ്പെടും.ആ അതുല്യ നടന് ആദരാജ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ദ്ധിക്കുന്നു.