സ്വല്പം ദീഘമായൊരിടവേളയ്ക്കുശേഷം കളിഭ്രാന്തില്‍ ഒരു പോസ്റ്റ്നാട്ടാന്‍ ഒരുങ്ങുന്നു. ബ്ളോഗ് ആസ്വാദനമെഴുത്തിന്റെ കാലമൊക്കെ പോയീയെന്നൊരു സുഹ്റ്ത്ത് സന്ദര്ഭവശാല്‍ സംഭാഷണമദ്ധ്യേ കഴിഞ്ഞ ദിവസം സൂചിപ്പിക്കുകയുണ്ടായി. ശരിയാണ്, ഇത് കളിതന്നെ ചിത്രമായും വീഡിയോകളായി തന്നെയും തല്‍സമയം തന്നെ സംപ്രേഷണം ചെയ്യപ്പെടുന്നു വാട്സപ്പാദി നൂതന മാധ്യമങ്ങളുടെ കാലം. എങ്കിലും നല്ലൊരു അരങ്ങനുഭവത്തിന്റെ അനന്തരഭലമായി ഒരു പോസ്റ്റു നാട്ടാതെ വയ്യ. ഈ പോസ്റ്റില്‍ ചിത്രങ്ങളൊന്നുമുള്‍പ്പെടുത്താന്‍ സാധിക്കുന്നില്ല. ചിത്രങ്ങളൊക്കെ ഇതിനകം തന്നെ അതില്‍ വിദഗ്ധന്മാരാല്‍ ആധുനീക സാമഗ്രികളിലൂടെ ചിത്രീകരിക്കപ്പെട്ടതന്നെ മുഖപുസ്തകാദികളിലൂടെ ആസ്വാദകലോകം കണ്ടുകഴിഞ്ഞിരിക്കുമല്ലൊ.
കുറച്ചുനാളുകള്‍ക്കുശേഷമാണ്‍ തുടര്‍ച്ചയായി മൂന്നുനാള്‍കള്‍ കളിയരങ്ങിനുമുന്നിലെത്താന്‍ സാധിക്കുന്നത്. കഴിഞ്ഞ മൂന്നു രാത്രികളായി ചേര്‍പ്പ് സോപാനം സാംസ്ക്കാരികകേന്ദ്രത്തില്‍ നടന്ന കഥകളിയുത്സവം കണ്ടാസ്വദിക്കുവാന്‍ തരമായി. 'കണ്ണിണയ്ക്കാനന്ദം' എന്നപേരില്‍ ചേര്പ്പ് കഥകളിവേദി നടത്തിയ ഈ കളിയുത്സവത്തില്‍ ഇരയിമ്മന്‍ തമ്പിയുടെ മൂന്ന് കഥകളാണ് അവതരിപ്പിക്കപ്പെട്ടിരുന്നത്.
ആസ്വാദകവേദിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശകനും, പ്രമുഖ കലാ-സാംസ്ക്കാരിക പണ്ഡിതനും, അക്ഷരശ്ളോകാചാര്യനും, തന്ത്രിമുഖ്യനുമായിരുന്ന ശ്രീ കെ.പി.സി.നാരായണന്‍ ഭട്ടതിരിപ്പാടിന്റെ അനശ്വരസ്മരണയ്ക്കുനുന്നില്‍ സമര്പ്പിച്ചുകൊണ്ടാണ് കണ്ണിണയ്ക്കാനന്ദം അവതരിപ്പിക്കപ്പെട്ടിരുന്നത്. 17/08/2015നു വൈകിട്ട് 6നു അദ്ദേഹത്തിനെ അനുസ്മരിക്കുന്ന ചടങ്ങോടെയാണ് കളിയുത്സവം ആരമ്ഭിച്ചത്. അദ്ദേഹത്തെ വളരെക്കാലമായി അടുത്തറിയുന്ന, തദ്ദേശവാസിയുമായ പത്മശ്രീ പെരുവനം കുട്ടന്‍മാരാരായിരുന്നു കെ.പി.സി. അനുസ്മരണം നടത്തിയത്. ഭട്ടതിരിപ്പാടിന്റെ സമസ്ഥപ്രവര്ത്തനന മേഘലകളേയും സമഗ്രമായി സ്പര്ശ്ശിക്കുന്നതും ഹ്റ്ദ്യവുമായി കുട്ടേട്ടന്റെ അനുസ്മരണപ്രഭാഷണം.
സാഹിത്യസംഗീതഭാവരസമിളിതങ്ങളും, ആചാര്യന്മാരും അനുഗ്രഹീതരുമായിരുന്ന അനേകം കഥകളികലാകാരന്മാരിലൂടെ അരങ്ങുകളില്‍ എന്നും ആസ്വാദ്യങ്ങളായി വര്ത്തിച്ചിട്ടുള്ളവയുമായ ഇരയിമ്മന്‍ തമ്പിയുടെ ആട്ടക്കഥകളാണ് മൂന്നു രാവുകളിലായി ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇന്നുള്ളവരില്‍ മികച്ചവരും അനുയോജ്യരുമായ കലാകാരന്മാരെ അണിനിരത്തിക്കൊണ്ടുള്ള ഈ രങ്ങുകള്‍ എല്ലാം തന്നെ മെച്ചപ്പെട്ടവയായിരുന്നുവെങ്കിലും അന്ത്യദിനത്തിലെ കളി അക്ഷരാര്‍ത്ഥത്തില്‍ തന്നെ കണ്ണിണകള്ക്ക് ആനന്ദം പകരുന്നതായി. ദക്ഷയാഗം കഥയാണ് അന്ന് അവതരിപ്പിക്കപ്പെട്ടിരുന്നത്. പതിഞ്ഞപദവും നന്ദികേശ്വരന്‍, ദധീചി എന്നിവരുടെ രംഗങ്ങളും ഉള്പ്പെടെയാണ് ദായാഗം ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്.
തന്റെ സ്വതസിദ്ധമായ അഭിനയചാതുരിയോടെയും കളരിവഴക്കത്തിന്റെ അവതരണഭംഗിയോടെയുമുള്ള ഔചിത്യപൂര്‍മായ അവതരണത്താല്‍ പത്മശ്രീ കലാ:ഗോപി ദക്ഷവേഷം ഒരിക്കല്‍ക്കൂടി അനശ്വരമാക്കി. സമ്പ്രദായനിബന്ധമായ പതിഞ്ഞപദവും 'കണ്ണിണക്കാന്ദം' തുടങ്ങിയ പദങ്ങളോടുകൂടിയ രണ്ടാം രംഗവും അനുഭവവേദ്യമാക്കിതീര്‍ത്തുകൊണ്ട് ഗോപിയാശാനൊപ്പം അരങ്ങില്‍ പ്രവര്ത്തിച്ച കലാ:മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാ:ഉണ്ണിക്റ്ഷ്ണന്‍, കലാ: നാരായണന്‍ നായര്‍ എന്നിവരും മികച്ച പ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു.
കലാ:ചെമ്പക്കര വിജയന്‍ സതീവേഷം ഭംഗിയായി അവതരിപ്പിച്ചു. തുടര്‍ന്നുള്ള ഭാഗത്ത് ദക്ഷനായെത്തിയ കലാ:ഷണ്മുഖനും ശിവനായെത്തിയ കലാ:അരുണ്‍ വാര്യരും നിലവാരമുള്ളതും മെച്ചപ്പെട്ടതുമായ പ്രകടനം തന്നെ കാഴ്ച്ചവെച്ചിരുന്നു. കളരിഅഭ്യാസത്തിന്റെ മിടുക്കും ഒതുക്കവുള്ള കലാശാദികളാലും, ഔചിത്യപരമായ ആട്ടങ്ങളാലും നല്ല അഭിനയത്താലും ഇവര്‍ തങ്ങളുടെ ഭാഗങ്ങള്‍ അവതരിപ്പിച്ചപ്പോള്; നന്ദികേശ്വരനായെത്തിയ ആര്.എല്.വി. പ്രമോദ്, വീരഭദ്രനായെത്തിയ കലാ:ഹരി.ആര്.നായര്‍ തുടങ്ങിയ ഇതര കലാകാരന്മാരും എല്ലാവരും തന്നെ നല്ല പ്രകടനമായിരുന്നു ഈ ദിവസം കാഴ്ച്ചവെച്ചത്. അതോടെ ദക്ഷയാഗം കഥകളി നല്ലൊരു അരങ്ങനുഭവമായി മാറി.
കലാശനിബന്ധവും ഭാവപ്രാധാന്യമുള്ളതും മനോധര്‍മ്മങ്ങള്‍ക്ക് സാധ്യതയുള്ളതുമായ 'അറിയാതെ' എന്ന പദം ഭംഗിയായും ഒതുക്കത്തോടെയും ഔചിത്യപരമായി ഷണ്മുഖന്‍ രംഗത്ത് അവതരിപ്പിച്ചു. ഈ രംഗത്ത് കുറച്ചുകൂടി ഊര്‍ജ്ജവത്തായ പാട്ടുകൂടിയുണ്ടായിരുന്നുവെങ്കില്‍ രംഗം ഒന്നുകൂടി കൊഴുക്കുമായിരുന്നു എന്ന് തോന്നി. കലാ:വിനോദിന്റെ പൊന്നാനിയും കലാ:സുധീശിന്റെ ശിങ്കിടിയുമായിരുന്നു ഈ രംഗത്തില്‍്.
ഈ രംഗം മുതല്‍ മേളം കൈകാര്യം ചെയ്ത സദനം രാമക്റ്ഷ്ണന്‍, കലാനി:രതീഷ്, കലാനി:പ്രകാശന്‍, കലാ:വിനീത് തുടങ്ങിവരുടെ അവസരോചിതവും മികച്ചതുമായ പ്രവര്‍ത്തിയും കളിയുടെ വിജയത്തില്‍ പ്രധാന പങ്കുവൈച്ചു.
നന്ദികേശ്വരന്റെ രംഗം മുതല്‍ കോട്ട:നരായണന്‍ ആയിരുന്നു പ്രധാന ഗായകന്‍.കലാ:സുധീഷ്, അഭിജ്ത്ത് വര്‍മ്മ തുടങ്ങിയവരായിരുന്നു സഹഗായകര്‍.
കലാ:സജി, കലാ:സുകുമാരന്‍, കലാ:വിഷ്ണു തുടങ്ങിയവരായിരുന്നു ഈ ദിവസത്തെ ചുട്ടി കലാകാരന്മാര്. ശ്രീപാര്‍വ്വതീ കലാകേന്ദ്രം, ചെറുതുരുത്തിയുടെ മികച്ച ചമയങ്ങളായിരുന്നു മൂന്ന് ദിനങ്ങളിലെ കളികള്‍ക്കും ഉപയോഗിച്ചിരുന്നത്.
ഈ കഥകളിയുത്സവത്തിന്റെ അരങ്ങിലെ പ്രകാശവിതാനം പ്രത്യേകരീതിയില്‍ സജ്ജീകരിച്ചിരുന്നത് ശ്രീ നരിപ്പെറ്റ രാജു ആയിരുന്നു. പഴയ നിലവിളക്കിന്‍ ജ്വാലയുടെ അന്തരീക്ഷത്തിനെ വരുത്തുവാനുദ്ദേശിച്ചായിരിക്കും മഞ്ഞയുടെയും ചുവപ്പിന്റേയും മിശ്രണമായ പ്രകാശം അരങ്ങില്‍ നല്കിയത്. എന്നാല്‍ ഇതിനകം തന്നെ ധവളപ്രകാശം ശീലമായിക്കഴിഞ്ഞ അരങ്ങിന് ഈ മഞ്ഞളിപ്പ് അത്ര ഹ്റ്ദ്യമായി പൊതുവേ അഭിപ്രായം കേട്ടില്ല. ഫോട്ടോ വീഡിയോ ഗ്രാഭിക്കാര്ക്ക് ഒട്ടും അനുയോജ്യമായിരുന്നില്ല എന്നാണ് ആ വിഭാഗത്തിലുള്ളവരുടെ അഭിപ്രായം അറിഞ്ഞത്. അതിനാല്‍ തന്നെയായിരിക്കാം ആദ്യ ദിവസം കണ്ട ഫോട്ടോഗ്രാഫി സുഹ്റ്ത്തുക്കളെ തുടര്‍ ദിവസങ്ങളില്‍ കണ്ടുമില്ല. സാധാരണ ആസ്വാദകന്‍ വലിയ അരോചകത്വമൊന്നും തോന്നിയില്ല യെങ്കിലും പ്രത്യേകമായി സാമ്പത്തികം മുടക്കി ഇങ്ങിനെയൊരു പ്രകാശവിതാനം നല്‍കുന്നത് കഥകളിപോലെയൊരു ക്ളാസിക്കല്‍ കലയ്ക്ക് ആവശ്യമുണ്ടോ എന്ന് സംശയം തോന്നി.
മൂന്നു രാത്രികളിലും നല്ലൊരു
ആസ്വാദന സദസ്സും ചേര്പ്പില്‍ കളികാണുവാനായി കൂടിയിരുന്നു. കളികളുടെ ആരഭത്തിലും ആട്ടസമയങ്ങളിലും
മുരളിമാഷിന്റെ വിവരണങ്ങള്‍ ആസ്വാദകര്‍ക്ക് സഹായകരങ്ങളായിരുന്നു.
ആദ്യ ദിനം ഉത്തരാസ്വയംവരം(പോരുവിളിവരെയും)
രണ്ടാം ദിനം കീചകവധം(മല്ലയുദ്ധത്തോടുകൂടി)
ആണ്‍ ഇവിടെ അവതരിപ്പിക്കപ്പെട്ടിരുന്നത്. പൊതുവെ നന്നായിരുന്നു ഈ കളികളും. ഉത്തരാസ്വയംവരത്തില്‍
ത്റ്ഗര്ത്തനായി തന്മയത്തോടെ അഭിനയിച്ച ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി, പൊന്നാനിയായി
പദങ്ങള്‍ ഭംഗീയായി അലപിച്ചിരുന്ന പത്തിയൂര്‍ ശങ്കരന്‍ കുട്ടി, ശിങ്കിടികളായി പാടിയിരുന്ന
കലാനി:രാജീവന്‍, ശ്രീരാഗ് വര്‍മ്മ, ചെണ്ടയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച കോട്ട:വിജയരാഘവന്‍
എന്നിവരുടെ പ്രവര്ത്തികള്‍ മികച്ചു നിന്നിരുന്നു. മുതിര്‍ന്ന നടനായ നെല്ലിയോടാശാന്റെ
വേഷത്തിന് അനുയോജ്യമായ ഒരു മേളം പകരാനുതകുന്നവരെ നല്കുവാന്‍ സംഘാടകര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍
ഒന്നുകൂടി ഉചിതമായേനെ.
കീചകവധത്തിലെ മല്ലയുദ്ധഭാഗം
ചിട്ടക്കനുസരിച്ച് അവതരിപ്പിക്കുന്നതായി കുറച്ചുനാളുകള്‍ക്കുശേഷം കാണുവാനായി. കലാനി:ഗോപിനഥന്‍
മല്ലനെ അവതരിപ്പിച്ചപ്പോള്‍ നെടുമ്പുള്ളി റാംമോഹന്റെ സമ്പ്രദായബദ്ധവും ഊര്‍ജ്ജവത്തുമായ
പൊന്നാനിപ്പാട്ടും മികച്ച അനുഭവമായി. കലാ:ഹരിഹരന്റെ മദ്ദളത്തിലുള്ള അരങ്ങുപ്രവര്ത്തിയും
ഈ ദിനത്തില്‍ വളരെ ശ്രദ്ധേയമായി തോന്നി.
കെ.പി.സി മാഷിനെ അനുസ്മരിക്കുവാനും,തമ്പിക്കഥകളുടെ
നല്ലൊരു കളിയനുഭവം ആസ്വദിക്കുവാനും ആയതില്‍ കണ്ണിണയ്ക്കാനന്ദം സംഘാടകരോട് നന്ദി.