കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണ
രജതജൂബിലിയോടനുബന്ധിച്ച് അനുസ്മരണദിനാചരണസമിതി, ഇരിങ്ങാലക്കുട പുറത്തിറക്കിയ പുസ്തകമാണ് 'കലയാമി സുമതേ'. കഥകളി സംഗീതത്തിൽ ആവിഷ്ക്കാരത്തിന്റെ നവസാദ്ധ്യതകൾ കണ്ടെത്തി പ്രയോഗിക്കുവാനും, അതിലൂടെ തനതായൊരു വഴി രൂപപ്പെടുത്തിയെടുക്കുവാനും സാധിച്ച കുറുപ്പാശാന്റെ അനുപമവും അനനുകരണീയവുമായ സംഗീതസുധയെ അപഗ്രഥിക്കുകയും വിലയിരുത്തുകയും ചെയ്യാൻ ശ്രമിക്കുക എന്ന ഉദ്ദേശത്തോടെ നിർമ്മിക്കപ്പെട്ടിട്ടുള്ള ഈ ഗ്രന്ധം ഇരുപത്തിയേഴോളം ലേഘനങ്ങളുടെ സമാഹാരമാണ്. ഇതിനായി അത്തിപ്പറ്റ രവി, വാസുദേവൻ വെമ്പോല എന്നിവരുടെ സഹകരണത്തോടെ ഡോ.എ.എൻ.കൃഷ്ണനാണ് ലേഖനങ്ങളുടെ സമാഹരണവും സംശോധനവും നിർവ്വഹിച്ചിരിക്കുന്നത്.
കുറുപ്പാശാന്റെ അരങ്ങുപാട്ടിന്റേയും അദ്ധ്യാപനരീതിയേയും
വിശദീകരിക്കുന്ന 'കുറുപ്പാശാനെ ഓർക്കുമ്പോൾ' എന്ന പ്രിയശിഷ്യൻ പാലനാട് ദിവാകരൻ നമ്പൂതിരിയുടെ ലേഖനത്തോടെയാണ് പുസ്തകം ആരംഭിക്കുന്നത്. തുടർന്നുള്ള ലേഖനങ്ങളിലായി പ്രമുഖകലാകാരന്മാരായ പത്മശ്രീ കലാ:ഗോപി, ചേർപ്പുളശ്ശേരി ശിവൻ, മാടമ്പി സുബ്രഹ്മണ്യൻ നമ്പൂതിരി, കലാ:സുബ്രഹ്മണ്യൻ, കലാ:ഉണ്ണികൃഷ്ണൻ, നെല്ലിയോട് വാസുദേവൻ നമ്പൂതിരി എന്നിവർ കുറുപ്പാശാനെ അനുസ്മരിച്ചിരിക്കുന്നു.
ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഗുരു കലാ:നീലകണ്ഠൻ നമ്പീശന്റെ പുത്രൻ പി.എം.ജനാർദ്ദനൻ സഹോദരതുല്യനായ കുറുപ്പാശാനെ അനുസ്മരിക്കുന്ന ഒരു ലേഖനവും ആദ്യഭാഗത്തിലുണ്ട്. ഇതിൽ കുറുപ്പാശാന്റെ ജീവിതദശകളെയും, നമ്പീശനാശാനുമായുള്ള ഗുരുശിഷ്യബന്ധത്തേയും സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു.
ഉണ്ണികൃഷ്ണക്കുറുപ്പിന്റെ ഗുരു കലാ:നീലകണ്ഠൻ നമ്പീശന്റെ പുത്രൻ പി.എം.ജനാർദ്ദനൻ സഹോദരതുല്യനായ കുറുപ്പാശാനെ അനുസ്മരിക്കുന്ന ഒരു ലേഖനവും ആദ്യഭാഗത്തിലുണ്ട്. ഇതിൽ കുറുപ്പാശാന്റെ ജീവിതദശകളെയും, നമ്പീശനാശാനുമായുള്ള ഗുരുശിഷ്യബന്ധത്തേയും സംക്ഷിപ്തമായി വിവരിച്ചിരിക്കുന്നു.
ഗ്രന്ധത്തിന്റെ രണ്ടാം ഘട്ടത്തിലേയ്ക്ക് കടക്കുമ്പോൾ
പാലക്കീഴ് നാരായണൻ, പാലേലി മോഹനൻ, കെ.വി.വി.നമ്പൂതിരി തുടങ്ങിയവരുടെ ആസ്വാദകപക്ഷത്തുനിന്നുള്ള അനുസ്മരണങ്ങളാണുള്ളത്. ഡോ:എ.എൻ.കൃഷ്ണൻ തന്റെ 'പാദമുദ്രകൾ' എന്ന ലേഖനത്തിലൂടെ സ്വാനുഭവത്തെ വിവരിക്കുകയും, സമകാലീനരായ പ്രഗത്ഭരുടെ വാക്കുകളിലൂടെ കുറുപ്പാശാൻ എങ്ങിനെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയും ചെയ്തിരിക്കുന്നു. 'പാട്ടുകഴിഞ്ഞൊരു ഗായകൻ വെച്ചതാം ചേങ്ങിലം' എന്ന ലേഖനത്തിലൂടെ പ്രദീപ് കുഴിക്കാട് കുറുപ്പാശാന്റെ അന്ത്യകാലത്തേയും, അവസാന അരങ്ങിനേയും ഹൃദയസ്പർശികളായ വാക്കുകളിലൂടെ വരച്ചിട്ടിരിക്കുന്നു. ഡോ:എസ്സ്.എസ്സ്.ശ്രീകുമാർ എന്ന കുറുപ്പാശാന്റെ ത്രീവ്രാരാധകന്റെ സ്മരണകളാണ് 'മഹാഗായകസന്നിധിയിൽ' എന്ന ലേഖനം. തന്റെ വ്യക്തിജീവിതത്തിലെ തീവ്രനുഭവങ്ങളുടെ കാലഘട്ടങ്ങളിൽ പ്രണയവും വിരഹവും വ്യക്തിപരമായ രാഗദ്വേഷങ്ങളും കുറുപ്പാശാന്റെ പദങ്ങളിലൂടെയാണ് താൻ അനുഭവിച്ചതെന്ന് ഇതിൽ ശ്രീകുമാർ പറയുന്നു.
അന്ത്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നവയിൽ അധികവും
കഥകളിഗാനശാഖയുടേയും, കുറുപ്പാശാന്റെ പാട്ടുവഴികളുടേയും ചരിത്രവും പ്രത്യേകതകളും അന്വേഷിക്കുന്ന പ്രബന്ധങ്ങളാണ്. ആട്ടക്കഥാസാഹിത്യത്തെ അരങ്ങുപാട്ടിൽ പരിചരിക്കപ്പെടുന്ന രീതികളെ വിശദമാക്കുന്നു 'കഥകളിസംഗീതം-സാഹിത്യവും ആലാപനവും' എന്ന ഡോ:ഇ.എൻ.നാരായണന്റെ പ്രബന്ധത്തിൽ. സാഹിത്യത്തെ ആവിഷ്ക്കാരവുമായി ലയിപ്പിക്കുന്ന കുറുപ്പാശാന്റെ അനിതരസാധാരണമായ വൈഭത്തേയും ഇതിൽ വിശദീകരിച്ചിരിക്കുന്നു. എം.എൻ.നീലകണ്ഠന്റെ 'മഹിതം ഗഹനം രുചിരം മധുരം' എന്ന പ്രൗഡവും സുദീർഘവുമായ ലേഖനത്തിൽ കഥകളിപ്പാട്ടിന്റെ ചരിത്രത്തേയും, കുറുപ്പാശാന്റെ ജീവിതത്തേയും, വിശദീകരിക്കുന്നതിനൊപ്പം ഉണ്ണികൃഷ്ണക്കുറുപ്പിന്റെ പാട്ടിന്റെ ഗുണദോഷവിചാരവും ചെയ്തിരിക്കുന്നു. ഭാരതസംഗീതത്തിന്റെ വിവിധങ്ങളായ കൈവഴികളുടെ അംശങ്ങൾ സംഗമിച്ച കുറുപ്പുസംഗീതത്തിലേയ്ക്ക് വെളിച്ചം വീശുന്ന ലേഖനമാണ് കുന്നം വിഷ്ണുവിന്റെ 'ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് ഒരു അപൂർവ്വ താരത്തിളക്കം'. കുറുപ്പുപാട്ടിന്റെ പശ്ചാത്തലത്തേയും രസതന്ത്രത്തേയും വിശകലംചെയ്ത് അവതരിപ്പിക്കുന്ന പ്രബന്ധമാണ് പി.എം.നാരായണനും കെ.ശശി, മുദ്രാഖ്യയും ചേർന്ന് തയ്യാറാക്കിയിരിക്കുന്ന 'കഥകളിപ്പാട്ടിലെ കാലാതീതഗായകൻ'. 'കാതുകളിൽ തിരിച്ചെത്തുന്ന ഒരു പാട്ടുകാലം' എന്ന തന്റെ വിജ്ഞാനപ്രദമായ ലേഖനത്തിലൂടെ മനോജ് കുറൂർ കുറുപ്പാശാന്റെ പാട്ടിനേയും കാലഘട്ടത്തേയും വസ്തുനിഷ്ടമായി വിലയിരുത്തിയിരിക്കുന്നു. 'നിത്യസഞ്ചാരത്തിനിടയിൽ അരങ്ങുകളെ വഴിയമ്പലമാക്കിയവൻ' എന്ന് കുറുപ്പാശാനെ വിശേഷിപ്പിക്കുന്ന ഇദ്ദേഹം ഇതിലൂടെ കുറുപ്പുപാട്ടിന്റെ താളാത്മകമായി വിശകലനം ചെയ്യുന്നു. ഇതുതന്നെയാണ് ഇതരലേഘനങ്ങളിൽ നിന്നും ഈ ലേഘനത്തെ വത്യസ്ഥമാക്കുന്നതും വിജ്ഞാനപ്രദമാക്കുന്നതുമായ മുഖ്യ ഘടകവും. എ.എൻ.കൃഷ്ണൻ ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതത്തിലെ അക്ഷരവിന്യാത്തിലെ സവിശേഷതകളെ ഭംഗിയായി അപഗ്രഥിച്ചിരിക്കുന്നു തന്റെ ലേഖനമായ 'ഉണ്ണികൃഷ്ണക്കുറുപ്പിന്റെ സംഗീതം-ഒരു ശില്പവിചാര'ത്തിൽ. തുടർന്നുവരുന്നത് 'ഭാവസംഗീതത്തിന്റെ വർണ്ണപ്രപഞ്ചം' എന്ന ഡോ:കെ.ജി.വിശ്വനാഥൻ നായരുടെ ലേഖനമാണ്. ഭാവാത്മകമായ നിശബ്ദത, സംഗീതം ചോരാതെതന്നെ പദങ്ങളെ വാചികതലത്തിൽ അവതരിപ്പിക്കുവാനുള്ള മാസ്മരവിദ്യ എന്നിങ്ങിനെ കുറുപ്പാശാന്റെ കളിപ്പാട്ടിന്റെ സവിശേഷതകളെ ഉദാഹരണസഹിതം വിശകലനം ചെയ്തിരിക്കുന്നു ഡോ:കെ.ജി.വിശ്വനാഥൻ നായർ. പാലനാട് ദിവാകരൻ നമ്പൂതിരിയുടെ രണ്ടാമതൊരു ലേഖനം കൂടി ഗ്രന്ധത്തിന്റെ അന്ത്യഭാഗത്തിൽ ഉണ്ട്. ശിഷ്യൻ, ആസ്വാദകൻ, ആരാധകൻ എന്നീനിലകളിലെല്ലാം കുറുപ്പാശാനെ അനുസമിരിക്കുന്ന പൂർവ്വഘണ്ഡവും, താളാത്മകത, ഭാവസൃഷ്ടി, രാഗപ്രയോഗസവിശേഷതകൾ എന്നിങ്ങിനെ ആശാന്റെ അരങ്ങുപാട്ടിന്റെ മാഹാത്മ്യങ്ങൾ വർണ്ണിക്കുന്ന ഉത്തരഭാഗവും ചേർന്ന സുദീർഘമായ ഒരു ലേഖനമാണ് പാലനാടിന്റെ 'കുറുപ്പാശാൻ' എന്നത്. തന്റെ പിതാവിനെ അനുസ്മരിക്കുന്ന വെള്ളിനേഴി ഹരിദാസന്റെ 'എന്റെ അച്ഛൻ' എന്നതാണ് അവസാന ലേഘനം. തുടർന്ന് കുറുപ്പാശാനെക്കുറിച്ചുള്ള മൂന്ന് കവിതകളും ഈ ഗ്രന്ധത്തിൽ ചേർത്തിരിക്കുന്നു. അത്തിപ്പറ്റ രവിയുടെ 'ബാഷ്പാഞ്ജലി', നെടുംബുള്ളി നാരായണൻ നമ്പൂതിരിയുടെ 'വിത്തും കൈക്കോട്ടും', കുറുവല്ലൂർ മാധവന്റെ 'സ്മരണാഞ്ജലി' എന്നിവയാണ് കവിതകൾ.
കുറുപ്പാശാന്റെ ജീവിതത്തിലേയ്ക്കു വെളിച്ചം വീശുക,
അനുസ്മരിക്കുക എന്നതിലുപരിയായി ആ ഗന്ധർവ്വഗായകന്റെ സംഗീതത്തിലെ സവിശേഷവഴികളെ, പ്രയോഗങ്ങളെ സാഹിത്യ-സംഗീത-താള-ഭാവ പരങ്ങളായി വിശകലനം ചെയ്ത് അപഗ്രഥിക്കുകയും, വിലയിരുത്തുകയും ചെയ്തുകാട്ടുന്നതായ ഒരുപിടി ലേഖനങ്ങൾ നിറഞ്ഞ 'കലയാമി സുമതേ' എന്ന ഈ ഗ്രന്ധം കലാലോകത്തിന് വിലപ്പെട്ടതുതന്നെയാണ്. കേവലം കുറുപ്പാശാൻ ആരാധകർ മാത്രമല്ല, എല്ലാ കഥകളിയാസ്വാദകരും ഇത് വായിക്കേണ്ടതാണ്. എന്തുകൊണ്ട് ഒരുപറ്റം ആളുകൾ ആ ശബ്ദം നിലച്ച് കാൽനൂറ്റാണ്ടിനുശേഷവും അതിൽ ഭ്രമിച്ച് കഴിയുന്നു എന്ന് ഏറെക്കുറെ മനസ്സിലാക്കുവാൻ ഈ ഗ്രന്ധത്തിന്റെ വായനയിലൂടെ ഏവർക്കും സാധിക്കും. ഇക്കാലത്തെ കഥകളിഗായകരും ഇത് മനസ്സിരുത്തിവായിക്കേണ്ടതാണ്. അരങ്ങുപാട്ടിന്റെ കുറുപ്പാശാൻവഴിയുടെ സവിശേഷതകൾ മനസ്സിലാക്കുക എന്നതിനൊപ്പം, കേവലം സംഗീതം എന്നതിലുപരിയായി കളിപ്പാട്ടിനെ സാഹിത്യ-സംഗീത-ഭാവ-താളാത്മകങ്ങളായി വിശകലനം ചെയ്ത് ആസ്വദിക്കുന്ന ഒരുപിടി ആസ്വാദകരുടെ സാന്നിദ്ധ്യം ഇപ്പോഴും കഥകളിലോകത്തിലുണ്ടെന്ന് ഓർമ്മിക്കുവാനും ഇതിലൂടെ സാധിക്കും.
മൂന്ന് ഭാഷാദ്ധ്യാപകർ സംശോധനം ചെയ്ത് പുറത്തിറക്കിയതായ
ഈ പുസ്തകത്തിലെ അക്ഷര/വാക്ക്യ പിശകുകളുടെ ഘോഷയാത്ര പുത്തനരിയിലെ കല്ലുകടിപോലെ അനുഭവപ്പെട്ടു. കുഞ്ചുനായരാശാന്റെ പേരിനുപകരം കുഞ്ചൻ നമ്പ്യാരുടെ പേർ അച്ചടിച്ചുവെച്ചതുപോലെയുള്ള പിശകുകൾ ഒറ്റനോട്ടത്തിൽത്തന്നെ ശ്രദ്ധയിൽ പെടുന്നതും നിശ്ചയമായും ഒഴിവാക്കേണ്ടിയിരുന്നതുമാണ്. സമയക്കുറവ് ഉൾപ്പെടെയുള്ള പരിമിതികൾ മനസ്സിലാക്കിക്കൊണ്ടുതന്നെ പറയട്ടെ, കലാകേരളത്തിന് മുതൽക്കൂട്ടായിതീരുന്ന എതുപോലെയൊരു പ്രഥാനപ്പെട്ട ഗ്രന്ധം പുറത്തിറക്കുമ്പോൾ കുറച്ചുകൂടി സൂക്ഷമതയും ശ്രദ്ധയും ആകാമയിരുന്നു.
കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് അനുസ്മരണദിനാചരണസമിതി,
ഇരിങ്ങാലക്കുട പുറത്തിറക്കിയിരിക്കുന്ന 'കലയാമി സുമതേ' എന്ന ഈ പുസ്തകത്തിനായി അനിയൻ, ഇരിങ്ങാലക്കുട(മൊബ്ബ്-9249800700), അത്തിപ്പറ്റ രവി(മൊബ്ബ്-9447997695) എന്നിവരെ ബന്ധപ്പെടുക.