ഗുരുവായൂര്‍ക്ഷേത്രത്തിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍
15/12/2010ന് വൈകിട്ട് 7മുതല്‍ കഥകളി നടന്നു. പത്മശ്രീ കലാമണ്ഡലം ഗോപി ശ്രീഗുരുവായൂരപ്പനുമുന്നില്‍ വഴിപാടായി സമര്‍പ്പിച്ച ഇതില്‍ നളചരിതം ഒന്നാംദിവസം കഥയാണ് അവതരിപ്പിക്കപ്പെട്ടത്. നളവേഷത്തിലെത്തിയ ഗോപിയാശാന്‍
പാത്രാനുശ്രുതമായ ഭാവാഭിനയവും ആട്ടങ്ങളും കൊണ്ട് അരങ്ങിനെ ധന്യമാക്കി. പതിവുപോലെ നാരദനോടുള്ള പദവും ‘കുണ്ഡിനനായക’ എന്ന വിചാരപദവുമൊക്കെ മികച്ച ഭാവത്തോടെ പദം വ്യാഖ്യാനിച്ചുകൊണ്ടുതന്നെ ആശാന്‍ അഭിനയിച്ചു. വീണവായന, കാമബാണം തുടങ്ങിയവയോടുകൂടി ആട്ടഭാഗവും ഇവിടെ വിസ്തരിച്ചുതന്നെ അവതരിപ്പിച്ചു. പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാമണ്ഡലം ബാബു നമ്പൂതിരി എന്നിവര്‍ ആലാപനത്തിലും, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍(ചെണ്ട) കലാമണ്ഡലം നാരായണന്‍ നായര്‍(മദ്ദളം) എന്നിവര്‍ മേളത്തിലും ഗോപിയാശാന്റെ വേഷത്തിന് മികച്ച പിന്തുണ നല്‍കുകയും കൂടി ചെയ്തപ്പോള്‍ ആദ്യരംഗങ്ങളുടെ അവതരണം അവിസ്മരണീയമായി.'എന്തൊരു കഴിവിനി...?’ |
നാരദന്‍, സഖി വേഷങ്ങള്‍ കൈകാര്യംചെയ്ത
കലാമണ്ഡലം ശുചീന്ദ്രന്‍ പാത്രബോധത്തോടെ നന്നായി പ്രവര്‍ത്തിച്ചിരുന്നു.‘വര്‍ണ്ണം പലതായി മിന്നീടുമന്നങ്ങള്‍’ |
‘സ്വര്‍ണ്ണവര്‍ണ്ണം തടവുന്നിവന്‍’ |
ഹംസമായെത്തിയ സദനം കൃഷ്ണന്‍കുട്ടി
താരതമ്യേന നല്ല നിലവാരം പുലര്‍ത്തി. ഹംസത്തിന്റെ അവതരണത്തില്‍ വേണ്ട സവിശേഷമായ നൃത്തങ്ങളൊന്നും അവതരണത്തില്‍ ഇല്ലായിരുന്നുവെങ്കിലും ഇദ്ദേഹം പാത്രാനുസാരിയായി അരങ്ങില്‍ അഭിനയിച്ചിരുന്നു. മുന്‍പ് കണ്ട ഇദ്ദേഹത്തിന്റെ ഹംസം അവതരണങ്ങളെക്കാള്‍ വളരെ മെച്ചമായി തോന്നി ഈ ദിവസത്തേത്.
‘ഊര്‍ജ്ജിതാശയാ....’ |
മാര്‍ഗ്ഗി വിജയകുമാര്‍ ദമയന്തിയായെത്തി.
വേഷത്തിന്റേയും ചൊല്ലിയാട്ടത്തിന്റേയും സ്വതസിദ്ധമായ സൌന്ദര്യത്തിനൊപ്പം മികച്ച പാത്രാവതരണവും ഭാവപ്രകാശനവും കൂടി ചേത്തുകൊണ്ട് ഇദ്ദേഹം അനുഭവദായകമാക്കി ഈ അരങ്ങ്. എന്നാല്‍ ഈ ഭാഗത്ത് അനുയോജ്യനായ ഒരു മദ്ദളവാദകന്‍ ഇല്ലാതിരുന്നത് ഇദ്ദേഹത്തിന്റെ പ്രകടനത്തെ ചെറുതല്ലാത്ത രീതിയില്‍ ബാധിച്ചിരുന്നു.
പത്തിയൂര്‍ ശങ്കരന്‍കുട്ടിയും കലാ:ബാബു നമ്പൂതിരിയും
ചേര്‍ന്ന് സംഗീതം നന്നായി കൈകാര്യം ചെയ്തിരുന്നു. ദമയന്തിയുടെ രംഗത്തിലുള്ള പുന്നാഗവരാളി, ഘമാസ് രാഗങ്ങളിലുള്ള പദങ്ങള്‍ ഏറെ ആസ്വാദ്യമായി തോന്നി. ചെണ്ടയില്‍ പതിവുപോലെ കലാ:ഉണ്ണികൃഷ്ണന്‍
മികച്ചപ്രകടനം കാഴ്ച്ചവെച്ചു.
ആദ്യ രണ്ടുരംഗങ്ങളില്‍ കലാ:ഹരിനാരായണനും
തുടര്‍ന്ന് കലാമണ്ഡലം ഹരിദാസുമാണ് മദ്ദളം കൈകാര്യം ചെയ്തിരുന്നത്.
‘ചിന്ത എന്തു തേ?’ |