പത്മശ്രീ വാഴേങ്കട കുഞ്ചുനായരുടെ പുത്രനും
കലാമണ്ഡലം മുന്‍പ്രിന്‍സിപ്പാളുമായ ശ്രീ വാഴേങ്കട വിജന്റെ സപ്തതിയാഘോഷങ്ങള്‍ 2010 ആഗസ്റ്റ് 25,26 തീയതികളിലായി കാറല്‍മണ്ണയിലെ കുഞ്ചുനായര്‍ സ്മാരകമന്ദിരത്തില്‍ വച്ച് നടത്തപ്പെട്ടു. ആഘോഷത്തിന്റെ ഭാഗമായി കേളി, ഇരട്ടമദ്ദളകേളി, തായമ്പക, ചാക്ക്യാര്‍കൂത്ത്, ചൊല്ലിയാട്ടം, കഥകളിപ്പദകച്ചേരി, കഥകളി, ഉത്ഘാടന സൌഹൃദ സമാപന സമ്മേളനങ്ങള്‍ എന്നിവ നടന്നു.
രണ്ടാം ദിവസം വൈകിട്ട് ചേര്‍ന്ന
സമാപനസമ്മേളനത്തില്‍ വച്ച് പത്മഭൂഷണന്‍ കലാ:രാമന്‍കുട്ടിനായര്‍ കലാജീവിതത്തില്‍ കര്‍മ്മനിരതമായ അഞ്ചുപതിറ്റാണ്ട് പൂര്‍ത്തീകരിച്ച് സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന വാഴേങ്കട വിജയാശാന് വീരശൃംഖല സമര്‍പ്പിച്ചു. കെ.ബി.രാജ് ആനന്ദ് വിജയാശാനെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച ചടങ്ങില്‍ മടവൂര്‍ വാസുദേവന്‍ നായര്‍ വാഴേങ്കട വിജയന് കീര്‍ത്തിപത്രവും സമര്‍പ്പിച്ചു. വിജയന്‍ വാര്യര്‍, ഡോ:എന്‍.പി.വിജയകൃഷ്ണന്‍, പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ വിജയാശാന് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
രാത്രി 8:30ഓടെ കലാ:അരുണ്‍ വാര്യര്‍,
കലാ:നീരജ്, കലാ:കാശിനാഥന്‍, കലാ:ചിനോഷ് ബാലന്‍ എന്നിവര്‍ അവതരിപ്പിച്ച പകുതിപ്പുറപ്പാടോടെ കഥകളി ആരംഭിച്ചു.
ഈ ദിവസം ആദ്യമായി അവതരിപ്പിച്ചത് നളചരിതം
നാലാം ദിവസത്തെ കഥ ആയിരുന്നു. ഇതില്‍ ദമയന്തിയായി വേഷമിട്ടത് കല്ലുവഴി വാസു ആയിരുന്നു. കഥകളിക്കുചേരാത്ത രീതിയിലുള്ള അമിതാഭിനയവും ആയാസവും ഇദ്ദേഹത്തിന്റെ പ്രവര്‍ത്തിയില്‍ തോന്നി. അതിനാല്‍ തന്നെ ഒട്ടും സുഖകരമായി അനുഭവപ്പെട്ടുമില്ല ദമയന്തിയുടെ അവതരണം.
കേശിനിയായി അഭിനയിച്ച മാര്‍ഗ്ഗി വിജയകുമാര്‍
പാത്രബോധത്തോടെയുള്ള രംഗപ്രവര്‍ത്തികളാലും പതിവുപോലെ ഭംഗിയാര്‍ന്ന ചൊല്ലിയാട്ടത്താലും തന്റെ ഭാഗം ഭംഗിയാക്കി. മാത്രമല്ല, ഈ പ്രകടനത്തിനു മുന്നില്‍ ദമയന്തി നിഷ്പ്രഭമായിപ്പോയി എന്നും പറയാം.“അവ മര്‍ദ്ദനം തുടങ്ങീ...” |
കലാ:വാസുപ്പിഷാരടി, കുഞ്ചുനായരാശാന്റെ
ഔചിത്യമാര്‍ന്ന വഴിയില്‍ തന്നെ ബാഹുകനെ അവതരിപ്പിച്ച് മികച്ച അനുഭവമാക്കി മാറ്റി. ജീവിതത്തിലെ വിവിധങ്ങളായ ഘട്ടങ്ങളിലൂടെ കടന്നുവന്ന് പക്വതയാര്‍ജ്ജിച്ച ഒരു ബാഹുകനെയാണ് ഇദ്ദേഹത്തിന്റെ അവതരണത്തില്‍ കാണാന്‍ കഴിയുന്നത്. കലി ഇനിയും നളനെ വിട്ടുപോയിട്ടില്ല എന്നു തോന്നിപ്പിക്കുന്ന തരത്തില്‍ വളരെ ചടുലമായി, ഇന്ന് അധികമായി കാണുന്ന ബാഹുക അവതരണങ്ങളേക്കാള്‍ എന്തുകൊണ്ടും മികച്ചത് ഇതുതന്നെയാണന്ന് തോന്നുന്നു.
ആദ്യ രംഗങ്ങള്‍ കോട്ടക്കല്‍ മധുവും തുടര്‍ന്ന് കോട്ട:നാരായണനും
ആയിരുന്നു പൊന്നാനി ഗായകര്‍. കോട്ട:വെങ്ങേരി നാരായണനാണ് ശിങ്കിടിയായി പാടിയത്. അധികമായി ബൃഗാപ്രയോഗങ്ങള്‍ നിറഞ്ഞതും സംഗീതാത്മകവുമായ ഒരു രീതിയാണ് കോട്ട:നാരായണന്റെ പാട്ടിന്റേത്. സംഗീതമെന്മയുള്ളതെങ്കിലും ഇത് കളിയരങ്ങിന് എത്രകണ്ട് യോജിപ്പാണ് എന്നത് ചിന്തനീയവുമാണ്.
| ||
നാലാം ദിവസത്തിന് കലാ:ഉണ്ണികൃഷ്ണന്‍
ചെണ്ടയിലും കലാ:ഹരിനാരായണന്‍, കോട്ട:രവി എന്നിവര്‍ മദ്ദളത്തിലും നല്ല മേളം ഉതിര്‍ത്തിരുന്നു.
സുഭദ്രാഹരണം ആട്ടകഥ യിലെ ബലഭദ്രര്‍-കൃഷ്ണന്‍ രംഗമാണ്
തുടര്‍ന്ന് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ഇതില്‍ ബലഭദ്രരായി സദനം കൃഷ്ണന്‍കുട്ടിയും കൃഷ്ണനായി സദനം ഭാസിയും അരങ്ങിലെത്തി. ഇരുവരും ചേര്‍ന്ന് കഥാപാത്രത്തിനും സന്ദര്‍ഭത്തിനും ചേര്‍ന്ന ആട്ടങ്ങളോടെയും എന്നാല്‍ അധികമായി ആട്ടങ്ങള്‍ വിസ്ത്രിതമാകാതെയും ഈ രംഗം ചെയ്തു തീര്‍ത്തു.
| ||
ഈ ഭാഗത്ത് കോട്ട:നാരായണനും സദനം ശിവദാസും
ചേര്‍ന്നായിരുന്നു സംഗീതം. പനമണ്ണ ശശിയും കലാ:രവിശങ്കര്‍ എന്നിവര്‍ ചെണ്ട കൈകാര്യം ചെയ്തപ്പോള്‍ കലാ:ഹരിനാരായണനാണ് മദ്ദളം കൈകാര്യം ചെയ്ത്.
| ||
മൂന്നാമതായി ബാലിവധം കഥയാണ് ഇവിടെ
അവതരിപ്പിക്കപ്പെട്ടത്. ആദ്യാവസാന വേഷമായ രാവണന്റെ പ്രധാന ആട്ടങ്ങളടങ്ങുന്ന ആദ്യഖണ്ഡം ഒഴിവാക്കിക്കൊണ്ട് ബാലി-സുഗ്രീവ യുദ്ധം അടങ്ങുന്ന ഭാഗം മാത്രമായാണ് ഇപ്പോള്‍ അധികമായും ബാലിവധം അവതരിപ്പിച്ചു കാണുന്നത്. എന്നാല്‍ ഇവിടെ ആദ്യരംഗം മുതല്‍തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. ചിട്ടപ്രധാനമായ ആട്ടങ്ങളോടുകൂടി പഞ്ചരാവണന്മാരില്‍ ഒന്നായ ബാലിവധം രാവണനെ കലാ:കൃഷ്ണകുമാര്‍ നന്നായായി രംഗത്തവതരിപ്പിച്ചു.
കലാ:അരുണ്‍ രമേശ് തന്നെയാണ് അകമ്പനേയും
മാരീചനേയും അവതരിപ്പിച്ചത്. ഒരു പ്രധാന കുട്ടിത്തരം കത്തിവേഷമായ അകമ്പനെ നല്ല ചൊല്ലിയാട്ടത്തോടെ അരുണ്‍ അവതരിപ്പിച്ചു. കുറച്ചുകൂടി കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കേണ്ട മാരീചവേഷവും ചടങ്ങുകള്‍ മാത്രമായിക്കൊണ്ടാണ് ഇദ്ദേഹം അവതരിപ്പിച്ചത്. രാവണനൊപ്പം ചെല്ലാന്‍ രാവണന്‍ കല്‍പ്പിക്കുമ്പോള്‍ ‘പോയില്ലെങ്കില്‍ ദുഷ്ടനായ രാവണന്റെ കൈകൊണ്ടായിരിക്കും അന്ത്യം, പോവുകതന്നെ നല്ലത്. മരണം രാമന്റെ കൈകൊണ്ടായാല്‍ മോക്ഷം കൈവരും’ എന്നിത്യാദി ചിന്തിച്ചിട്ടാണ് മാരീചന്‍ തുടര്‍ന്നുള്ള ചരണം ആടേണ്ടത്. ഇവിടെ ഇതൊന്നും കണ്ടില്ല.
| ||
മണ്ഡോദരിയായി കലാ:വൈശാഖാണ് അരങ്ങിലെത്തിയത്.
| ||
ബാലിവധത്തിലെ ആദ്യത്തേയും അവസാനത്തേയും
ഈരണ്ടു രംഗങ്ങളിലും പാടിയ കോട്ട:മധു നല്ല ഒരു അരങ്ങുപാട്ടാണ് കാഴ്ച്ചവെച്ചത്. ആദ്യ ഭാഗത്ത് സദനം ശിവദാസും അന്ത്യത്തില്‍ കോട്ട:സന്തോഷും ആയിരുന്നു ഇദ്ദേഹത്തിന്റെ കൂടെ പാടിയിരുന്നത്.
ആദ്യ രണ്ടു രംഗങ്ങളിലും മേളം പനമണ്ണ ശശിയും(ചെണ്ട)
കലാ:ഹരിദാസും ചേര്‍ന്നായിരുന്നു.
| ||
ശ്രീരാമനായി കലാ:ശങ്കരനാരായണനും
ലക്ഷ്മണനായി കലാ:മയ്യനാട് രാജീവനും സന്യാസിരാവണനായി കലാ:സാജനും ജടായുവായി കലാ:പ്രശാന്തും വേഷമിട്ടു.
| ||
ഈ ഭാഗത്ത് പാടിയത് കോട്ട:വെങ്ങേരി നാരായണനും
കോട്ട:സന്തോഷും ചേര്‍ന്നായിരുന്നു. കലാ:വേണു ചെണ്ടയും കലാ: ഹരിഹരന്‍ മദ്ദളവും കൊട്ടിയിരുന്നു.
നല്ല ആട്ടങ്ങളോടും ചൊല്ലിയാട്ടത്തോടും കൂടി
സുഗ്രീവനെ അവതരിപ്പിച്ചത് കലാ:സോമനായിരുന്നു. മികച്ച അഭ്യാസബലമുള്ള ഇദ്ദേഹം നന്നായി ഊര്‍ജ്ജം വിനിയോഗിച്ചുകൊണ്ടുതന്നെ യുദ്ധം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ അവതരിപ്പിച്ചു.
ബാലിയായെത്തിയ കലാ:രാമചന്ദ്രന്‍ ഉണ്ണിത്താന്‍
നല്ല പ്രകടനം തന്നെ കാഴ്ച്ചവെച്ചു. ‘കിടന്നുചവുട്ടല്‍’ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളോടും കൂടിയും അനൌചിത്യങ്ങളില്ലാതെയുമാണ് ഇദ്ദേഹം ഇവിടെ അഭിനയിച്ചത്. താടിവേഷങ്ങളില്‍ തന്റെ കഴിവുതെളിയിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ സമീപകാലത്തുകണ്ട ബാലികളില്‍ ഏറ്റവും മികച്ചതായിരുന്നു ഇവിടത്തേത്. മികച്ച മേളത്തിന്റെ പിന്തുണ ഇദ്ദേഹത്തിന്റെ പ്രകടനത്തിന്റെ മാറ്റുകൂട്ടിയ ഒരു ഘടകമായിരുന്നു. കലാ:ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉജ്ജ്വലമായ ഒരു മേളമായിരുന്നു ഈ ഭാഗത്തേത്. പനമണ്ണ ശശി, സദനം രാമകൃഷ്ണന്‍, കലാ:രവിശങ്കര്‍ എന്നിവരായിരുന്നു മറ്റു ചെണ്ടക്കാര്‍. കോട്ട:രവി, കലാ:ഹരിഹരന്‍ എന്നിവര്‍ മദ്ദളം പ്രയോഗിച്ചു. ആദ്യ ദിവസത്തെ കളിക്ക് പ്രധാന കുറവ് മേളവിഭാഗത്തിന്റേതായിരുന്നെങ്കില്‍ രണ്ടാം ദിവസം ഏറ്റവും മികച്ചു നിന്നത് മേളവിഭാഗം ആയിരുന്നു.
| ||
കലാ:ശിവരാമന്‍, കയ്യണ്ടം നീലകണ്ഠന്‍ നമ്പൂതിരി,
കലാ:ബാലന്‍, കലാ:സതീശന്‍, കലാനി:പത്മനാഭന്‍, കലാ:രാജീവ്, കലാ:രവികുമാര്‍, കലാ:ദേവദാസ്, കലാ:സതീശ് കുമാര്‍ എന്നിവരായിരുന്നു ഇരു ദിവസങ്ങളിലേയും ചുട്ടി കലാകാന്മാര്‍.‘ഇരുന്നു കൂക്കല്‍’ |
ഇരു ദിവസത്തെ കളികളിലും മഞ്ജുതര, മാങ്ങോടിന്റെ
ചമയങ്ങള്‍ ഉപയോഗിച്ച് അരങ്ങിലും അണിയറയിലും സഹായികളായി വര്‍ത്തിച്ചിരുന്നത് അപ്പുണ്ണിത്തരകന്‍, കുഞ്ഞിരാമന്‍, മുരളി, ബാലന്‍, കുഞ്ചന്‍, മോഹന്‍, കുട്ടന്‍ എന്നിവരായിരുന്നു.
ഇരു ദിവസങ്ങളിലായി നടന്ന സപ്തതിയാഘോഷം
തികച്ചും സ്മരണീയമായ ഒന്നായിരുന്നു. കണിശമായ ചിട്ടകളോടെ കല്ലുവഴി ചിട്ടയുടെ കാവലാളായി വര്‍ത്തിക്കുന്ന വാഴേങ്കിട വിജയാശാന് ഇനിയും വളരെക്കാലം തന്റെ കലാജീവിതം ഭംഗിയായി തുടരാനുള്ള ആയുരാരോഗ്യസൌഖ്യങ്ങള്‍ പ്രദാനം ചെയ്യാന്‍ സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിച്ചുകൊള്ളുന്നു.