നൈഷധരാജനായ നളനെക്കാണുവാനായി നാരദനെത്തുന്ന രംഗത്തോടെയാണ് നളചരിതം ഒന്നാം ദിവസം ആരംഭിക്കുന്നത്. നളന്‍ നാരദനെ സ്വീകരിച്ചിരുത്തി കുശലങ്ങളന്വേഷിക്കുന്ന, “ഭഗവല്‍ നാരദ! വന്ദേഹം!” എന്നതാണ് ആദ്യപദം. ഇതിലെ ‘അരവിന്ദഭവയോന്റെ വരവും’ ‘ഹരിമന്ദിരവും’ ‘ഉന്നതതപോനിധേ’യും എല്ലാം വിസ്തരിച്ചും ഭംഗിയായും തന്നെ ഷണ്മുഖന്‍ അഭിനയിച്ചിരുന്നു. ആഗമനോദ്ദേശം ആരായുന്ന നളനോട്, ദേവന്മാര്‍ പോലും ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാനായി യത്നിക്കുവാന്‍ പറയുന്നു നാരദര്‍. ദേവന്മാര്‍ പോലും സ്വന്തമാക്കുവാന്‍ ആഗ്രഹിക്കുന്ന ദമയന്തിയെ ലഭിക്കുവാന്‍, കേവലമൊരു മനുഷ്യനായ താന്‍ യത്നിക്കുന്നത് ധര്‍മ്മച്യുതിയാവില്ലേ എന്നാണ് നളന്റെ സന്ദേഹം. യജ്ഞഭാഗം സ്വീകരിക്കുവാനാണ് ദേവകള്‍ക്ക് അര്‍ഹതയെന്നും, രത്നങ്ങള്‍ രാജാവായ നിനക്കുള്ളതാണ് എന്നും നാരദന്‍ മറുപടി നല്‍കുന്നു. നാരദവാക്യങ്ങള്‍ കൂടെ ശ്രവിച്ചതോടെ നളന്റെ മനസ്സില്‍ ദമയന്തിയോടുള്ള പ്രണയം ദൃഡമായി തീര്‍ന്നു. തുടര്‍ന്ന് നളന്റെ “കുണ്ഡിനനായക നന്ദിനിക്കൊത്തൊരു...” എന്ന കല്യാണിയിലുള്ള പ്രശസ്തപദമാണ്. തരക്കേടില്ലാതെ അവതരിപ്പിച്ചിരുന്നു ഈ പദം എങ്കിലും ഷണ്മുഖന്റെ നളനില്‍ വേണ്ടത്ര ഭാവതീവ്രത അനുഭവപ്പെട്ടില്ല. ദമയന്തിയെ തന്നെ ചിന്തിച്ച് നളന്റെ മനസ്സ് കാമാഗ്നിയില്‍ നീറുന്നു. മന:സുഖത്തിനായി നളന്‍ ഗായക-വൈണിക സംഘത്തെ വരുത്തുന്നു. എന്നാല്‍ അവരുടെ ആലാപനവും വായനയും അസഹ്യമായി തോന്നി അവരെ ഉടനെ തന്നെ മടക്കി അയക്കുന്നു. മദനോഷ്ണത്തില്‍ നിന്നും രക്ഷനേടാനായി നളന്‍ ശരീരമാസകലം ചന്ദനച്ചാറ് പുരട്ടുന്നു. എന്നാല്‍ ചന്ദനം ചൂട് വര്‍ദ്ധിപ്പിക്കുന്നതേയുള്ളൂ എന്ന് തോന്നി എല്ലാം തുടച്ചു മാറ്റുന്നു. തന്റെ ഈ അവസ്ഥയില്‍ രാജഭരണം ചെയ്യുന്നത് അനുചിതമാണെന്ന് ചിന്തിച്ച്, രാജ്യഭാരം മന്ത്രിയെ ഏല്‍പ്പിച്ച് ഉദ്യാനത്തിലേക്ക് നളന്‍ ഗമിക്കുന്നു. എന്നാല്‍ അവിടെയും നളന് സ്വസ്ഥത ലഭിക്കുന്നില്ല. ഉദ്യാനത്തിലെ വണ്ടുകളുടെ മുരള്‍ച്ചയും കുയില്‍ കൂജനങ്ങളും നളന് അസഹ്യമായി അനുഭവപ്പെടുന്നു. ആകാശത്ത് നിലാവുപൊഴിച്ചുകൊണ്ട് നില്‍ക്കുന്ന ചന്ദ്രനെ കണ്ട് നളന്‍ തന്റെ പ്രേമസന്ദേശം ദമയന്തിയോട് അറിയിക്കാമോ എന്ന് സോമനോട് ചോദിക്കുന്നു. എന്നാല്‍ പെട്ടന്ന് ചന്ദ്രന്‍ മേഘങ്ങള്‍ക്കിടയില്‍ മറയുന്നു. ഇതുകണ്ട് തന്റെ സന്ദേശം ഭൈമിയെ അറിയിക്കാമോ എന്ന് നളന്‍ മേഘങ്ങളോടും ചോദിക്കുന്നു. താമസിയാതെ കാറ്റടിച്ച് മേഘങ്ങള്‍ ചിന്നഭിന്നമായി മാറുന്നു. തുടര്‍ന്ന് നളന്‍ മാരുതനോട് തന്റെ സന്ദേശവുമായി ദമയന്തീ സമീപമം പോകാമോ എന്ന് ചോദിക്കുന്നു. എന്നാല്‍ കാറ്റ് പോയി ശക്തിയായി അവളില്‍ സ്പര്‍ശിച്ചാലോ എന്ന് ചിന്തിച്ച് അതു വേണ്ടായെന്നും നളന്‍ തടുക്കുന്നു. അനുരാഗദു:ഖത്തിനാല്‍ ഉഴലുന്ന നളന്‍ അതിനു കാരണഭൂതനായ കാമദേവനെ പഴിക്കുന്നു. ‘തന്റെ നേര്‍ക്ക് അഞ്ചസ്ത്രങ്ങളുമയച്ച അങ്ങ്, ഒരണ്ണം, ഒരേയൊരണ്ണം അവളുടെ നേര്‍ക്ക് മൃദുവായി ഒന്ന് അയച്ചെങ്കില്‍’ എന്ന ആഗ്രഹമറിയിക്കുന്നു. ‘നിര്‍ജ്ജനമെന്നതേയുള്ളൂ ഗുണമോ...’ എന്ന പദമാണ് തുടര്‍ന്ന്. വിജനമാണ് എന്ന ഗുണമല്ലാതെ ഉദ്യാനത്തില്‍ വന്നിട്ടും മന:സുഖം ലഭിക്കുന്നില്ല എന്ന് മനസ്സിലാക്കുന്ന നളന്, പൂവല്ലികളും കുയില്‍ നാദവും മന്ദമാരുതനും ചേര്‍ന്ന ഇവിടം മദന്റെ പടവീടാണ് എന്ന് തോന്നുന്നു. അപ്പോളാണ് വര്‍ണ്ണം പലതായി മിന്നീടുന്ന അന്നങ്ങള്‍ക്കിടയില്‍, സ്വര്‍ണ്ണനിറത്തോടു കൂടിയ ഒരു ഹംസത്തെ കാണുന്നത് നളന്‍. ചിത്രതരാംഗനായ ഇവനെ ലഭിക്കുന്നത് എത്രയും നന്നു തന്നെ എന്നുറച്ച്, ഹംസത്തെ പിടിക്കുവാനായി നളന്‍ മറഞ്ഞിരിക്കുന്നു.
തുടര്‍ന്ന് ഹംസം രംഗത്തെത്തുന്നു. ‘ഭൂമിയില്‍ പോയി നളദമയന്തിമാരെ സംയോജിപ്പിക്കുക’ എന്നുള്ള ‘നളിനജന്മവചസ്സു’ കേട്ട് ഹംസം നളന്റെ ഉദ്യാനത്തിലെത്തുന്നതായാണ് ഇവിടെ അവതരിപ്പിച്ചത്. വിവിധങ്ങളായ ക്രീഡകള്‍ ചെയ്ത് ക്ഷീണിതനായ ഹംസം ഒരിടത്തിരുന്ന് ഉറങ്ങുന്നു. ഇതുതന്നെ തക്കമെന്നുറച്ച് നളന്‍ ഹംസത്തെ പിടിക്കുന്നു. ഹംസത്തിന്റെ വിലാപമായുള്ള “ശിവ ശിവ എന്തു ചെയ്‌വു” എന്ന പദമാണ് തുടര്‍ന്ന്. രാജാവിന്റെ ചെയ്തിയില്‍ പേടിച്ച് നിലവിളിക്കുന്ന ഹംസത്തെ നളന്‍ വിട്ടയയ്ക്കുന്നു. പെട്ടന്ന് ജാതമോദത്തോടെ പറന്ന് നിജജനസന്നിധിയിലെത്തുന്ന ഹംസം ഭയമകന്ന് നിഷധേശ്വരന്റെ സമീപത്തേയ്ക്ക് തിരികെയെത്തുന്നു. ഇരുവരും ചേര്‍ന്ന് എടുക്കുന്ന മനോഹരമായ നൃത്തചുവടുകളോടു കൂടിയാണ് ഹംസത്തിന്റെ തുടര്‍ന്നുള്ള പദമായ “ഊര്‍ജ്ജിത ആശയ, പാര്‍ത്ഥിവ തവ!” ആരംഭിക്കുന്നത്. എന്നാല്‍ ഇവിടെ ‘നീ പോയില്ലെ? എന്തേ മടങ്ങിവന്നത്?’ എന്ന് നളനും, ‘ഞാന്‍ മടങ്ങിവന്നതിന് കാരണമുണ്ട്. അങ്ങേയ്ക്ക് ഞാന്‍ ഒരു ഉപകാരം ചെയ്യാം’ എന്നും മറ്റും ഹംസവും ആടിക്കൊണ്ട് നിന്ന് സ്വല്പം കഴിഞ്ഞാണ് ചുവടുകള്‍ വെച്ചുതുടങ്ങിയത്. ഹംസം എത്തുന്നതോടെ തന്നെ ചുവടുകള്‍ ആരംഭിക്കുന്നതാണ് ഭംഗി എന്നു തോന്നുന്നു. ചുവടുവെയ്ക്കുന്നതിനൊപ്പം ഈ ആട്ടങ്ങള്‍ ലഘുവായി കഴിക്കുകയാണ് ഉചിതം. ‘കാമിനി രൂപിണി’ എന്ന ഭാഗത്ത്, ‘ഭൈമിയുടെ ഗുണഗണങ്ങള്‍ ഒന്ന് വര്‍ണ്ണിക്കാമോ?’ എന്ന നളന്റെ ചോദ്യത്തിനുത്തരമായി ഹംസം ദമയന്തിയുടെ ശരീരവര്‍ണ്ണന നടത്തുന്നതായി സാധാരണ കാണാറുണ്ട്. എന്നാല്‍ ഇവിടെ ‘ആ സുന്ദരീരത്നത്തിന്റെ ഗുണഗണങ്ങള്‍ പൂര്‍ണ്ണമായി വര്‍ണ്ണിപ്പാന്‍ അനന്തനാലും സാധ്യമല്ല, പിന്നെ ഞാന്‍ ഒന്ന് ശ്രമിച്ചുനോക്കാം’ എന്നാടി തുടര്‍ന്ന് പദാര്‍ത്ഥം ആടുകയാണ് ചെയ്തിരുന്നത്. ‘ഇനി എന്താ പറയുക’ എന്ന ഭാവത്തില്‍ ഒന്ന് ആലോചിച്ചിട്ട് ‘ഹേമാ മോദസമാ’ എന്ന ഭാഗം അഭിനയിച്ചതും ഉചിതമായി തോന്നി. “പ്രിയമാനസ! നീ പോയ് വരേണം” എന്ന നളന്റെ തോടി പദത്തിനുശേഷം ആടിയ ചെറിയ മനോധര്‍മ്മത്തില്‍ നളന്റെ ആട്ടത്തില്‍ വിട്ടുപോയത് ഹംസം പൂരിപ്പിക്കുന്നതായി തോന്നി. ‘ നീ അല്ലാതെ എനിക്ക് ഒരു ഗതിയുമില്ല. നിന്നെ കണ്ടില്ലായിരുന്നുവെങ്കില്‍, ദമയന്തിയില്‍ ആഗ്രഹിച്ച്, അതു സാധ്യമാവാനുള്ള വഴി കാണാതെ കാമാഗ്നിയില്‍ വെന്ത് ഭസ്മമായിപോയേനെ ഞാന്‍’ എന്നു പറയുന്ന നളനോട്, ‘ഇത്ര നിസ്സാരമായ കാര്യത്തെ ചിന്തിച്ച് അങ്ങ് ഇങ്ങിനെ ദു:ഖിക്കുന്നത് ഒട്ടും ഉചിതമല്ല’ എന്ന് പറഞ്ഞശേഷം ഹംസം, ‘ഒരു രാജാവായ അങ്ങേയ്ക്ക് കാര്യം സാധിപ്പാനായി പല വഴികള്‍ ഇല്ലെ? അങ്ങേയ്ക്ക് വേണ്ടിവന്നാല്‍ യുദ്ധം ജയിച്ച് ബലമായിതന്നെ അവളെ സ്വന്തമാക്കരുതോ?’ എന്നിങ്ങിനെയുള്ള ചോദ്യങ്ങളുതിര്‍ത്തു. ‘അങ്ങിനെയൊക്കെ ചെയ്താല്‍ അവള്‍ക്ക് തന്നോട് അഹിതം തോന്നിയാലോ എന്നു നിനച്ചാണ് അപ്രകാരമൊന്നും ചെയ്യാതിരുന്നത്’ എന്നായിരുന്നു നളന്റെ മറുപടി. പ്രിയയോട് ഇംഗിതങ്ങള്‍ അറിയിച്ച്, അവളുടെ മനസ്സറിച്ച് ഉടനെ മടങ്ങി വരാം എന്നുപറഞ്ഞ ഹംസം ഗമിക്കുന്നതോടെ ഈ രംഗം അവസാനിക്കുന്നു.
ഹംസമായി അഭിനയിച്ചത് ശ്രീ സദനം ഭാസിയായിരുന്നു. ബ്രഹ്മവാചാ നളദമയന്തിമാരെ കൂട്ടിയിണക്കുവാനെത്തുന്ന ഹംസമെന്ന കഥാപാത്രത്തെ ഉള്‍ക്കൊണ്ടുതന്നെ ഭാസി ഈവേഷം ഭംഗിയായി അവതരിപ്പിച്ചു. പക്ഷിചേഷ്ടകളോടും പ്രത്യേകമായ നൃത്തങ്ങളോടും കൂടിയുള്ള ഈ പ്രകടനം അടുത്തകാലത്ത് കണ്ടിട്ടുള്ള ഹംസങ്ങളില്‍ മികച്ച ഒന്നായി തോന്നിച്ചു. സാധാരണയായി(പ്രത്യേകിച്ച് മദ്ധ്യ-ദക്ഷിണ കേരളത്തില്‍) കാണുന്നതുപോലെ സ്വര്‍ണ്ണനിറത്തോടു കൂടിയതും കൂര്‍ത്ത അഗ്രങ്ങളും ഉള്ള വയായിരുന്നില്ല ഭാസി ഉപയോഗിച്ചിരുന്ന ചുണ്ടുകള്‍. ചിറകിനും നല്ല സുവണ്ണകാന്തി തോന്നിച്ചില്ല. ഒന്നുകൂടി ഭംഗിയായ ചുണ്ടും ചിറകും ഉപയോഗിക്കുന്നത് വേഷത്തിന്റെ മികവ് വര്‍ദ്ധിപ്പിക്കും.
ദമയന്തിയായെത്തിയ ശ്രീ കലാമണ്ഡലം ചെമ്പക്കര വിജയനും നല്ല ഭാവപ്രകടനങ്ങളോടെ മികച്ച പ്രകടനം കാഴ്ച്ചവെച്ചു. കലാ: അരുണ്‍ വാര്യരും ജിഷ്ണു കൃഷ്ണനുമായിരുന്നു സഖിമാരായി വേഷമിട്ടിരുന്നത്.
ദമയന്തിയും തോഴിമാരും ഉദ്യാനത്തില്‍ ദേവന്മാരെ സ്തുതിക്കുന്ന “പൂമകനും മൊഴിമാതും, ഭൂമിദേവി താനും!” എന്ന സാരി നൃത്തത്തോടെയാണ് അടുത്ത രംഗം ആരംഭിക്കുന്നത്. ഏതാണ്ട് നളനു സമാനമായ അവസ്ഥ തന്നെയായിരുന്നു ദമയന്തിക്കും ഈ സമയത്ത്. നളചിന്തയാല്‍ മാരപീഡിതയായ ദമയന്തിക്ക് ഉദ്യാനത്തിലെ വണ്ടിന്റെ മുരളലും, കോകിലകൂജനങ്ങളും, കുസുമസൌരഭവും എല്ലാം അതിദു:ഖകാരണങ്ങളായി തീരുന്നു. ഒടുവില്‍ രാജധാനിയിലേക്ക് മടങ്ങുവാനൊരുങ്ങുമ്പോള്‍, ആകാശത്ത് ഒരു പ്രകാശം കാണുന്നു. മിന്നല്‍ക്കൊടിയായും, ചന്ദ്രനായും കല്പിക്കുന്ന തോഴിമാരോട്, അതൊരു സുവര്‍ണ ഹംസമാണെന്ന് ദമയന്തി തിരുത്തുന്നു. “നിങ്ങള്‍ ദൂരെ നില്‍പ്പിന്‍, എന്നരികില്‍ ആരും വേണ്ട” എന്നുപറഞ്ഞ് ദമയന്തി തോഴിമാരെ യാത്രയാക്കുന്നു. ഹംസം തന്ത്രപൂര്‍വ്വം ദമന്തിയെ തോഴിമാരില്‍ നിന്നും അകറ്റി ദമയന്തിയോട് സംസാരിക്കുന്നു. പ്രധമവാചകങ്ങളില്‍ നിന്നുതന്നെ ദമയന്തിയുടെ ചിത്തം പത്തില്‍ അഞ്ചും മനസിലാക്കുന്ന ഹംസം, തന്റെ വാചങ്ങളിലൂടെ ഭൈമിക്ക് നളനിലുള്ള പ്രേമം ഒന്ന് ഇളക്കിവെച്ചുറപ്പിച്ച് ഹംസം മടങ്ങുന്നു.
“നവപല്ലവതുല്ല്യാഗീ....”
ശ്രീ കലാനിലയം രാജീവനും ശ്രീ കലാമണ്ഡലം സുധീഷും ചേര്‍ന്നായിരുന്നു സംഗീതം. കേമത്തമൊന്നും ഇല്ലെങ്കിലും സമ്പ്യദായത്തോടെയുള്ള നല്ല അരങ്ങുപാട്ടായിരുന്നു ഇവരുടേത്. ചെണ്ടയില്‍ ശ്രീ കോട്ടക്കല്‍ വിജയരാഘവന്‍ നല്ല മേളം പകര്‍ന്നപ്പോള്‍ മദ്ദളത്തില്‍ ശ്രീ കലാനിലയം പ്രകാശനും തരക്കേടില്ലാത്ത പ്രകടനം കാഴ്ച്ചവെച്ചു. ശ്രീ എരൂര്‍ മനോജ് ചുട്ടികുത്തിയ ഈ കളിക്ക് ചാലക്കുടി കഥകളി ക്ലബ്ബിന്റെ ചമയങ്ങള്‍ ഉപയോഗിച്ച് അണിയറസഹായികളായി വര്‍ത്തിച്ചത് ശ്രീ ശരിയും സംഘവും ആയിരുന്നു.തുടക്കക്കാര്‍ എന്ന നിലയ്ക്ക് എല്ലാ കലാകാരന്മാരുടെയും നല്ല പ്രകടനം തന്നെയായിരുന്നു. കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുച്ച് തഴക്കവും പഴക്കവും നേടുമ്പോള്‍ ഇവരില്‍നിന്നും കൂടുതല്‍ ഉജ്വലമായ പ്രകടങ്ങള്‍ ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.