അമ്പലപ്പുഴ സന്ദര്‍ശ്ശന്‍ കഥകളിവിദ്യാലയത്തിന്റെ മാസപരിപാടി 31/05/09ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നാടകശാലയില്‍ വെച്ച് നടന്നു. വൈകിട്ട് 7ന് ആരംഭിച്ച് കഥകളിയില്‍ നളചരിതം രണ്ടാംദിവസത്തെ കഥയാണ്(കലി മുതല്‍ ‘അലസത’ വരെ) അവതരിപ്പിക്കപ്പെട്ടത്.
കലിയായി ശ്രീ കലാമണ്ഡലം ഹരി.ആര്‍.നായരാണ് അരങ്ങിലെത്തിയത്. കലി ഇന്ദ്രനെ കണ്ട് പിരിഞ്ഞശേഷം ദ്വാപരനെ കണ്ടുമുട്ടുന്ന രീതിയിലാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ദ്വാപരന്റെ വേഷം കത്തിയോ താടിയോ അല്ലാത്ത ഒരു രൂപത്തിലാണ് ഇവിടെ കണ്ടത്. ചുട്ടിക്ക് ഒരാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്നും, സൌകര്യാര്‍ദ്ധം ദ്വാപരവേഷം ഈ രീതിയില്‍ ചെയ്യുകയായിരുന്നു എന്നുമാണ് ഇതിനെപറ്റി ചോദിച്ചപ്പോള്‍ സംഘാടകരുടെ വിശദീകരണം ലഭിച്ചത്. ശ്രീ തിരുവഞ്ചൂര്‍
സുഭാഷാണ് ദ്വാപരവേഷം ചെയ്തത്.
പുഷ്കരനായി വേഷമിട്ടത് ശ്രീ കലാനിലയം വിനോദായിരുന്നു. നളനായെത്തിയ ശ്രീ കലാമണ്ഡലം ഷണ്മുഖദാസും ദമയന്തിയായെത്തിയ ശ്രീ കലാമണ്ഡലം വിജയനും നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു.
രാജ്യധനാധികള്‍ നഷ്ടപ്പെട്ട് കാട്ടിലെത്തിയ നളന്‍ തന്റെ വസ്ത്രം ഉപയോഗിച്ച് ഭക്ഷണാര്‍ത്ഥം പക്ഷികളെ പിടിക്കാന്‍ ശ്രമിക്കുന്നതും, പക്ഷിരൂപത്തിലെത്തിയ കലിദ്വാപരന്മാര്‍ നളന്റെ വസ്ത്രം കൊത്തിക്കൊണ്ട് പറന്നുപോകുന്നതുമായ രംഗവും ഇവിടെ അവതരിപ്പിച്ചിരുന്നു. സാധാരണ പതിവില്ലാത്തതാണ് ഈ രംഗം. ഇന്ദ്രന്‍, പക്ഷി വേഷങ്ങള്‍ ശ്രീ ആര്‍.എല്‍.വി.പ്രമോദ് ഭംഗിയായി കൈകാര്യം ചെയ്തു.