തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വാഷികം (ഭാഗം 2)

തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ദിവസമായ മെയ് 17ന് തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെച്ച് വൈകിട്ട് 5മണിക്ക് വാഷികസമ്മേളനം നടന്നു. ശ്രീ കെ.ബാബു എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തിന് കഥകളികേന്ദ്രം പ്രസിഡന്റ് ശ്രീ എ.കെ.സഭാപതി സ്വാഗതം പറഞ്ഞു. കഥകളിരംഗത്തെ യുവപ്രതിഭകള്‍ക്കായി കഥകളികേന്ദ്രം വര്‍ഷാവര്‍ഷം നല്‍കിവരുന്ന ശ്രീ കെ.വി.കൊച്ചനിയന്‍ പുരസ്ക്കാരവും, ഈ വര്‍ഷം മുതല്‍ ആരംഭിച്ച ശ്രീ തൃപ്പൂണിത്തുറ ഉണ്ണികൃഷ്ണന്‍ സ്മാരക പുരസ്ക്കാരവും യോഗത്തില്‍ വെച്ച് ബഹു: കേരള ഹൈക്കോടതി ജഡ്ജി ശ്രീ പി.ആര്‍.രാമന്‍ വിതരണം ചെയ്തു. കഥകളിമദ്ദളവാദനത്തിലെ യുവപ്രതിഭയായ ശ്രീ കലാനിലയം മനോജിനായിരുന്നു ഇരുപുരസ്ക്കാരങ്ങളും ഇത്തവണ ലഭിച്ചത്.

കലാവിദ്യാര്‍ത്ഥികള്‍ക്കായുള്ള ചാമുണ്ഡി സ്കോഷര്‍ഷിപ്പ് ശ്രീ കെ.ബാബു ചടങ്ങില്‍ വിതരണം ചെയ്തു. ഇത് ആര്‍.എല്‍.വി.വിദ്ധ്യാര്‍ത്ഥിനികളായ കുമാരി ഇ.എസ്സ്.ജിനിമോള്‍ക്കും കുമാരി കെ.എസ്സ്.ഹേമമാലിനിക്കുമായിരുന്നു ലഭിച്ചിരുന്നത്. ശ്രീ സി.ആര്‍.വര്‍മ്മ കലാമണ്ഡലം കരുണാകരന്‍ അനു:സ്മരണപ്രഭാഷണം നടത്തി. കഥകളിരംഗത്തെ സമഗ്രസംഭാവനകള്‍ക്കായി നല്‍കപ്പെടുന്ന കലാ:കരുണാകരന്‍ പുരസ്ക്കാരദാനവും സമ്മേളനത്തിന്റെ ഭാഗമായി നടന്നു. ശ്രീ കോട്ടക്കല്‍ ശിവരാമനായിരുന്നു ഇത്തവണ ഈ പുരസ്ക്കാരത്തിന് അര്‍ഹനായത്. അനാരോഗ്യം മൂലം എത്താന്‍ സാധിക്കാതെയിരുന്ന അദ്ദേഹത്തിനുവേണ്ടി പുത്രി പുരസ്ക്കാരം ഏറ്റുവാങ്ങി.


അടുത്തിടെ വാഹനാപകടത്തില്‍ മരണപ്പെട്ട യുവ കഥകളിനടന്‍ ശ്രീ എളമക്കര രഞ്ജിത്തിനെ ശ്രീമതി രഞ്ജിനി സുരേഷ് അനുസ്മരിച്ചു. നിരാലബരായ രഞ്ജിത്തിന്റെ കുടുബത്തിനായി ഒരു സഹായനിധി ശേഘരിച്ചു വരികയാണെന്നും, അതിലേയ്ക്ക് എല്ലാ കലാസ്നേഹികളും സംഭാവനകള്‍ നല്‍കി സഹകരിക്കണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഇതിനകം സംഭാവന നല്‍കിക്കഴിഞ്ഞ എല്ലാ സഹൃദയര്‍ക്കും, ഈ സംരംഭത്തിന് ഉദ്യമിച്ച ഘട്ടത്തില്‍ തന്നെ 25000രൂപ നല്‍കി സഹകരിച്ച കേരളകഥകളിസംഘം,ഫോര്‍ട്ട് കൊച്ചിയുടെ ഡയറക്ടര്‍ ശ്രീ കലാമണ്ഡലം വിജയനു പ്രത്യേകിച്ചും ഇവര്‍ നന്ദി പ്രകാശിപ്പിച്ചു. വാഷികസമ്മേളനത്തില്‍ വെച്ച് ക്ഷേമനിധിയുടെ ആദ്യഘട്ടമായി സമാഹരിച്ച തുക രഞ്ജിത്തിന്റെ പത്നി ജിതമോള്‍ക്ക് നല്‍കപെട്ടു.


വര്‍ഷങ്ങള്‍ക്കുശേഷം അരങ്ങിലേക്കെത്തുന്ന കഥകളിനടന്‍ ശ്രീ കലാമണ്ഡലം വാസുപ്പിഷാരടിയേയും പ്രമുഖ അയ്യപ്പന്‍തീയാട്ട് കലാകാരന്‍ ശ്രീ തീയാടി രാമനേയും തദവസരത്തില്‍ തൃപ്പൂണിത്തുറകഥകളികേന്ദ്രം ആദരിക്കുകയും ഉണ്ടായി.


സമ്മേളനത്തേതുടര്‍ന്ന് സന്താനഗോപാലം കഥകളിയും നടന്നു. ഇതില്‍ ശ്രീകൃഷ്ണനായി ശ്രീ സദനം കൃഷ്ണദാസും അര്‍ജ്ജുനനായി ശ്രീ സദനം കൃഷ്ണന്‍‌കുട്ടിയും വേഷമിട്ടു. ശ്രീ കലാ:വാസുപ്പിഷാരടിയാണ് ബ്രാഹ്മണനായെത്തിയത്. അസുഖം മൂലം കുറേ വര്‍ഷങ്ങളായി കളിയരങ്ങില്‍ നിന്നും വിട്ടുനിന്നിരുന്ന ഷാരടിയാശാന്‍ ഈയിടെയാണ് വീണ്ടും വേഷംകെട്ടിതുടങ്ങിയത്. അസുഖം പൂര്‍ണ്ണമായും ഭേദമാകാത്തതിനാല്‍ നിലത്തിരിക്കുവാനോ കലാശങ്ങള്‍ ചവുട്ടുവാനോ ഇദ്ദേഹത്തിനു സാധിച്ചിരുന്നില്ല. എന്നാല്‍ തന്മയത്തമായുള്ള ഭിനയത്തിലൂടെയും ഉചിതമായ ആട്ടങ്ങളിലൂടെയും ബ്രാഹ്മണനനെന്ന കഥാപാത്രത്തെ അദ്ദേഹം ഭംഗിയായിത്തന്നെ അവതരിപ്പിച്ചു.



‘ഇനിമേലില്‍ ജനിക്കുന്ന തനയനെ ഞാന്‍ പരിപാലിച്ചു തന്നുകൊള്ളാം’ എന്ന് പറയുന്ന അര്‍ജ്ജുനനോട് ‘മേല്‍ കീഴ് നോക്കിയിട്ടാണോ ഇതിന് പുറപ്പെടുന്നത്’ എന്ന് ബ്രാഹ്മണന്‍ ചോദിച്ചു. ‘തന്റെ ഗുരുവിന്റെ പുത്രനെ രാക്ഷസനില്‍ നിന്നും രക്ഷിച്ചുനല്‍കുകയും മാതാപിതാക്കളുടെ ആഗ്രഹപ്രകാരം കംസനാല്‍ വധിക്കപ്പെട്ട തന്റെ ആറ് സഹോദരരെ അവര്‍ക്ക് കാട്ടിക്കൊടുക്കുകയും ചെയ്തിട്ടുള്ള കൃഷ്ണനും സാധ്യമല്ല എന്നുവെച്ച കാര്യത്തിന് നീ ചാടിപ്പുറപ്പെട്ടാല്‍ നടക്കുമോ?’ എന്നും ബ്രാഹ്മണന്‍ ചോദിക്കുന്നു. ‘ഒരു ക്ഷത്രിയനായ എനിക്ക് ബ്രാഹ്മണദു:ഖം കണ്ടിരിക്കാനാവില്ല. അതിനാല്‍ ഞാന്‍ അങ്ങയുടെ ദുഖം തീര്‍ത്ത് രാജധര്‍മ്മത്തെ ഉറപ്പായും പാലിക്കും’ എന്ന് അര്‍ജ്ജുനന്‍ മറുപടി നല്‍കുന്നു. തുടര്‍ന്ന് ബ്രാഹ്മണന്‍ അര്‍ജ്ജുനനെക്കൊണ്ട് ലോകത്തില്‍ വെച്ച് എറ്റവും ധര്‍മ്മിഷ്ഠനായിട്ടുള്ള ജേഷ്ഠന്‍ ധര്‍മ്മപുത്രന്റെ പാദങ്ങളെക്കൊണ്ട് സത്യചെയ്യിക്കുന്നു. വീണ്ടും സംശയം തീരാത്ത ബ്രാഹ്മണന്‍ ലോകനാഥനും എന്റേയും നിന്റേയും എന്നുവേണ്ട സര്‍വ്വചരാചരങ്ങളുടേയും ഉള്ളില്‍ ജീവനായി നിവസിക്കുന്നവനുമായ ശ്രീകൃഷ്ണപരമാത്മാവിന്റെ പാദങ്ങളെക്കൊണ്ട് തനിക്കൊരു സത്യംകൂടെ ചെയ്തുതരണമെന്ന് അര്‍ജ്ജുനനോട് ആവശ്യപ്പെടുന്നു. അര്‍ജ്ജുനന്‍ ആദ്യം ഇത് നിരസിക്കുന്നുവെങ്കിലും പിന്നീട് സാധുബ്രാഹ്മണന്റെ ശങ്കതീര്‍ക്കുവാനായി ഈ വിധം സത്യം ചെയ്തു നല്‍കി ബ്രാഹ്മണനെ സന്തോഷിപ്പിച്ച് അയക്കുന്നു.


ബ്രാഹ്മണപത്നിയുടെ ‘ജീവിതനായക’ എന്ന പദം നീലാബരി രാഗത്തിലാണ് ഇവിടെ ആലപിക്കുകയുണ്ടായത്. സാധാരണ ഇത് കാനക്കുറിഞ്ഞിയിലാണ് പതിവ്.


ഈ കളിയ്ക്ക് ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ കലാനിലയം രാജീവനും ചേര്‍ന്ന് മികച്ചരീതിയില്‍ സംഗീതവും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം പ്രകാശനും(മദ്ദളം) ചേര്‍ന്ന് നല്ല മേളവുമാണ് ഒരുക്കിയിരുന്നത്.

ചുട്ടികുത്തിയത് ശ്രീ കലാനിലയം സജി ആയിരുന്നു. കലാകേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രി എരൂര്‍ ശശി, ശ്രീ എരൂര്‍ സുരേന്ദ്രന്‍ തുടങ്ങിയവരായിരുന്നു.

തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വാഷികം (ഭാഗം 1)


തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ 36മത് വര്‍ഷികം മെയ്16,17തീയതികളിലായി തൃപ്പൂണിത്തുറ കളിക്കോട്ട കൊട്ടാരത്തില്‍ വെച്ച് ആഘോഷിക്കപ്പെട്ടു.
തദ്ദവസരത്തില്‍ ഈയിടെ അശീതി(80) പിറന്നാള്‍ ആഘോഷിച്ച കഥകളി ആചാര്യന്‍ ശ്രീ മടവൂര്‍ വാസുദേവന്‍ നായരെ കഥകളികേന്ദ്രം ആദരിക്കുകയുണ്ടായി.


16ന് വൈകിട്ട് 6ന് കഥകളി നടന്നു. രാജസൂയ(തെക്കന്‍)മാണ് അന്ന് അവതരിപ്പിക്കപ്പെട്ട കഥ. പല കഥകളും തെക്കും വടക്കും വത്യസ്തമായ ചിട്ടകളിലാണ് അവതരിപ്പിക്കാറുള്ളത്. എന്നാല്‍ എല്ലായിടത്തും ഒരേ സാഹിത്യം തന്നെയാണ് എടുക്കാറ്. എന്നാല്‍ രണ്ടു സാഹിത്യം നിലവിലുള്ള ഒരേഒരു കഥ രാജസൂയമാണ്. തെക്കന്‍ രാജസൂയത്തിന്റെ രചയിതാവ് ശ്രീ കാര്‍ത്തികതിരുനാള്‍ മഹാരാജാവാണ്. കഥയ്ക്ക് മാറ്റമൊന്നുമില്ലെങ്കിലും തെക്കന്‍ ചിട്ടയനുസ്സരിച്ച് രാജസൂയത്തില്‍ ജരാസന്ധന്‍ കത്തിവേഷവും ശിശുപാലന്‍ താടിവേഷവുമാണ്. വടക്ക് ജരാസന്ധന്‍ താടിയും ശിശുപാലന്‍ കത്തിയുമാണ്. വടക്കന്‍ രിതിയില്‍ ജരാസന്ധന്‍ തന്റേടാട്ടത്തോടെ കളി ആരംഭിക്കുമ്പോള്‍ തെക്കനില്‍ ജരാസന്ധന്റെ പതിഞ്ഞപദത്തോടെയാണ് കളി ആരംഭിക്കുന്നത്.


ഇവിടെ ജരാസന്ധനായെത്തിയ മടവൂര്‍ വാസുദേവന്‍ നായര്‍ മികച്ച പ്രകടനമാണ്
കാഴ്ച്ചവെയ്ച്ചത്. ശ്രീ സദനം വിജയനായിരുന്നു ജരാസന്ധപത്നിയായി വേഷമിട്ടത്. ജരാസന്ധന്റെ ‘രാകാശശിശോഭന വദനെ’ എന്ന പതിഞ്ഞപദത്തിന്റേയും പത്നിയുടെ മറുപടിപദത്തിന്റേയും ശേഷം കാമോത്സുകനായ നായകന്‍ നായികയെ വര്‍ണ്ണിക്കുന്നതായ ആട്ടമാണ്. പ്രസിദ്ധമായ ‘ബ്രഹ്മസൃഷ്ടി’ എന്ന ആട്ടമാണ് ഇവിടെ ആടിയത്. തുടര്‍ന്ന്‘പണ്ട് ദേവാസുരന്മാര്‍ ചേര്‍ന്ന് മന്ധരപര്‍വ്വതത്തെ കടകോലും വാസുകിയെ പാശവുമാക്കി പാലാഴികടഞ്ഞപ്പോള്‍ ഒരു അമൃതകുഭം അതില്‍നിന്നും ഉയര്‍ന്നു വന്നു. അതിനു സമാനമാണ് നിന്റെ രണ്ടു കുചകുംഭങ്ങള്‍’ എന്നു പറഞ്ഞ് ജരാസന്ധന്‍ പത്നിയുമൊത്ത്
ആലിംഗനചുമ്പനാദികളിലേര്‍പ്പെട്ടിരിക്കവേ പെരുമ്പറമുഴക്കങ്ങള്‍ ശ്രവിക്കുന്നു. പെട്ടന്ന് പത്നിയെ അന്ത:പ്പുരത്തിലേക്കയച്ച് ശബ്ദത്തിനു കാരണമന്യൂഷിക്കുന്ന ജരാസന്ധനോട് ‘ഗോപുരവാതില്‍ക്കലുള്ള പെരുമ്പറകള്‍ ആരോ അടിച്ച് തകര്‍ത്തിരിക്കുന്നു’ എന്ന വാര്‍ത്ത ഒരു ഭൃത്യന്‍ അറിയിക്കുന്നു. തന്റെ പിതാവിനാല്‍ വധിക്കപ്പെട്ട അസുരന്റെ ചര്‍മ്മമുപയോഗിച്ച് ആ പെരുമ്പറകള്‍ നിര്‍മ്മിക്കപ്പെട്ട കഥ ഓര്‍ത്തിരിക്കവെ മൂന്ന് ബ്രാഹ്മണര്‍ മതില്‍ ചാടിക്കടന്ന് രാജധാനിയിലേയ്ക്ക് വരുന്നതായി കണ്ട് അത്ഭുതപ്പെടുന്നു. ‘ഏതായാലും ബ്രാഹ്മണരല്ലെ സാരമില്ല. ഇനി അവരുടെ ആഗ്രഹങ്ങള്‍ സാധിപ്പിക്കുക തന്നെ‘ എന്നു നിശ്ചയിച്ച് ബ്രാഹ്മണഭക്തനായ ജരാസന്ധന്‍ അവരെ കാണുവാനായി പോകുന്നു.

കൃഷ്ണബ്രാഹ്മണനായി ശ്രീ ഫാക്റ്റ് പത്മനാഭനും ഭീമബ്രാഹ്മണനായി സദനം വിജയനും
അര്‍ജ്ജുനബ്രാഹ്മണനായി ശ്രീ ആര്‍.എല്‍.വി പ്രദീപും ശ്രീകൃഷ്ണനായി ശ്രീ കലാമണ്ഡലം മയ്യനാട് രാജീവും ഭീമനായി ശ്രി കലാമണ്ഡലം രവികുമാറും അര്‍ജ്ജുനനായി ശ്രീ ആര്‍.എല്‍.വി.സുനിലുമാണ് വേഷമിട്ടിരുന്നത്. ഈ രംഗത്തില്‍ വാമനാവതാരകഥയും സത്യംചെയ്ത മഹാബലിയ്ക്കു പിണഞ്ഞ അബദ്ധവും ആത്മഗതമായിട്ടാണ്‍ ജരാസന്ധന്‍ ആടാറുള്ളത്(വടക്കന്‍ സമ്പൃദായത്തില്‍). എന്നാല്‍ ഇവിടെ ഈ കഥ ബ്രാഹ്മണരോട് പറയുന്നതായാണ് ആടികണ്ടത്.


ബ്രാഹ്മണര്‍ കൃഷ്ണഭീമാര്‍ജ്ജുനന്മാരാണെന്ന് വെളിവാക്കികഴിഞ്ഞപ്പോള്‍ ജരാസന്ധന്‍ ‘കഷ്ടം! എടാ, കൃഷ്ണാ നിനക്ക് നാണമില്ലല്ലോ? പതിനെട്ടു പ്രാവശ്യം എന്നോട് യുദ്ധംചെയ്ത് പരാജയപ്പെട്ട് ഓടിപ്പോയ നിനക്ക് വീണ്ടും എന്റെ മുന്നില്‍ വന്ന് ദ്വന്ദയുദ്ധം ആവശ്യപ്പെടാന്‍ നാണമാകുന്നില്ലെ?’ എന്ന് കൃഷ്ണനോടും ‘അല്ലയോ ഭീമാ, ഒരു ക്ഷത്രിയനായ നിനക്ക് ഈ പശുപാലകനായ യാദന്റെ പിറകെ നടക്കാന്‍ നാണമില്ലെ?’ എന്ന് ഭീമനോടും ചോദിച്ച് കളിയാക്കുന്നു. തുടര്‍ന്ന് ഭീമനാണ് തനിക്കുപറ്റിയ എതിരാളി എന്നു പറഞ്ഞ് ഭീമനെ യുദ്ധത്തിനു വിളിക്കുകയും, രണ്ടു ഗധകള്‍ ഭീമനു നല്‍കിയിട്ട് ഇഷ്ടമുള്ളത് ഇടുത്തുകൊള്ളുവാന്‍ പറയുകയും ചെയ്യുന്നു. ഭീമന്‍ ഒരു ഗധ എടുത്ത് തയ്യാറാവുന്നു. ജരാസന്ധന്‍ ഗധ എടുക്കുമ്പോള്‍ ഒരു അപശകുനം പോലെ അത് താഴെവീഴുന്നു. അതു കണക്കാക്കാതെ യുദ്ധം ആരംഭിക്കുന്ന ജരാന്ധനെ ഗധായുദ്ധത്തില്‍ ഭീമന്‍ പരാജയപ്പെടുത്തുന്നു. തുടര്‍ന്ന് ഇരുവരും മല്ലയുദ്ധം നടത്തുന്നു. ഒടുവില്‍ ശ്രീകൃഷ്ണന്റെ നിദ്ദേശാനുസ്സരണം ജരാസന്ധന്റെ ശരീരം രണ്ടായികീറി തിരിച്ചിട്ട് ഭീമന്‍ അവനെ വധിക്കുന്നു. തുടര്‍ന്ന് കൃഷ്ണനും ഭീമാര്‍ജ്ജുനന്മാരും ചേര്‍ന്ന് ജരാസന്ധന്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന അനവധി രാജാക്കാന്മാരെ മോചിപ്പിക്കുകയും, ജരാസന്ധപുത്രനെ മഗഥത്തിലെ അടുത്തരാജാവായി വാഴിക്കുകയും ചെയ്തിട്ട് രാജസൂയയാഗത്തിന് തയ്യാറെടുപ്പ് നടത്താനായി ഇന്ദ്രപ്രസ്ഥത്തിലേയ്ക്ക് ഗമിക്കുന്നു.


ശിശുപാലനായി അരങ്ങിലെത്തിയ ശ്രീ കലാമണ്ഡലം രാമചന്ദ്രന്‍ ഉണ്ണിത്താന്റെ ആട്ടങ്ങള്‍ ഒട്ടും അടുക്കും ചിട്ടയുമില്ലാത്തതായിതോന്നി. വല്ലപ്പോഴും മാത്രം കൈകാര്യം ചെയ്യേണ്ടിവരുന്ന ഇതുപോലെയുള്ള വേഷങ്ങള്‍ ചെയ്യുമ്പോള്‍ ഇദ്ദേഹം കുറച്ചുകൂടി തെയ്യാറെടുപ്പ് നടത്തേണ്ടതായിരുന്നു. രാജസൂയയാഗവേദിയിലെത്തുന്ന ശിശുപാലന്‍ യാഗശാല കാണുന്ന ഭാഗമൊന്നും വിസ്തരിച്ചില്ല. നിരവധി രാജാക്കന്മാര്‍ ധര്‍മ്മപുത്രര്‍ക്ക് കപ്പം കൊടുക്കുനതായി കണ്ട് ‘ഇത് ഒട്ടും സഹിച്ചിരിക്കുവാനാകില്ല’ എന്നു പറഞ്ഞ് പെട്ടന്ന് യാഗശാലയിലേയ്ക്ക് പ്രവേശിക്കുകയാണുണ്ടായത്. പ്രവേശിച്ച ശിശുപാലന്‍ ഉടനെ തന്നെ അര്‍ജ്ജുനനെ കാണുകയും ‘തന്നെ ബഹുമാനിച്ചില്ല‘ എന്ന കാരണം പറഞ്ഞ് അര്‍ജ്ജുനനോട് കയര്‍ക്കുകയും ചെയ്യുന്നതു കണ്ടു! സാധാരണ ചുവന്നതാടിയുടേതില്‍ നിന്നും വത്യസ്തമായ രീതിയിലായിരുന്നു ഇദ്ദേഹം ചായം തേച്ചിരുന്നത്.
ശ്രീ കലാമണ്ഡലം സുരേന്ദ്രനും കലാഭാരതി സന്തോഷുമായിരുന്നു ഈ കളിക്ക് പാട്ട്. പാട്ട് ഒട്ടും മെച്ചമായിഒരുന്നില്ല. മൈക്കുസെറ്റിന്റെ തകരാറുകള്‍ കൂടിയായപ്പോള്‍ സംഗീതം ഒട്ടും ആസ്വദിക്കാനായില്ല.

ആദ്യ ഭാഗത്ത് മേളം കൈകാര്യം ചെയ്ത ശ്രീ കലാമണ്ഡലം രാമന്‍ നമ്പൂതിരിയും
(ചെണ്ട) ശ്രീ കലാനിലയം മനോജും(മദ്ദളം) മികച്ചപ്രകടനമാണ് കാഴ്ച്ചവെച്ചത്. രണ്ടാംഭാഗത്ത് ഇവര്‍ക്കൊപ്പം ചെണ്ടയ്ക്ക് ശ്രീ കലാമണ്ഡലം ഹരിശങ്കറും മദ്ദളത്തിന് ശ്രീ കലാവിന്നിതും പങ്കെടുത്തു. കലാമണ്ഡലത്തിലെ ഏഴാം വര്‍ഷ വിദ്ദ്യാര്‍ത്ഥിയായ ഹരിശങ്കറിന്റെ മേളം എല്ലാവരുടേയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ശ്രീ കലാനിലയം സജി, ശ്രീ ഏരൂര്‍ മനോജ് എന്നിവരാണ് ഈ കളിക്ക് ചുട്ടികുത്തിയിരുന്നത്. സാധാരണയായി ചുട്ടിക്ക് മൂന്ന് ദളങ്ങള്‍(പേപ്പറുകള്‍) ആണ് കാണാറ്. എന്നാല്‍ ഇവിടെ എല്ലാവര്‍ക്കും നാലുദളങ്ങളോടു കൂടിയ ചുട്ടിയാണ് കുത്തിയിരുന്നത്. തൃപ്പൂണിത്തുറ കഥകളികേന്ദ്രത്തിന്റെ തന്നെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തത് ശ്രീ ഏരൂര്‍ ശശി, ഏരൂര്‍ സുരേന്ദ്രന്‍ തുടങ്ങിയവരാണ്.

കലാ:രാമന്‍‌കുട്ടിനായരാശാന്റെ ശതാഭിഷേകം

പത്മഭൂഷണ്‍ കലാമണ്ഡലം രാമന്‍‌കുട്ടിനായരാശാന്റെ ശതാഭിഷേകം മെയ്14,15തീയതികളിലായി ചെര്‍പ്പുളശ്ശേരി ആഷിക്ക ആഡിറ്റോറിയത്തില്‍ വെച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കപ്പെട്ടു. 15ന് വൈകിട്ട് 4:30ന് ശ്രീ രാജശ്രീവാര്യര്‍ ഭരതനാട്ട്യമവതരിപ്പിച്ചു. ശ്രീ കൃഷ്ണന്റെ ‘അഷ്ടപത്നിമാര്‍’ എന്ന വിഷയത്തിലുള്ള ഒരു ഇനമായിരുന്നു പ്രധാനമായി അവതരിപ്പിച്ചത്. തുടര്‍ന്ന് കലാമണ്ഡലം ലീലാമ്മയും സംഘവും മോഹിനിയാട്ടവും അവതരിപ്പിക്കുകയുണ്ടായി. ജയദേവാഷ്ടപദിയെ അധികരിച്ചുള്ള ഒരു നൃത്തമാണ് ഇവര്‍ അവതരിപ്പിച്ചത്. വൈകിട്ട് 7:30ഓടെ ശ്രീ കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിയുടെ അദ്ധ്യക്ഷതയില്‍ ആരംഭിച്ച സമാപനസമ്മേളനം ശ്രി കാവാലം നാരായണപ്പണിക്കര്‍ ഉത്ഘാടനം ചെയ്തു.



ആഘോഷങ്ങളുടെ ഭഗമായി രണ്ടുദിവസങ്ങളിലും രാത്രി കഥകളിയും നടന്നു. 15ന്
ശ്രീ കലാമണ്ഡലം കേശവന്‍ നമ്പൂതിരിയും ശ്രീ കലാമണ്ഡലം ഹരിനാരായണനും
ചേര്‍ന്നവതരിപ്പിച്ച തോടയത്തോടെയാണ് കഥകളി ആരംഭിച്ചത്.


തുടര്‍ന്ന് പകുതിപുറപ്പാടും അവതരിപ്പിക്കപ്പെട്ടു. ശ്രീ കലാനിലയം ഗോപിനാഥന്‍, ശ്രീ കലാമണ്ഡലം
കുട്ടികൃഷ്ണന്‍, ശ്രീ കലാമണ്ഡലം വെങ്കിട്ടരാമന്‍, ശ്രീ കലാമണ്ഡലം ശുചീന്ദ്രന്‍ എന്നിവരാണ് പുറപ്പാടിന് വേഷമിട്ടിരുന്നത്.


ശ്രീ കലാമണ്ഡലം ഗംഗാധരനും ശ്രീ കലാമണ്ഡലം മോഹനകൃഷ്ണനും പാട്ടിലും ശ്രീ കലാമണ്ഡലം ബലരാമനും ശ്രീ കലാമണ്ഡലം ഉണ്ണികൃഷ്ണനും ചെണ്ടയിലും ശ്രീ ചേര്‍പ്പുളശ്ശേരി ശിവനും ശ്രീ കോട്ടക്കല്‍ രവിയും മദ്ദളത്തിലും പങ്കെടുത്ത ഇരട്ടമേളപ്പദം ഹൃദ്യമായ ഒരു അനുഭവമായി.


കിര്‍മ്മീരവധമാണ് ആദ്യമായി അവതരിപ്പിക്കപ്പെട്ട കഥ. ഇതിലെ ധര്‍മ്മപുത്രരും കൃഷ്ണനുമായുള്ള രംഗം മാത്രമാണ് അവതരിപ്പിച്ചത്.
കിര്‍മ്മീരവധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.
രാമന്‍‌കുട്ടിനായരാശാന്‍ ആണ് ധര്‍മ്മപുത്രരായി വേഷമിട്ടത്. കൃഷ്ണനായി ശ്രീ
കോട്ടക്കല്‍ ചന്ദ്രശേഘരവാര്യരും സുദര്‍ശ്ശനമായി ശ്രീ കലാമണ്ഡലം
നാരായണന്‍‌കുട്ടിയും അരങ്ങിലെത്തി.

കലാ:ഗംഗാധരനും ശ്രീ കലാമണ്ഡലം മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരിയും ചേര്‍ന്ന് മികച്ച സംഗീതമാണ് ഈ ഭാഗത്ത് ഒരുക്കിയിരുന്നത്. ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരിയും(ചെണ്ട) ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശനും(മദ്ദളം) ചേര്‍ന്നായിരുന്നു മേളം. സാധാരണ മുദ്രക്കുകൂടി ചെണ്ടകൊട്ടുവാന്‍ മിടുക്കുകാണിക്കാറുള്ള മിടുക്കന്റെ ഈ ദിവസത്തെ പ്രകടനം ഒട്ടും മിടുക്കുള്ളതായിരുന്നില്ല.


രാവണവിജയമായിരുന്നു രണ്ടാമതായി അവതരിപ്പിക്കപ്പെട്ട കഥ. കഥകളിയുടെ
തെക്കന്‍ ചിട്ടയിലെ ആചാര്യന്‍ ശ്രീ മടവൂര്‍ വാസുദേവന്‍ നായരാണ് ഇതില്‍ രാവണനായി എത്തിയത്. എണ്‍പത് വയസ്സ് പ്രായമായ ഈ നടന്റെ മികച്ച അരങ്ങുകളിലൊന്നായിരുന്നു ഇവിടുത്തേത്. ഇവിടെ രണ്ടുദിവസങ്ങളിലായി നടന്ന പരിപാടികളില്‍ ഏറ്റവും ഹൃദ്യമായതും ഇദ്ദേഹത്തിന്റെ ഏതാണ്ട് മൂന്നരമണിക്കൂറോളം നീണ്ടുനിന്ന ഈ പ്രകടനം തന്നെയായിരുന്നു.
വടക്കന്‍ ചിട്ടയില്‍ നിന്നും വെത്യസ്തമായി തിരനോട്ടം കഴിഞ്ഞാല്‍ രാവണന് തന്റേടാട്ടവും, രംഭാപ്രവേശം കഴിഞ്ഞ് ഒരു ആട്ടവും ഉണ്ട്. “രാകാധിനാഥ” എന്ന പദത്തിലെ അവതരിപ്പിക്കുന്ന ചരണത്തിനും വത്യാസമുണ്ട്.



തന്റേടാട്ടം ഏതാണ്ട് ഉത്ഭവത്തിലെ തന്റേടാട്ടത്തിന് സമാനമായതാണ്. തന്റെ
പൂര്‍വ്വചരിതങ്ങളോര്‍ത്ത് പ്രതാപിയായി ഇരിക്കുന്ന രാവണന്റെ സമീപത്തേയ്ക്ക് ജേഷ്ഠനായ വൈശ്രവണന്റെ ദൂതന്‍ എത്തുന്നു. ധനേശന്റെ ഉപദേശങ്ങള്‍ കേട്ട് ക്രുദ്ധനായിതീരുന്ന രാവണന്‍ ആ ദൂതനെ വധിക്കുകയും വൈശ്രവണനുമായി യുദ്ധംചെയ്യാന്‍ പുറപ്പെടുകയും ചെയ്യുന്നു. പടയുമായി യാത്രചെയ്ത് ഹിമവല്‍‌പാര്‍ശ്വത്തിലെത്തവെ സമയം രാത്രിയായതായി കണ്ട് എല്ലാവരോടും
കൂടാരംകെട്ടി വിശ്രമിച്ചുകൊള്ളുവാന്‍ രാവണന്‍ നിര്‍ദ്ദേശിക്കുന്നു. തുടര്‍ന്ന് പര്‍വ്വതപാര്‍ശ്വത്തിലൂടെ രാവണന്‍ ചുറ്റികറങ്ങുന്നു. പൂര്‍ണ്ണചന്ദ്രന്റെ പനിനീര്‍നിലാവും, മന്തമാരുതനും, പൂമണവും, കുയില്‍ നാദവും, നിശാശലഭങ്ങളും അങ്ങിനെ കാമോദീപകമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ അപ്പോള്‍. പെട്ടന്ന് ആകാശത്തില്‍ നിന്നും ആരോ ഇറങ്ങിവരുന്നതായി കണ്ട് ശ്രദ്ധിക്കവെ, നീലവസ്ത്രത്താല്‍ ശരീരം മറച്ച ഒരു സുന്ദരിയാണത് എന്ന് മനസ്സിലാക്കിയ രാവണന്‍ അവളുടെ മാര്‍ഗ്ഗത്തില്‍ മറഞ്ഞിരുന്ന് അവളെ തടയുന്നു. സുന്ദരിയായ നീ ആരെന്നും ഈ രാത്രിയില്‍ എവിടെ പോകുന്നു എന്നും ചോദിക്കുകയും അവളെ കാമകേളിക്ക് ക്ഷണിക്കുകയും ചെയ്യുന്നു. ഞാന്‍ ദേവസുന്ദരിയായ രംഭയാണെന്നും മുന്‍‌കൂട്ടി പറഞ്ഞുറപ്പിച്ചപ്രകാരം ഇന്ന് കുബേരപുത്രനോടോത്ത്
രാത്രികഴിക്കുവാനായി പോവുകയാണെന്നുംഅവള്‍ അറിയിക്കുന്നു. അങ്ങയോടൊത്തു കഴിയുവാന്‍ മറ്റൊരുദിവസം ഞാന്‍ എത്തിക്കൊള്ളാമെന്നും ഇന്ന് തന്നെ വിടണമെന്നും രംഭ അപേക്ഷിക്കുന്നുവെങ്കിലും അതു നിരസിച്ചുകൊണ്ട് രാവണന്‍ അവളെ ബലമായി പ്രാപിക്കുന്നു.


അതിനുശേഷം രാവണന്‍ പടയോടുകൂടി ചെന്ന് കുബേരനെ പോരിനുവിളിക്കുന്നു. അതുകേട്ട് വന്ന് യുദ്ധം ചെയ്യുന്ന വൈശ്രവണന്‍ പോരിനിടയില്‍ അസ്ത്രമേറ്റ്
മോഹാലസ്യപ്പെട്ടുവീഴുന്നു. രാവണന്‍ ധനാധിപതിയുടെ ഭണ്ഡാരവും ധനവും കൊള്ളയടിക്കുന്നു. ‘ഇനി ഇതെല്ലാം കൊണ്ടുപോയി തന്റെ മാതാവിന്റെ കാല്‍ക്കല്‍വെച്ച് വാക്കുപാലിക്കുകതന്നെ‘ എന്നു നിശ്ചയിച്ച് ദശകണ്ഠന്‍ പുഷ്പ്പകവിമാനത്തില്‍കയറി യാത്രയാവുന്നു. വഴിയില്‍ വിമാനത്തിന് മാര്‍ഗ്ഗതടസമായി വര്‍ത്തിക്കുന്ന കൈലാസപര്‍വ്വതത്തെ തന്റെ ഇരുപതുകൈകള്‍കൊണ്ട് എടുത്ത് രാവണന്‍ അമ്മാനമാടുന്നു. ഈ സമയം കൈലാസത്തില്‍ വസിക്കുന്ന ശ്രീപരമേശ്വരന്‍ താഴേയ്ക്ക് ചവുട്ടുകയും കൈലാസം നിലത്തുറയ്ക്കുകയും ചെയ്യുന്നു. രാവണന്റെ കൈകള്‍ അതിനടിയില്‍ പെട്ടുപോകുന്നു. കൈകളിലെ ഞരമ്പുകള്‍ കാലില്‍ വലിച്ചുകെട്ടി അതുമീട്ടിക്കൊണ്ട് രാവണന്‍ ശങ്കരാഭരണരാഗമാലപിച്ച് ശിവനെ സ്തുതിക്കുന്നു. സമ്പ്രീതനായ ശ്രീപരമേശ്വരന്‍ പാര്‍വ്വതീസമേതനായി രാവണന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ‘ചന്ദ്രഹാസം’ എന്ന ദിവ്യമായ വാള്‍ നല്‍കി രാവണനെ അനുഗ്രഹിക്കുന്നു. വിജയശ്രീലാളിതനായ രാവണന്‍ ലങ്കയിലേയ്ക്ക് മടങ്ങുന്നതോടെ കഥ സമ്പൂര്‍ണ്ണമാകുന്നു.
ചുരുക്കിയ രീതിയിലും എന്നാല്‍ ഹൃദയാനുഭവം സൃഷ്ടിക്കുന്ന രീതിയിലുമാണ് മടവൂരാശാന്‍ ഈ ആട്ടങ്ങള്‍ അവതരിപ്പിച്ചത്. രാവണന്‍ ശങ്കരാഭരണമാലപിക്കുന്നതായ ഭാഗത്ത് ഇദ്ദേഹം രംഗത്ത് ഭംഗിയായി രാഗവിസ്താരം ചെയ്യുകയും ചെയ്തു.
.........................................................
ശ്രീ കലാമണ്ഡലം രവികുമാര്‍ ദൂതനായും ശ്രീ കലാമണ്ഡലം രാജശേഘരന്‍
രംഭയായും വേഷമിട്ടിരുന്നു. ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കലാമണ്ഡലം ശ്രീകുമാറും ചേര്‍ന്നായിരുന്നു ഈ കഥയ്ക്ക് സംഗീതം. നാരായണന്റെ സംഗീതം മികച്ചുനിന്നുവെങ്കിലും ശ്രീകുമാര്‍ ഒട്ടും പോരാ എന്നുതോന്നി. ആദ്യരംഗത്തില്‍ കലാ:ഉണ്ണികൃഷ്ണനും(ചെണ്ട) ശ്രീ കലാമണ്ഡലം നാണപ്പന്‍‌നായരും(മദ്ദളം) ചേര്‍ന്നും തുടര്‍ന്ന് കുറൂരും(ചെണ്ട) ശ്രീ കലാമണ്ഡലം രാജുനാരായണനും(മദ്ദളം) ചേര്‍ന്നും മേളമൊരുക്കി.

അവസാനമായി അവതരിപ്പിച്ച ബാലിവധം(രണ്ടാം രംഗം മുതല്‍) കഥയായിരുന്നു.
ബാലിവധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.
ഇതില്‍ ശ്രീ വാഴേങ്കിട വിജയന്‍ രാവണനായും കലാ: ഹരിനാരായണന്‍ മാരീചനായും ശ്രീ നരിപ്പറ്റ നാരായണന്‍ നമ്പൂതിരി രാമനായും ശ്രീ കല്ലുവഴി വാസു സീതയായും ശ്രീ കോട്ടക്കല്‍ ദേവദാസന്‍ സുഗ്രീവനായും ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരി ബാലിയായും അരങ്ങിലെത്തി.

ശ്രീ കലാമണ്ഡലം പാറ നാരായണന്‍ നമ്പൂതിരിയും കലാ: മോഹനകൃഷ്ണനും ചേര്‍ന്നായിരുന്നു ഈ കഥയ്ക്ക് പാടിയിരുന്നത്. ശ്രീ കലാമണ്ഡലം വിജയകൃഷ്ണന്‍, ശ്രീ സദനം രാമകൃഷ്ണന്‍, ശ്രീ കലാമണ്ഡലം നന്ദകുമാര്‍ തുടങ്ങിയവര്‍ മേളവും കൈകാര്യം ചെയ്തു.
ഈ കളികള്‍ക്ക് മഞ്ജുതര, മാങ്ങോടിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ അപ്പുണ്ണിത്തരകനും സംഘവുമാണ് അണിയറകൈകാര്യം ചെയ്തുന്നത്.