കൊടുങ്ങല്ലൂരിനടുത്ത് പറമ്പിക്കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി 18/03/09ന് കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘം കഥകളി അവതരിപ്പിച്ചു.
രാത്രി 10:30ന് പുറപ്പാടോടെ കളി ആരംഭിച്ചു. ഇതില്‍ ശ്രീ കോട്ടക്കല്‍ മനോജ്, ശ്രീ കോട്ടക്കല്‍ ബാലനാരായണന്‍, ശ്രീ കോട്ടക്കല്‍ കൃഷ്ണദാസ്, ശ്രീ കോട്ടക്കല്‍ ഷിജിത്ത് എന്നിവര്‍ യഥാക്രമം രാമ, ലക്ഷമണ, ഭരത, ശത്രുഘ്ന വേഷങ്ങളില്‍ അരങ്ങിലെത്തി. തുടര്‍ന്ന് മേളപ്പദവും നടന്നു. ഇവയില്‍ സംഗീതം ശ്രീ കോട്ടക്കല്‍ സുരേഷും ശ്രീ കോട്ടക്കല്‍ സന്തോഷും ചേര്‍ന്നും, ചെണ്ട ശ്രീ കോട്ടക്കല്‍ വിജയരാഘവനും ശ്രീ കോട്ടക്കല്‍ മനീഷ് രാമനാഥനും ചേര്‍ന്നും, മദ്ദളം ശ്രീ കോട്ടക്കല്‍ സുഭാഷും ശ്രീ കോട്ടക്കല്‍ ഹരീഷും ചേര്‍ന്നും കൈകാര്യം ചെയ്തു.
വിഷ്ണുഭക്തനായ രാജാവായിരുന്നു അംബരീക്ഷന്‍. ഇദ്ദേഹം ഏകാദശിവൃതം മുടങ്ങാതെ നോറ്റിരുന്നു. ഒരു ഏകാദശിദിവസം അംബരീക്ഷമഹാരാജാവിനെ പരീക്ഷിക്കുവാനായി ദുര്‍വ്വാസാവ്മഹര്‍ഷി എത്തുന്നു. രാജാവ് മഹര്‍ഷിയെ ആദരിച്ച് ആഗമനോദ്ദേശം ആരായുന്നു. ‘മഹാരാജാവായ അങ്ങയുടെ കീര്‍ത്തി വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു. ആ കീര്‍ത്തിധവളിമവ്യാപിച്ചതിനാല്‍ സ്വതേ വെളുപ്പുനിറമായുള്ള ക്ഷീരസാഗരത്തെ വേര്‍തിരിച്ചുകാണുവാന്‍ മഹാവിഷ്ണുവിന് സാധിക്കുന്നില്ല. അതുപോലെതന്നെ വെളുത്തുനിറമുള്ള കൈലാസത്തെ ശിവനും, തന്റെ വാഹനമായ ഐരാവതത്തെ ഇന്ദ്രനും വേര്‍തിരിച്ച് അറിയാനാവുന്നില്ലത്രെ. അങ്ങിനെപുകള്‍പെറ്റ നിന്നെ ഒന്ന് കാണുവാനുള്ള ആഗ്രഹം മൂലം വന്നതാണ്’ എന്ന ദുര്‍വ്വാസാവ് മറുപടിപറയുന്നു. അങ്ങ് വന്നത് നന്നായി എന്നും, ഇന്ന് ഏകാശദിവൃതം പാരണവീടുവാന്‍ അങ്ങും എന്നോടൊപ്പം ഉണ്ടാകണമെന്നും, അതിനായി എത്രയും വേഗം അങ്ങ് ഗംഗയില്‍ പോയി സ്നാനാദികള്‍ കഴിച്ച് വന്നാലും എന്നും അംബരീക്ഷന്‍ ദുര്‍വ്വാസാവിനോട് അഭ്യര്‍ത്ഥിക്കുന്നു. ദുര്‍വ്വാസാവ് ഗംഗാസ്നാനത്തിനായി ഗമിക്കുന്നു. വൃതം അനുഷ്ടിക്കുന്നവര്‍ ഏകാദശി കഴിഞ്ഞ് ദ്വാദശിതുടങ്ങുന്നസമയത്ത് പാരണവീട്ടി വൃതം അവസാനിപ്പിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ ആ സമയമായിട്ടും ദുര്‍വ്വാസാവ്മഹര്‍ഷി മടങ്ങിയെത്തിയില്ല. സമയംകഴിഞ്ഞുപോയാല്‍ ദോഷം സംഭവിക്കുമല്ലോ എന്നും മഹര്‍ഷിയെക്കൂടാതെ പാരണവീടിയാല്‍ അദ്ദേഹം കോപിക്കുമല്ലോ എന്നും ചിന്തിച്ച് രാജാവ് പരിഭ്രമിക്കുന്നു. ഈ സമയത്ത് അവിടെയെത്തുന്ന ഒരു ബ്രാഹ്മണന്‍ രാജാവിനെ സമാധാനിപ്പിക്കുന്നു. സമയത്തുതന്നെ വെറും ജലം കുടിച്ച് പാരണവീടുകയും മഹര്‍ഷിയെത്തിയശേഷം മറ്റു ഭക്ഷണങ്ങള്‍ കഴിക്കുകയും ചെയ്യുക എന്ന ബ്രാഹ്മണന്റെ ഉപായം കേട്ട് രാജാവ് ജലത്താല്‍ പാരണവീടുന്നു. ക്ഷണിച്ചശേഷം തന്നെകൂടാതെ അംബരീക്ഷന്‍ പാരണവീടി എന്നറിഞ്ഞ് ദുര്‍വ്വാസാവ് മഹര്‍ഷി രാജാവിനോട് കോപിഷ്ടനാവുന്നു. കോപാവേശത്താല്‍ നിലത്തടിക്കുന്ന മഹര്‍ഷിയുടെ ജടയില്‍നിന്നും ഘോരരൂപിണിയായ കൃത്തിക ഉണ്ടാകുന്നു. ദുവ്വാസാവിന്റെ നിര്‍ദ്ദേശാനുസ്സരണം കൃത്തിക അബരീക്ഷനെ ഉപദ്രവിക്കാന്‍ തുനിയുന്നു. വിഷ്ണുഭകതനായ രാജാവിനെ രക്ഷിക്കാനായി സുദര്‍ശ്ശനചക്രം അവിടെയെത്തുന്നു. കൃത്തികയെ ഭസ്മീകരിച്ചശേഷം സുദര്‍ശ്ശനം ദുര്‍വ്വാസാവ്മഹര്‍ഷിക്കുനേരേ ചെല്ലുന്നു. പലവിധത്തിലും ശ്രമിച്ചിട്ടും സുദര്‍ശ്ശനത്തിനെ തടയുവാനാകാതെ മഹര്‍ഷി ഓടിതുടങ്ങുന്നു. മൂന്നുലോകങ്ങളിലും സഞ്ചരിക്കുന്ന ദുര്‍വ്വാസാവിനെ സുദര്‍ശ്ശനചക്രവും പിന്തുടരുന്നു. മഹര്‍ഷി കൈലാസത്തിലും ബ്രഹ്മലോകത്തിലും വൈകുണ്ഡത്തിലും എത്തി യഥാക്രമം ശിവന്റെയടുത്തും ബ്രഹ്മാവിന്റെയടുത്തും മഹാവിഷ്ണുവിന്റെയും അടുത്ത് അഭയം ചോദിക്കുന്നു. എന്നാല്‍ ഇവരെല്ലാം ദുര്‍വ്വാസാവിനെ കൈവിടുന്നു. തൃമൂര്‍ത്തികളില്‍ നിന്നുപോലും സംരക്ഷണം ലഭിക്കാത്തതിനാല്‍ ഗത്യന്തരമില്ലാതെ മഹര്‍ഷി അംബരീക്ഷന്റെ കാല്‍ക്കല്‍വീണ് ക്ഷമാപണം നടത്തുന്നു. അബരീക്ഷന്റെ പ്രാര്‍ത്ഥനശ്രവിച്ച് സുദര്‍ശ്ശനം അപ്രത്യക്ഷമാവുന്നു. അംബരീക്ഷന്റെ ഭക്തിയുടെ മാഹാത്മ്യം മനസ്സിലാക്കിയ ദുര്‍വ്വാസാവ് അദ്ദേഹത്തെ അനുഗ്രഹിച്ചശേഷം രാജാവിനോടൊത്ത് പാരണവീടി ഭക്ഷണം കഴിക്കുന്നു. ഇതാണ് കഥാസംഗ്രഹം.
ദുര്‍വ്വാസാവായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നല്ല പ്രകടനം കാഴ്ച്ചവെയ്ച്ചു.
അംബരീക്ഷനായി വേഷമിട്ട ശ്രീ കോട്ടക്കല്‍ ഹരിദാസന്റെ ചൊല്ലിയാട്ടം വെടിപ്പുള്ളതെങ്കിലും ഭാവപ്രകടനം മെച്ചപെട്ടതായിരുന്നില്ല. വേഷഭംഗിയും കഷ്ടി.
ബ്രാഹ്മണനായി ശ്രീ കോട്ടക്കല്‍ വാസുദേവന്‍ കുണ്ഡലായരും കൃത്തികയായി ശ്രീ കോട്ടക്കല്‍ ഹരീശ്വരനും സുദര്‍ശ്ശനമായി ശ്രീ കോട്ടക്കല്‍ മുരളീധരനും ബ്രഹ്മാവായി കോട്ട:മനോജും വിഷ്ണുവായി കോട്ട:കൃഷ്ണദാസും രംഗത്തെത്തി.
ഈ കഥയ്ക്ക് പൊന്നാനി പാടിയത് ശ്രീ കോട്ടക്കല്‍ നാരായണനായിരുന്നു. ശ്രീ കോട്ടക്കല്‍ വെങ്ങേരി നാരായണനും ശ്രീ കോട്ട: സുരേഷും ആയിരുന്നു ശിങ്കിടിക്ക്. താരതമ്യേന നല്ല സംഗീതമായിരുന്നു ഈ ദിവസത്തേത്. ദേവഗാന്ധാരി, വൃന്ദാവനസാരംഗ തുടങ്ങിയ രാഗങ്ങളിലുള്ള പദങ്ങള്‍ വളരെ നന്നായി ആലപിച്ചിരുന്നുവെങ്കിലും കാനക്കുറിഞ്ഞി, പുറന്നീര തുടങ്ങിയവ അത്ര അനുഭവജനകമായിരുന്നില്ല.
ആദ്യരംഗത്തില്‍ ശ്രീ കോട്ടക്കല്‍ പ്രസാദ് ചെണ്ടയിലും ശ്രീ കോട്ടക്കല്‍ രവി മദ്ദളത്തിലും മേളം പകര്‍ന്നു.
തുടര്‍ന്നുള്ള രംഗങ്ങളില്‍ കോട്ട: വിജയരാഘവനും കോട്ട:മനീഷ്‌രാമനഥനും ചേര്‍ന്ന് ചെണ്ടയിലും കോട്ട: സുഭാഷും കോട്ട: ഹരീഷും ചേര്‍ന്ന് മദ്ദളത്തിലും മേളമൊരുക്കി.
വടക്കന്‍ രാജസൂയമായിരുന്നു പിന്നീടവതരിപ്പിച്ച കഥ. ഇതില്‍ ജരാസന്ധനായി അരങ്ങിലെത്തിയ ശ്രീ കോട്ടക്കല്‍ ദേവദാസന്‍ ആട്ടങ്ങള്‍ ലേശം വിസ്തരിച്ചുവെങ്കിലും പൊതുവെ നല്ല പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.
ശ്രീ കോട്ടക്കല്‍ സുധിര്‍, കോട്ടക്കല്‍ ഹരികുമാര്‍, ശ്രീ കോട്ടക്കല്‍ ഹരീശ്വരന്‍ എന്നിവരാണ് ബ്രഹ്മണവേഷത്തിലെത്തിയത്. സാധാരണയായി വെള്ളവസ്ത്രങ്ങളാണ് ബ്രാഹ്മണവേഷത്തിന് ഉപയോഗിക്കാറ്.എന്നാല്‍ ഇവിടെ കാവിവസ്ത്രവും മഞ്ഞയും ചുവപ്പും മേല്‌വസ്ത്രങ്ങളുമാണ് കണ്ടത്. കൃഷ്ണനായി വേഷമിട്ടിരുന്ന ശ്രീ കോട്ടക്കല്‍ സുനിലില്‍ രസാഭിനയം ഒട്ടും കണ്ടില്ല. ശ്രീ കോട്ടക്കല്‍ രാജുമോഹന്‍ അര്‍ജ്ജുനനായും ശ്രീ കോട്ടക്കല്‍ എ.ഉണ്ണികൃഷ്ണന്‍ ഭീമനായും രംഗത്തെത്തി.
ശ്രീ കോട്ടക്കല്‍ മധുവും കോട്ട:വേങ്ങേരി നാരായണനും ചേര്‍ന്നായിരുന്നു ഈ രംഗത്തില്‍ പാടിയിരുന്നത്. ഒരു ജീവനില്ലാത്ത പാട്ടായിരുന്നു ഇവരുടെത്. ജരാസന്ധന്റെ ‘ഭൂസുര ശിരോമണികളേ’ എന്നതുപോലെയുള്ള പദങ്ങള്‍ വായുതള്ളിച്ചയോടെ തുറന്നുപാടിയാല്‍ മാത്രമേ രംഗത്ത് ശോഭിക്കുകയുള്ളു. ഇവയിലൊന്നും അമിത സംഗീതപ്രയോഗങ്ങള്‍ നടത്തുന്നതില്‍ കാര്യമില്ല. ഈ രംഗത്തില്‍ ചെണ്ടയ്ക്ക് കോട്ട:പ്രസാദും മദ്ദളത്തിന് കോട്ട: രവിയും ആയിരുന്നു.
ശിശുപാലനായി അഭിനയിച്ച ശ്രീ കോട്ടക്കല്‍ കേശവന്‍ കുണ്ടലായര്‍ നല്ല പ്രകടനമാണ് കാഴ്ച്ചവെച്ചത്. കോട്ട: എ.ഉണ്ണികൃഷ്ണന്‍ തന്നെയാണ് ധര്‍മ്മപുത്രരായും അരങ്ങിലെത്തിയിരുന്നത്. കോട്ട: മുരളീധരന്‍ നാരദവേഷമിട്ടു.
ഈ ഭാഗത്ത് പാട്ട് കോട്ട:സുരേഷും കോട്ട:സന്തോഷും ചേര്‍ന്നും, മേളം കോട്ട:വിജയരാഘവനും(ചെണ്ട) ശ്രീ കോട്ടക്കല്‍ രാധാകൃഷ്ണനും(മദ്ദളം) ചേര്‍ന്നും കൈകാര്യം ചെയ്തു.