.
രാത്രി 8ന് പുറപ്പാടോടെ കഥകളി ആരംഭിച്ചു. തുടര്‍ന്ന് ശ്രീ പാലനാട് ദിവാകരന്‍ നമ്പൂതിരി, ശ്രീ കലാമണ്ഡലം ബാലചന്ദ്രന്‍ എന്നിവര്‍ സംഗീതത്തിലും ശ്രീ കലാനിലയം കുഞ്ചുണ്ണി, ശ്രീ കലാമണ്ഡലം ഹരീഷ് എന്നിവര്‍ ചെണ്ടയിലും, ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശന്‍, കലാമണ്ഡലം നെല്ലുവായ് നാരായണന്‍ നായര്‍ എന്നിവര്‍ മദ്ദളത്തിലും പങ്കെടുത്ത മേളപ്പദം നടന്നു.
.
കാലകേയവധം(അര്‍ജ്ജുനന്റെ സ്വര്‍ഗ്ഗവര്‍ണ്ണനവരെ) ആയിരുന്നു ആദ്യത്തെ കഥ. കാലകേയവധം ആട്ടകഥയും അവതരണരീതിയും ഇവിടെ വായിക്കാം.
അര്‍ജ്ജുനനായി അരങ്ങിലെത്തിയത് ശ്രീ സദനം കൃഷ്ണന്‍കുട്ടിയായിരുന്നു. മുഖത്തെ രസാവിഷ്ക്കരണത്തിലെപോരായ്മ ഒഴിച്ചുനിര്‍ത്തിയാല്‍ ഇദ്ദേഹത്തിന്റെ പ്രകടനം മികച്ചതെന്നുതന്നെ പറയാം. അര്‍ജ്ജുനന്റെ ഇന്ദ്രനോടുള്ള പദത്തിലെ “അരിപടലങ്ങളെയൊക്കവെ ഒടുക്കുവാനായ് “ എന്നഭാഗത്ത് ശത്രുക്കളെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് കൊല്ലുന്നതായാണ് പണ്ട് അഭിനയിച്ചിരുന്നത് (‘ശൌര്യഗുണ‘ത്തില്‍ ഭീമന്‍ അഭിനയിക്കുന്നതുപോലെ). എന്നാല്‍ ശത്രുക്കളെ അസ്ത്രങ്ങളെയ്ത് വധിക്കുന്നതായാണ് ഇന്ന് നടപ്പിലുള്ള രീതി. അര്‍ജ്ജുനനെന്ന കഥാപാത്രത്തിനു കൂടുതല്‍ യോജിക്കുന്നരീതിയിലേക്കുള്ള ഈ മാറ്റം പത്മശ്രീ വാഴേങ്കിടകുഞ്ചുനായരാശാനാല്‍ ആവിഷ്‌ക്കരിക്കപ്പെട്ടതും സമകാലീനരായ നടന്മാരാല്‍ അംഗീകരിക്കപ്പെട്ടതുമാണ്. എന്നാല്‍ സദനം കൃഷ്ണന്‍കുട്ടിയുടെ അര്‍ജ്ജുനന്‍ ശത്രുക്കളെ കഴുത്തിനുപിടിച്ച് നിലത്തടിച്ച് കൊല്ലുന്നതായുള്ള ആ പഴയ രീതിതന്നെയാണ് അനുവര്‍ത്തിക്കുന്നതായി കണ്ടത്. അര്‍ജ്ജുനന്റെ ‘ജനക തവ ദര്‍ശനാല്‍’ എന്ന പദത്തിന്റെ സവിശേഷമായുള്ള ഇരട്ടിയും ‘സുകൃതികളില്‍ മുന്‍പനായ്’ എന്നിടത്തെ അഷ്ടകലാശവും(‘കീഴ്പടം ടച്ചില്‍’) മനോഹരന്മായി തന്നെ ചെയ്തിരുന്നു. സ്വര്‍ഗ്ഗവര്‍ണ്ണനയില്‍ അര്‍ജ്ജുനന്‍ അമൃതകുംഭം സൂക്ഷിച്ചിരിക്കുന്ന സൌധം കാണുന്നതായി ആടികണ്ടില്ല. എന്നാല്‍ സ്വര്‍ഗംഗയെ കാണുമ്പോള്‍ ‘അല്ലയോ മാതാവേ താന്‍ കിരാതവേഷധാരിയായായ ശ്രീപരമേശ്വരനുമായി യുദ്ധം ചെയ്യുന്ന വേളയില്‍ അവിടുന്നിന്റെ വാസസ്ഥാനമായുള്ള ശ്രീപരമേശ്വരന്റെ ശിരസ്സില്‍ വില്ലുകൊണ്ട് അടിക്കുവാന്‍ ഇടയായിരുന്നല്ലൊ. ആ അറിവില്ലായ്മ പൊറുത്ത് അനുഗ്രഹിക്കേണമേ’ എന്ന് ആടുകയുണ്ടായി. കാമധേനുവിനെ ദര്‍ശ്ശിക്കുന്നവേളയില്‍ അര്‍ജ്ജുനന്‍, ഗോമാതാവിനെ വന്ദിക്കാതെ കടന്നുപോയതിനാല്‍ പുത്രന്മാരില്ലാതെ ദു:ഖിക്കാനിടയാവുകയും, പിന്നീട് കാമധേനുപുത്രിയായ നന്ദിനിയെ കുറേനാള്‍ പരിപാലിച്ച് സന്തോഷിപ്പിച്ച് പുത്രഭാഗ്യം നേടുകയും ചെയ്ത ദിലീപരാജാവിന്റെ കഥ സ്മരിക്കുകയും ഉണ്ടായി. ഇന്ദ്രനായി ശ്രീ ആര്‍.എല്‍.വി.സുനിലും മാതലിയായി ശ്രീ കലാനിലയം ഗോപിനാഥനും ഇന്ദ്രാണിയായി ശ്രീ സദനം വിജയനും വേഷമിട്ടു.
ഈ കഥക്ക് ശ്രീ കലാനിലയം ഉണ്ണികൃഷ്ണനും ശ്രീ കലാമണ്ഡലം വിനോദും ചേര്‍ന്ന്‍ നല്ലരീതിയില്‍ സംഗീതവും, ശ്രീ കുറൂര്‍ വാസുദേവന്‍ നമ്പൂതിരി ചെണ്ടയിലും ശ്രീ കലാമണ്ഡലം നാരായണന്‍ നമ്പീശനും ശ്രീ കലാമണ്ഡലം ശശിയും മദ്ദളത്തിലും മികച്ചരീതിയിയിലുള്ള മേളവും പകര്‍ന്നു. കോട്ടയം കഥകള്‍ കോട്ടമില്ലാതെ അവതരിപ്പിക്കുക എന്നത് മുതിര്‍ന്ന കലാകാരന്മാര്‍ക്കുപോലും എക്കാലത്തും ഒരു വെല്ലുവിളിതന്നെ എന്ന് ഓര്‍മ്മപ്പെടുത്തുന്ന രീതിയില്‍ ചില സാരമല്ലാത്ത പിഴവുകള്‍ നടന്മാര്‍ക്കും പാട്ടുകാര്‍ക്കും ഉണ്ടായി എങ്കിലും മൊത്തത്തില്‍ ആസ്വാദകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു ഈ കളി.
രണ്ടാമത്തെ കഥയായി അവതരിപ്പിച്ച ഉത്തരാസ്വയംവരത്തില്‍(തൃഗര്‍ത്തവട്ടം വരെ) ദുര്യോധനനായി കോട്ട:നന്ദകുമാരന്‍ നായരും ഭാനുമതിയായി ശ്രീ തൃപ്പൂണിത്തുറ രതീശനും ദൂതനായി ശ്രീ ഫാക്റ്റ് ബിജുഭാസ്കറും ഭീഷ്മരായി ശ്രീ കലാമണ്ഡലം പ്രമോദും വിരാടനായി ആര്‍.എല്‍.വി.സുനിലും തൃഗര്‍ത്തനായി ശ്രീ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയും വലലനായി ശ്രീ കലാമണ്ഡലം ശ്രീകണ്ഠന്‍ നായരും വേഷമിട്ടു. നടന്മാരെല്ലാം താരതമ്യേന നല്ലനിലവാരം പുലര്‍ത്തിയിരുന്നെങ്കിലും പാട്ടും മേളവും(പ്രത്യേകിച്ച് ചെണ്ട) വേണ്ടത്ര നിലവാരം പുലര്‍ത്തിയിരുന്നില്ല. അതിനാല്‍ ഈ ഭാഗം അത്ര ആസ്വാദ്യമായതുമില്ല. ശ്രീ കലാമണ്ഡലം എന്‍.എന്‍.കൊണത്താപ്പള്ളിയും കലാ:ബാലചന്ദ്രനും ചേര്‍ന്നായിരുന്നു പാട്ട്. കലാനി:കുഞ്ചുണ്ണി, കലാ:ഹരീഷ്(ചെണ്ട), കലാ:നാരായണന്‍ നായര്‍, കലാ:ശശി(മദ്ദളം) എന്നിവരായിരുന്നു മേളക്കാര്‍.