ഇന്ന് ജീവിച്ചിരിക്കുന്നതില്‍ ഏറ്റവും മുതിര്‍ന്ന കഥകളിഗായകനാണ് ശ്രീ വൈയ്ക്കം തങ്കപ്പന്‍പിള്ള. ശാരീരഗുണം കുറവാണെങ്കിലും ധാരാളം കഥകള്‍ തോന്നുകയും ഉറച്ചചിട്ട ഉള്ളതുമായ ഒരു ഗായകനാണിദ്ദേഹം. വടക്കന്‍ ചിട്ടയും തെക്കന്‍ ചിട്ടയും പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട് തങ്കപ്പന്‍പിള്ള. കോട്ടക്കല്‍ വാസുനെടുങ്ങാടി, കോട്ടക്കല്‍ ഗോപാലക്കുറുപ്പ്, കലാമണ്ഡലം ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ ഉത്തരകേരളത്തിലെ ഗായകരോടോപ്പവും, ചെമ്പില്‍ വേലപ്പന്‍പിള്ള, ചേര്‍ത്തല കുട്ടപ്പക്കുറുപ്പ്, തകഴി കുട്ടന്‍പിള്ള തുടങ്ങിയ ദക്ഷിണകേരളത്തിലെ ഗായകര്‍ക്കൊപ്പവും, വൈക്കം തങ്കപ്പന്‍പിള്ള ധാരാളമായി പാടിയിട്ടുണ്ട്.
.
വൈയ്ക്കത്ത് വെലിയകോവിലകത്ത് ഗോദവര്‍മ്മ തമ്പുരാന്റേയും വെച്ചൂര്‍ നാഗുവള്ളില്‍ മാധവിയമ്മയുടേയും പുത്രനായി 1099 തുലാം 28ന് തങ്കപ്പന്‍ ഭൂജാതനായി. പിതാവായ ഗോദവര്‍മ്മ ‘സദാരം’ നാടകത്തില്‍ ‘കാമപാലന്റെ’ വേഷംകെട്ടി പ്രശസ്തനായ ആളായിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് തൃപ്തനായ ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഇരുകൈകളിലും വീരശൃഘല അണിയിച്ച് ആദരിക്കുകയും, ‘കാമപാലന്‍ തമ്പാന്‍’ എന്ന് നാമം കല്‍പ്പിച്ച് വിളിക്കുകയും ഉണ്ടായിട്ടുണ്ട്.
.
തങ്കപ്പനിലെ സംഗീതവാസന തിരിച്ചറിഞ്ഞ അച്ഛന്‍ ചേറുപ്രായത്തില്‍ തെന്നെ സംഗീതം പഠിപ്പിക്കുവാന്‍ ഏര്‍പ്പാടാക്കി. ഇങ്ങിനെ തങ്കപ്പന്‍പിള്ള ഏതാണ് എട്ടുവര്‍ഷത്തോളം കര്‍ണ്ണാടകസംഗീതം അഭ്യസിച്ചു. ശ്രീ വൈയ്ക്കം ശിവരാമകൃഷ്ണ അയ്യര്‍ ആയിരുന്നു ഗുരു.
.
പിന്നീട് തങ്കപ്പന്‍ 1121മുതല്‍ ശ്രീ ചെമ്പില്‍ വേലപ്പന്‍പിള്ളയാശാന്റെ കീഴില്‍ കഥകളി സംഗീതം അഭ്യസിച്ചു തുടങ്ങി. സോപാനവഴിയില്‍ തന്നെ കഥകളിസംഗീതം ആലപിക്കുന്ന ഗായകനായിരുന്നു വേലപ്പന്‍പിള്ള. കുറച്ചു കാലത്തിനു ശേഷം തങ്കപ്പന്‍പിള്ള ധാരാളമായി കളികള്‍ക്ക് പങ്കെടുക്കുവാനും പലര്‍ക്കും ശിങ്കിടി പാടുവാനും ആരംഭിച്ചു. പള്ളിപ്പുറം കേശവന്‍നായരുടേയും വെച്ചൂര്‍ ഗോപാലപിള്ളയുടേയും കളിയോഗങ്ങളായിരുന്നു ആ കാലത്ത് ഈ പ്രദേശത്ത് കളികള്‍ നടത്തിയിരുന്നത്. വെച്ചൂര്‍ ഗോപാലപിള്ള ഒരു കളരിയും നടത്തിയിരുന്നു. അതില്‍ പ്രധാന ആശാന്‍ ശ്രീ കലാമണ്ഡലം കൃഷ്ണന്‍കുട്ടി പൊതുവാള്‍ ആയിരുന്നു.
.
പിന്നീട് പൊതുവാളാശാന്റെ നിര്‍ദ്ദേശാനുസ്സരണം തങ്കപ്പന്‍പിള്ള കോട്ടക്കല്‍ നാട്ട്യസംഘം കളരില്‍ ചേര്‍ന്നു. അവിടെ ഗോപാലക്കുറുപ്പിനോടും ഉണ്ണികൃഷ്ണക്കുറുപ്പിനോടുമൊപ്പമാണ് തങ്കപ്പന്‍പിള്ള അധികവും പാടിയത്. ആ കാലത്ത് വാസുനെടുങ്ങാടി ആയിരുന്നു കോട്ടക്കലിലെ മുതിര്‍ന്ന സംഗീതാദ്ധ്യാപകന്‍. കുഞ്ചുനായരാശാന്‍ പ്രധാനാദ്ധ്യാപകനും കോട്ടക്കല്‍ കൃഷ്ണന്‍കുട്ടിനായരാശാന്‍ അദ്ധ്യാപകനും(വേഷം) ആയിരുന്ന അന്നത്തെ കളരിയില്‍ കോട്ടക്കല്‍ കുട്ടന്‍മാരാര്‍,ചെറിയ കുട്ടന്‍മാരാര്‍(ചെണ്ട), പാലൂര്‍ അച്ചുതന്‍, കോട്ടക്കല്‍ ശങ്കരനാരായണന്‍(മദ്ദളം) എന്നിവരായിരുന്നു മറ്റ് അദ്ധ്യാപകര്‍. ഇങ്ങിനെ ഒന്‍പത് വര്‍ഷങ്ങളോളം കോട്ടക്കല്‍ കളരിയില്‍ പ്രവര്‍ത്തിച്ചതോടെ കറതീര്‍ന്ന കഥകളിപാട്ടുകാരനായി തീര്‍ന്നു വൈയ്ക്കം.
.
കോട്ടക്കലില്‍ നിന്നും തിരിച്ചെത്തിയ ഇദ്ദേഹം തകഴികളിയോഗത്തില്‍ അംഗമായി തകഴിയില്‍ താമസിച്ചു. ഈ കാലത്ത് തകഴികുട്ടന്‍പിള്ളക്കൊപ്പം ധാരാളം അരങ്ങുകളില്‍ പാടി. തങ്കപ്പന്‍പിള്ള 1136മുതല്‍ കളിയോഗം പിരിച്ചുവിടുന്നതുവരെ തിരുവനന്തപുരം വലിയകൊട്ടാരം കളിയോഗത്തില്‍ അംഗമായിരുന്നു.
.
1150മുതല്‍ തങ്കപ്പന്‍പിള്ള അനുജനായ പുരുഷോത്തമനുമായി ചേര്‍ന്ന് പാടിത്തുടങ്ങി. ‘വൈക്കം സഹോദരന്മാര്‍’ എന്നപേരില്‍ ഇവര്‍ പിന്നീട് പ്രശസ്തരായി തീര്‍ന്നു. പുരുഷോത്തമന്‍പിള്ള കലാമണ്ഡലത്തിലും കുച്ചുകാലം സദനത്തിലും കഥകളിവേഷം പഠിച്ചിട്ടുണ്ട്. പിന്നീട് പാട്ടിലേക്കുമാറിയ ഇദ്ദേഹം ജന്മവാസനയാലും ശാരീരഗുണംകൊണ്ടും കഥകളിപാട്ടില്‍ തങ്കപ്പന്‍പിള്ളക്ക് സമാനനായി തീര്‍ന്നു. തിരുവിതാങ്കൂറില്‍ പ്രശസ്തരായി തീര്‍ന്ന വൈക്കംസഹോദരന്മാര്‍ കേരളത്തിന്റെ ഇതരഭാഗങ്ങളിലും, കൃഷ്ണന്‍കുട്ടിപൊതുവാള്‍ പ്രധാനിയായി വെള്ളിനേഴിയില്‍ നടന്നിരുന്ന ‘സഹൃദയസംഘ’ത്തിനൊപ്പം ഇന്ത്യയുടെ വിവിധഭാഗങ്ങളിലും നടന്ന കളികള്‍ക്കും പാടുകയുണ്ടായിട്ടുണ്ട്.
.
മാങ്കുളം വിഷ്ണുനമ്പൂതിരി കീരിക്കാട്ട് നടത്തിയിരുന്ന ‘സമസ്തകേരള കഥകളി വിദ്യാലയ’ത്തില്‍ തങ്കപ്പന്‍പിള്ളയാശാന്‍ പതിമൂന്ന് വര്‍ഷം സംഗീതാദ്ധ്യാപകനായി സേവനം അനുഷ്ടിച്ചിട്ടുണ്ട്.
.
വൈയ്ക്കം രാജശേഘരന്‍ രചിച്ച ‘അര്‍ജ്ജുനവിഷാദവൃത്തം’ ആട്ടകഥയിലെ പദങ്ങള്‍ ചിട്ടപ്പെടുത്തിയതും, ആദ്യമായി ഈ കഥ അരങ്ങില ആലപിച്ചതും തങ്കപ്പന്‍പിള്ളയാണ്.
.
വളരെകാലമായി സായിഭക്തനായ തങ്കപ്പന്‍പിള്ളഭാഗവതര്‍ ഏതാനം വര്‍ഷങ്ങള്‍ക്കുമുന്‍പ് വരേ സ്തിരമായി എല്ലാവര്‍ഷവും പുട്ടപര്‍ത്തിയില്‍ പോകാറുണ്ടായിരുന്നു. 1149ല്‍ പുട്ടപര്‍ത്തിയെത്തിയപ്പോള്‍ സായിബാബയുടെ സമക്ഷം പാടുകയും അദ്ദേഹത്തില്‍ നിന്നും സമ്മാനം ലഭിക്കുകയും ഉണ്ടായിട്ടുണ്ട്. അതാണ് ഇദ്ദേഹത്തിനു ലഭിച്ച ആദ്യ സമ്മാനം. 1987ല്‍ കലാദര്‍പ്പണം പുരസ്ക്കാരവും, കൊല്ലം കഥകളിക്ലബ്ബിന്റെ പുരസ്ക്കാരവും, 1989ല്‍ ആലപ്പുഴക്ലബ്ബിന്റെ പുരസ്ക്കാരവും നേടിയ ഈ മുതിര്‍ന്ന കഥകളിഗായകനെ 2007ല്‍ കേരള സംഗീത-നാടക അക്കാദമി ‘ഗുരുപൂജ പുരസ്ക്കാരം’ നല്‍കി ആദരിക്കുകയും ഉണ്ടായി.
.
വൈക്കംതങ്കപ്പന്‍പിള്ള കേരളസംഗീത-നാടക അക്കാദമിയുടെ ‘ഗുരുപൂജ പുരസ്ക്കാരം’ ബഹു:സാസ്ക്കാരീക മന്ത്രി എം.എ.ബേബിയില്‍ നിന്നും ഏറ്റുവാങ്ങുന്നു. പ്രശസ്തമൃദംഗവാദകന്‍ ശ്രീ ഉമയാള്‍പുരം ശിവരാമന്‍, സിനിമാ നടന്‍ മുരളി എന്നിവര്‍ സമീപം
. കഥകളിസംഗീതത്തില്‍ ഭ്രമിക്കുകയും, അതില്‍ അഭിരമിച്ച് ജീവിക്കുകയും ചെയ്ത ഇദ്ദേഹത്തിന്റെ ശേഷജീവിതത്തില്‍ ആയുരാരോഗ്യസൌഖ്യങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചുകൊണ്ട്, ഈ തലമുതിര്‍ന്ന കലാകാരനുമുന്നില്‍ പ്രണമിച്ചുകൊള്ളുന്നു.