ബകവധം ആട്ടക്കഥയുടെ കഥാസാരവും രംഗാവതരണരീതികളും ഇവിടെ വായിക്കാം.
ബകവധത്തിലെ ഏഴാം രംഗത്തിന്റെ ആദ്യഭാഗവും(ഇടശ്ലോകം വരെ) എട്ട്,ഒന്‍പത് രംഗങ്ങളും മാത്രമാണിവിടെ അവതരിപ്പിക്കപ്പെട്ടത്. ലളിതയുടെ സാരിന്യത്തത്തോടെ കളി ആരംഭിച്ചു. ശ്രീ കലാമണ്ഡലം വിജയനാണ് ലളിതയായെത്തിയത്. വളരെ നന്നായിതന്നെ വിജയന്‍ ലളിതയെ അവതരിപ്പിച്ചു. മുന്‍കളിക്ക് കണ്ടതിലും പുരോഗമനം ഇദ്ദേഹത്തിന്റെ പ്രകടനത്തില്‍ ദ്യശ്യമായിരുന്നു. ശ്രീ കലാമണ്ഡലം മുകുന്ദനാണിവിടെ ഭീമവേഷമിട്ടത്. ഇദ്ദേഹം ആദ്യരംഗത്തില്‍ ഭീമനെ നന്നായിതന്നെ അവതരിപ്പിച്ചു. സാരിപദം തുടങ്ങിയപ്പോള്‍ ഭീമന്‍ ഇങ്ങിനെ ആടികണ്ടു. ‘കഷ്ടം ഇപകാരം ഇവരെല്ലാം തളര്‍ന്നുറങ്ങിപോയല്ലൊ. ഇനി ഇവര്‍ ഉണരുംവരെ ഇവിടെ കാത്തിരിക്കുകതന്നെ’. ‘ഇപ്രകാരം ചോദിക്കാന്‍ വരട്ടെ, നീ ആര്?’ എന്ന് ലളിതയുടെ അനുപല്ലവിയുടെ അന്ത്യത്തിലും, ‘ഇഅവളെ കണ്ടാല്‍ നിശാചരിയാണെന്നു തോന്നുകയില്ല,ആട്ടെ നീ എന്റെ സമീപം വന്നതെന്തിന്?’ എന്ന് ലളിതരാക്ഷസിയാണെന്നു പറഞ്ഞുകഴിയുന്വോഴും ഭീമന്‍ ചോദിക്കുന്നതും കണ്ടു.എന്നാല്‍ ചൊല്ലിയാടിഉറപ്പിക്കായ്കകൊണ്ടോ കെട്ടിപഴക്കമില്ലായമകൊണ്ടോ ഉണ്ടായ അതിയായ പരിഭ്രമംമൂലം തുടര്‍ന്നുള്ളരംഗങ്ങളില്‍ മുകുന്ദന് നന്നായി പ്രവര്‍ത്തിക്കാനായില്ല. വ്യാസനെ സ്വീകരിച്ചിരുത്തിയ ഭീമന്‍ കെട്ടിച്ചാടികുന്വിടന്‍ മറന്ന് പദത്തിലേക്ക് കടന്നു. ‘താപസകുലതിലക’യുടെ മുദ്ര പരിഭ്രമത്താല്‍ ശരിയാംവണ്ണം കാട്ടിയില്ലെന്നു മാത്രമല്ല ഇതിന്റെ രണ്ടാംവരി(‘താവകമഹിമ....’) ആടാന്‍നില്‍ക്കാതെ കലാശംചവുട്ടിതുടങ്ങി. പാട്ടുകാരും ഇവിടെ തിരുത്താന്‍ ശ്രമിച്ചുകണ്ടില്ല. തുടര്‍ന്നുള്ള ചരണങ്ങളായപ്പോഴെക്കും സംഭ്രമം തെല്ലകന്ന മുകുന്ദന്‍ ഒരുവിധം നന്നായി ആടി. എന്നാല്‍ അടുത്തരംഗത്തിന്റെ തുടക്കത്തില്‍ വീണ്ടും പരിഭ്രമിച്ചു കണ്ടു. ശ്യഗാരപദത്തിന്റെ ഇരട്ടിയും അത്ര അനുഭവവത്തായിരുന്നില്ല. ഇവിടെയൊക്കെയാണ് നല്ലൊരു പൊന്നാനിപാട്ടുകാരന്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ക്ക് തോന്നിപോകുന്നത്. ഇതുപോലെ പരിചയക്കുറവുള്ള നടന്മാര്‍ ഇതുപോലെയുള്ള ചിട്ടപ്രധാനകഥകള്‍ കൈകാര്യം ചെയ്യുന്വോള്‍ തീര്‍ച്ചയായും ചൊല്ലിയാടിക്കാന്‍ കെല്‍പ്പുള്ള ഒരു പൊന്നാനിപാട്ടുകാരന്‍ പിന്നില്‍ ഉണ്ടായാല്‍ അത് ഈ നടന്മാര്‍ക്ക് ധൈര്യം പകരും. ഇതിനു പറ്റുന്ന കുറച്ചുകലാകാരന്മാര്‍ ഇന്നുമുണ്ട്. ശ്രീ കലാ:മാടന്വി സുബ്രഹ്മണ്യന്‍ നന്വൂതിരി,കലാ:സുബ്രഹ്മണ്യന്‍,കോട്ട:പരമേശ്വരന്‍ നന്വൂതിരി ഇങ്ങിനെ. ഇവരൊക്കെ കലാമണ്ഡലം,കോട്ടക്കല്‍ പി.എസ്.വി.നാട്ട്യസംഘം എന്നീ സ്താപനങ്ങളില്‍ നിന്നും വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവരാണ്. ഈ വളര്‍ന്നുവരുന കലാകാരന്മാരുടെ നന്മക്കായി ഇവരിലാരുടേയെങ്കിലുമൊക്കെ സേവനം വല്ലവിധേനയും നേറ്റിയെടുക്കുവാന്‍ ശ്രമിക്കണമെന്ന് സന്ദര്‍ശന്‍ വിദ്യാലയത്തിന്റെ ഡയറക്ടരോട് ഒരു എളിയ അഭ്യര്‍ത്ഥനയുണ്ട്. ചൊല്ലിയാടിക്കാന്‍ വൈദഗ്ധ്യമുള്ള പരിചയസന്വന്നരായ ഇവരുടെ പൊന്നാനിയില്‍ കളിക്കാന്‍സാധിച്ചാല്‍ യുവകലാകാരന്മാര്‍ക്ക് അത് നല്ലൊരു പ്രയോജനമാകും.
ശ്രീ കലാമണ്ഡലം ഷണ്മുഖനായിരുന്നു വ്യാസവേഷം.
ഈ കളിക്ക് പൊന്നാനിപാടിയത് ശ്രീ പത്തിയൂര്‍ ശങ്കരന്‍കുട്ടി ആയിരുന്നു. ലളിതയുടെ പദത്തിന്റെ പതിഞ്ഞകാലപ്രമാണം നിലനിര്‍ത്താന്‍ ഇദ്ദേഹം ബുദ്ധിമുട്ടുന്നതായി തോന്നി. ഇതിനാലാവണം ഇതിന്റെ ചരണങ്ങള്‍ പതിവിലും കാലംതള്ളിപാടിയത്. ഇങ്ങിനെ കാലംതള്ളിയപ്പോള്‍ ആ പദത്തിന്റെ അവതരണത്തിലെ സര്‍വ്വസൌദര്യവും ചോര്‍ന്നുപോയതായി തോന്നി.
അടുത്ത രംഗത്തിലെ ലളിതയുടെ മറുപടിപദത്തിലെ ‘മലയമാരുതലോലാ’ എന്ന ചരണം ആദ്ദേഹം രാഗംമാറ്റിയാണ് പാടിയത്. തിരുവനന്തപുരത്തെ ബകവധത്തിനുംപത്തിയൂര്‍ ശങ്കരന്‍കുട്ടി തന്നെയായിരുന്നു പാടിയിരുന്നത്. തിരുവനന്തപുരത്ത് കുറച്ചുകൂടി ഗൌരവബുധിയോടെയാണ് പാടികണ്ടത്. എന്നാല്‍ അന്വലപ്പുഴയില്‍ അദ്ദേഹം തികഞ്ഞലാഘവത്തിലാണ് ബകവധത്തെ സമീപിച്ചത് എന്നു തോന്നി. അതിനാലാവണം ചിട്ടപ്രധാനമായ രംഗങ്ങളില്‍ കാലപ്രമാണവും രാഗവും ഒക്കെ മാറ്റിപാടിയത്. എന്റെ അഭിപ്രായത്തില്‍ ബകവധംപോലെ ചിട്ടപ്രധാനമായ കഥകളെ, എത്ര പരിചയസന്വന്നനായ നടനൊ ഗായകനൊ ആയാല്‍പോലും അതിന്റേതായഗൌരവബുദ്ധിയോടെയെ സമീപിക്കാവു. കാണികള്‍ക്കും ഇതു ബാധകമാണെന്നുള്ളതാണ് മറ്റൊരുകാര്യം. അതല്ലായെങ്കില്‍ നല്ലപ്രകടനം കാഴ്ച്ചവെയ്ക്കുവാനൊ നന്നായി ആസ്വദിക്കുവാനൊ കഴിയുകയില്ല.