വൈലോപ്പിള്ളി സംസ്ക്യതിഭവനിലെ കഥകളി

തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്ക്യതിഭവനില്‍ 21/06/08ന് വൈകിട്ട് 6:30ന് കഥകളി
അവതരിപ്പിക്കപ്പെട്ടു. അന്വലപ്പുഴ സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ ആഭിമുഖ്യത്തിലാണ് കളി നടന്നത്. ബകവധം കഥയിലെ ചിലരംഗങ്ങളാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്.



കോട്ടയത്ത് തന്വുരാന്റെ ചിട്ടപ്രധാനങ്ങളായ നാല് ആട്ടക്കഥകളില്‍ ഒന്നാണ് ബകവധം. കഥകളിയുടെ തനിമയും സൌന്ദര്യവും ദ്യശ്യവല്‍ക്കരിക്കുന്നരീതിയിലുള്ള, ഇരട്ടികളും തോങ്കാരങ്ങളും ചുഴിപ്പുകളുമൊക്കെ ഉള്‍പ്പെടുത്തി ചിട്ടചെയ്തിരിക്കുന്ന പതിഞ്ഞപദങ്ങളാണ് കോട്ടയംകഥകളിലെ പ്രധാനഭാഗങ്ങള്‍. ഇവയൊക്കെത്തന്നെ ഒരുനടന്റെ രസാവിഷ്ക്കരണപാടവവും അഭ്യാസബലവും മാറ്റുരക്കപ്പെടുന്ന തരത്തിലുള്ളവയാണ്.

പാണ്ഡവരോട് ധ്യതരാഷ്ട്രര്‍ അരക്കില്ലത്തില്‍ പോയിതാമസിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നതുമുതല്‍ ഭീമന്‍
ബകനെ വധിക്കുന്നതുവരേയുള്ള ഭാരതകഥാഭാഗമാണ് ബകവധംആട്ടക്കഥ. ഭീമസേനനെ
നായകനാക്കിക്കൊണ്ടണാണ് ഈ ആട്ടകഥ കോട്ടയത്തുതന്വുരാന്‍ രചിച്ചിരിക്കുന്നത്.

ദുര്യോധനന്റെ ആവശ്യപ്രകാരം ധ്യതരാഷ്ട്രമഹാരാജാവ് പാണ്ഡവരോട് മതാവിനൊപ്പം അരക്കില്ലത്തില്‍ പോയി വസിക്കുവാന്‍ നിര്‍ദ്ദേശിക്കുന്നു. അരക്കില്ലത്തിലെത്തിയ അവരെ, അരക്കില്ലത്തിന്റെ നിര്‍മ്മാതാവായ പുരോചനന്‍ സ്വീകരിക്കുന്നു. ദുര്യോധനന്റെ ചതിയില്‍ നിന്നും പാണ്ഡവരെ രക്ഷിക്കാനായി വിദുരനിര്‍ദ്ദേശാനുസരണം വരുന്ന ഘനകന്‍(ആശാരി) പാണ്ഡവരെ കണ്ട് വിവരങ്ങള്‍ ധരിപ്പിക്കുന്നു. തുടര്‍ന്ന് ആശാരി, അരക്കില്ലത്തില്‍ നിന്നും പാണ്ഡവര്‍ക്ക് രക്ഷപ്പെടുവാനായി ഒരു രഹസ്യതുരംഗം നിര്‍മ്മിക്കുന്നു. പാണ്ഡവര്‍ ആശാരിയെ പാരിദോഷികങ്ങള്‍ നല്‍കി യാത്രയാക്കുന്നു. അരക്കില്ലത്തിന് തീയിട്ട് പാണ്ഡവരും കുന്തിയും തുരംഗമാര്‍ഗ്ഗം ഹിഡുബവനത്തില്‍ എത്തുന്നു. ആ വനത്തില്‍ വസിക്കുന്ന ഹിഡുബന്‍ എന്ന രാക്ഷസന്‍ മനുഷ്യരുടെഗന്ധം അറികയാല്‍, അന്യൂഷിച്ച് മാനുഷരെ പിടിച്ചുകൊണ്ടുവരുവാന്‍ സഹോദരിയായ ഹിഡുബിയേ നിയോഗിക്കുന്നു. മാനവരെ അന്യൂഷിച്ചുനടന്ന ഹിഡുബി പാണ്ഡവരെ കാണുന്നു. ശക്തിമാനായ ദ്വതീയപാണ്ഡവനില്‍ അനുരുക്തയായിതീര്‍ന്ന ഹിഡുബി മനോഹരിയായ ഒരു സ്ത്രീരൂപത്തെധരിച്ച്(ലളിത) ഭീമസമിപമെത്തി തന്റെ ഇംഗിതമറിയിക്കുന്നു. ‘ജേഷ്ടനായ യുധിഷ്ഠിരന്റെ വിവാഹംകഴിഞ്ഞിട്ടില്ല, അതിനാല്‍ എനിക്ക് നിന്നെ സ്വികരിക്കാനാവില്ല.‘ എന്ന് മരുത്സുതന്‍ ഹിഡുബിയോട് പറയുന്നു. ഭീമനും ഹിടുബിയും ഇപ്രകാരം സംസാരിച്ചുകൊണ്ടിരിക്കെ ഹിഡുബന്‍ അവിടെക്കെത്തി ഇരുവരോടും കയര്‍ക്കുന്നു. തുടര്‍ന്നുണ്ടായ ഘോരമായ ദ്വന്ദയുധാവസാനം ഭീമസേനന്‍ ഹിഡുബനെ കാലപുരിക്കയക്കുന്നു. ഇത്രയും ഭാഗമാണ് ബകവധമാട്ടക്കഥയുടെ ഒന്നാം ഘണ്ഡം.


ഹിഡുബനെ വധിച്ച ഭീമന്റെ സമീപത്തേക്ക് വേദവ്യാസമഹര്‍ഷി എത്തുന്ന ഭാഗത്തോടെയാ‍ണ്
രണ്ഡാംഘണ്ഡം ആരംഭിക്കുന്നത്. ഭീമനില്‍ നിന്നുംവ്യത്താന്തങ്ങള്‍ കേട്ട വ്യാസഭഗവാന്‍ ‘വാസുദേവന്‍ നിങ്ങളുടെ ബന്ധുവായിഉള്ളപ്പോള്‍ നിങ്ങള്‍ സന്താപിക്കേണ്ട’ എന്നു സാന്ത്വനിപ്പിക്കുന്നു. തുടര്‍ന്ന് നിന്നേ കാമിക്കുന്ന നിശാചരിയായ ഈ ഹിഡുബിയെ സ്വീകരിക്കാനും,അവളില്‍ ഒരു പുത്രനുണ്ടാവോളം കൂടെ വസിക്കുവാനും ഭീമസേനനോട് നിര്‍ദ്ദേശിക്കുന്നു. ഭീമസേനന്‍ നിര്‍ദ്ദേശം ശിരസാവഹിച്ച് ഹിഡുബിയുമായിചേര്‍ന്ന് വസിക്കുന്നു. അങ്ങിനെ ഹിഡുബിക്ക് ഘടോല്‍കചന്‍ എന്ന പുത്രന്‍ ജനിക്കുന്നു. ആരാക്ഷസശിശു ജനിച്ച‌ഉടന്‍തന്നെ വളര്‍ന്ന് വലുതാകുന്നു. ഘടോല്‍ക്കചന്‍ പിതാവിനെവണങ്ങി ‘അങ്ങ് എപ്പോള്‍ സ്മരിച്ചാലും ഉടന്‍ സമീപത്തെത്തിക്കൊള്ളാം‘ എന്ന് വാഗ്ദാനം നല്‍കിയിട്ട് ഹിടുബിയോടോപ്പം ഭീമനെ പിരിഞ്ഞപോകുന്നു. തുടര്‍ന്ന് പാണ്ഡവര്‍ ബ്രാഹ്മണവേഷധാരികളായി വനംവിട്ട് ഏകചക്ര എന്ന ഗ്രാമത്തില്‍ പോയ് വസിക്കുന്നു. ബകന്‍ എന്ന രാക്ഷസന്റെ ക്രൂരതകള്‍ ബ്രാഹ്മണരില്‍ നിന്നുംകേട്ട കുന്തീദേവി ബ്രാഹ്മണരെ രക്ഷിക്കാന്‍ ഭീമനെ നിയോഗിക്കുന്നു.ബ്രാഹ്മണര്‍ നല്‍കിയ ബകനുള്ളഭക്ഷണപദാര്‍ധങ്ങളുമായി ഭീമന്‍ ബകസമീപം ചെല്ലുന്നു. ഭീമന്‍ ബകനെ പോരിനുവിളിച്ച്, യുദ്ധത്തില്‍ അവനെ വധിക്കുന്നു. ബകവധം ചെയ്ത് തങ്ങളുടെ ആപത്ത് അകറ്റിയ ഭീമനെ ബ്രാഹ്മണര്‍ സ്തുതിക്കുന്ന ഭാഗത്തോടെ ബകവധം ആട്ടകഥ സമ്പൂര്‍ണ്ണമാകുന്നു.



ഇതില്‍ ലളിതയായി മാറി ഭീമസമീപമെത്തുന്ന ഹിഡുബിയുടെ സാരിമുതലാണ് ഇവിടെ
അവതരിപ്പിക്കപ്പെട്ടത്. കഥകളിയില്‍ ലളിത,മോഹിനി തുടങ്ങിയ സ്ത്രീവേഷങ്ങള്‍ ആദ്യമായി
അരങ്ങിലേക്കെത്തുന്നവേളയില്‍ ചെയ്യുന്ന ന്യത്തവിശേഷമാണ് ‘സാരി’. ഇതിനുപാടുന്ന സാരിപ്പദങ്ങള്‍, ശ്ലോകങ്ങളേപ്പോലെ തന്നെ കവിവാക്യങ്ങളാണ്. ഈ സ്ത്രീ ആരാണ്, ഇവള്‍ ആരുടെ സമീപത്തേക്കാണ് വരുന്നത്, എന്താണിവളുടെ ഇംഗിതം എന്നിവയൊക്കെയായിരിക്കും ഈ പദത്തിന്റെ ആശയം. എന്നാല്‍ സാരിപ്പദം പാടുന്നതിനുമുന്‍പ് ആദ്യരണ്ടുതാളവട്ടം ഗായകര്‍ രാഗം പാടണമെന്നാണ് ചിട്ട. എന്നാല്‍ കുറച്ചുകാലങ്ങളായി ഈ ചിട്ട കളിയരങ്ങില്‍നിന്നും അപ്രത്യക്ഷമായികൊണ്ടിരിക്കുന്നതായാണ് കാണുന്നത്. ഇപ്രകാരമുള്ള കഥകളിയുടെ തനിമയാര്‍ന്ന സബ്രദായങ്ങള്‍ അരങ്ങില്‍നിന്നും ഒഴിവാക്കപ്പെടുന്നത് എന്തുകാരണത്താലായാലും ശരിയെന്നുതോന്നുന്നില്ല. ഇവിടെ ഈ രാഗം‌പാടല്‍ ഉണ്ടായി എന്നു മാത്രമല്ല വളരേ മനോഹരമായിതന്നെ ലളിതാവേഷധാരിയായ ശ്രീ കലാ:വിജയന്‍ സാരിന്യത്തം അവതരിപ്പിക്കുകയും ചെയ്തു.


സ്തായിയായ ശ്യഗാരരസംവിടാതെ മറ്റു സഞ്ചാരീഭാവങ്ങള്‍ വരുത്തികൊണ്ടുള്ള വിജയന്റെ അഭിനയം അഭിനന്ദനാര്‍ഹമായിതോന്നി. എന്നാല്‍ വിജയന് ചിലഭാഗങ്ങളിലൊക്കെ മുദ്രക്ക് തപ്പല്‍ അനുഭവപ്പെടുന്നതായികണ്ടു.

കളരിയില്‍ ചൊല്ലിയാടി ഉറപ്പിച്ച്, അഭ്യാസബലമുള്ള ഒരു നടനുമാത്രം വിജയിപ്പിക്കാനാവുന്ന
ബകവധത്തിലെ ഭീമസേനനെ ശ്രീ കലാ:ഷണ്മുഖന്‍ വളരേ നന്നായി അവതരിപ്പിച്ചു.







ലളിത ഭീമസേനനെ കാണുന്ന ഈ രംഗത്തിന്റെ തുടര്‍ഭാഗങ്ങള്‍(ഹിടുബന്‍ ഇവരുടെസമീപത്തേക്കു
വരുന്നതുമുതല്‍) ഇവിടെ ഉണ്ടായില്ല. എന്തോവലിയ ശംബ്ദം കേള്‍ക്കുന്നു. എന്ന് കാണിക്കുന്നതോടെ
തിരശീലപിടിച്ച് ഈ രംഗം അവസാനിപ്പിക്കുകയാണുണ്ടായത്.


തുടര്‍ന്ന് രണ്ടാം ഘണ്ഡത്തിലെ ആദ്യരംഗം അവതരിപ്പിക്കപ്പെട്ടു. ഈ രംഗത്തിലെ ഭീമന്റെ വ്യാസനോടുള്ള പദമായ ‘താപസകുലമൌലേ’ ആണ് ഈ ആട്ടക്കഥയിലേതന്നെ ഏറ്റവും ചിട്ടപ്രധാനമായ പതിഞ്ഞപദം. സാധാരണ പതിഞ്ഞപദങ്ങള്‍ക്ക് ഇരട്ടി എടുക്കാറുണ്ടല്ലൊ. ഏതെങ്കിലും ഒരു ചരണത്തിനൊ പല്ലവിക്കൊ ആണല്ലൊ ഇരട്ടി എടുക്കുക. എന്നാല്‍ ഈ പദത്തിന്റെ നാലുചരണങ്ങള്‍ക്കൊരോന്നിനൊടുവിലും ഇരട്ടി ഏടുക്കണം.

വ്യാസവേഷമിട്ട് അരങ്ങിലെത്തിയത് ശ്രീ മാര്‍ഗ്ഗി രവീന്ദ്രന്‍ ആയിരുന്നു. പദങ്ങളൊ അതിനുകാട്ടേണ്ട
മുദ്രകളോ ചിട്ടകളൊ ഒന്നും വേണ്ടത്ര മനസ്സിലാക്കാതെയാണിദ്ദേഹം അരങ്ങീലെത്തിയതെന്നു തോന്നുന്നു. മുദ്രകള്‍ കാട്ടാതെയിരുന്നത് സഹിക്കാം എന്നാല്‍, ‘ഭീമവൈരികുലകാലാ’ എന്നതിന് ‘ഭീമവൈരിശ്രേഷ്ടാ’ എന്നാണിദ്ദേഹം മുദ്രകാട്ടിയത്!

തുടര്‍ന്നുള്ള ചിട്ടപ്രധാനമായ ശ്ര്യഗാരപ്പദങ്ങള്‍ ഉള്‍ക്കൊള്ളുന്ന അടുത്തരംഗവും ഷണ്മുഖനും വിജയനും ചേര്‍ന്ന് ഭംഗിയായിതന്നെ അവതരിപ്പിച്ചു.



ആ രംഗത്തിനുശേഷം ഘടോല്‍ക്കചന്റെ(കത്തിവേഷം) തിരനോക്ക്(ഇടമട്ടില്‍).


ശേഷം ഘടോല്‍കചന്‍ ഹിടുബിയോടുകൂടി ഭീമനോട് യാത്രപറഞ്ഞുപിരിയുന്ന ഭാഗം വരേയാണ് ഇവിടെ അവതരിപ്പിക്കപ്പെട്ടത്. ശ്രീ കലാ: അരുണ്‍‌വാര്യരാണ് ഘടോല്‍ക്കചവേഷമിട്ടത്.
ശ്രീ പത്തിയൂര്‍ ശങ്കരന്‍‌കുട്ടിയും ശ്രീ കലാ:രാജേഷ് മേനോനും ചേര്‍ന്നായിരുന്നു പാട്ട്. തരക്കേടില്ലാതെ പാടിയെങ്കിലും പദങ്ങള്‍ മനപ്പാഠമല്ലാത്തതിനാല്‍ പുസ്തകം നോക്കിയാണ് പാടിയിരുന്നത്. പുസ്തകം
നോക്കലും നടന്റെ മുദ്രനോക്കലും താളം പിടിക്കലും എല്ലാകൂടി ചെയ്യുക പ്രയാസംതന്നെ.
അതിനാല്‍ തന്നെ പലഭാഗത്തും മുദ്രയോട് ചേന്ന് പോകാതിരുന്നു പാട്ട്. ചിലപ്പോള്‍ പാട്ടുവരാനായി നടന്‍ കാത്തുനില്‍ക്കണ്ടതായും മറ്റുചിലപ്പോള്‍ മുദ്രവേഗത്തില്‍ കഴിക്കേണ്ടതായുമൊക്കെ വന്നിരുന്നു.
ഇങ്ങിനെ പുസ്തകം നോക്കിപാടിയിട്ടും ‘കുന്തീസുതന്മാരേ‘ ഇന്ന വ്യാസന്റെ പദത്തിന്റെ മൂന്നാംചരണം
‘തന്നേ കാമിച്ചീടാത്തൊരു തന്വഗിയെ കാമിപ്പോരും
തന്നെ കാമിച്ചീടുന്നവളെ താന്‍ ഉപേക്ഷിപ്പവരും’
എന്നു പാടി കലാശത്തിനു തട്ടുകയാണുണ്ടായത്. അടുത്തവരിയായ
‘മൂഠരെന്നു പാരിലെല്ലാം രൂഢമെന്നു അറിഞ്ഞീടേണം’ എന്നത് വിട്ടുകളഞ്ഞു.

ശ്രീ കലാ:ക്യഷ്ണദാസ്,ശ്രീ കലാനിലയം ക്യഷ്ണകുമാര്‍(ഘടോല്‍കചന്റെ തിരനോക്ക് മുതല്‍)
എന്നിവരായിരുന്നു ചെണ്ടക്ക്.

മദ്ദളം കൈകാര്യംചെയ്ത ശ്രീ കലാനിലയം മനോജ് അഭിനന്ദനാര്‍ഹമായ പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്. സ്ത്രീവേഷത്തിനുമാത്രമല്ല പുരുഷവേഷത്തിനും നന്നായി കൈക്കുക്കൂടുന്നുണ്ടായിരുന്നു ഇദ്ദേഹം.

ശ്രീ മാര്‍ഗ്ഗി രവീന്ദ്രനാണ് കളിക്ക് ചുട്ടികുത്തിയത്. സന്ദര്‍ശന്‍ കഥകളിവിദ്യാലയത്തിന്റെ കോപ്പുകള്‍
ഉപയോഗിച്ച് ശ്രീ പള്ളിപ്പുറം ഉണ്ണിക്യഷ്ണനാണ് അണിയറ കൈകാര്യം ചെയ്തത്.

പൂണ്ണത്രയീശക്ഷേത്രത്തിലെ വഴിപാട് കളി.

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്യയീശക്ഷേത്രത്തില്‍ 16/06/08ന് വഴിപാടി ഒരു കഥകളി നടന്നു. സന്താനഗോപാലമൂര്‍ത്തിയായ ശ്രീ പൂണ്ണത്രയീശന്റെ സന്നിധിയില്‍ നടന്ന കളിയില്‍ സന്താനഗോപാലമായിരുന്നു കഥ.
വൈകിട്ട് ഏഴിന് ആരംഭിച്ച കഥകളിയില്‍ ശ്രീ കലാ:ശങ്കരനാരായണനായിരുന്നു അര്‍ജ്ജുനനായി രംഗത്തെത്തിയത്. ഇദ്ദേഹത്തിന്റെ ഭാവാഭിനയം വളരേ നന്നായിരുന്നെങ്കിലും മുദ്രകള്‍ക്കും കലാശങ്ങള്‍ക്കും ഭംഗിപോരാ എന്നു തോന്നി. ശ്രീ സദനം വിജയന്‍ ശ്രീക്യഷ്ണനായും വേഷമിട്ടു. വളരേകാലത്തിനുശേഷം അര്‍ജ്ജുനന്‍ ദ്വാരകയിലെത്തി ക്യഷ്ണനെ കാണുന്നതായ ആദ്യരംഗത്തിലെ പദങ്ങള്‍ക്കുശേഷം, ‘ലോകനാഥനായ അവിടുന്ന് ഓരോരോ കാലങ്ങളില്‍ ഓരോരോ വേഷങ്ങള്‍ ധരിച്ച് ദുഷ്ടന്മാരേ നിഗ്രഹിച്ച് ഭക്തരക്ഷ ചെയ്യുന്നു. അങ്ങിനെയുള്ള അവിടുത്തെ ആശ്രിതനാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യം’ എന്ന് അര്‍ജ്ജുനനും, ‘വളരേകാലംകൂടി ഇന്നു നിന്നെ കണ്ടതില്‍ അതിയായ സന്തോഷം ഉണ്ട്. ഇനി കുറച്ചുകാലം നമുക്കിവിടെ ഒരുമിച്ച് വസിക്കാം’ എന്ന് ക്യഷ്ണനും പറയുന്നു.
ഈ പതിവ് ആട്ടത്തിന് ശേഷം, അര്‍ജ്ജുനന്‍ ക്യഷ്ണനോട് ചോദിച്ചു-‘എനിക്കൊരു ദുഖം ഉണ്ട്, എന്റെ സോദരനായ കര്‍ണ്ണനെ അതറിയാതെ യുദ്ധത്തിവച്ച് എനിക്ക് വധിക്കേണ്ടിവന്നല്ലൊ?’. ‘കര്‍ണ്ണന് വീരസ്വര്‍ഗ്ഗം നല്‍കാന്‍ കഴിഞ്ഞല്ലൊ’ എന്നായിരുന്നു ക്യഷ്ണന്റെ മറുപടി. തുടര്‍ന്ന് ‘എല്ലാം തലയില്‍ എഴുത്തുതന്നെ എന്ന് കരുതാം,അല്ലെ?’ എന്ന് അര്‍ജ്ജുനന്‍തന്നെ ചോദിച്ചു. ‘അതേ’ എന്ന് ക്യഷ്ണന്റെ മറുപടി.
ശ്രീ കലാ:ശ്രീകുമാറായിരുന്നു ബ്രാഹ്മണനായെത്തിയത്. ആദ്യഭാഗത്ത് ശ്രീകുമാര്‍ പ്രവ്യത്തിയില്‍ ആയാസപ്പെടുന്നതായി തോന്നിയെങ്കിലും പിന്നീട് ആയാസം കുറയുന്നതായി കണ്ടു. കെട്ടിപ്പഴക്കമില്ലായ്മയുടെ പ്രശ്നങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ശ്രീകുമാറിന്റെ ബ്രാഹ്മണന്‍ നന്നായിരുന്നു.
‘ഇനിമേലില്‍ ജനിക്കുന്ന തനയനെ പരിപാലിച്ചു തന്നില്ലായെങ്കില്‍ ഞാന്‍ തീക്കുണ്ഡത്തില്‍ ചാടി മരിക്കും’ എന്ന് സത്യംചെയ്ത പാണ്ഡവനോട് ബ്രാഹ്മണന്‍ ഇങ്ങിനെ ചോദിക്കുന്നു-‘യാദവശ്രേഷ്ഠരും ക്യഷ്ണനും ശ്രദ്ധിക്കാത്ത എന്റെ കാര്യത്തില്‍ നീ ഇടപെട്ടിട്ട് ഒടുവില്‍, വിജയന്റെ മരണത്തിന് കാരണക്കാരനായി എന്ന ഒരു പാപഭാരം കൂടി ഞാന്‍ പേറേണ്ടി വരുമൊ?’. ‘ഇല്ല, അങ്ങിനെ ഉണ്ടാവില്ല. അങ്ങേക്ക് ഇനി ഉണ്ടാകുന്ന പുത്രനെ രക്ഷിച്ചുതരാന്‍ ഞാന്‍ വിചാരിച്ചാല്‍ സാധിക്കും’ എന്ന് അര്‍ജ്ജുനന്‍ മറുപടി പറഞ്ഞു.
തുടര്‍ന്നുള്ള ആട്ടം-
ബ്രാഹ്മണന്‍:അങ്ങയുടെ കയ്യിലുള്ള ഈ ഗാണ്ഡീവം പണ്ട് ഘാണ്ടവദഹനസമയത്ത് അഗ്നി ദേവന്‍
സമ്മാനിച്ചതല്ലെ?ഞാന്‍ കേട്ടിട്ടുണ്ട്.
അര്‍ജ്ജുനന്‍:അതെ അന്ന് ഞാന്‍ ഇതുകൊണ്ട് ശരമെയ്ത് മഴയെതടുത്ത് അഗ്നിദേവനെ ഘാണ്ടവവനം ദഹിപ്പിക്കാന്‍ സഹായിച്ചു.
ബ്രാ:അന്ന് അങ്ങ് ഒറ്റക്കായിരുന്നൊ? ആരായിരുന്നു കൂട്ട്.
അ:അല്ല,ക്യഷ്ണന്‍ എന്റെകൂടെ ഉണ്ടായിരുന്നു. എന്റെ തേരു തെളിച്ചുകൊണ്ട്.
ബ്രാ:അങ്ങ് പുത്രദു:അഖം അനുഭവിച്ചിട്ടുണ്ടോ?
അ:ഉണ്ട്,എന്റെ ഒരു പുത്രന്‍ അഭിമന്യുവിനെ ജയദ്രഥന്‍ യുദ്ധക്കളത്തില്‍ വച്ച് ചതിയില്‍ കൊലപ്പെടുത്തി.
ബ്രാ:അന്ന് ഒരു സത്യം ചെയ്തില്ലെ?
അ:ചെയ്തു,സൂര്യാസ്തമയത്തിനു മുന്‍പ് ആ ജയദ്രഥനെ ഞാന്‍ വധിക്കും എന്ന് ശപഥം ചെയ്തു.
ബ്രാ:എന്നിട്ട്?
അ:സൂര്യാസ്തമയസമയമടുത്തിട്ടും മറഞ്ഞിരുന്ന അവനെ കണ്ടെത്താന്‍സാധിച്ചില്ല, പിന്നെ ക്യഷ്ണന്‍
തന്റെ സുദര്‍ശനത്താല്‍ ആദിത്യനെ മറച്ചു. അപ്പോള്‍ അസ്തമയം കഴിഞ്ഞു എന്ന് ധരിച്ച് ജയദ്രഥന്‍ സന്തോഷത്തോടെ പുറത്തുവന്നു. തുടര്‍ന്ന് ജയദ്രഥനെ ഞാന്‍ വധിച്ചു.
ബ്രാ:അപ്പോള്‍ അന്നും സഹായത്തിന് ക്യഷ്ണന്‍ ഉണ്ടായിരുന്നു. ഇന്ന് ക്യഷ്ണനെ കൂടാതെ നീ എന്റെ ദുഖം തീര്‍ക്കാന്‍ പുറപ്പെട്ടാല്‍ സാധിക്കുമൊ?
അ:സ്വര്‍ലോകത്ത് ഒറ്റക്ക്പോയി അസുരരെ വധിച്ച് വന്നിട്ടുള്ള എനിക്ക്, ഒരു ബ്രാഹ്മണന്റെ ദുഖം തീര്‍ക്കാനും സാധിക്കും. അതിനാല്‍ അങ്ങ് വിശ്വസിക്കുക.
ബ്രാ:എന്നാല്‍ എനിക്ക് ക്യഷ്ണപാദങ്ങളേക്കൊണ്ട് ഒരു സത്യംകൂടി ചെയ്തുതരിക.
അ:അതിന്റെ ആവശ്യമില്ല. അതു സാധ്യവുമല്ല.
ബ്രാ:എന്നാല്‍ ഞാന്‍ പൊയ്ക്കോട്ടെ?
അ:വിശ്വാസമില്ലായെങ്കില്‍ പൊയ്ക്കൊള്ളുക.
ബ്രാഹ്മണന്‍ തന്റെ കുട്ടിയുടെ വിയോഗത്തില്‍ ദു:ഖിച്ചുകൊണ്ടും, അര്‍ജ്ജുനനെ നോക്കി കയര്‍ത്തുകൊണ്ടും ബാലന്റെ ശവമെടുത്തുകൊണ്ട് പോകുന്നു. അപ്പോള്‍ അസ്വസ്തത തോന്നിയ അര്‍ജ്ജുനന്‍ പിറകേചെന്ന് ബ്രാഹ്മണനെ തിരികേ കൂട്ടിക്കൊണ്ടുവന്ന് ബ്രാഹ്മണന്‍ പറഞ്ഞതുപോലെ ക്യഷ്ണപാദംകൊണ്ട് സത്യംചെയ്തു നല്‍കി. അതില്‍ സന്തോഷവാനായ ബ്രാഹ്മണന്‍ ‘ഞാന്‍ പോയ് വരാം. അങ്ങ് ഇവിടേത്തന്നെ കാണുമല്ലൊ’ എന്ന് പറഞ്ഞ് പോകുന്നു.

ബ്രാഹ്മണപത്നിയായി വേഷമിട്ടത് ശ്രീ കലാ:പ്രമോദായിരുന്നു. ശരകൂടനിര്‍മ്മാണത്തിനു മുന്‍പായി അര്‍ജ്ജുനന്‍ വില്ലുവളച്ച് ഞാണ്‍കെട്ടി ഞാണോലിയിടുന്നതായോ, ദേവതാഗുരുജന വന്ദനം നടത്തുന്നതായോ ആടിക്കണ്ടില്ല.


ശ്രീ കലാ:എന്‍.എന്‍ കൊണത്താപ്പള്ളിയും ശ്രീ രാജേഷ്‌ബാബുവും ചേര്‍ന്നായിരുന്നു സംഗീതം. പലഭാഗത്തും സാഹിത്യം കിട്ടാതെ തപ്പിതടയുന്നകണ്ട കൊണത്താപ്പള്ളി, ‘വിധിക്യതവിലാസമിതു’ എന്ന അജ്ജുനന്റെ പദത്തില്‍ ‘നന്ദസൂനോ പാഹിമാം’ എന്നുള്ളതിനുപകരം ‘നന്ദസുതാ പാഹി’ എന്നാണുപാടുന്നതു കേട്ടത്. ‘മൂഢാ,അതിപ്രൌഢമാം’ എന്ന ബ്രാഹ്മണപദത്തിന്റെ ‘വീണ്ടും വീണ്ടും’ എന്നുതുടങ്ങുന്ന രണ്ടാം ചരണം പാടാതെ വിട്ടു. ഇദ്ദേഹം തന്റെ രാഗമാറ്റ പരീക്ഷണങ്ങളില്‍ അമിതശ്രദ്ധ നല്‍കുന്നതുമൂലം പലപ്പോഴും മുദ്രനോക്കാതേയും താളം പിടിക്കാതേയും പാടുന്നതായും കണ്ടു.
ബ്രാഹ്മണപത്നിയുടെ ‘വിധിമതം നിരസിച്ചീടാമൊ’ എന്ന ഗൌളീപ്പന്ത്‌രാഗപദം,
‘കോമളസരോജമുഖി’ എന്ന ബ്രാഹ്മണന്റെ കാമോദരിപദത്തിലെ-
‘അത്തലിതൊഴിച്ചില്ലെങ്കില്‍’ എന്നുതുടങ്ങുന്ന അന്ത്യചരണം,
കല്യാണാലയേ ചെറ്റും’ എന്ന ബ്രാഹ്മണന്റെ സാവേരിരാഗപദം,
‘വിധിക്യതവിലാസമിതു’ എന്ന അജ്ജുനന്റെ മുഖാരിരാഗപദം
ഇവയൊക്കേയും രാഗങ്ങള്‍ മാറ്റിയാണ് ഇവിടെ പാടിക്കേട്ടത്. ഒരു കഥയിലെ ഒരു ചെറിയപദമൊ ചരണമൊ ഒരു വ്യത്യസ്തതക്കായി രാഗം‌മാറ്റി പാടുന്നതില്‍ തരക്കേടില്ല. എന്നാല്‍ ഇങ്ങിനെ എല്ലാ പദങ്ങളും രാഗം മാറ്റി പാടുന്നത് നന്നെന്നു തോന്നുന്നില്ല. എന്നാല്‍ ഇക്കാലത്ത് പലഗായകരും ഇങ്ങിനെ ചെയ്തുകാണുന്നുണ്ട്. ഇത് എന്തിനാണാവൊ? ഇവരുടെ പ്രാഗത്ഭ്യം തെളിയിക്കാനൊ? ഇതൊക്കെ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തുവെച്ച മഹാത്മാക്കളായ ആട്ടക്കഥാക്യത്തുക്കളും കളിയാശാന്മാരും, നാളിതുവരേ ഈ രാഗങ്ങളില്‍ പാടിവന്നിരുന്ന മഹാഗായകരുമൊക്കെ അജ്ഞരല്ലന്നും, ഓരോന്നും കണക്കാക്കിയാണ് ഓരോന്നിനും ഓരോ രാഗങ്ങള്‍ നിശ്ചയിച്ചിട്ടുള്ളതെന്നും ഇവരോക്കണം.
ശ്രീ കലാ:കേശവപ്പൊതുവാളും ശ്രീ കലാവേദി മുരളിയും ആയിരുന്നു ചെണ്ടക്കാര്‍.


ത്യപ്പൂണിത്തുറകലാകേന്ദ്രത്തിന്റേതായിരുന്നു കോപ്പ്.

കഥകളി ആസ്വാദനസദസിലെ ‘മൂന്നാംദിവസം‘

ഇടപ്പള്ളി കഥകളി ആസ്വാദനസദസിന്റെ മെയ്‌മാസപരിപാടി 29/05/08ന് വൈകിട്ട് 6മുതല്‍ ഇടപ്പള്ളി ചെങ്ങന്വുഴസ്മാരകപാര്‍ക്കില്‍ നടന്നു. നളചരിതം മൂന്നാം ദിവസത്തിലെ‘അന്തീകേ വന്നീടേണം’(കാര്‍കോടകന്റെ വിലാപം)മുതലുള്ള ഭാഗങ്ങളാണിവിടെ അവതരിപ്പിക്കപ്പെട്ടത്.

ശ്രീ കടുങ്ങല്ലൂര്‍ നന്വീശനാണ് കാര്‍കോടകനായെത്തിയത്. വെളുത്തനളന്‍,ഋതുപര്‍ണ്ണന്‍ എന്നീവേഷങ്ങള്‍ ശ്രീ കലാ:ശ്രീകുമാറും കൈകാര്യം ചെയ്തു.ശ്രീ കലാ:ഗോപിയായിരുന്നു ബാഹുകന്‍.


കാര്‍കോടകനുമായി പിരിഞ്ഞശേഷമുള്ള ബാഹുകന്റെ ആട്ടം പ്രധാനമായും മൂന്ന് ഘട്ടങ്ങളായി തിരിക്കാം.ആദ്യഘട്ടത്തില്‍ നളന്‍ തന്റെ ഇതുവരേയുള്ള കഥകളെ സ്മരിച്ച് സങ്കടപ്പെടുന്നു.
അടുത്തഘട്ടമായി പ്രശസ്തമായ ‘മാന്‍പ്രസവം’ എന്ന ആട്ടമാണിവിടെ ആടിയത്. ദൈവക്യപയാല്‍ ദുര്‍ഘടങ്ങളോഴിവായശേഷം പേടമാന്‍, പ്രസവിച്ച് ഉണ്ടായ 2 കുട്ടികളേയും നക്കിതുടക്കുന്നു. മാന്‍‌കുട്ടികള്‍തള്ളയുടെ മുലകുടിക്കുന്നു. ഈ കാഴ്ച്ചകണ്ട് ബാഹുകന്‍ വിചാരിക്കുന്നു-“മാതാവും കുട്ടികളും തമ്മിലുള്ള മമതാബന്ധം എത്ര മഹത്തരമാണ്. എനിക്കും ഉണ്ട് 2 കുട്ടികള്‍. അവര്‍ ഈ സമയം അമ്മയേയും അച്ഛനേയും കാണാതെ വിഷമിക്കുന്നുണ്ടാകും. എന്നാണ് ഇനി തനീക്കവരെ കാണാനാവുക?”
അന്ത്യഘട്ടത്തില്‍ ബാഹുകന്‍ സഞ്ചരിച്ച് കാടുവിട്ട് നാട്ടിലെത്തുന്നതും,വഴിപോക്കരായ ബ്രാഹ്മണരോട് ചോദിച്ച് വഴി മനസ്സിലാക്കി ഋതുപര്‍ണ്ണ സമീപമെത്തുന്നതുവരേയുള്ള കാഴച്ചകളുമാണ് ആടിയത്. സാകേതരാജധാനിയിലെ കൊടിമരം വളരേ ദൂരത്തുനിന്നും കണ്ട ബാഹുകന്,ആ കൊടിമരത്തിലെ കൊടിക്കൂറ അശരണരേയും ആലന്വഹീനരേയും മാടിവിളിക്കുന്നതായി തോന്നുന്നു. ആ കൊടിക്കൂറയുടെ ലക്ഷണം കണ്ടാല്‍തന്നെ രാജാവ് യോഗ്യനാണെന്ന് മനസ്സിലാക്കാം എന്ന് ബാഹുകന്‍ വിചാരിക്കുന്നു. തുടര്‍ന്ന് വലുതായ ഗോപുരങ്ങള്‍ കടന്ന്,നഗരത്തിലെ വലിയമാളികള്‍ക്കിടയിലൂടെ,രാജപാതയില്‍ സച്ചരിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണന്റെ കൊട്ടാര വാതില്‍ക്കല്‍ എത്തുന്നു. അവിടെ നില്‍ക്കുന്ന കാവല്‍ക്കാരോട് അനുവാദം വാങ്ങി അകത്തേക്കുകടക്കുന്ന ബാഹുകന്‍, ഉദ്യാനത്തില്‍ സ്ത്രീകളുടെ വാദ്യവായനയും ന്യത്താദികളും കണ്ട് ഒരു നിമിഷംതന്റെ ഉദ്യാനത്തില്‍ സുഖമായി ഇരുന്ന കാലത്തെ സ്മരിക്കുന്നു.‘അങ്ങിനെ ഇരുന്ന ഞാന്‍ ഇന്ന് മറ്റൊരു രാജാവിനെ സേവിക്കേണ്ടതായ അവസ്ത വന്നല്ലൊ! ഏതായാലും ദമയന്തി, നിന്നേ സന്ധിക്കാനായി ഞാനിതു ചെയ്യാം.’ എന്നുറപ്പിച്ച് ബാഹുകന്‍ ഋതുപര്‍ണ്ണ സഭയിലേക്ക് പോകുന്നു. ഈ ആട്ടങ്ങളുള്‍പ്പെടെ ബാഹുകവേഷംവളരേ ഭംഗിയായി ഗോപിയാശാന്‍ കൈകാര്യംചെയ്തു.


‘ദ്രുതതരഗതി മമ’എന്നുതുടങ്ങുന്ന ഋതുപര്‍ണ്ണന്റെ പദത്തിന്റെ(‘വസവസ സൂതാ’) അന്ത്യ ചരണവും‘നീയുംനിന്നുടെ തരുണിയൂമായി’ എന്നുതുടങ്ങുന്ന ജീവലന്റെ പദത്തിന്റെ രണ്ടാം ചരണവും ‘അക്യതകം പ്രണയമനുരാഗമാര്‍ദ്രഭാവവും’എന്നുതുടങ്ങുന്ന ഋതുപര്‍ണ്ണന്റെ പദത്തിന്റെ(‘വരികബാഹുക’) രണ്ടാം ചരണവും ഇവിടെ പാടിക്കണ്ടില്ല. ഇങ്ങിനെ ചരണങ്ങള്‍ പലതും ഉപേക്ഷിക്കുന്നത് നല്ല കീഴവഴക്കമായി തോന്നിയില്ല.


ശ്രീ കലാ:പ്രദീപ് ജീവലനായും ശ്രീ ആര്‍.എല്‍.വി.മനോജ് വാഷ്ണേയനായും രംഗത്തെത്തി.ദമയന്തിയായി വേഷമിട്ടത് ശ്രീ കോട്ട:വാസുദേവന്‍ കുണ്ഡലായരായിരുന്നു.’കരണീയം’എന്ന ദമയന്തിയുടെ പദം സാധാരണയിലും ലേശം കാലംവലിച്ചാണ് ഇവിടെ പാടിയത്. ശ്രീ കോട്ട:മധുവാണ് ഈ രംഗത്തില്‍പൊന്നാനി പാടിയിരുന്നത്.

വേണ്ടത്ര ചടുലതയൊന്നും തോന്നിയില്ലെങ്കിലും ശ്രീ മടവൂര്‍ വാസുദേവന്‍ നായരുടെ സുദേവനും നന്നായിരുന്നു.സാധാരണയായി ദമയന്തിയോടുള്ള മറുപടിപദത്തില്‍, ‘ആളകന്വടികളോടും മേളവാദ്യഘോഷത്തോടും’ എന്ന ഭാഗത്ത് ഓരോരോ വാദ്യങ്ങള്‍ വായിക്കുന്നത് വിസ്തരിച്ച് ആടിക്കാണാറുണ്ട്. എന്നാല്‍ ഇവിടെ അതുണ്ടായില്ല.എന്നാല്‍ ഋതുപര്‍ണ്ണനോടുള്ള പദത്തില്‍,’ശംഘമദ്ദള മംഗളധനി’ എന്ന ഭാഗത്ത് വാദ്യവിധാനപ്രയോഗങ്ങള്‍ ലേശം വിസ്തരിക്കുകയും ചെയ്തു. ഈ പദത്തിലെ ‘പന്തണീമുലമാര്‍മണി’ അങ്ങിനെ തന്നെ വിസ്തരിച്ചു ആടുകാണുണ്ടായത്.


ഈ പദത്തിനുശേഷം സുദേവന്‍ ഋതുപര്‍ണ്ണനെ വണങ്ങി പോകുന്വോള്‍ ബാഹുകന്‍ പിറകേചെന്ന് ഏന്തോചോദിക്കാന്‍ തുനിഞ്ഞു. എന്നാല്‍ ‘ഞാന്‍ ഭക്ഷണം കഴിക്കാനായി ഊട്ടുപുരയിലേക്ക് നീങ്ങട്ടെ‘ എന്നു പറഞ്ഞ് സുദേവന്‍ നടന്നു. എന്നിട്ടും പിന്നാലേ ചെന്ന ബാഹുകനെ തിരിഞ്ഞൊന്ന് നന്നായി നോക്കിയിട്ട് സുദേവന്‍ നടന്നുനീങ്ങി. ഈ സമയമത്രയും അടുത്ത പദം തുടങ്ങാതെ പാട്ടുകാര്‍ താളമിട്ടുനിന്നു. ഋതുപര്‍ണ്ണനും ഇതുനോക്കിക്കൊണ്ട് ഇരുന്നു! ബാഹുകന്റെ വരവിനുകാത്തിരിക്കാതെ ഋതുപര്‍ണ്ണന്‍,തന്റെ കര്‍ണ്ണികയില്‍ പതിച്ച സുദേവവാക്യങ്ങളാല്‍ ദമയന്തീചിന്തയിലിരിക്കുന്നതായി നടിച്ചിരുന്നെങ്കില്‍ നന്നായിരുന്നു എന്നു തോന്നി.


ശ്രീ കോട്ട:നാരായണന്‍,കോട്ട:മധു തുടങ്ങിയവരായിരുന്നു പാട്ട്. ഇവര്‍ നളചരിതം പോലെയുള്ള കഥകള്‍ കുറച്ചുകൂടി ഭാവാത്മകമായി ആലപിക്കാന്‍ ശ്രമിച്ചാല്‍ നന്നായിരുന്നു എന്നു തോന്നി.ചെണ്ട കൈകാര്യംചെയ്ത ശ്രീ കലാ:ക്യഷ്ണദാസും തരക്കേടില്ലാത്ത പ്രകടനമാണ് കാഴ്ച്ചവെയ്ച്ചത്.


ശ്രീ കലാനിലയം സജിയായിരുന്നു ചുട്ടിക്ക്. ഏരൂര്‍ ശ്രീ ഭവാനീശ്വരം കളിയോഗത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് ശ്രീ ഏരൂര്‍ ശശിയും സംഘവുമാണ് അണിയറ കൈകാര്യം ചെയ്തിരുന്നത്.