ദ്യശ്യവേദി ‘നളചരിതോത്സവം’(രണ്ടാംദിവസം)

ദ്യശ്യവേദി അവതരിപ്പിക്കുന്ന ‘നളചരിതോത്സവം’ കഥകളിമേള തിരുവന്തപുരത്ത് 26-12-2007മുതല്‍ നടന്നുവരികയാണ്.
27-12-07ന് രണ്ടാംദിവസം കഥയിലെ ‘വേര്‍പാട്’ വരേയുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.അന്ന് വൈകിട്ട് 6:30ന് കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ കളി ആരംഭിച്ചു.

ആദ്യരംഗത്തില്‍ ശ്രീ കലാ:ഗോപിയാണ് നളനായി എത്തിയത്. ശ്രീ മാര്‍ഗ്ഗി വിജയകുമാര്‍ ആയിരുന്നു ദമയന്തി. ഇരുവരും ചേര്‍ന്നുള്ള പദാഭിനയവും മനോധര്‍മ്മാട്ടവും ഭംഗിയായി.








‘സ്വയംവരമണ്ഡപത്തില്‍ എത്തിയ നീ എന്റെ രൂപത്തില്‍ മറ്റുനാലുപേരേക്കൂടി കണ്ടു,അല്ലെ? അപ്പോള്‍ അതില്‍ നിന്നും എന്നെ കണ്ടെത്തി വരിച്ചതെങ്ങിനെ?’ എന്ന് നളന്‍ ചോദിച്ചു. അതിന് ദമയന്തി ഇപ്രകാരം മറുപടി പറഞ്ഞു.’അപ്പോള്‍ ഞാന്‍ കുട്ടിക്കാലം മുതല്‍ മനസാഭര്‍ത്താവായി വരിച്ചുകഴിഞ്ഞ നളരാജാവിനെ കാട്ടിത്തരുവാന്‍ സരസ്വതീദേവിയേ പ്രാര്‍ത്ഥിച്ചു. അനന്തരം ദേവി വന്ന് കാട്ടിത്തന്നു. ഞാന്‍ ദേവന്മാരേ വണങ്ങി അങ്ങയേ വരിച്ചു.’‘അപ്പോള്‍ കുട്ടിക്കാലത്തുതന്നെ നീ എന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു അല്ലെ?’ എന്ന് നളന്‍. ‘സത്യമായും അങ്ങിനേ തന്നെ‘ എന്ന് ദമയന്തിയും പറഞ്ഞു.തുടര്‍ന്ന് നളദമയന്തിമാര്‍ ഉദ്യാനം ചുറ്റികാണുന്നു. വല്ലികളില്‍ നിന്നും പൂവുകള്‍ ധാരാളമായി വീണുകിടക്കുന്നതുകണ്ട നളന്‍ ‘നിന്നേ വരവേല്‍ക്കാന്‍ വീഥിയില്‍ പൂവിരിച്ചിരിക്കുകയാണ് ലതകള്‍’ എന്ന് ദമയന്തൊയോട് പറഞ്ഞുകൊണ്ട് ഒരു പൂവ് താഴേനിന്നും എടുത്തു.ഉടനെ ആ വാടിയ പൂവ് വിടര്‍ന്ന് ശോഭിക്കുന്നു. അപ്പോള്‍ ദേവേന്ദ്രന്റെ അനുഗ്രഹത്തെ സ്മരിക്കുന്നു.

ശ്രീ നെല്ലിയോട് നന്വൂതിരി കലിയായും ശ്രീ മാര്‍ഗ്ഗി സുരേഷ് ദ്വാപനായും ശ്രീ മാര്‍ഗ്ഗി സുകുമാരന്‍ ഇന്ദ്രനായും അരങ്ങിലെത്തി.
കലി ദ്വാപരന്മാരുടെ രംഗത്തിലെ ‘നരപതി നളനവന്‍‘ എന്നദ്വാപരന്റെ ആദ്യചരണം സമീപകാലത്തില്‍ പലഗായകരും ഒഴിവാക്കുന്നതായാണ് കാണുന്നത്. ‘നളന്‍ നിരവധി ഗുണനിധിയാണ്, സുരപതിയുടെ വരത്താലും അജയ്യ്യനാണ്, അതിനാല്‍ ഒരുത്തനും അവനെ ജയിക്കാമെന്ന മോഹം വേണ്ടാ. പിന്നെ ചൂതുപൊരുതുകിലേ ജയവരുകയുള്ളു’ എന്ന് ആശയം വരുന്ന ഈ ചരണം ഉപേക്ഷിക്കാന്‍ പാടില്ലാത്തതാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഈ ചരണം പാടുകയുണ്ടായി.
നളനില്‍ ആവേശിക്കുവാനായി തീരുമാനിച്ച് കലി, കാര്യസാധ്യം വരെ ഭക്ഷണമൊ ഉറക്കമൊ പോലും ഉപേക്ഷിക്കാം എന്നുറച്ച് അതിനായുള്ള ഉപായം പാര്‍ത്ത് നടക്കുന്നു. നദീതീരത്ത് ശബ്ദബഹളം കേട്ട് എന്തോ ശണ്ഠയാണെന്നു കരുതി കലി അവിടേക്കു ചെല്ലുന്നു. എന്നാല്‍ കുളിയും ജപവും കഴിഞ്ഞ് ബ്രാഹ്മണബാലര്‍ ഗുരുവിന്റെ ശിക്ഷണത്തില്‍ വേദപഠനം നടത്തുന്ന ശബ്ദമായിരുന്നു അത്. ഒരിടത്തു പുക കണ്ടു ചെന്നപ്പോള്‍ അവിടെ ഗണപതിഹോമം നടത്തുന്നതാണ് കാണുന്നത്. മറ്റൊരിടത്ത് കൊട്ടും കുരവയും കേട്ടുചെന്നുനോക്കിയപ്പോള്‍ അവിടെ വിവാഹം നടക്കുന്നതായി കാണുന്നു. അപ്പോള്‍ താന്‍ ഒരു പെണ്ണിനെ കല്യാണം കഴിക്കാന്‍ ഇറങ്ങിതിരിച്ചിട്ട് അതു സാധിച്ചില്ലല്ലൊ എന്ന് ഓര്‍ത്ത് ദു:ഖവും, നളനിലുള്ള വൈരാഗ്യവും വര്‍ദ്ധിക്കുന്നു. ഇനി ഇങ്ങിനെ നടന്നിട്ടു കാര്യമില്ല എന്നു നിനച്ച് ഒരു താന്നി മരത്തില്‍ കയറി ഇരിക്കുന്ന കലിയുടെ ഉള്ള് ദേഷ്യത്താലും പുറം വേനല്‍ ചൂടിനാലും നീറുന്നു.വേനല്‍ മാറി മഴ വരുന്നു. മഴശക്തിയായപ്പോള്‍ കലി മരത്തില്‍ നിന്നും ഇറങ്ങി ഒരു ഗുഹയില്‍ പോയ് പാര്‍ക്കുന്നു. മഴക്കാലം കഴിഞ്ഞ് തിരിച്ച് മരത്തില്‍ കേറുവാന്‍ ശ്രമിക്കുന്ന കലിയുടെ കാല്‍ വഴുക്കുന്നു.അങ്ങിനെ പല വേനലും മഴയും മഞ്ഞും വസന്തവും കഴിയുന്നു. ഒരിക്കല്‍ ദൂരെ ഉദ്യാനത്തില്‍ നളന്‍ ദമയന്തിയോടും 2കുട്ടികളോടും സഞ്ചരിക്കുന്നതുകണ്ട കലി, താന്‍ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് 12സംവത്സരങ്ങള്‍ കഴിഞ്ഞു എന്ന് കണക്കുകൂട്ടി കണ്ടെത്തുന്നു. അപ്പോള്‍ സമയം സന്ധ്യയായതിനാല്‍ നളന്‍ തിടുക്കത്തില്‍ സന്ധ്യാവന്ദനാര്‍ദ്ധം ജലാശയത്തിലെക്കു പോകുന്നു. ദ്യതിയില്‍ കാല്‍കഴുകിയപ്പോള്‍ കാലിന്റെ പിന്‍ഭാഗം നനയുന്നില്ല. അതുകണ്ട കലി ഇതുതന്നെ താന്‍ കാത്തിരുന്ന സമയം എന്നു കണക്കാക്കി നളനിലാവേശിക്കാനായി പോകുന്നു.



ശ്രീ കലാ:മുകുന്ദന്‍ ആണ് പുഷ്ക്കരനായെത്തിയത്. വടിവാര്‍ന്ന മുദ്രയും കലാശങ്ങളും ചേര്‍ന്ന നല്ല പ്രകടനമായിരുന്നു മുകുന്ദന്റേത്. കലിദ്വാപരന്മാരുടെ വാക്കുകളില്‍ വിശ്വസിച്ച് പുഷ്ക്കരന്‍ നളനെ ചൂതിനു വിളിക്കുവാനായി സഭാതലത്തില്‍ എത്തുന്നു. എന്നാല്‍ അന്നേദിവസത്തെ സഭപിരിഞ്ഞ് എല്ലാവരും പോയ്ക്കഴിഞ്ഞിരിക്കുന്നു എന്നറിഞ്ഞ്, നളന്‍ എവിടെ എന്ന് അന്യൂഷിക്കുന്നു. ദമയന്തിയുമൊത്ത് ഉദ്യാനത്തിലാണ് എന്നറിഞ്ഞ് അവിടേക്കെത്തി ചൂതിനുവിളിക്കുന്നു.
ശ്രീ ഏറ്റുമാനൂര്‍ കണ്ണനാണ് തുടര്‍ന്നുള്ള രംഗങ്ങളില്‍ നളനെ അവതരിപ്പിച്ചത്.



‘നീ ഇന്ന് പെട്ടന്ന് വന്ന് എന്നെ ചൂതിനു വിളിക്കാന്‍ കാരണം എന്ത്?’ എന്ന നളന്റെ ചോദ്യത്തിനു ‘എന്റെ മനസ്സില്‍ അങ്ങിനെ തോന്നി,അതിനാല്‍ തന്നെ’എന്ന് പുഷ്ക്കരന്‍ മറുപടി പറഞ്ഞു.ചൂതുകളിക്കാനുറച്ച് ഇരുവരും ഇരുന്ന്,‘ആവിഷ്ട കലിനാ’എന്ന ശ്ലോവവും, തുടര്‍ന്ന് ‘ദേവനം വിനോദനായ’ എന്ന പല്ലവിയും, അനുപല്ലവിയും ആടിക്കഴിഞ്ഞാണ് നളന്‍ ഭ്യത്യനേകൊണ്ട് ചൂതുപടവും കരുക്കളും വരുത്തി കളി തുടങ്ങുന്നതായി ആടിയത്.




സമീപകാലത്തായി പുഷ്ക്കരന്റെ ‘ഉണ്ടാകേണ്ടാ’ എന്ന പദത്തിലെ ‘ധരിത്രിയെച്ചെറിയെന്നെ ജയിച്ചതും’എന്നു തുടങ്ങുന്ന ആദ്യ ചരണം ഉപേക്ഷിക്കുന്നതായും, ‘നിനക്കില്ലിനി രാജ്യമിതൊരിക്കിലും’ എന്നു തുടങ്ങുന്ന് രണ്ടാംചരണം പാടുന്നതായുമാണ് കാണുന്നത്. പുഷ്ക്കരന് ഭൂമിയിലല്ലാതെ ഭൈമിയില്‍ കന്വമില്ലെന്നിരിക്കയാല്‍(നളദമയന്തിമാരിരുവരേയും രാജ്യത്തില്‍ നിന്നകറ്റുക എന്നാണ് കലിയുടെ ലക്ഷ്യമെന്നതിനാല്‍ കന്വമുണ്ടാകാതെ കലി ശ്രദ്ധിക്കുന്നുമുണ്ടല്ലൊ),‘ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍’ എന്നവസാനിക്കുന്ന ഈ ചരണം ഉപേക്ഷിക്കയാണ് നല്ലതെന്നു തോന്നുന്നു.മറിച്ച്, ‘കുട്ടിക്കാലത്തില്‍ തന്നെ എന്നെ തഴഞ്ഞ് നീ അധികാരിയായി ഭരിച്ചതും, സാര്‍വഭൌമനെന്നു നീ ഭാവിച്ചതും എനിക്കറിയാം.നി വിസ്തരിപ്പിച്ച ഭൂമിയും സന്വാദിച്ച ധനവും എല്ലാം ഇനി എനിക്കു സ്വന്തം. ഞാന്‍ ഇനി ഉല്ലസിക്കട്ടെ. നീയിനി നാട്ടിലൊ ചവിട്ടായ്ക, കാട്ടില്‍ പോയ് തപം ചെയ്ക.’ എന്ന് ആശയം വരുന്ന ആദ്യ ചരണം പാടുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.ഉണ്ണിക്യഷ്ണക്കുറുപ്പിനേപ്പോലെയുള്ള പഴയകാല ഗായകര്‍ അങ്ങിനെയാണ് ചെയ്തിരുന്നതും.








ഇതുപോലെതന്നെ ഈ പദത്തിന്റെ മൂനാമത്തെ ചരണവും പലപ്പോഴും ഉപേക്ഷിക്കുന്നതായി കാണാറുണ്ട്. ഇതും നന്നല്ല. ‘പുരത്തില്‍ മരുവും മഹാജനങ്ങളും’ എന്നു തുടങ്ങുന്ന ഈ ചരണം ഇവിടെ പാടുകയുണ്ടായി.



നളന്റെ വേര്‍പാട് അഭിനയവും നന്നായിരുന്നു.
























ശ്രീ കലാ:സുബ്രഹ്മണ്യനും കലാ: ഹരീഷ് നന്വൂതിരിയും ചേര്‍ന്നായിരുന്നു പാട്ട്. പാട്ട് ഗോപിയാശാന്റെ അഭിനയവുമായി പൊരുത്തകുറവ് ഉള്ളതായി തോന്നി. ഇത് ‘ദയിതേ’ എന്നുള്ള പദത്തില്‍ പലപ്പോഴും പ്രത്യഷമായി അനുഭവപ്പെട്ടു.കലി,പുഷ്ക്കരന്‍ തുടങ്ങിയവരുടെ പദങ്ങളുടെ ആലാപത്തില്‍ വേണ്ടത്ര ശക്തി തോന്നിയുമില്ല.എന്നാല്‍ അവസാനരംഗത്തിലെ ‘ഒരുനാളും’,പയ്യോ പൊറുക്കാമേ'ഇന്നീ പദങ്ങള്‍ നന്നാവുകയും ചെയ്തു.















ചെണ്ട ശ്രീ കലാ:ക്യഷ്ണദാസ്,ശ്രീ കലാ:ശ്രീകാന്ത് വര്‍മ്മ എന്നിവരും മദ്ദളം ശ്രീ കോട്ടക്കല്‍ രാധാക്യഷ്ണനും ശ്രീ മാര്‍ഗ്ഗി ബേബി എന്നിവരുമായിരുന്നു കൊട്ടിയത്.

ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(5)

ത്യപ്പൂണിത്തുറ ശ്രീ പൂര്‍ണ്ണത്രയീശക്ഷേത്രത്തിലെ ഏഴാം ഉത്സവദിവസമായ 13/12/07ന് രാത്രി ഒരുമണിയോടെ കഥകളി ആരംഭിച്ചു.

ആദ്യകഥ പൂതനാമോക്ഷം ആയിരുന്നു. ശ്രീ കലാ: ഷണ്മുഖദാസ് ആണ് ഇതില്‍ ലളിതയായി അഭിനയിച്ചത്.ആട്ടത്തില്‍ ചില വ്യത്യസ്തതകള്‍ ഉണ്ടായിരുന്നുഎങ്കിലും ഷണ്മുഖന്റെ പ്രകടനം മികച്ചതായിരുന്നു.

‘ദധിവിന്ദു പരിമളവും’ എന്ന ഭാഗത്ത് തൈരുകലക്കുന്നതും മറ്റും വിസ്തരിച്ച് ആടി. ഇവിടെ തൈരുകലക്കുന്നതിനായി തൈരും പാത്രങ്ങളും എടുത്തുവെച്ചിട്ട് ജലം കാണാഞ്ഞ് ആരോടോക്കെയൊ ചോദിക്കുന്നതായും ആരും നല്‍കാഞ്ഞതിനാല്‍ ചിലകുട്ടികളെ വിളിച്ച് ലേശംജലം കൊണ്ടുത്തന്നാല്‍ നിങ്ങള്‍ക്ക് പലഹാരങ്ങള്‍ നല്‍കാം എന്നു പറയുന്നു,അവര്‍ ജലം കൊണ്ടുകൊടുക്കുന്നതായും പകരം പലഹാരങ്ങള്‍ നല്‍കുന്നതായും ഒക്കെ ആടി.


‘സുകുമാരാ നന്ദകുമാരാ’ എന്ന പദത്തിനുശേഷം ലളിത കുട്ടിയേഎടുത്ത് മുലകൊടുത്തിട്ട് തിരിച്ച് തൊട്ടിലില്‍ കിടത്തിയിട്ട് പോകാനായി തിരിഞ്ഞു. പെട്ടന്ന് താന്‍ വന്നകാര്യം ഓര്‍ത്തിട്ട് തിരിച്ച് വരുന്നു.(ഈ ഭാഗം മുതല്‍ തന്നെ അരങ്ങത്ത് ചെണ്ട ഉപയോഗിച്ചു തുടങ്ങി)എത്രയോ ശിശുക്കളെ ഇതുവരെ താന്‍ നശിപ്പിച്ചിരിക്കുന്നു, ഈ ശിശുവിനേയും നശിപ്പിക്കുകതന്നെ എന്നു കരുതി കുട്ടിയുടെ സമീപത്തേക്കുവരുന്നു. എന്നാല്‍ കുട്ടിയെനോക്കി ഈ ഓമനത്വമുള്ള ശിശുവിനെ കൊല്ലണമൊ എന്ന് സംശയിക്കുന്നു.വേണ്ടാ എന്നുറച്ച് മടങ്ങാനൊരുങ്ങുന്നു. എന്നാല്‍ രാജശാസനം പാലിക്കാതെ ചെന്നാല്‍ തന്റെ ജീവന്‍ അപകടത്തിലാവുമല്ലൊ എന്ന് നിനച്ച്, ഏതായാലും ഇതിനെ കൊന്ന് രാജശാസനം നടത്തുകതന്നെ എന്ന് തീരുമാനിക്കുന്നു.

ശിശുവിനെ വധിക്കണമല്ലൊ എന്നഭാവവും, ക്രൂരനായരാജാവിന്റെ ആജ്ഞഓര്‍ത്തുള്ള ഭയഭാവവും, അതുപാലിച്ചില്ലങ്കില്‍ തന്റെ ജീവന്‍ അപകടത്തിലാവുമല്ലൊ എന്ന സങ്കടഭാവവും മാറിമാറി അഭിനയിച്ചത് നന്നായിരുന്നു.

ശിശുവിനെ കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് ലളിത ആലോചിക്കുകയും, ബഹളം ഉണ്ടാവാതെ കൊല്ലാന്‍ മുലയില്‍ വിഷം പുരട്ടികൊടുത്ത് കൊല്ലാം എന്നു തീരുമാനിക്കുകയും ചെയ്തു. ഈ ആട്ടത്തിന്റെ ആവശ്യമുണ്ടായിരുന്നു എന്നു തോന്നുന്നില്ല. ഇതിനോടകംതന്നെ അനവധി കിട്ടികളെ ഈ രീതിയില്‍ തന്നെ കൊന്നു കഴിഞ്ഞ പൂതനക്ക് ഈ ശിശുവിന്റെ അടുത്തെത്തിയപ്പോള്‍ മാത്രം കൊല്ലാന്‍ മാര്‍ഗ്ഗം എന്ത് എന്ന് ആലോചിക്കേണ്ട കാര്യമുണ്ടോ.



തുടര്‍ന്ന് ലളിത തന്റെ മുലകളില്‍ വിഷം പുരട്ടുന്നു. അപ്പോള്‍ ആരെങ്കിലും ഇതുകണ്ടുവന്നാല്‍ അപകടമാണല്ലോ എന്ന് ചിന്തിച്ച്, വാതിലും കിളിവാതിലും എല്ലാം അടച്ചു. തുടര്‍ന്ന് ഉണ്ണിയെ എടുത്ത് മുലകൊടുക്കുന്നു.


പൂതനക്കു മോക്ഷം ലഭിക്കുന്ന ഭാഗവും ഷണ്മുഖന്‍ ഭംഗിയായി അവതരിപ്പിച്ചു.

ശ്രീ കലാ:കൊളത്താപ്പള്ളി നാരായണന്‍ നന്വൂതിരിയും ശ്രീ കലാ: സുധീഷും ചേന്നായിരുന്നു പാട്ട്. ‘അന്വാടിഗുണം’ എന്ന ആദ്യ പദം ഹ്യദ്യമായി.അവസാനചരണത്തിലെ രാഗമാറ്റവും നന്നായിതോന്നി. എന്നാല്‍ ‘സുകുമാരാ’ എന്ന പദത്തിലെ ചരണങ്ങളില്‍ നടത്തിയ രാഗമാറ്റങ്ങള്‍ അത്ര സുഖകരമായി അനുഭവപ്പെട്ടില്ല.


ശ്രീ കലാനിലയം രതീഷ് ചെണ്ടയും ശ്രീ കലാനിലയം മനോജ് മദ്ദളവും കൈകാര്യം ചെയ്തു. ഇരുവരും നന്നായിതന്നെ മുദ്രക്കുകൂടുകയും ചെയ്തു.


ശ്രീ പൂണ്ണത്രയീശസേവാസംഘം ഒരുക്കിയ ഈ ദിവസങ്ങളിലെ ഉത്സവകളികളില്‍ ത്യപ്പൂണിത്തുറ കഥകളി കേന്ദ്രത്തിന്റെ കോപ്പുകള്‍ ഉപയോഗിച്ച് അണിയറകൈകാര്യം ചെയ്തതത് ശ്രീ ഏരൂര്‍ സുരേന്ദ്രന്‍, ശ്രീ ഏരൂര്‍ ശശി,ശ്രീ എം.നാരായണന്‍,ശ്രീ ത്യപ്പൂണിത്തുറ ശശിധരന്‍ എന്നിവരായിരുന്നു.

ത്യപ്പൂണിത്തുറ വ്യശ്ചികോത്സവം(4)



ത്യപ്പൂണിത്തു ശ്രീ പൂര്‍ണ്ണത്രയിശക്ഷേത്രത്തിലെ നാലാംഉത്സവദിനം (ത്യക്കേട്ടപുറപ്പാട്)ആയിരുന്ന 10/12/07ന് രാത്രി 12:30ന് കുമാരി ആര്‍ദ്രയുടെ പുറപ്പാടോടുകൂടി കഥകളി ആരംഭിച്ചു.














നളചരിതം രണ്ടാംദിവസമായിരുന്നു കഥ. ശ്രീ കോട്ടക്കല്‍ ചന്ദ്രശേഘരവാര്യര്‍ നളനായും ശ്രീ ആര്‍.എല്‍.വി.രാധാക്യഷ്ണന്‍ ദമയന്തിയായും അഭിനയിച്ചു. അദ്യരംഗത്തിലെ മനോധര്‍മ്മ ആട്ടങ്ങള്‍ വ്യത്യസ്തതപുലര്‍ത്തി.നളന്‍ ദമയന്തിയോട് പറയുന്നു- ‘രണ്ടുകാര്യങ്ങള്‍കൊണ്ടാണ് എനിക്ക് നിന്നെ ലഭിച്ചത്. ഒന്ന് എന്റെ സുക്യതം.രണ്ട് നിന്റെ ധൈര്യം.ദേവകള്‍ വരെനിന്നെയാഗ്രഹിക്കുകയും,അവരെവരിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടും, അവരെയല്ലാതെ വെറും ഒരുമനുഷ്യനായ എന്നെ വരിക്കുവാന്‍ നീ കാണിച്ച ആ ധൈര്യം‘. ‘വെറും ഒരു മനുഷ്യനേയല്ലല്ലൊ, ധീരവീരനായ നളമഹാരാജാവിനേയല്ലെ ഞാന്‍ വരിച്ചത്” എന്ന് ദമയന്തി മറുപടിയും പറഞ്ഞു.വിവാഹത്തിനുമുന്‍പ് ദു:ഖിതനായിരുന്നപ്പോള്‍ ഹംസത്തിനെ സുഹ്യത്തായിലഭിച്ചതും,ഹംസം ദമയന്തിയേകാണാന്‍ പോന്നതുമായ കാര്യങ്ങള്‍ നളന്‍ പറഞ്ഞപ്പോള്‍, ഹംസം വന്ന് തന്റെ മനസ്സില്‍ നളനില്‍ ഉറപ്പിച്ച് പോന്നകാര്യങ്ങള്‍ ദമയന്തിയും, തുടര്‍ന്ന് മടങ്ങിവന്ന് സഖാവ് പറഞ്ഞകാര്യങ്ങള്‍ നളനും തുടര്‍ച്ചയായി ആടി.തുടര്‍ന്നുള്ള ഉദ്യാനവര്‍ണനയും നന്നായി.





ഈ രംഗത്തിലെ സംഗീതം ശ്രീ കോട്ടക്കല്‍ നാരായണനും ശ്രീ കോട്ടക്കല്‍ മധുവും ചേര്‍ന്നും,മേളം ശ്രീ കോട്ടക്കല്‍ പ്രസാദും(ചെണ്ട) ശ്രീ കലാ:ശശിയും(മദ്ദളം) ചേര്‍ന്നും കൈകാര്യംചെയ്തു




ശ്രീ കോട്ടക്കല്‍ ദേവദാസനായിരുന്നു കലി.താടിവേഷങ്ങളില്‍ കഴിവുതെളിയിച്ചിട്ടുള്ള ദേവദാസ് ആട്ടങ്ങള്‍ വാരിവലിച്ച് ആടി സമയംദീര്‍ഘിപ്പിച്ച് കാഴ്ച്ചക്കാരേ വിരസതപ്പെടുത്താതെ, ആടുന്നവ വ്യത്തിയില്‍ ആടിരസിപ്പിക്കുവാന്‍ ശ്രദ്ധിച്ചാല്‍ നന്നായിരുന്നു. ശ്രദ്ധിക്കേണ്ട മറ്റൊന്ന് ആട്ടങ്ങളിലെ നിലവാരമാണ്,കഥാപാത്രത്തിന്റെ നില അറിഞ്ഞ ആട്ടങ്ങള്‍ അവതരിപ്പിക്കണം. നളന് നാശംവരുത്തുവാനുള്ള വഴി പറഞ്ഞുകൊടുക്കുന്ന ദ്വാപരനോട് കലി പറയുന്നു-‘നിന്റെ ബുദ്ധി അപാരം,അതിനാല്‍ നീ നിന്റെ തലയില്‍ വെയില്‍ അടിക്കാതെ സൂക്ഷിക്കണം’-എന്ന് ഇതുപോലെ യുള്ള ഗ്രാമ്യമായ ആട്ടങ്ങള്‍ ഒഴിവാക്കണം.ഇന്ദ്രന്റെ പദം തീര്‍ന്ന ഉടനേ ഇന്ദ്രനോട് പൊയ്ക്കൊള്ളാന്‍ പറയുന്നതു കണ്ടു കലി. ഇതും ശരിയായി തോന്നിയില്ല.ഇതൊക്കെ കഥാപാത്രങ്ങളെ നന്നായി മനസ്സിലാക്കാത്തതിനാല്‍ വരുന്ന പാകപ്പിഴകളാണെന്നു തോന്നുന്നു.





ദ്വാപരവേഷം ശ്രീ ആര്‍.എല്‍.വി. സുനിലും ഇന്ദ്രന്‍,കാള എന്നീ വേഷങ്ങള്‍ ശ്രീ ആര്‍.എല്‍.വി.സുനിലും‍(പള്ളിപ്പുറം) കൈകാര്യം ചെയ്തു.


ശ്രീ കോട്ടക്കല്‍ കേശവന്റെയായിരുന്നു പുഷ്ക്കരന്‍.സാധാരണയില്‍ നിന്നും വ്യത്യസ്തമായി-കലിദ്വാപരന്മാരുടെവാക്കുകളില്‍ വിശ്വസിക്കാതെ പുഷ്ക്കരന്‍ ആദ്യം അവരെ മടക്കിയയക്കുന്നതായും,തുടര്‍ന്ന് കുറച്ചുനേരം അവര്‍ പറഞ്ഞകാര്യങ്ങള്‍ ആലോചിച്ചിട്ട്, അവരെ കൈകൊട്ടി തിരിച്ചുവിളിച്ചിട്ട് സത്യംചെയ്തുവാങ്ങുന്നതായും-ആണ് ആ ഭാഗം ആടിയത്.






ഈ രംഗങ്ങളിലെ പാട്ട് ശ്രീ കോട്ടക്കല്‍ മധുവും ശ്രീ കലാനിലയം രാജീവനും ചേര്‍ന്നും ചെണ്ട പനമണ്ണ ശശിയും, മദ്ദളം മാര്‍ഗ്ഗി രത്നാകരനും ആയിരുന്നു.



കളി വളരേതാമസിച്ച് തുടങ്ങുന്നതിനാല്‍ രണ്ടാംദിവസം പോലെയൊരുകഥ നന്നായി അവതരിപ്പിക്കുവാന്‍ സാധിക്കുകയില്ല ഇവിടെ.പിന്നെ കലിയാട്ടത്തിന്റെ വിസ്താരംകൂടിയായപ്പോള്‍ ചൂത് മുതലുള്ള രംഗങ്ങള്‍ ആട്ടങ്ങളും പദങ്ങളും ഉപേക്ഷിച്ച് ഓടിക്കേണ്ടിവന്നു.


ആര്‍.എല്‍.വി. രാധാക്യഷ്ണന്‍ നാടകീയശ്ചായയിലുള്ള അഭിനയരീതിയില്‍ പോകുന്നതയി തോന്നി,പ്രത്യേകിച്ച് ഒരുനാളും മുതലുള്ള രംഗങ്ങളില്‍.ഈ ഭാഗത്ത് ദമയന്തി തലമുടിമുന്‍പിലേക്കിട്ടിരുന്നത് എന്തിനെന്നു മനസ്സിലായില്ല. ഈ രംഗങ്ങളില്‍ പാടിയത് കോട്ടക്കല്‍ നാരായണനും കോട്ടക്കല്‍ മധുവും ചേര്‍ന്നും ചെണ്ടകൊട്ടിയത് ശ്രീ കോട്ടക്കല്‍ പ്രസാദുംമദ്ദളംകൊട്ടിയത് ശ്രീ കലാ:വിനീതും ആയിരുന്നു.


ശ്രീ കേശവന്‍ നന്വൂതിരിയാണ് കാട്ടാളനെ രംഗത്തവതരിപ്പിച്ചത്. ഈ ഭാഗത്തെ മേളം പനമണ്ണശശിയുംകലാ:ശശിയും ചേര്‍ന്നായിരുന്നു.ഈ രംഗങ്ങളില്‍ പാടിയത് കോട്ടക്കല്‍ നാരായണനും കലാനിലയം രാജീവനും ചേര്‍ന്നാണ്.


ശ്രീ കലാ:സതീശന്‍, ശ്രീ സദനം സജി എന്നിവരായിരുന്നു ചുട്ടികലാകാരന്മാര്‍.

ശ്രീപൂര്‍ണ്ണത്രയീശ സേവാസമിതിയാല്‍ നടത്തപ്പെട്ട കളിക്ക് ത്യപ്പൂണിത്തുറ കഥകളി കലാകേന്ദ്രത്തിന്റെ കോപ്പുകളാണ് ഉപയോഗിച്ചിരുന്നത്.