27-12-07ന് രണ്ടാംദിവസം കഥയിലെ ‘വേര്‍പാട്’ വരേയുള്ള ഭാഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്.അന്ന് വൈകിട്ട് 6:30ന് കാര്‍ത്തികതിരുനാള്‍ തീയേറ്ററില്‍ കളി ആരംഭിച്ചു.
കലി ദ്വാപരന്മാരുടെ രംഗത്തിലെ ‘നരപതി നളനവന്‍‘ എന്നദ്വാപരന്റെ ആദ്യചരണം സമീപകാലത്തില്‍ പലഗായകരും ഒഴിവാക്കുന്നതായാണ് കാണുന്നത്. ‘നളന് നിരവധി ഗുണനിധിയാണ്, സുരപതിയുടെ വരത്താലും അജയ്യ്യനാണ്, അതിനാല്‍ ഒരുത്തനും അവനെ ജയിക്കാമെന്ന മോഹം വേണ്ടാ. പിന്നെ ചൂതുപൊരുതുകിലേ ജയവരുകയുള്ളു’ എന്ന് ആശയം വരുന്ന ഈ ചരണം ഉപേക്ഷിക്കാന്‍ പാടില്ലാത്തതാണെന്നാണ് എന്റെ അഭിപ്രായം. ഇവിടെ ഈ ചരണം പാടുകയുണ്ടായി.
നളനില്‍ ആവേശിക്കുവാനായി തീരുമാനിച്ച് കലി, കാര്യസാധ്യം വരെ ഭക്ഷണമൊ ഉറക്കമൊ പോലും ഉപേക്ഷിക്കാം എന്നുറച്ച് അതിനായുള്ള ഉപായം പാര്‍ത്ത് നടക്കുന്നു. നദീതീരത്ത് ശബ്ദബഹളം കേട്ട് എന്തോ ശണ്ഠയാണെന്നു കരുതി കലി അവിടേക്കു ചെല്ലുന്നു. എന്നാല്‍ കുളിയും ജപവും കഴിഞ്ഞ് ബ്രാഹ്മണബാലര്‍ ഗുരുവിന്റെ ശിക്ഷണത്തില്‍ വേദപഠനം നടത്തുന്ന ശബ്ദമായിരുന്നു അത്. ഒരിടത്തു പുക കണ്ടു ചെന്നപ്പോള്‍ അവിടെ ഗണപതിഹോമം നടത്തുന്നതാണ് കാണുന്നത്. മറ്റൊരിടത്ത് കൊട്ടും കുരവയും കേട്ടുചെന്നുനോക്കിയപ്പോള്‍ അവിടെ വിവാഹം നടക്കുന്നതായി കാണുന്നു. അപ്പോള്‍ താന്‍ ഒരു പെണ്ണിനെ കല്യാണം കഴിക്കാന്‍ ഇറങ്ങിതിരിച്ചിട്ട് അതു സാധിച്ചില്ലല്ലൊ എന്ന് ഓര്‍ത്ത് ദു:ഖവും, നളനിലുള്ള വൈരാഗ്യവും വര്‍ദ്ധിക്കുന്നു. ഇനി ഇങ്ങിനെ നടന്നിട്ടു കാര്യമില്ല എന്നു നിനച്ച് ഒരു താന്നി മരത്തില്‍ കയറി ഇരിക്കുന്ന കലിയുടെ ഉള്ള് ദേഷ്യത്താലും പുറം വേനല്‍ ചൂടിനാലും നീറുന്നു.വേനല്‍ മാറി മഴ വരുന്നു. മഴശക്തിയായപ്പോള്‍ കലി മരത്തില്‍ നിന്നും ഇറങ്ങി ഒരു ഗുഹയില്‍ പോയ് പാര്‍ക്കുന്നു. മഴക്കാലം കഴിഞ്ഞ് തിരിച്ച് മരത്തില്‍ കേറുവാന്‍ ശ്രമിക്കുന്ന കലിയുടെ കാല് വഴുക്കുന്നു.അങ്ങിനെ പല വേനലും മഴയും മഞ്ഞും വസന്തവും കഴിയുന്നു. ഒരിക്കല്‍ ദൂരെ ഉദ്യാനത്തില്‍ നളന് ദമയന്തിയോടും 2കുട്ടികളോടും സഞ്ചരിക്കുന്നതുകണ്ട കലി, താന്‍ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട് 12സംവത്സരങ്ങള്‍ കഴിഞ്ഞു എന്ന് കണക്കുകൂട്ടി കണ്ടെത്തുന്നു. അപ്പോള്‍ സമയം സന്ധ്യയായതിനാല്‍ നളന് തിടുക്കത്തില്‍ സന്ധ്യാവന്ദനാര്‍ദ്ധം ജലാശയത്തിലെക്കു പോകുന്നു. ദ്യതിയില്‍ കാല്കഴുകിയപ്പോള് കാലിന്റെ പിന്‍ഭാഗം നനയുന്നില്ല. അതുകണ്ട കലി ഇതുതന്നെ താന്‍ കാത്തിരുന്ന സമയം എന്നു കണക്കാക്കി നളനിലാവേശിക്കാനായി പോകുന്നു.
ശ്രീ ഏറ്റുമാനൂര്‍ കണ്ണനാണ് തുടര്‍ന്നുള്ള രംഗങ്ങളില്‍ നളനെ അവതരിപ്പിച്ചത്.
സമീപകാലത്തായി പുഷ്ക്കരന്റെ ‘ഉണ്ടാകേണ്ടാ’ എന്ന പദത്തിലെ ‘ധരിത്രിയെച്ചെറിയെന്നെ ജയിച്ചതും’എന്നു തുടങ്ങുന്ന ആദ്യ ചരണം ഉപേക്ഷിക്കുന്നതായും, ‘നിനക്കില്ലിനി രാജ്യമിതൊരിക്കിലും’ എന്നു തുടങ്ങുന്ന് രണ്ടാംചരണം പാടുന്നതായുമാണ് കാണുന്നത്. പുഷ്ക്കരന്‍ ഭൂമിയിലല്ലാതെ ഭൈമിയില്‍ കന്വമില്ലെന്നിരിക്കയാല്‍(നളദമയന്തിമാരിരുവരേയും രാജ്യത്തില്‍ നിന്നകറ്റുക എന്നാണ് കലിയുടെ ലക്ഷ്യമെന്നതിനാല്‍ കന്വമുണ്ടാകാതെ കലി ശ്രദ്ധിക്കുന്നുമുണ്ടല്ലൊ),‘ഭൂമിയെന്നതുപോലെ ഭൈമിയും ചേരുമെന്നില്‍’ എന്നവസാനിക്കുന്ന ഈ ചരണം ഉപേക്ഷിക്കയാണ് നല്ലതെന്നു തോന്നുന്നു.മറിച്ച്, ‘കുട്ടിക്കാലത്തില്‍ തന്നെ എന്നെ തഴഞ്ഞ് നീ അധികാരിയായി ഭരിച്ചതും, സാര്‍വഭൌമനെന്നു നീ ഭാവിച്ചതും എനിക്കറിയാം.നി വിസ്തരിപ്പിച്ച ഭൂമിയും സന്വാദിച്ച ധനവും എല്ലാം ഇനി എനിക്കു സ്വന്തം. ഞാന്‍ ഇനി ഉല്ലസിക്കട്ടെ. നീയിനി നാട്ടിലൊ ചവിട്ടായ്ക, കാട്ടില്‍ പോയ് തപം ചെയ്ക.’ എന്ന് ആശയം വരുന്ന ആദ്യ ചരണം പാടുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം.ഉണ്ണിക്യഷ്ണക്കുറുപ്പിനേപ്പോലെയുള്ള പഴയകാല ഗായകര്‍ അങ്ങിനെയാണ് ചെയ്തിരുന്നതും.
ഇതുപോലെതന്നെ ഈ പദത്തിന്റെ മൂനാമത്തെ ചരണവും പലപ്പോഴും ഉപേക്ഷിക്കുന്നതായി കാണാറുണ്ട്. ഇതും നന്നല്ല. ‘പുരത്തില്‍ മരുവും മഹാജനങ്ങളും’ എന്നു തുടങ്ങുന്ന ഈ ചരണം ഇവിടെ പാടുകയുണ്ടായി.